ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാൾ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: ” ഞാൻ ടിക്കറ്റെടുത്തിരുന്നത് ഷൊർണൂരിലേക്കാണ്. വണ്ടിയിൽ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?”
“അടുത്ത വണ്ടിക്ക് ടിക്കറ്റെടുത്ത് അങ്ങോട്ടു തന്നെ പോയിക്കൊള്ളൂ ” സ്റ്റേഷൻ മാസ്റ്റർ നിസ്സംഗതയോടെ പറഞ്ഞു.
“അതറിയാം. അതല്ല ഞാൻ അന്വേഷിക്കുന്നത്. ടിക്കറ്റില്ലാതെ ഷൊർണൂരിൽ നിന്ന് ഇതുവരെ യാത്ര ചെയ്തതിന് എന്തു വേണമെന്നാണ് ?”
“അത് സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്ര പേർ വണ്ടിയിൽ സഞ്ചരിക്കാറുണ്ട് !”
“അത് പറ്റുകയില്ല. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണ്. അതിനാൽ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന് അറിയിച്ചാലും ! ”
നിശ്ചിത പിഴയടച്ച് പുറത്തിറങ്ങിയപ്പോൾ സ്റ്റേഷൻ മാസ്റ്റർ തലയുയർത്തി പറഞ്ഞു: “താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെരിൽ ഈ നാട് താനേ നന്നാകുമല്ലോ!”
“അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത് ” അതും പറഞ്ഞ് ആ യാത്രക്കാരൻ പുറത്തിറങ്ങി.
ഉത്തമവ്യക്തിത്വങ്ങളെ വാർത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കർമയോഗി മർഹൂം ഹാജീ സാഹിബ് ആയിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ് ലാമിക നവോത്ഥാന പ്രസ്ഥാനമായ ജമാഅത്തെ ഇസ് ലാമിക്ക് മലയാളക്കരയിൽ അസ്തിവാരമുറപ്പിച്ച വി.പി മുഹമ്മദലി ഹാജി ഒരു ജ്യോതിസ്സിനെപ്പോലെ കേരളത്തിന്റെ ഇസ് ലാമിക നഭോമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട് പ്രഭ പരത്തി പെട്ടെന്നു പൊലിഞ്ഞു പോയ പരിഷ്കർത്താവും വിപ്ലവകാരിയുമാണ്.
ജമാഅത്തെ ഇസ് ലാമി കേരള ഘടകത്തിന്റെ സ്ഥാപക നേതാവ് , പ്രത്ഭ പണ്ഡിതൻ , കരുത്തുറ്റ പരിഷ്കർത്താവ് , പ്രമുഖ പ്രസംഗകൻ , സമർത്ഥനായ എഴുത്തുകാരൻ , സമർപ്പണ സന്നദ്ധനായ സംഘാടകൻ , പ്രതിഭാധനനായ പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവ നായകനാണ് ഹാജി സാഹിബ്.
ഹാജീസാഹിബിനു പുറമെ കെ.സി അബ്ദുല്ല മൗലവി, വി.കെ.എം ഇസ്സുദ്ദീൻ മൗലവി, ടി.മുഹമ്മദ് സാഹിബ്, കെ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദുൽ ജലാൽ മൗലവി, കെ.എൻ അബ്ദുല്ല മൗലവി, ടി. ഇസ്ഹാഖലി മൗലവി, എ.കെ അബ്ദുൽ ഖാദിർ മൗലവി, കൊണ്ടോട്ടി അബ്ദുർ റഹ്മാൻ സാഹിബ്, യു.കെ ഇബ്രാഹിം മൗലവി, എസ്.എം ഹനീഫ് സാഹിബ്, കെ.പി.കെ അഹ്മദ് മൗലവി, വി.എം അബ്ദുൽ ജബ്ബാർ മൗലവി, കെ.അബ്ദുസ്സലാം മൗലവി, എൻ.എം ശരീഫ് മൗലവി, ടി.കെ മുഹമ്മദ് സാഹിബ് എന്നിവരെക്കൂടി ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഗ്രന്ഥമാണ് “ഇസ് ലാമിക പ്രസ്ഥാനം മുന്നിൽ നടന്നവർ “. പ്രസിദ്ധീകരണം : ഐ.പി.എച്ച്.
ചവിട്ടിയരഞ്ഞ പാഴ് വഴികളിലൂടെ അലസഗമനം നടത്തുന്നവരല്ല, കാലഘട്ടത്തിന്റെ തേട്ടം അളന്നറിഞ്ഞ് പുതുവഴികൾ വെട്ടി സമൂഹത്തെ മുന്നോട്ട് നയിക്കുന്നവരാണ് നവോത്ഥാന നായകരെന്ന് പുസ്തകം തെര്യപ്പെടുത്തുന്നു.
ഓരോ ഇസ് ലാമിക പ്രവർത്തകന്റെയും ഉള്ളറകളിൽ കർമ ബോധത്തിന്റെ ചൂടും ചൂരും പകരാൻ ഏറെ സഹായകമാണ് ഈ കൃതി.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0