Current Date

Search
Close this search box.
Search
Close this search box.

ഉന്നാവോ കേസ്: ഇനി ബാക്കിയുള്ളത് ഇര മാത്രം

ഹിന്ദി സിനിമകളും ഹിന്ദി ബെല്‍റ്റിലെ ജീവിതവും തമ്മില്‍ പലപ്പോഴും വലിയ അടുപ്പം കാണാം. നായകനെ പലപ്പോഴും അപകടത്തില്‍ വക വരുത്താന്‍ ശ്രമിക്കുന്ന വില്ലന്‍ അധികം സിനിമകളിലെയും ഒരു സ്ഥിരം സാന്നിധ്യമാണ്. അത് സിനിമ എന്ന പേരില്‍ നമുക്ക് ആശ്വസിക്കാം. പക്ഷെ ഉന്നാവോ കേസിലെ ഇരയുടെ കാര്യത്തില്‍ അതൊരു സത്യമായിരുന്നു. ഇര സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു കയറ്റി ഇരയുടെ രണ്ടു ബന്ധുക്കള്‍ തല്‍ക്ഷണം മരണപ്പെട്ടു. അതെ സമയം ഇരയുടെ വക്കീലും ഇരയും ഗുരുതരമായ പരുക്കുകളോടെ ഐ സി യുവില്‍ കഴിയുന്നു.

2017 ജൂണ്‍ 4ന് 17 വയസുകാരിയെ ബലാത്സംഗം ചെയ്യപ്പെടുന്നു. കുല്‍ദീപ് സിംഗ് സെംഗാര്‍ എന്ന ഉത്തര്‍ പ്രദേശ് ബി ജെ പി എം എല്‍ യുടെ വീട്ടില്‍ ജോലി ആവശ്യാര്‍ത്ഥംം പോയ പതിനേഴുകാരിയെ എം എല്‍ എ പീഡിപ്പിച്ചു എന്നതാണ് കേസ്. ഉന്നത ഇടപെടല്‍ മൂലം കേസുകള്‍ പല വഴിക്കും മാറി പോകുന്നു. പിന്നീട് മുഖ്യ മന്ത്രിയുടെ വീടിനു മുമ്പില്‍ പ്രതികളെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ഭീഷണി മുഴക്കുന്നു. അപ്പോഴാണ് ഈ കേസിനു മാധ്യമ ശ്രദ്ധ കിട്ടുന്നത്. പ്രതിയെ 2018 ഏപ്രിലില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റു ചെയ്തു. അതിനിടയില്‍ മറ്റൊരു കേസില്‍ കുടുക്കി ഇരയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റു ചെയ്തു. കസ്റ്റഡി പീഡനത്തിന്റെ പേരില്‍ പിതാവ് കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുന്‍പ് ബി.ജെ.പി ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിനിരയായിരുന്നു ഇരയുടെ പിതാവ്.

അതിനിടെ പെണ്‍കുട്ടിയുടെ സുരക്ഷ പോലീസ് പിന്‍വലിക്കുകയും ചെയ്തു. റായ്ബറേലി ജയിലിലുള്ള തന്റെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് കാറില്‍ ട്രക്കിടിച്ചു ബന്ധുക്കള്‍ കൊല്ലപ്പെട്ടതും ഇരക്കും വക്കീലിനും ഗുരുതര പരിക്ക് പറ്റിയതും. ട്രക്കിന്റെ നമ്പര്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് കൊണ്ട് മറച്ചിരുന്നു എന്ന് കേള്‍ക്കുന്നു. ഇരയെ ഇല്ലാതാക്കാന്‍ പ്രതികള്‍ ഒരുക്കിയ കെണിയായിരുന്നു അപകടം എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്. വടക്കേ ഇന്ത്യയിലെ സാമൂഹിക അവസ്ഥ പുറത്തു കൊണ്ട് വരുന്ന അവസാന ഉദാഹരണമായി ഇതിനെ കണക്കാക്കാം. ജനാധിപത്യമാണ് അടിസ്ഥാനമെങ്കിലും കൈക്കരുത്തും പണവും ഇന്ത്യന്‍ സാമൂഹിക അവസ്ഥയെ നിയന്ത്രിക്കുന്നു. കേസിനു വിധി പറഞ്ഞതിന്റെ പേരില്‍ ജഡ്ജി പോലും ഇല്ലാതാവുന്ന അവസ്ഥയാണ് നാട്ടില്‍ സംജാതമാവുന്നതു.

ഉന്നാവോ കേസ് പോലീസ് പരിഗണിച്ചത് പോലും വളരെ വൈകിയാണ്. ഇര അവസാനം മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കേണ്ടി വന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അവിടങ്ങളില്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലയുടെ പിറകിലെ വിഷയവും ഇത് തന്നെയാണ്. പ്രതികളുടെ പാര്‍ട്ടി ബന്ധവും ഉന്നത ബന്ധവും അധിക സമയത്തും പ്രതികളെ സഹായിക്കുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പാണ് അധികരിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പിന്നിലെ മനഃശാസ്ത്രം. ഉന്നതര്‍ പ്രതിയായ കേസ് എന്നത് കൂടി ഉന്നാവോ കേസിന്റെ പ്രത്യേകതയാണ്. വടക്കേ ഇന്ത്യയില്‍ പലപ്പോഴും പ്രതികളായി വരുന്നത് സംഘ്പരിവാര്‍ അനുകൂല വ്യക്തികളും സംഘടനകളുമാണ്. അടിച്ചു കൊല്ലലും ചുട്ടു കൊല്ലലും ഒരു സ്ഥിരം രീതിയും. അതില്‍ എത്ര പേര് ശിക്ഷിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ പലപ്പോഴും പോലീസ് കൃത്യ സമയത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല എന്ന് വേണം പറയാന്‍. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. 2017 ജൂണില്‍ നടന്ന കേസിന്റെ പേരില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നതു 2018 ഏപ്രിലില്‍ മാത്രമാണ്. അത് തന്നെ കോടതിയുടെ ഇടപെടല്‍ മൂലവും.

അതിനിടയില്‍ ഇരയെ മാനസികമായി തകര്‍ക്കുക എന്ന രീതിയില്‍ പിതാവിന്റെ കസ്റ്റഡി മരണം. പക്ഷെ നീതിക്കു വേണ്ടിയുള്ള ഇരയുടെ ശക്തമായ ഉറച്ചു നില്‍ക്കലാണ് പ്രതിയെ പേരിനെങ്കിലും അറസ്റ്റു ചെയ്തതും. ട്രക്ക് ഇടിച്ച് കൊല്ലപ്പെടുക എന്നത് ഉത്തരേന്ത്യയില്‍ ഒരു സാധാരണ സംഭവമായി പറയപ്പെടുന്നു. ഉന്നം വെച്ചത് പ്രതിയെയാണെങ്കിലും കൊല്ലപ്പെട്ടത് ബന്ധുക്കളും. ഇരയുടെ അവസ്ഥ ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടും. അപകടത്തില്‍ എം എല്‍ എയുടെ പങ്കിനെക്കുറിച്ച് കൃത്യമായി തന്നെ ഇരയുടെ മാതാവ് എടുത്തു പറയുന്നുണ്ട്. ഇവിടെയും കയ്യൂക്കിന്റെയും പണത്തിന്റെയും പര്യായമായി നീതിന്യായ വ്യവസ്ഥ മാറുന്നു എന്നത് നാം കാണാതെ പോകരുത്.

Related Articles