Current Date

Search
Close this search box.
Search
Close this search box.

ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയണം

ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുക എന്നതിലാണ് വ്യക്തിയുടെയും സമൂഹത്തിന്റെ രാഷ്ട്രത്തിന്റെയും വിജയം. അത് തിരിച്ചറിയാതെ പോയാല്‍ വലിയ ദുരന്തവും. സംഘ പരിവാര്‍ മുസ്ലിംകളെ ശത്രുക്കളായി പ്രഖ്യാപിച്ച വിഭാഗമാണ്. സംഘ പരിവാറിന് ദിശാബോധം നല്‍കിയവരില്‍ പ്രധാനിയാണ് ഗുരു ഗോള്‍വാര്‍ക്കര്‍. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ശേഖരം എന്ന നിലയില്‍ പ്രസിദ്ധ കൃതിയാണ് ‘ ദി ബഞ്ച് ഓഫ് തൊട്ട്‌സ്’ . അതില്‍ മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്മ്യുണിസ്റ്റുകളെയും കുറിച്ച് തന്റെ നിലപാട് അദ്ദേഹം പറയുന്നുണ്ട്. 1966 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത് ‘ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്നും, പുറത്തു നിന്നും വരുന്ന ശതൃക്കളേക്കാള്‍ ഭയാനകം ‘ എന്നൊക്കെയാണ് അദ്ദേഹമതില്‍ കുറിച്ചിരിക്കുന്നത്. സംഘ് പരിവാര്‍ ആദരവോടെ ഇന്നും കാണുന്ന നേതാവാണല്ലോ ഗോള്‍വാള്‍ക്കര്‍. കോണ്‍ഗ്രസ്സ് ഹിന്ദു വികാരം ഉള്‍ക്കൊള്ളുന്നില്ല , ഗാന്ധിജി മുസ്ലിംകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്നൊക്കെയാണ് സംഘടനയുടെ സ്ഥാപക നേതാവ് കെ.ബി. ഹെഡ്‌ഗേവാര്‍ ഉന്നയിച്ച ആരോപണങ്ങള്‍. പശുവിന്റെ സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ്സ് മൗനികളാണ് എന്നും.

ഇന്ത്യയില്‍ അരങ്ങേറിയ വിവിധ വര്‍ഗീയ കലാപങ്ങളില്‍ ഇത്തരം ശക്തികളുടെ സ്വാധീനം നാം കണ്ടതാണ്. നേരത്തെ അവര്‍ പറഞ്ഞു വെച്ച ശത്രുക്കളെ എത്രമാത്രം ഇല്ലായ്മ ചെയ്യാന്‍ കഴിയും എന്നതില്‍ സംഘടനാ എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. 2018 ല്‍ RSS നടത്തിയ ത്രിദിന പഠന ശിബിരത്തില്‍ ഒരു ചോദ്യത്തിനു ഉത്തരമായി സംഘടയുടെ ഇപ്പോഴത്തെ കാര്യവാഹക് മോഹന്‍ ഭാഗവത് നടത്തിയ ചില പരാമര്‍ശങ്ങള്‍ പ്രസക്തമാണ്. ഗോള്‍വാക്കറുടെ ബഞ്ച് ഓഫ് തോട്ടിലെ പല നിരീക്ഷണങ്ങളും ഇപ്പോള്‍ അസ്വീകാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു കാലത്തു ശരിയായിരുന്നു. വിഭജന സമയത്തെ മുന്‍നിര്‍ത്തിയാണ് ഗോള്‍വാര്‍ക്കര്‍ അങ്ങിനെ പറഞ്ഞത്. തെലുങ്കാനയിലെ കമ്യുണിസ്‌റ് പ്രശ്ങ്ങള്‍ മുന്നില്‍ വെച്ചും ഈ അഭിപ്രായം പറയാന്‍ കാരണമായിട്ടുണ്ടാകാം എന്നും ഭാഗവത് പറയുന്നു. സമയവും പരിതഃസ്ഥിതിയും മാറുമ്പോള്‍ നിലപാടുകളും മാറുക എന്നത് ജീവനുള്ള പ്രസ്ഥാനങ്ങള്‍ക്ക് അത്യാവശ്യമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സമയവും സാഹചര്യവും ഒത്തുവരുന്ന കാര്യങ്ങളില്‍ മാത്രമേ ‘ ബഞ്ച് ഓഫ് തോട്ടിലെ’ ഉപദേശങ്ങള്‍ സ്വീകരിക്കപ്പെടൂ എന്നും ഭഗവത് പറയുന്നു. ചുരുക്കത്തില്‍ അന്ന് RSS പറഞ്ഞിരുന്ന നിലപാടിലല്ല ഇന്ന് അവരുള്ളത് എന്ന് സാരം.

