Current Date

Search
Close this search box.
Search
Close this search box.

വരൂ… നമുക്ക് വിടപറഞ്ഞവരോട് ചോദിക്കാം

zero-balance.jpg

ഞങ്ങളില്‍ നിന്നും വിടപറഞ്ഞു പോയവനേ, എവിടെയാണ് താങ്കളിപ്പോള്‍? നിന്റെ പ്രിയപ്പെട്ട വീട് നീ ഉപേക്ഷിച്ചിരിക്കുന്നു. ഏറെക്കാലം മനസ്സില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്ന നിന്റെ സ്വപ്‌നമായിരുന്നല്ലോ ആ വീട്. നീയത് നിര്‍മിച്ചു ഏറ്റവും മനോഹരമായി അലങ്കരിച്ചു. എല്ലാവിധ സൗകര്യങ്ങളും അതില്‍ നീ ഒരുക്കി. എന്നിട്ട് മണ്ണ് വിരിപ്പാക്കി, ഇടുങ്ങിയ ഖബ്‌റിലാണല്ലോ നീയിപ്പോള്‍ കിടക്കുന്നത്. യഥാര്‍ഥത്തില്‍ ഐഹിക ലോകത്തിന് വേണ്ടി ഇത്രത്തോളം നീ കഷ്ടപ്പെടേണ്ടിയിരുന്നോ?

പുതിയ ഈ അവസ്ഥക്ക് വേണ്ടി എത്രത്തോളം നീ ഒരുങ്ങിയിരുന്നു? പരമാധികാരിയായ അല്ലാഹുവില്‍ വിശ്വസിച്ച് അവന്റെ കല്‍പനക്ക് വിധേയമായിട്ടായിരുന്നോ നിന്റെ ജീവിതം? അതല്ല, സ്രഷ്ടാവിനെ മറന്ന് നിന്റെ വികാരങ്ങളായിരുന്നോ നിന്നെ നിയന്ത്രിച്ചിരുന്നത്. നിന്നെ കാത്തിരുന്ന ഈ അവസ്ഥയെ കുറിച്ച് നീ അശ്രദ്ധനായിരുന്നോ? നിന്നെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന, നിന്റെ ഹൃദയത്തിലുള്ളതും കണ്ണിമ വെട്ടുന്നത് പോലും അറിയുന്ന നാഥനെ ഭയക്കുന്നതിന് പകരം അവന്റെ സൃഷ്ടികളെയായിരുന്നോ നീ ഭയന്നിരുന്നത്? എന്തും വഹിച്ചായിരുന്നു നീയിതുവരെ യാത്ര ചെയ്തിരുന്നത്? എന്തായിരുന്നു നിന്റെ ഭാണ്ഡത്തില്‍ ഒളിച്ചുവെച്ചിരുന്നത്?

നമസ്‌കാരം നീ മുറപോലെ നിര്‍വഹിച്ചിരുന്നോ? അത് ശരിയായിട്ടുണ്ടെങ്കില്‍ നിന്റെ മുഴുവന്‍ കര്‍മങ്ങളും ശരിയായി. അല്ലെങ്കില്‍ നേരെ തിരിച്ചും. ‘എന്നെ നീ കൈവിട്ടതും പോലെ അല്ലാഹു നിന്നെയും കൈവിടട്ടെ’ എന്ന് നമസ്‌കാരം ശപിക്കുന്നവരുടെ കൂട്ടത്തിലാണോ നീ ഉള്‍പ്പെടുക? നിന്റെ ധനത്തില്‍ അല്ലാഹുവിന്റെ അവകാശം നീ നല്‍കിയിരുന്നോ, അതല്ല കുറഞ്ഞുപോകുമെന്ന ഭീതിയോടെ കെട്ടിപ്പൂട്ടി വെക്കുകയാണോ ചെയ്തത്? നീ തന്നെ നശിക്കുമെന്നത് നിനക്കറിയില്ലായിരുന്നോ? നീ അനങ്ങാന്‍ പോലുമാവാതെ കിടക്കുമ്പോള്‍ അനന്തരാവകാശികള്‍ നീ വിട്ടേച്ചുപോയ സ്വത്ത് പങ്കിട്ടെടുക്കുകയാണ്. നീ പണം ശേഖരിച്ചത് ഹജ്ജ് നിര്‍വഹിക്കാനായിരുന്നോ, അതല്ല വീടു നിര്‍മിക്കാനും വയറ് നിറക്കാനും വിനോദങ്ങള്‍ക്കും വേണ്ടിയായിരുന്നോ?

