Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിന്റെ ഭീകരപട്ടികയില്‍ ഫുട്‌ബോളര്‍ അബൂതരീകയും

കെയ്‌റോ: ഈജിപ്തിന്റെ മുന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് അബൂതരീകയെ കെയ്‌റോ ക്രിമിനല്‍ കോടതി ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിയമപരമായ ഒരു ചോദ്യം ചെയ്യലിനും വിധേയമാക്കാതെയാണ് താരത്തിനെതിരെയുള്ള ഈ നടപടിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. നിരോധിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റമാണ് അബൂതരീകക്കെതിരെ ഭരണകൂടം ആരോപിച്ചിരിക്കുന്നത്. ഈജിപ്ത് ഭരണകൂടം 2013ല്‍ ഭീകരസംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. ഈജിപ്ത് ഭരണകൂടം 2015ല്‍ അംഗീകാരം നല്‍കിയ ഭീകരവിരുദ്ധ നിയമപ്രകാരം ഭീകരപട്ടികയില്‍ ചേര്‍ക്കപ്പെട്ട വ്യക്തിക്ക് രാജ്യം വിട്ടു പോകുന്നതിന് വിലക്കുണ്ട്. അതോടൊപ്പം തന്നെ അങ്ങനെയുള്ളവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും സ്വത്ത് മരവിപ്പിക്കുകയും ചെയ്യും.
ഈജിപ്ഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ അറിയപ്പെടുന്ന താരമായ അബൂതരീക 2013ലാണ് വിരമിച്ചത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഈജിപ്തിന് നേടിക്കൊടുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച താരമാണ് അദ്ദേഹം. 2006, 2008 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ കപ്പ് നേടുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയിലൂടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ മുഹമ്മദ് മുര്‍സിക്ക് അബൂതരീക പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച അബൂതരീകയുടെ അഭിഭാഷകന്‍ മുഹമ്മദ് ഉസ്മാന്‍ അതിനെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നേരിടുമെന്ന് പറഞ്ഞു.

Related Articles