Current Date

Search
Close this search box.
Search
Close this search box.

‘ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കും സന്താനങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്കും മധ്യേയാണ് ഇസ്‌ലാം’

gk.jpg

മതം- മതസംവാദം, യുക്തിവാദം, ആത്മീയത, ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡയലോഗ് സെന്റര്‍ കേരള കോഡിനേറ്റര്‍ ജി. കെ എടത്തനാട്ടുകര ഇസ്‌ലാം ഓണ്‍ലൈവിന് നല്‍കിയ അഭിമുഖം.

* കീഴടക്കുക എന്നതല്ല, കൂടെ നിര്‍ത്തുക എന്നതായിരിക്കണം സംവാദത്തിന്റെ ലക്ഷ്യം.
* തലച്ചോറുകള്‍ തമ്മില്‍ നടക്കേണ്ട സംവാദത്തിന് പകരം തലയോട്ടികള്‍ തമ്മിലുള്ള സംഘട്ടനങ്ങളിലേക്ക് അവ വഴിമാറി.
* മതങ്ങള്‍ സമുദായത്തെയും ദര്‍ശനങ്ങള്‍ ആശയത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.
* നക്‌സല്‍ വിപ്ലവകാരികള്‍ വരെ  ആത്മീയാചാര്യന്മാരായിത്തീരുന്ന പ്രവണതയാണ് നിലവിലുള്ളത്.
* പൗരോഹിത്യ ആത്മീയതയും പ്രവാചക ആത്മീയതയും തമ്മിലെ വ്യത്യാസം വെള്ളത്തില്‍ എണ്ണയും തേനും ഒഴിച്ചതു പോലെയാണ്.
* സമുദായം ഒരു കുളവും ഇസ്‌ലാം അതിലെ താമരയുമാണ്. അത് വേറിട്ടനുഭവിക്കാന്‍ പ്രബോധിതര്‍ക്കവസരം നല്‍കണം.

? കേരളത്തില്‍ മത-ദര്‍ശനങ്ങള്‍ക്കിടയില്‍ മുമ്പുണ്ടായിരുന്ന സംവാദങ്ങള്‍ ഇപ്പോള്‍ അത്ര സജീവമല്ല. എന്താണ് കാരണം?

– ശ്രീനാരായണ ഗുരുവിന്റെ കാലത്താണ് ഒരുപക്ഷെ, കേരളത്തില്‍ മതസംവാദത്തിന് തുടക്കം കുറിച്ചത്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സംവാദങ്ങള്‍ അരങ്ങേറിയത് അന്നാണ്. അതിനുശേഷം 1990-കളില്‍ എസ് ഐ ഒ തൃശൂരില്‍ വെച്ചു സംഘടിപ്പിച്ച ഹിന്ദു-മുസ്‌ലിം ഡയലോഗിലൂടെ ആയിരിക്കും കേരളത്തില്‍ മത-ദര്‍ശനങ്ങള്‍ക്കിടയില്‍ സജീവമായ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് പല സ്വഭാവത്തിലുള്ള സംവാദങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇരു വിഭാഗങ്ങളിലും പെട്ട മത-പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്റെ പക്ഷത്തുനിന്നാണെങ്കില്‍  ഇസ്‌ലാമിനെ കുറിച്ച് സദസ്സിനു മുമ്പില്‍ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്ന രീതിയിലും അത് വികസിച്ചു. പിന്നീട് സംവാദങ്ങള്‍ ശക്തിപ്പെടുകയും സജീവമാകുകയും എല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്തതോടെ അതില്‍ സ്വീകരിച്ച നിലപാടുകള്‍, നയങ്ങള്‍ എന്നിവ സംവാദങ്ങള്‍ക്ക് കോട്ടം തട്ടിച്ചിട്ടുണ്ടെന്നാണ് പിന്നീട് നടന്ന വിലയിരുത്തലുകളില്‍ നിന്ന് മനസ്സിലായത്. അതായത് സംവാദങ്ങള്‍ മത തര്‍ക്കങ്ങളിലേക്ക് പിന്നീട് വഴിമാറുകയുണ്ടായി. സംവാദം തര്‍ക്കങ്ങളിലേക്ക് വഴിമാറുന്നതോടെ കീഴടക്കാനുള്ള പ്രവണത വര്‍ദ്ദിച്ചുവന്നു. കീഴടക്കാനുള്ള പ്രവണത വര്‍ദ്ധിക്കുമ്പോള്‍ കൂടെ നിര്‍ത്താന്‍ കഴിയാതെ വരുകയും സംവാദത്തിന് കോട്ടം വരുകയും ചിലപ്പോഴൊക്കം അകല്‍ച്ചക്ക് കാരണമാകുകയുമാണ് ചെയ്തത്. എത്രത്തോളമെന്നാല്‍ മുമ്പ് നാമുമായി സഹകരിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ ഇത്തരത്തിലുള്ള സൗഹൃദ സംവാദത്തിന് തയ്യാറാകുന്നില്ല. സംവാദങ്ങള്‍ വഴിമാറിയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ നിരത്തിയാണ് ഇത്തരം സംവാദങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നത്. നാം ഇത് മുന്നില്‍ കണ്ടുകൊണ്ട് വളരെ ജാഗ്രതയോടെയാണ് ഇത്തരം സംവാദങ്ങളെ തുടക്കം മുതലേ കൈകാര്യം ചെയ്തിരുന്നത്.