നീ നിന്റെ നാവിനെ എങ്ങനെയായിരുന്നു കൈകാര്യം ചെയ്തത്? ഏഷണിക്കും പരദൂഷണത്തിനും ജനങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതിനും അതിനെ അഴിച്ചു വിട്ടിരിക്കുകയായിരുന്നോ, അതല്ല അതിനെ കടിഞ്ഞാണിട്ട് സംരക്ഷിച്ചിരുന്നോ? നീതിയുടെ സംരക്ഷകനായിട്ടാണോ നീ നിലകൊണ്ടത്, അതല്ല അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നോ? മക്കളുടെയും ബന്ധുക്കളുടെയും നിന്നോട് ഇടപഴകിയിട്ടുള്ള എല്ലാവരുടെയും അവകാശങ്ങള്‍ നീതിപൂര്‍വം നീ വകവെച്ചു നല്‍കിയിട്ടുണ്ടോ? നിന്റെ അയല്‍വാസിയുടെയും കൂട്ടുകാരന്റെയും അവകാശങ്ങള്‍ നീ വകവെച്ചു കൊടുത്തിട്ടുണ്ടോ, അതല്ല പ്രയാസത്തില്‍ അവനെ കൈയ്യൊഴിയുകയായിരുന്നോ നീ? കുടുംബബന്ധങ്ങള്‍ ചേര്‍ക്കുകയും അവരിലെ രോഗികളെയും പ്രയാസപ്പെടുന്നവരെയും സഹായിക്കുകയും ചെയ്യുന്നതില്‍ എന്ത് നിലപാടായിരുന്നു നീ സ്വീകരിച്ചത്? ഓരോ ന്യായങ്ങള്‍ ഉണ്ടാക്കിയെടുത്ത് അവരെ കൈവിടുകയാണോ നീ ചെയ്തത്? നീ ദുര്‍ബലനായിരിക്കെ നിന്നെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോട് അവരുടെ വാര്‍ധക്യത്തില്‍ എങ്ങനെയാണ് നീ സഹവസിച്ചത്? ഐഹിക ലോകം അവരുടെ കാര്യത്തില്‍ നിന്നെ അശ്രദ്ധനാക്കിയോ? ആളുകളുടെ ഇഷ്ടവും അനിഷ്ടവും പരിഗണിക്കാതെ സത്യത്തിനൊപ്പമായിരുന്നോ നീ നിലകൊണ്ടത്, അതല്ല നിന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി സത്യത്തെ ചവിട്ടിത്തേക്കുകയായിരുന്നോ?

ഇപ്പോള്‍ നിന്റെ കര്‍മങ്ങള്‍ നിലച്ചിരിക്കുന്നു. നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന സന്താനങ്ങളെ വിട്ടേച്ചാണോ നീ പോന്നിട്ടുള്ളത്? പ്രാര്‍ഥിക്കുന്ന സദ്‌വൃത്തരായ സന്താനങ്ങളും നിലക്കാത്ത ദാനവും പ്രയോജനപ്രദമായ അറിവുമല്ലാതെ മറ്റൊന്നും ഉപകാരപ്പെടാത്ത ലോകത്താണ് നീയിപ്പോള്‍. നിന്നോട് മോശമായി പെരുമാറിയവരോട് നീ വിട്ടുവീഴ്ച്ച കാണിച്ചിരുന്നോ? മറക്കുകയും പൊറുക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലാണെന്ന് മറന്ന് അവരോടുള്ള പകയും വിദ്വേഷവും മനസ്സില്‍ വഹിച്ചാണോ നീ പോന്നിട്ടുള്ളത്?

നമ്മില്‍ നിന്നും വിടപറഞ്ഞ് പോയവരോട് ഇതൊന്നും ചോദിക്കാന്‍ സ്വാഭാവികമായും നമുക്ക് കഴിയില്ല. എന്നാല്‍ അതേ ചോദ്യങ്ങള്‍ പരസ്പരം ചോദിക്കാന്‍ നമുക്ക് സാധിക്കും. പശ്ചാത്തപിച്ച് മടങ്ങാനും പാപമോചനം തേടാനും സാധിക്കും. നശിപ്പിച്ചത് സംസ്‌കരിക്കാന്‍ നമുക്കിപ്പോള്‍ സാധിക്കും. അനീതിയെ നീതികൊണ്ടും, അസത്യത്തെ സത്യം കൊണ്ടും, പിശുക്കിനെ ആവശ്യക്കാര്‍ക്കുള്ള സഹായം കൊണ്ടും ചികിത്സിക്കാന്‍ നമുക്കിന്ന് കഴിയും. അശ്രദ്ധ വെടിഞ്ഞ് അല്ലാഹുവിന് മുമ്പില്‍ സാഷ്ടാംഗം ചെയ്ത് മലിനപ്പെട്ടതിനെ ശുദ്ധീകരിച്ചെടുക്കാന്‍ നമുക്ക് കഴിയും. അങ്ങനെ ജീവിതത്തില്‍ പുതിയൊരു ഏട് ആരംഭിക്കാന്‍ സാധിക്കുന്നവരാണ് നാം. ആത്മാര്‍ഥമായ പശ്ചാത്താപം സ്വീകരിക്കുന്നവനും അങ്ങേയറ്റം പൊറുക്കുന്നവനും കാരുണ്യവാനുമാണ് നമ്മുടെ നാഥന്‍. പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനം പരിഗണിച്ചാണ് വിലയിരുത്തപ്പെടുകയെന്ന് പ്രത്യേകം ഓര്‍ക്കുക.

മൊഴിമാറ്റം: നസീഫ്‌

Related Articles