Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ – തമ്മിൽ പൊരുത്തമില്ലാത്ത പ്രതീക്ഷകൾ!

തമ്മിൽ പൊരുത്തമില്ലാത്തതോ വിപരീത ഭാവങ്ങൾ ഉൾക്കൊള്ളുന്നതോ ആയ കാര്യങ്ങളെ വർണ്ണിക്കുന്നതിനെ “ വിരോധാഭാസം” എന്ന് പറയാറുണ്ട്‌. ഇംഗ്ലീഷ് ഭാഷയിൽ അതിനെ paradox എന്ന് പറയും . “a situation or statement that seems impossible or is difficult to understand because it contains two opposite facts or characteristics” എന്നും വിശദീകരിക്കും. ഇസ്രയേലിലെ പുതിയ മന്ത്രിസഭയെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള നിരീക്ഷകർ അങ്ങിനെയാണ് വിശേഷിപ്പിക്കുന്നത്. “ നിങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിൽ ഞാൻ അധികാരത്തിൽ തിരിച്ചു വരും” എന്ന ഉറപ്പിലാണ് സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി “ നെതെന്യാഹൂ”. തീവ്ര വലതു പക്ഷം, മധ്യപക്ഷം, ഇടതു പാർട്ടികൾ, അറബ് ഇസ്ലാമിക് പാർട്ടി എന്നിവയുടെ കൂട്ടുമുന്നണി എന്നത് രാഷ്ട്രീയ ലോകത്തെ ഒരത്ഭുതമാണ്.

ഇസ്രയേൽ രാഷ്ട്രീയത്തിൽ ശക്തനായ നേതാവ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം നെതെന്യാഹൂ എന്ന് തന്നെയാണ്. നിലവിലുള്ള സെനറ്റിൽ അദ്ദേഹതിന്റെ പാർട്ടിയായ ലിക്വിഡ് പാർട്ടിക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടുള്ളത്. സെനറ്റിലെ മൊത്തം 120 സീറ്റിൽ 30 സീറ്റ് ലിക്വിഡ് പാർട്ടിയുടെ കയ്യിലാണ്. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പിൽ 61-59 എന്ന അനുപാതത്തിലാണ് പുതിയ സർക്കാർ രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോൾത്തന്നെ ഭരണ പാർടികൾക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉരുണ്ടു കൂടിയിട്ടുണ്ട്. പാർടികളിലെ പിളർപ്പും പുതിയ പാർടി രൂപീകരണവുമൊന്നും പുത്തരിയല്ലാത്ത ഇസ്രയേലിൽ ഒന്നോ രണ്ടോ പേർ കൂറുമാറിയാൽ മന്ത്രിസഭാ പൊളിക്കാൻ നെതന്യാഹുവിന് വലിയ പ്രയാസമില്ലതാനും. അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ കരുത്തോടെ നെതന്യാഹുതന്നെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.

1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, കിഴക്കൻ ജെറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇസ്രയേലിന് പ്രാധാന്യമുള്ളതാണെന്നും അതിനാൽ അവ യഹൂദരാജ്യത്തിന്റെ ഭാഗമാകേണ്ടതാണെന്നും ശക്തമായി വാദിക്കുന്നയാളാണ് ജൂത കുടിയേറ്റത്തെ അനുകൂലിക്കുന്ന നേതാവായ ബെനറ്റ്. പലസ്തീൻരാഷ്ട്രം എന്ന ആശയത്തോടുള്ള ബെനറ്റിന്റെ എതിർപ്പ് പരസ്യമായ കാര്യമാണ്. വെസ്റ്റ് ബാങ്കിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്ക് നെത്യാന്യാഹുവിനു പൂർണ പിന്തുണ നൽകിയ നേതാവു കൂടിയാണ് ബെനറ്റ്. മറ്റൊരു വിശകലനത്തിൽ നെത്യാന്യാഹുവിനെ കൂടുതൽ വലതു പക്ഷ നിലപാടിലേക്ക് എത്തിച്ചതിൽ ബെനറ്റിനു ശക്തമായ പങ്കുണ്ടെന്ന വിശകലനവും മാധ്യമങ്ങൾ നടത്തുന്നുണ്ട്.