? മതസംവാദങ്ങള്‍ മത-ദര്‍ശനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുളവാക്കാനാണോ അതല്ല ആശയക്കൈമാറ്റത്തിനാണോ ഉപകരിക്കുന്നത്.

– യഥാര്‍ഥ രീതിയിലുള്ള സംവാദം നടക്കുകയാണെങ്കില്‍ അത് ആശയക്കൈമാറ്റത്തിന് നല്ലൊരു വഴിയാണ്. അത് ആവശ്യവുമാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ സംവാദങ്ങള്‍ തര്‍ക്കങ്ങളിലേക്ക് പോകുന്നതോട് കൂടി തലച്ചോറുകള്‍ തമ്മില്‍ നടക്കേണ്ട സംവാദം തലയോട്ടികള്‍ തമ്മിലുള്ള സംഘട്ടനമായാണ് മാറുക. തര്‍ക്കങ്ങളില്‍ വാക്ചാതുരിയില്‍ ആരാണോ മികച്ചുനില്‍ക്കുക അവരാണ് അവിടെ വിജയിക്കുക. അവിടെ ആശയം തെറ്റോ ശരിയോ എന്നതിനേക്കാള്‍ പ്രധാനമാണ് വ്യക്തിയുടെ ചാതുരി. വളരെ സത്യസന്ധമായ ആശയത്തെ തന്നെ സമര്‍ഥനായ ഒരു താര്‍ക്കികന് അത് ശരിയല്ല എന്ന് സമര്‍ഥിക്കാന്‍ സാധിക്കും. ശരിയായ സംവാദമാണ് നടക്കുന്നതെങ്കില്‍ വ്യത്യസ്തമായ ആശയങ്ങളും ചിന്തകളും അതിലൂടെ സമൂഹത്തിന് മുമ്പില്‍ സമര്‍പിക്കാന്‍ സാധിക്കും. അപ്രകാരം ഓരോരുത്തര്‍ക്കും തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് സത്യം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും ചെയ്യും.

? ലോകത്ത് വ്യത്യസ്ത രീതിയിലുള്ള സംവാദങ്ങള്‍ നടക്കുന്നുണ്ട്. കേരളീയ പരിസരം ഏതര്‍ഥത്തിലുള്ള സംവാദമാണ് ആവശ്യപ്പെടുന്നത്.

