Current Date

Search
Close this search box.
Search
Close this search box.

മുര്‍സി തന്നെയാണ് ഈജിപ്തിന്റെ പ്രസിഡന്റ്: ബ്രദര്‍ഹുഡ്‌

കെയ്‌റോ: ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയുടെ നിയമസാധുതയില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ്‌ലിം ബ്രദര്‍ഹുഡ്. 2013ല്‍ അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. സൈനിക നേതൃത്വം മുര്‍സിക്കെതിരെ നടത്തിയ അട്ടിമറിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയിലാണ് ബ്രദര്‍ഹുഡ് ഇക്കാര്യം പറയുന്നത്.
മുര്‍സിയുട പ്രസിഡന്റ് പദത്തിന്റെ നിയമസാധുതയില്‍ ഉറച്ചു നില്‍ക്കുന്നത് അധികാരത്തില്‍ കടിച്ചുതൂങ്ങലല്ല. മറിച്ച് ജനതയുടെ അടിസ്ഥാനപരമായ അവകാശവും ജനുവരി വിപ്ലവത്തിന്റെ ഏറ്റവും വലിയ ഫലവുമാണത്. ഒരു കക്ഷി എത്രതന്നെ ജനകീയമാവുകയും ശക്തിപ്പെടുകയും ചെയ്താലും മേല്‍പറയപ്പെട്ട മാറ്റങ്ങള്‍ ഒറ്റക്ക് സാധ്യമല്ല. എന്നും പ്രസ്താവന വ്യക്തമാക്കി. സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുകയും സ്വേച്ഛാധിപത്യത്തെ നിരാകരിക്കുകയും ചെയ്യുന്ന മുഴുവന്‍ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന ആത്മാര്‍ഥമായ നിര്‍ദേശങ്ങളെ വിലമതിക്കുന്നതായും പ്രസ്താവന പറഞ്ഞു. ജനഹിതം വീണ്ടെടുക്കുന്നതിന് ശ്രമിക്കുമെന്നും ജനുവരി 25 വിപ്ലത്തിന്റെ നേട്ടങ്ങളില്‍ വിട്ടുവീഴ്ച്ച കാണിക്കില്ലെന്നും ബ്രദര്‍ഹുഡ് പ്രഖ്യാപിച്ചു. സൈനിക അട്ടിമറി ജനതയോടുള്ള വഞ്ചനയും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കലും അവരുടെ സ്വാതന്ത്ര്യം പിച്ചിചീന്തലുമാണെന്നും അവരുടെ മോഹങ്ങള്‍ തകര്‍ത്തെറിയുകയും അവകാശങ്ങള്‍ ഹനിക്കുകയുമാണ് അത് ചെയ്തതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു. അട്ടിമറിക്കാരെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും അതിന് നേതൃത്വം നല്‍കിയവരെ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുന്നത് വരെ അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബ്രദര്‍ഹുഡ് പറഞ്ഞു.

Related Articles