അത് കൊണ്ട് തന്നെ പുതിയ മന്ത്രിസഭ എന്നത് ആശയങ്ങളുടെ വ്യതിയാനമായി ആരും കണക്കാക്കുന്നില്ല. പകരം ഇത് ഒരു “ നെത്യാന്യാഹൂ വിരുദ്ധ സംഘം മാത്രമാണ്”. വലതു പക്ഷം, ഫലസ്തീൻ വിരോധം, സയണിസം എന്നിവയോട് രണ്ടു പ്രധാനമന്ത്രിമാർക്കും തമ്മിൽ സാരമായ ഒരു അകലവും നമുക്ക് കാണുക വയ്യ. നിലവിൽ ഭരണ പക്ഷത്തുള്ള രണ്ടു അംഗങ്ങൾ കൂറ് മാറിയാൽ അവിടെ തീരും ഈ പരീക്ഷണം . ഇസ്രയേൽ രാഷ്ട്രീയം വെച്ച് നോക്കിയാൽ അത് ഒരു പുതിയ കാര്യമല്ല. അധികാരം നഷ്ടപ്പെട്ടാൽ, നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കൈക്കൂലി, വഞ്ചന, എന്നീ കുറ്റങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് നെതന്യാഹു ഉദ്ദേശിച്ചത് . അതിനു അദ്ദേഹം സ്വീകരിച്ച നിലപാട് മറ്റാരെയും പോലെ രാജ സുരക്ഷ എന്നതായിരുന്നു. അടുത്തിടെ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചാൽ ഇത് വ്യക്തമാകും.

Deputy Minister of Arab Affairs in the Prime Minister’s office എന്നതാണ് സഖ്യത്തിലെ അംഗമായ അറബ് ഇസ്ലാമിക് പാർടിക്ക് ലഭിച്ച സ്ഥാനം. പാർട്ടിയുടെ നേതാവായ മൻസൂർ അബ്ബാസ് തന്നെയാണ് ആ സ്ഥാനം കൈകാര്യം ചെയ്യുന്നത്. അനധികൃത കുടിയേറ്റം എന്നത് പോലെ മന്ത്രി സഭയുടെ മുന്നിലുള്ള മറ്റൊരു വിഷയമാണ്‌ വർത്തമാന കിഴക്കൻ ജറുസലേം ജൂത കുടിയേറ്റം. അടുത്തുണ്ടായ ഫലസ്തീൻ ഇസ്രയേൽ സംഘട്ടനത്തിന്റെ മൂല കാരണവും അത് തന്നെയായിരുന്നു. പുതിയ ഭരണ കൂടത്തെ അഭിനന്ദനം അറിയിച്ച കൂട്ടത്തിൽ അമരിക്കൻ പ്രസിഡന്റ് ഊന്നി പറഞ്ഞ കാര്യം ഇസ്രായേൽ രാഷ്ട്രത്തിന്റെ സുരക്ഷ തന്നെയായിരുന്നു. അറബ് സമൂഹത്തിനും അധികാര പങ്കാളിത്തമുള്ള ഒരു സർക്കാരിനെ ഉപയോഗിച്ച് ഫലസ്തീൻ വിഷയം എങ്ങിനെ അവസാനിപ്പിക്കാം എന്ന ഒരു ചിന്തയും വൻ ശക്തികളുടെ പ്രതികരണത്തിൽ കണ്ടില്ല.

അതിനിടെ അധിനിവേശ കിഴക്കൻ ജറുസലേമിന്റെ പഴയ നഗരം വഴി തീവ്ര വലതുപക്ഷ ദേശീയവാദികളും കുടിയേറ്റ അനുകൂല ഗ്രൂപ്പുകളും നടത്തിയ വിവാദ മാർച്ചിന് ഇസ്രായേലിന്റെ പുതിയ സർക്കാർ അംഗീകാരം നൽകി. മേഖലയിൽ പിരിമുറുക്കമുണ്ടാക്കാൻ സാധ്യതയുള്ള നിലപാടിന് അധികാരം ഏറ്റെടുത്തു മണിക്കൂറുകൽക്കുള്ളിലാണ്‌ പുതിയ മന്ത്രിസഭ അനുമതി നൽകിയത്. പ്രസ്തുത തീരുമാനത്തെ ഫലസ്തീൻ അനുകൂല വിഭാഗങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നു. തീവ്ര വലതു പക്ഷ മനസ്സിൽ നിർമ്മിക്കപ്പെട്ട ഒന്നാണ് ഇസ്രായേൽ പട്ടാളം. ഭരണമാറ്റമൊന്നും അവരുടെ നിലപാടിനെ സ്വാധീനിക്കാൻ ഇടയില്ല. വലതു പക്ഷ സയണിസ്റ്റ് മനസ്സുള്ള സൈന്യത്തിൽ നിന്നും ഒരു മാന്യതയും പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ പുതിയ സഖ്യത്തിൽ അറബ് പാർട്ടിക്ക് എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ട് വരാൻ കഴിയും എന്ന് നിരീക്ഷകർ കരുതുന്നില്ല.