– കേരളത്തിലല്ല, ആഗോളതലത്തില്‍ തന്നെ സംവാദങ്ങള്‍ നടക്കേണ്ടത് പ്രതിപക്ഷ ബഹുമാനത്തോടെയാണ്. ഏത് കാലത്തും ഏത് സമയത്തും ഈ രീതി തന്നെയാണ് ഉപയോഗിക്കേണ്ടത്. ഫിര്‍ഔന്റെ അടുത്ത് പോയി കാര്യങ്ങള്‍ പറയുമ്പോള്‍ പോലും മാന്യമായി പറയണം എന്നതാണ് ഖുര്‍ആനിന്റെ ശാസന. വ്യക്തിയുടെ അവസ്ഥകള്‍, സാഹചര്യം, സമൂഹത്തിന്റെ സാഹചര്യമെല്ലാം ഇതില്‍ പരിഗണിക്കണം. ഒരു ബഹുസ്വര സമൂഹമെന്ന നിലക്ക് കേരളത്തില്‍ പ്രത്യേകിച്ചും കീഴടക്കുക എന്നതല്ല, മറിച്ച് കൂടെ നിര്‍ത്തുക എന്നതായിരിക്കണം സംവാദത്തിന്റെ ലക്ഷ്യം. തികഞ്ഞ സൗഹൃദാന്തരീക്ഷത്തില്‍ വാദപ്രതിവാദത്തിന്റെ ശൈലി മാറിയിട്ട് സ്വതന്ത്രമായ ആശയ പ്രചാരണത്തിനുള്ള സന്ദര്‍ഭങ്ങളാണുണ്ടാകേണ്ടത്. ശരി ഏത്, തെറ്റ് ഏത് എന്ന് കേള്‍ക്കുന്നവനാണ് വേര്‍തിരിച്ച് മനസ്സിലാക്കേണ്ടത്.

ഇന്ന് പ്രധാനമായും മതസംവാദങ്ങളെ ആളുകള്‍ നോക്കിക്കാണുന്നത് സമുദായ സംവാദങ്ങളായിട്ടാണ്. കാരണം ഇന്ന് ദര്‍ശനങ്ങള്‍ മതങ്ങളായി മാറിയിരിക്കുന്നു. ദര്‍ശനങ്ങള്‍ ഒരിക്കലും സമുദായങ്ങളെയല്ല, ഒരാശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. മതങ്ങള്‍ പ്രതിനിധീകരിക്കുന്നത് സമുദായങ്ങളെയുമാണ്. ക്രിസ്തുമതം എന്നു പറയുമ്പോള്‍ ഒരു ക്രിസ്തു സമുദായത്തിന്റെ മേല്‍വിലാസമാണത്. ഇസ്‌ലാം മതം എന്നു പറയുമ്പോള്‍ ഒരു മുസ്‌ലിം സമുദായത്തെയാണ് അത് പ്രധിനിധീകരിക്കുന്നത്. അവിടെ സമുദായങ്ങളാണ് മതങ്ങളെ പ്രതിനിധീകരിക്കുന്നത്. സമുദായത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ശരി തെറ്റുകളെ വിലയിരുത്താന്‍ സാധിക്കുകയില്ല. പ്രവാചകന്‍മാര്‍ വരുന്നത് മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടല്ല, മറിച്ച് ദൈവിക ദര്‍ശനത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ്. മതത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നു മാറി ദര്‍ശനങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് സംവാദങ്ങള്‍ നടക്കേണ്ടത്. ഹിന്ദു-മുസ്‌ലിം- ക്രൈസ്തവ സമുദായത്തിലെല്ലാം നല്ല മനുഷ്യരും ചീത്ത മനുഷ്യരുമുണ്ട്. വ്യക്തി പരമായി എന്തും പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുള്ളത് കൊണ്ട് എല്ലാവര്‍ക്കും നന്മയും തിന്മയും ചെയ്യാം. അത് കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിലെ ഒരാള്‍ ചെയ്യുന്ന തിന്മക്ക് കാരണം ഇസ്‌ലാമല്ല, പക്ഷെ ഇന്ന് അങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിനാല്‍ ദര്‍ശനങ്ങള്‍ എന്ന തലത്തിലേക്ക് സംവാദത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ദൈവവിശ്വാസമില്ലാത്ത ഒരാള്‍ക്കും മതവിശ്വാസി ആകാന്‍ പറ്റും. മതവിശ്വാസങ്ങളേക്കാള്‍ ദൈവവിശ്വാസത്തിലധിഷ്ടിതമായ ജീവിതക്രമമാണ് പ്രവാചകന്‍മാര്‍ പഠിപ്പിച്ചത്. പക്ഷെ ഇന്ന് ആളുകളില്‍ ദൈവവിശ്വാസം കുറയുകയും മതവിശ്വാസം കൂടുകയും ചെയ്തു എന്നതാണ് ശക്തമായ സാമുദായിക ധ്രുവീകരണത്തിന് വരെ ഇടയാക്കുന്നത്. ഇത്  സംവാദ മേഖലയില്‍ പ്രതികൂലാവസ്ഥ സൃഷ്ടിക്കാന്‍ കാരണമാകുന്നു.