അടുത്തിടെ സമുദായത്തില്‍ നിന്നും പലരും സംഘ പരിവാറിനോടുള്ള നിലപാട് മയപ്പെടുത്തി കാണുന്നു. അടുത്ത ദിവസം യു.പിയിലെ ദാറുല്‍ ഉലൂം ദയൂബന്ദ് മേധാവി അര്‍ഷദ് മദനിയുടെ ഒരു അഭിമുഖം വന്നിട്ടുണ്ട്. RSS ഹിന്ദു രാഷ്ട്രവാദം ഉപേക്ഷിക്കും എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. പക്ഷെ ഹിന്ദു രാഷ്ട്രത്തെ കുറിച്ച് ചര്‍ച്ചയില്‍ എവിടെയും വന്നില്ലെന്ന് മദനി വ്യക്തമാക്കുകയും ചെയ്യുന്നു. എന്തടിസ്ഥാനത്തിലാണ് ഈ അഭിപ്രായം എന്ന ചോദ്യത്തിന് മദനി നല്‍കിയ മറുപടി രാജ്യം അതി കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമോള്‍ ഇത്തരം തീരുമാനങ്ങളുമായി RSS നു മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് മാത്രമാണ്. ഒരിക്കല്‍ RSS ന്റെ ശക്തമായിരുന്ന എതിരാളിയായിരുന്ന ദയൂബന്ദ് മേധാവി സ്വരം മയപ്പെടുതുന്നു എന്നത് ഫാസിസത്തോടുള്ള സമീപനത്തില്‍ വരുന്ന മാറ്റമായി പലരും മനസ്സിലാക്കുന്നു. കേരളത്തിലും അടുത്തിടെ പ്രശസ്ത മത സംഘടനായ സമസ്തയുടെ നേതാവും BJP യോട് സ്ഥിരമായ ശത്രുതാ നിലപാടില്ല എന്ന് പറഞ്ഞിരുന്നു. ഒരു പാട് വിമര്‍ശനങ്ങള്‍ക്ക് ആ പ്രസ്ഥാനവന കാരണമായിരുന്നു.

മുസ്ലിംകള്‍ സംഘ പരിവാറിനെ കാണുന്നത് ഭാഗികമായിട്ടല്ല. ഗോള്‍വര്‍ക്കാര്‍ തിയറിയില്‍ നിന്നും അവര്‍ മാറി എന്ന് മനസിലാക്കാന്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആ മാറ്റം ഉണ്ടാകണം. മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന പലതും RSS ആദര്‍ശത്തെ ശക്തിപ്പെടുത്തുന്നതാണ്. മുത്വലാഖ,് കശ്മീര്‍ തുടങ്ങി ഒരുവേള ആസാം പോലും കൊണ്ട് വന്നത് ആരെ ഉദ്ദേശിച്ചായിരുന്നു?. കഴിഞ്ഞ സഭക്കാലത്തു ചുട്ടെടുത്ത ബില്ലുകളുടെ ഉന്നം ആരായിരുന്നു. ദി ബഞ്ച് ഓഫ് തോറ്റ്‌സിലെ പലതും തങ്ങള്‍ കയ്യൊഴിഞ്ഞു എന്ന് മോഹന്‍ ഭാഗവത് പറയുമ്പോഴും പ്രായോഗത്തില്‍ അതല്ല നമുക്ക് മനസ്സിലാവുന്നത്.

മുസ്ലം സമുദായത്തോട് അടുക്കാന്‍ RSS മുസ്ലിം രാഷ്ട്ര മഞ്ച് എന്നൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. മുസ്ലിംകള്‍ തന്നെയാണ് അതിന്റെ തലപ്പത്തും . പക്ഷെ വിഷയങ്ങളില്‍ അവരുടെയും സംഘ പരിവാറിന്റെയും നിലപാടുകളില്‍ ഒരു മാറ്റവും കാണുക സാധ്യമല്ല. പശു വന്ദേമാതരം രാമക്ഷേത്രം ഏക സിവില്‍ കോഡ് തുടങ്ങി സര്‍വ്വ കാര്യങ്ങളിലും അവര്‍ രണ്ടു പേരുടെയും നിലപാട് ഒന്ന് തന്നെ . ഇസ്ലാമിന്റെ ദഅവ മുഖത്തെ മറന്നു കൊണ്ടല്ല ഈ അഭിപ്രായം. പക്ഷെ ഫാസിസ്റ്റു ശക്തികളോടുള്ള നിലപാട് മയപ്പെടുമ്പോള്‍ അത് മറ്റു ചില ദൂഷ്യ ഫലങ്ങള്‍ക്ക് കൂടി കാരണമാകും. മറ്റു പലരുടെയും നിലനില്‍പ്പ് മാത്രമല്ല ഫാസിസം ചോദ്യം ചെയ്യുന്നത് അവരുടെ വിശ്വാസവും ആചാരവും കൂടിയാണ്. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ കഴിയാതെ രീതിയിലേക്ക് കാര്യങ്ങള്‍ മാറിപ്പോയാല്‍ അതാകും ഈ നൂറ്റാണ്ടില്‍ സമുദായം നേരിടുന്ന വലിയ ദുരന്തം.

Related Articles