നെത്യാന്യാഹൂ മോശമാക്കിയ സാമൂഹിക അവസ്ഥയെ തിരിച്ചു കൊണ്ട് വരിക എന്നതാണ് പുതിയ ഭരണ കൂടം മുഖ്യ അജണ്ടയായി കാണുന്നത്. ഇസ്രയേൽ ആഭ്യന്തര രംഗത്ത്‌ തന്നെ സമുദായങ്ങൾക്കിടയിൽ വിടവ് അടുത്ത നാൾ വർധിച്ചു വന്നിരുന്നു. അതിനെ മറികടക്കാൻ പുതിയ ഭരണ കൂടത്തിനു സാധ്യമാകുമോ എന്ന ചോദ്യവും പ്രസക്തമാണ്‌. കൊറോണ കാരണം രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക തകർച്ച അഡ്രസ്സ് ചെയ്യാൻ ഭരണ കൂടത്തിനു കഴിയണമെങ്കിൽ സമാധാന അന്തരീക്ഷം അനിവാര്യമാണ്. ഫലസ്തീൻ വിഷയത്തിൽ ഒരു പുതിയ നിലപാട് പറയാൻ മാത്രം ശക്തമാണ് പുതിയ ഭരണകൂടം എന്നാരും കരുതുന്നില്ല. ചുരുക്കത്തിൽ പുതിയ സർക്കാരിന്റെ ആയുസ്സ് പെട്ടെന്ന് തീരുമെന്ന നിഗമനത്തിലാണ് ലോകം എത്തി ചേർന്നിട്ടുള്ളത്. ബാക്കിയുള്ള നാല് വര്ഷം ഈ സഖ്യത്തിന് തുടരാനായാൽ അതൊരു ലോക അത്ഭുതം എന്ന രീതിയിലാണ് ലോക മാധ്യമങ്ങൾ ഇസ്രായേലിലെ പുതിയ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്.

കെന്റ് സർവകലാശാലയിലെ മിഡിൽ ഈസ്റ്റിലെ പൊളിറ്റിക്സ് സീനിയർ ലക്ചറർ Yaniv Voller പറഞ്ഞ അഭിപ്രായം പ്രസക്തമാണ്‌. “സഖ്യകക്ഷികളുടെ നേതാക്കൾ ഇതിനെ ഒരു ‘രോഗശാന്തി സർക്കാർ’ എന്നാണ് വിശേഷിപ്പിച്ചത്, നെതന്യാഹുവിന്റെ ഭിന്നിപ്പിക്കൽ നയങ്ങളിൽ നിന്നും രാജ്യത്തെ സുഖപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ചുരുങ്ങിയത് ആദ്യ കുറച്ച് മാസങ്ങളിൽ, തങ്ങളെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങൾ കുറവായ വിഷയങ്ങളിൽ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും ………….”. അതൊരു പ്രതീക്ഷയുടെ നീക്കമാണ്. മേഖലയിൽ സമാധാനം തിരിച്ചു കൊണ്ട് വരാൻ കഴിയുന്നു എന്നിടത്താണ് വിജയ പരാജയം കണക്കാക്കുക. കാത്തിരുന്നു കാണാം എന്നതിലപ്പുറം മറ്റൊരു പ്രതീക്ഷയും ലോക മാധ്യമങ്ങളിൽ നിന്നും നമുക്ക് കണ്ടെത്താൻ കഴിയില്ല. The state of Paradox അത് കൊണ്ടാണ് കൂടുതൽ പ്രസക്തമാകുന്നതും.

Related Articles