? യുക്തിവാദികളുടെ ചര്‍ച്ചകളും സംവാദങ്ങളും കുറേ കാലമായി നിശ്ചലമായിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്തമായ ചര്‍ച്ച-സംവാദവുമായി പ്രത്യക്ഷപ്പെടുന്നു. അതിന്റെ പശ്ചാത്തലം എന്താണ്.

-യുക്തിവാദികളുടെ ഏതാനും രിപാടികള്‍ കേരളത്തില്‍ അങ്ങിങ്ങായി നടന്നു എന്നല്ലാതെ അത് ഒരു സജീവ സാന്നിദ്ധ്യമാണ് എന്ന് പറയാന്‍ കഴിയുകയില്ല. തികച്ചും ഭൗതികാടിസ്ഥാനത്തില്‍ മാത്രം കെട്ടിപ്പെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വരെ ഇന്ന് മതപരമായ കാര്യങ്ങള്‍ അംഗീകരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നിട്ടുണ്ട്. നക്‌സല്‍ വിപ്ലവകാരികള്‍ വരെ ആത്മീയാചാര്യന്മാരാവുന്ന പ്രവണതയാണ് ഇന്നു കാണാന്‍ കഴിയുന്നത്. കേരളത്തില്‍ യുക്തിവാദം ഇപ്പോള്‍ സജീവ സാന്നിദ്ധ്യമല്ല എന്നതോടൊപ്പം അതിന്റെ വളര്‍ച്ചക്ക് ചില സാധ്യതകളുണ്ട്. കാരണം ആത്മീയതയിലേക്കും മതങ്ങളിലേക്കുമുള്ള മടക്കം കമ്യൂണിസത്തിന്റെ തകര്‍ച്ചയോടുകൂടി കൂടുതല്‍ ശക്തിപ്പെടുകയുണ്ടായി. മതത്തിലേക്കും ആത്മീയതയിലേക്കും മടങ്ങുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന ചില സംഗതികള്‍ യഥാര്‍ഥ ആത്മീയതയില്‍  എത്തിപ്പെടാതാകുമ്പോള്‍ ലഭിക്കാതിരിക്കുകയും നൈരാശ്യത്തില്‍ കഴിയുകയും മടുപ്പനുഭവിക്കുകയും ചെയ്യുന്ന ധാരാളം പേരെ കാണാം. പശ്ചാത്യലോകത്ത് ഇത് കുറച്ചുകൂടി ശക്തിപ്പെട്ട് വരുന്നത് കാണാം. നാം ചില ടൂറിസ്റ്റുകളെ സമീപിച്ച് ആശയ വിനിമയം നടത്തുമ്പോള്‍ ധാരാളം പേര്‍ ഈ അവസ്ഥയില്‍ കഴിയുന്നതായി മനസ്സിലാകുന്നു. ഇത്തരക്കാരെ കൂട്ടിപ്പിടിച്ച് സജീവമാക്കാനുള്ള ഒരു സാധ്യതയാണ് യുക്തിവാദികള്‍ക്കു മുമ്പിലുള്ളത്.

