Current Date

Search
Close this search box.
Search
Close this search box.

പ്രണയ പുഷ്പത്തിൽ വീണ ചോര!

ആധുനിക സാങ്കേതിക വിദ്യകൾ കരസ്ഥമാക്കിയിട്ടെന്താ?… അമേരിക്കൻ പുസ്തക കമ്പോളത്തിൽ നിന്ന് ഈയിടെ പുറത്തിറങ്ങിയ ബെസ്റ്റു സെല്ലർ പട്ടികയിലെ ഒരു കൃതിയുടെ പേര് “ഫൈനൽ എക്സിറ്റ് “എന്നായിരുന്നു! ഈ “അവസാന വഴി ” ആത്മഹത്യയല്ലാതെ മറ്റൊന്നുമല്ല! എത്രമാത്രം പളപളപ്പാർന്ന സംസ്കൃതിയാണെങ്കിലും ജീവിത ലക്ഷ്യം പിഴച്ച ഒരു സമൂഹത്തിന് കനത്ത പ്രതിസന്ധികൾ നേരിടാനാവില്ല. ഫൈനൽ എക്സിറ്റ് പ്രസിദ്ധീകരിച്ച് രണ്ടാഴ്ചക്കകം വിറ്റഴിഞ്ഞത് 20,000 കോപ്പികളായിരുന്നു! കൗതുകം തീർന്നില്ല… ജീവിതം മടുത്ത്, മരിക്കാൻ ആഹ്വാനം ചെയ്യുന്ന “ഹെം ലെക് ” എന്ന സംഘടനയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സോക്രട്ടീസിന് പാനം ചെയ്യേണ്ടി വന്ന നീര് എടുത്ത വിഷച്ചെടിയുടെ പേരാണ് ഹെം ലെക്!

ജീവിതത്തെ ധീരമായി നേരിടാൻ കരുത്തില്ലാത്ത ഭീരുക്കളാണ് മറ്റുള്ളവരെ കൊല്ലാനും സ്വയം ജീവനൊടുക്കാനും ശ്രമിക്കുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച മാനസ എന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയും തുടർന്ന് സ്വന്തം മാറിലേക്ക് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത രഗിൽ എന്ന യുവാവ് ഈ ഇനത്തിൽ ആദ്യത്തേതല്ല!

കൗമാരക്കാർ തോക്കേന്തുന്ന സിനിമകൾ പാശ്ചാത്യൻ നാടുകളിൽ സുലഭമാണ്. (അമേരിക്ക ഒരു “ഭീകര രാഷ്ട്രം” അല്ലാത്തതിനാൽ അവിടെ നിന്നു വരുന്ന നിലക്കാത്ത വെടിയൊച്ചകൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വാർത്തയാക്കാറില്ല!)

അടുത്തിടെ യു.എസിൽ നിന്നുള്ള ഒരു വാർത്ത ഇങ്ങനെയായിരുന്നു: “ഫ്ലോറിഡയിലെ മെർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ നികളസ്ക്രൂസ് എന്ന പത്തൊമ്പത് കാരൻ, വിദ്യാർത്ഥികൾക്കു നേരെ നടത്തിയ വിവേചനരഹിതമായ വെടിവെപ്പിൽ 17 കുരുന്നുകൾ മരണപ്പെട്ടു.14 പേരുടെ നില ഗുരുതരം!” പ്രസ്തുത വാർത്തയുടെ കൂടെ പറഞ്ഞ മറ്റൊരു കാര്യം അമേരിക്കയിൽ 2018 ൽ അരങ്ങേറിയ ചെറുപ്രായക്കാരുടെ തോക്കേന്തിയ കൂട്ടക്കൊല പതിനെട്ട് തവണയാണെന്നാണ്!

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ആത്മഹത്യകൾക്കു നൽകുന്ന വീര / താര പരിവേഷവും അപകടകരമാണ്. ഇന്നലെ ചാനൽ ചർച്ചക്കിടെ കേട്ട ഒരു കാര്യം മലയാള സിനിമയും കൗമാരക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്നാണ്! നമുക്കറിയാം, അത്യാവശ്യം ടി.വി കാണുന്ന ഒരു കുട്ടി പോലും പ്രതിവർഷം ആയിരക്കണക്കിന് അടിയും ഇടിയും വെടിവെപ്പും കനത്ത സ്ത്രീവിരുദ്ധ ഡയലോഗുകളും കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്! (ദൃശ്യം സിനിമ കണ്ട് അപ്പടി പകർത്തി സ്വന്തം ഭാര്യയെ കൊന്ന് തെളിവു നശിപ്പിക്കാൻ ശ്രമിച്ച ആളെ കുറിച്ച പത്ര വാർത്ത ഓർക്കുന്നു!)

നമ്മുടെ സാഹിത്യവും ആത്മഹത്യയെ ശ്രേയസ്കരമാക്കുന്ന സംഭവങ്ങൾ മറന്നു കൂട. ഇടപ്പള്ളിയുടെ ആത്മഹത്യയെ “മരണത്തിൻ്റെ സൗന്ദര്യം ” എന്നു വിളിച്ചത് സാക്ഷാൽ കെ.പി അപ്പൻ!

ഏത് ഉന്നതൻ ആത്മഹത്യ ചെയ്താലും, ഇണയെ തീക്കൊളുത്തിയും വെടിവെച്ചും കൊന്നാലും അത് കൊടുംഭീകരമായ പാപവൃത്തിയാണെന്ന് നിരൂപിക്കാനും തുറന്നു പറയാനുമുള്ള ആർജ്ജവമാണ് നാം കാട്ടേണ്ടത്. “ജീവൻ തന്നവന് മാത്രമേ ജീവൻ തിരിച്ചെടുക്കാൻ അർഹതയുള്ളൂ” എന്ന് മുഹമ്മദ് നബി!

Related Articles