Current Date

Search
Close this search box.
Search
Close this search box.

ആയുഷ്മാന്‍ ഭവ!

പൗരമുഖ്യനായ പള്ളി കമ്മിറ്റി പ്രസിഡന്റിന് ഉറക്കമില്ലായ്മയുടെ അസുഖം വന്ന കഥയുണ്ട്. ഒരുപാട് ഭിഷഗ്വരന്മാരെ കാണിച്ചിട്ടും രോഗം മാറാത്ത അസുഖം, ഇമാമിനെ വിളിച്ച് ഖുതുബ നടത്തിച്ചപ്പോള്‍ താനേ ഉറങ്ങിപോയത്രെ! വെള്ളിയാഴ്ച്ച ഉച്ചക്ക് ജുമുഅ പ്രാര്‍ഥനക്ക് മുമ്പ് പല നാടുകളില്‍ പല ഭാഷകളില്‍ നടക്കുന്ന പ്രസംഗങ്ങള്‍ പലരിലും ദൈവസ്മരണയും പരലോക ചിന്തയും ഉണര്‍ത്തുന്നു. ഒരുപാട് പേര്‍ ഉറക്കം തൂങ്ങുന്നു. എന്നാല്‍ ദോഹ നഗരത്തിന് അല്‍പമകലെയുള്ള ഒരു പള്ളിയില്‍ നടക്കുന്ന ജുമുഅ ഖുതുബ ലക്ഷക്കണക്കിന് പേര്‍ക്ക് ഉണര്‍ത്തുപാട്ടാകുന്നു. ചാനലുകളും റേഡിയോകളും വഴി കിഴക്കും പടിഞ്ഞാറും അനേകം കാതുകളില്‍ എത്തുന്നു. ആ മിമ്പറില്‍ നിന്ന് ആ ശബ്ദം ഇല്ലാതാക്കാന്‍ വൈറ്റ്ഹൗസ് മുതല്‍ പല കൊട്ടാരങ്ങളില്‍ നിന്നും സമ്മര്‍ദം വരുന്നു.

ഇറാഖിലും അഫ്ഗാനിലും ഫലസ്തീനിലും നടക്കുന്ന നരനായാട്ടിന് നേതൃത്വം നല്‍കുന്ന ബുഷിനെയും ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും പൗരന്മാരെ അടിച്ചമര്‍ത്തുന്ന ഏകാധിപതികളെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ ഖതീബ് ഒരിക്കലും മടികാണിച്ചിട്ടില്ല. കോടിക്കണക്കിന് വിശ്വാസികള്‍ മാതാപിതാക്കളെക്കാളും ബന്ധുക്കളെക്കളും ഏറെ സ്‌നേഹിക്കുന്ന പ്രിയങ്കരനായ പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ വരച്ച രാജ്യത്തെ ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഇന്തോനേഷ്യ മുതല്‍ മൊറോക്കോ വരെയുള്ള ലക്ഷണക്കണക്കിനാളുകള്‍ നെഞ്ചേറ്റി.

‘അങ്ങെന്താണ് ഏറെയൊന്നും പുസ്തകങ്ങള്‍ എഴുതാത്തത്?’ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ മനുഷ്യരെയാണ് രചിക്കുന്നത്. അവര്‍ ഗ്രന്ഥങ്ങള്‍ രചിക്കുമെന്നായിരുന്നു ഇമാം ഹസനുല്‍ ബന്നയുടെ മറുപടി. ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തില്‍ ജനിച്ച് അവിടത്തെ ഓത്തുപള്ളിയിലും പ്രശ്‌സ്തമായ അല്‍-അസ്ഹര്‍ സര്‍വകലാശാലയിലും പഠിച്ചു വളര്‍ന്ന ഡോ. യൂസുഫുല്‍ ഖറദാവിയെ ചലനാത്മക വ്യക്തിത്വമായി വളര്‍ത്തുന്നതില്‍ ഇമാം ബന്നയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ആയിരം നാവുകളാണ് തന്റെ ഗുരുവിനെ പരാമര്‍ശിക്കുമ്പോള്‍ ഖറദാവിക്ക്. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ പേരില്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയായ കാലം തൊട്ടേ പലവുരു തടവറയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. 1961 സെപ്തംബര്‍ 12-ന് തന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ഖറദാവി ഖത്തറില്‍ എത്തുന്നത്. 1475 റിയാല്‍ പ്രതിമാസ ശമ്പളത്തില്‍ അല്‍-മഅ്ഹദുദ്ദീനി എന്ന മതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ തലവനായി എത്തിയ അദ്ദേഹം ഖത്തറിലെ ഭരണാധികാരികള്‍ക്കും മതപണ്ഡിതന്‍മാര്‍ക്കും ഇടയില്‍ വളരെ വേഗം മതിപ്പുളവാക്കി. ഇന്നത്തെ അമീറിന്റെ പിതാമഹന്‍ ശൈഖ് ഖലീഫ തുടര്‍ച്ചയായി 35 വര്‍ഷം ഖറദാവിയുടെ റമദാന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. ‘അങ്ങ് ഞങ്ങളുടെ തോല് പൊളിക്കുന്നല്ലോ’ എന്നായിരുന്നു ഭരണആധികാരികളെ വിമര്‍ശിച്ചാലുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ഫലസ്തീന്‍ പ്രശ്‌നം ജനമനസ്സുകളില്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നതിലും, സയണിസ്റ്റ് – അമേരിക്കന്‍ ബന്ധം തുറന്നു കാട്ടുന്നതിലും ഖറദാവിയോളം സജീവത കാണിക്കുന്ന പണ്ഡിതന്‍ വേറെയില്ല. താനും തന്റെ നേതാക്കളും സഹപ്രവര്‍ത്തകരും ചോരയും കണ്ണീരും ഒഴുക്കി വളര്‍ത്തിയ കക്ഷി നൈല്‍ നദിക്കരയില്‍ വിജയം നേടിയപ്പോള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത ജുമുഅക്ക് നേതൃത്വം നല്‍കാനുള്ള നിയോഗവും ശൈഖ് ഖറദാവിക്കുണ്ടായി. പിന്നീടുണ്ടായ ദുരന്തങ്ങളില്‍ മനംനൊന്ത് അദ്ദേഹം ചെയ്ത പ്രഖ്യാപനങ്ങള്‍ പലയിടത്തും ചെന്നു തറക്കുന്നതായിരുന്നു. തൊണ്ണൂറിന്റെ പടിവാതില്‍ക്കള്‍ എത്തിനില്‍ക്കുമ്പോഴും നെഞ്ചൂക്കോടെ നേര് പറയുന്ന ഓത്ത്പള്ളിയുടെ പുത്രന് ദീര്‍ഘായുസ്സ് നേരാം.

Related Articles