– ആത്മീയ ദാരിദ്ര്യം ഇപ്പോള്‍ മിക്ക സംഘടനകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. ആള്‍ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും കൂണുകള്‍ പോലെ വര്‍ദ്ധിച്ചുവരുന്നു എന്താണ് ഇതിന്റെ പ്രധാന കാരണം.

– മനുഷ്യന്‍ പൂര്‍ണനാവുന്നത് അവന്റെ ആത്മീയതയെ കൂടി അംഗീകരിക്കുന്നതോടെയാണ്. അതില്ലാതെ വന്നു എന്നതായിരുന്നു ഭൗതിക പ്രസ്ഥാനങ്ങളുടെ ദുരന്തം. അതില്‍ അവര്‍ കുറേ മുമ്പോട്ട് പോയപ്പോള്‍ ആ ശൂന്യത നികത്താന്‍ തിരിഞ്ഞുനടത്തവും ആത്മീയതയിലേക്കുള്ള മടക്കവും സംഭവിക്കുന്നു. ഇങ്ങനെ മടങ്ങുന്നവര്‍ക്ക് കൃത്യമായ ദിശ നിര്‍ണയിച്ചുകൊടുക്കാന്‍ ഭൗതികപ്രസ്ഥാനങ്ങളുടെ അടുത്ത് ഒന്നുമില്ലാത്തതിനാല്‍ അവരെ കൂട്ടിപ്പിടിക്കാന്‍ ആത്മീയ കേന്ദ്രങ്ങള്‍ക്കും ആചാര്യന്മാര്‍്ക്കും കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.
ആത്മീയത നല്ലൊരു ബിസിനസ്സാണ്.  പലരും സ്വയം ദൈവങ്ങളായി രംഗത്തുവരുകയും ആത്മീയ ബിസിനസ്സ് ശക്തിപ്പെടുകയും ചെയ്തു. ദൈവമാണെന്ന് പറഞ്ഞ് ആര് വന്നാലും വിശ്വസിക്കുവാന്‍ ആളുകളുണ്ടായി. ആത്മീയതയുടെ പേരില്‍ സംഘം ചേര്‍ന്നവര്‍ക്ക് മിക്ക സംഘടനകളുടെയും ആളുകളെ അതിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഈ ദാഹം പരിഹരിക്കാനുള്ള വഴിതേടിപ്പോകലില്‍ ശരിയായ ആത്മീയത അറിയാതെ ആത്മീയ ചൂഷണകേന്ദ്രങ്ങളില്‍ എത്തിപ്പെടുകയാണ് പലരും ചെയ്തത്.
മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം, ദിശ, അര്‍ഥം എന്നിവയെ കുറിച്ച് അവന്റെ ഉള്ളില്‍ തന്നെയുള്ള ഉദ്‌ബോധങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഭൗതികവാദികള്‍ക്ക് കഴിയാതെ വന്നതാണ് ആത്മീയദാരിദ്ര്യം എന്ന അവസ്ഥ ഉണ്ടാകാന്‍ പ്രധാന കാരണം. ആത്മീയ കേന്ദ്രങ്ങളില്‍ നിന്നും ആത്മാവിന്റെ ദാഹം ലഭിക്കാതെ വരുമ്പോഴാണ് പലരും നിസ്സംഗരും നിഷ്‌ക്രിയരുമായി കഴിയുന്നത്. ഈ ഒരു സന്ദര്‍ഭത്തില്‍ ശരിയായ ആത്മീയത എന്തെന്ന് പഠിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ബാധ്യതയാണ്. ജീവിതഗന്ധിയല്ലാത്ത ചില കാട്ടിക്കൂട്ടലുകളും ഹാവഭാവങ്ങളുമാണ് ഇന്ന് കാണുന്നത്. കച്ചവട കേന്ദ്രീകൃതമായ പൗരോഹിത്യ ആത്മീയതയില്‍ നിന്ന് ജീവിതഗന്ധിയായ ആത്മീയതയിലേക്കുള്ള തിരിഞ്ഞുനടത്തമാണ് യഥാര്‍ഥ പരിഹാരം.

? ഇസ്‌ലാം മുന്നോട്ട് വെക്കുന്ന യഥാര്‍ഥ ആത്മീയത എന്താണ്.

– ആത്മീയത ഭൗതിക ജീവിതത്തില്‍ നിന്ന് അന്യമായ ഒന്നല്ല. ഭൗതിക ജീവിതത്തെ ധര്‍മത്തിലേക്കും നന്മയിലേക്കും സത്യത്തിലേക്കും നയിക്കാനും സംസ്‌കരിക്കാനുള്ളള്ള അധ്യാപനമാണ് ആത്മീയത. പൗരോഹിത്യ ആത്മീയത ഭൗതിക ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നാണ്. പൗരോഹിത്യ ആത്മീയത വെള്ളത്തില്‍ എണ്ണ ഒഴിച്ചതുപോലെയാണ്. എണ്ണയും വെള്ളവും വേറിട്ട് നില്‍ക്കുന്നത് കാണാം. വെള്ളത്തെ ഭൗതികജീവിതമായി കണക്കാക്കുകയാണെങ്കില്‍ എണ്ണ പൗരോഹിത്യ ആത്മീയതയാണ്. ഇത് രണ്ടും ഒരിക്കലും ചേരുകയില്ല. വെള്ളം വേറെയും ആത്മീയത വേറെയുമായി തന്നെ നിലനില്‍ക്കും.
എന്നാല്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച ആത്മീയത ശുദ്ധമായ വെള്ളത്തില്‍ തേനൊഴിച്ചത് പോലെയാണ്. തേനൊഴിക്കുന്നതോടെ തേന്‍ അതില്‍ മുഴുവന്‍ വ്യാപിച്ച് അതിന്റെ ഓരോ അംശത്തെയും മധുരതരമാക്കി മാറ്റുന്നു. പ്രവാചകന്മാര്‍ പഠിപ്പിച്ച ആത്മീയത മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സംസ്‌കരിച്ച് ജീവിതത്തെ ധാര്‍മികതയുടെ അടിത്തറയില്‍ പരിവര്‍ത്തിപ്പിക്കും. അത് കൊണ്ടാണ് അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് തിന്നുവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചത്.

ആത്മീയത എന്നത് ദൈവമുണ്ട് എന്ന് പറയുന്നതില്‍ മാത്രം പരിമിതമല്ല. അതിനപ്പുറത്ത് മനുഷ്യരുമായി ബന്ധപ്പെട്ടതാണ്. സ്രഷ്ടാവുമായി മാത്രമല്ല, സൃഷ്ടികളുമായി ബന്ധപ്പെട്ടതാണത്. യഥാര്‍ഥ വിശ്വാസം എന്നത് അയല്‍വാസിയുടെ പ്രയാസം കൂടി അറിഞ്ഞ് അത് പരിഹരിക്കാന്‍ ശ്രമിക്കലാണ്. അത് ജീവിതഗന്ധിയാണ്. അത്‌കൊണ്ടാണ് ഒരു റഷ്യന്‍ ചിന്തകന്‍ ആത്മീയതയെ ഇപ്രകാരം നിര്‍വചിച്ചത്. ‘എനിക്ക് വിശക്കുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കുന്നത് തികച്ചും ഭൗതികമായ ഒന്നാണ്. പക്ഷെ, എന്റെ അയല്‍വാസിക്ക് വിശക്കുന്നുണ്ട് എന്ന് ഞാന്‍ അറിയുകയും അത് ഞാന്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ആത്മീയത’. സൂറ മാഊന്‍ മതത്തെയും ആത്മീയതയെയും കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളെയും അട്ടിമറിക്കുന്നതാണ്. ‘ദൈവത്തെയും ദീനിനെയും ആത്മീയതയെയും കളവാക്കുന്നവനാരാണ് എന്ന ചോദ്യത്തിന് സാധാരണ മറുപടി അത് യുക്തിവാദികളും ഭൗതികവാദികളുമാണ് എന്നായിരിക്കും.  പക്ഷെ, ഖുര്‍ആന്‍ പറഞ്ഞ ഉത്തരം അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനുമാണ് എന്നാണ്. ഇവിടെ രണ്ടുകാര്യങ്ങള്‍ ഊന്നിപ്പറയുന്നു. അനാഥയെ ആട്ടിയകറ്റുക എന്നത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ഒരു തിന്മയാണ്. അത് ദീന്‍ നിഷേധവും ദൈവനിഷേധവുമാണ്. എന്നാല്‍ അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുക എന്ന് പറയുന്നത് മനുഷ്യനോട് ചെയ്യേണ്ട ഒരു നന്മ ചെയ്യാതിരിക്കുകയാണ്. അപ്പോള്‍ മനുഷ്യനോട് തിന്മ ചെയ്യലും മനുഷ്യനോട് നന്മ ചെയ്യാതിരിക്കലും ദൈവനിഷേധമാണ്. ഇങ്ങനെ മനുഷ്യഗന്ധിയാണ്  ആത്മീയത. ഇത് അന്യം നിന്നുപോയതാണ് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തം. പള്ളികളും ചര്‍ച്ചുകളും അമ്പലങ്ങളും ധ്യാനകേന്ദ്രങ്ങളുമെല്ലാം എത്രയുണ്ടായിട്ടും ഈ പ്രശ്‌നം നിലനില്‍ക്കുന്നത് ഈ കാരണത്താലാണ്. ശരിയായ ആത്മീയതയെ തിരിച്ച് അവതരിപ്പിക്കല്‍ കാലഘട്ടത്തിന്റെ ഒരനിവാര്യതയാണ്.

ദഅ്‌വ പ്രവര്‍ത്തന രംഗത്ത് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എന്താണ്?

-ഇസ്‌ലാം ഇന്ന് വലിയ തെറ്റിദ്ധാരണകള്‍ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഇസ്‌ലാമിനെ മുസ്‌ലിം സമൂഹം തെറ്റായി പ്രതിനിധീകരിക്കുന്നു എന്നതാണ്. രണ്ട്, ഇസ്‌ലാമിനെതിരെയുള്ള ശക്തമായ കുപ്രചരണങ്ങളാണ്. അതുകൊണ്ടാണ് ‘ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കും സന്താനങ്ങളുടെ വിഢിത്തങ്ങള്‍ക്കും മധ്യേയാണ് ഇസ്‌ലാം’ എന്ന് ഒരു ചിന്തകന്‍ പറഞ്ഞത്. അപ്പോള്‍ ഇതിന്റെ രണ്ടിന്റെയും മധ്യത്തില്‍ നിന്നുകൊണ്ട് ഇസ്‌ലാം എന്താണെന്ന് വളരെയധികം  തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതിനിടയില്‍ ഇതിനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്.
അതുപോലെ ഒരു സമുദായ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതും  പ്രധാന പ്രശ്‌നമാണ്. അറബി പേരുള്ള ഒരാള്‍ മോഷണം നടത്തിയാല്‍ അയാളെ ഇസ്‌ലാമിന്റെ പ്രതിനിധിയായിട്ടാണ് കാണുന്നത്. ദഅ്‌വാ രംഗത്ത് നാം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയാണിത്. പ്രബോധിത സമൂഹവുമായി സംസാരിക്കുമ്പോള്‍ മുസ്‌ലിം നാമധാരികള്‍ ചെയ്ത  ഓരോ പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് അവര്‍ അതിനെ പ്രതിരോധിക്കുക. പ്രവാചകന്റെ കാലത്ത് ഇസ്‌ലാം ഒരു സമൂഹത്തിനു തെളിവായിരുന്നു. ഇന്ന് ഒരു സമുദായം ഇസ്‌ലാമിന് തെളിവാകുന്നു എന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇസ്‌ലാമിനെതിരെയുള്ള കുപ്രചരണങ്ങളും വലിയൊരു പ്രശ്‌നമാണ്. സമുദായം എന്നത് ഒരു കുളവും ഇസ്‌ലാം എന്നത് അതിലെ താമരയുമാണ്. ഈ താമരയെ വേറിട്ട് അനുഭവിക്കാന്‍ ആളുകള്‍ക്ക് അവസരമൊരുക്കുകയാണ് പ്രബോധക സംഘങ്ങളുടെ പ്രധാന ദൗത്യം.

?  ഡയലോഗ് സെന്റര്‍ കേരളയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്.

– ഒരു ബഹുസ്വര സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക എന്നതാണ് ഡയലോഗ് സെന്റര്‍ കേരളയുടെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങള്‍ എന്താണ് എന്ന് സമൂഹത്തെ പഠിപ്പിക്കാനുതകുന്ന വൈവിധ്യമായ പ്രവര്‍ത്തനങ്ങളാണ് അത് നിര്‍വഹിക്കുന്നത്. ജീവിത ലക്ഷ്യം, മതവും മനുഷ്യനും, ജീവിത വീക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടേബിള്‍ ടോക്കുകള്‍, ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുതകുന്ന സ്‌നേഹസംഗമം പരിപാടികള്‍, ജനങ്ങള്‍ക്ക് ഇസ്‌ലാമിനെ നേര്‍ക്കുനേരെ മനസ്സിലാക്കിക്കൊടുക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുമുതകുന്ന ഇസ്‌ലാം പാഠശാലകള്‍ തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് ആവശ്യമായ പോസ്റ്റല്‍ ലൈബ്രറി. അതുമായി ബന്ധപ്പെടുന്നവര്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി നല്‍കല്‍, വായനക്കാരായ ആളുകളെ ജില്ലകളില്‍ വിളിച്ചുചേര്‍ത്തു അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന വായനക്കാരുടെ ഒത്തുചേരലുകള്‍, ഖുര്‍ആന്‍ പരിഭാഷകളുടെ സൗജന്യ വിതരണം, പബ്ലിക് ലൈബ്രറികള്‍ക്ക് ഖുര്‍ആന്‍ പരിഭാഷയോടൊപ്പം ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന അമ്പതോളം പുസ്തകങ്ങളടങ്ങുന്ന പുസ്തക കിറ്റുകള്‍ എന്നീ സംവിധാനങ്ങളോടൊപ്പം ഇസ്‌ലാമിനെ കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുന്ന ‘ഇസ്‌ലാം മലയാളം’ എന്ന ഒരു വെബ്‌സൈറ്റും ഡയലോഗ് സെന്റര്‍ കേരളയുടേതായുണ്ട്. ഇതിനു പുറമെ ദിശ ഇസ്‌ലാമിക് എക്‌സിബിഷന്‍ എന്നപേരില്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചുവരുന്നു. കോട്ടയം, തിരുവനന്തപുരം, തൃശൂര്‍ എന്നീ ജില്ലകളില്‍ നടന്നുകഴിഞ്ഞു.  വ്യക്തികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആശയ വിനിമയം, കോണ്ടാക്ട് ക്ലാസുകള്‍, ലഘുലേഖകള്‍, ബുക്ക്‌ലെറ്റുകള്‍, സിഡികള്‍, ക്വിസ് പ്രോഗ്രാം, പ്രബന്ധ മത്സരം തുടങ്ങിയ വിവിധ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡയലോഗ് സെന്റര്‍ കേരളയുടെ കീഴില്‍ നടത്തിവരുന്നു.

തയ്യാറാക്കിയത് : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles