Current Date

Search
Close this search box.
Search
Close this search box.

നമ്മില്‍ ആരാണ് യൂസുഫ്?

protection123.jpg

മനസ്സിന് ആശ്വാസം പകരുകയും തെറ്റുകളെ പരിഹരിക്കുകയും ചെയ്യുന്ന ഗുണമാണ് ധീരത. അത് ഉടമപ്പെടുത്തിയവന്‍ തന്റെ നാഥനെ അനുസരിക്കുന്നവനായിരിക്കും. അവന്റെ വിശ്വാസം സുരക്ഷിതവുമായിരിക്കും. മഹാന്‍മാരുടെ ഗുണമാണത്. അതുകൊണ്ട് നീ എപ്പോഴും ധീരനായിരിക്കണം. ഭയത്തിന് മുമ്പിലെ സ്ഥൈര്യമാണത്. ശാരീരിക ശക്തിയിലോ ജനങ്ങളെ കുറിച്ച ഭീതിയിലോ പരിമിതമല്ല ധീരത. മറിച്ച് മനസ്സിനെയും ഇച്ഛയെയും നിഷിദ്ധങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നതും ധീരതയാണ്. ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിക്കാനാഗ്രഹിക്കുന്ന ധീരത അത്തരത്തിലുള്ളതാണ്.

എല്ലായിടത്തും ഏത് സമയത്തും തിന്മകളും മോഹങ്ങളും വ്യക്തിയെ വരിഞ്ഞുമുറുക്കുന്ന, വിരല്‍ തുമ്പ് ഒന്ന് ചലിപ്പിച്ചാല്‍ അതിലേക്ക് എത്തിക്കുന്ന ഈ നാളുകളില്‍ നീ ധീരനാവണം. അക്ഷരാര്‍ത്ഥത്തില്‍ വലിയ പരീക്ഷണത്തിലാണ് നാമുള്ളത്. വലിയ തിരമാലകളെ പോലെ അവ ആര്‍ത്തലച്ച് നമുക്ക് നേരെ വരുന്നു. അതിനെ നേരിടാന്‍ ശക്തമായ ധീരത ആവശ്യമാണ്. അടിയുറച്ച വിശ്വാസത്തില്‍ നിന്ന് മാത്രമേ അതുണ്ടാവൂ. യൂസുഫ് നബി(അ) കാണിച്ചു തന്ന ധീരതയാണ് നമുക്കിന്ന് ആവശ്യം. എല്ലാ ഒരുക്കങ്ങളും നടത്തി വാതിലുകളെല്ലാം അടച്ച് സുന്ദരിയായ ആ യുവതി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലെ ധീരതയും വിശ്വാസത്തിന്റെ ശക്തിയുമാണ് ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവില്‍ ശരണം! അവനാണ് എന്റെ നാഥന്‍. എനിക്ക് നല്ല പാര്‍പ്പിടം നല്‍കിയവന്‍. ഇത്തരം അധര്‍മികള്‍ ഒരിക്കലും വിജയം പ്രാപിക്കുകയില്ല.”

ഇന്നാളുകളില്‍ നമ്മില്‍ ആരാണ് യൂസുഫ്?

അല്ലാഹു വിശ്വാസികളെ പരീക്ഷിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: ”അലിഫ്-ലാം-മീം. ജനങ്ങള്‍ ധരിച്ചുവെച്ചിരിക്കയാണോ, ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’ എന്നു പറഞ്ഞതുകൊണ്ടുമാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണ വിധേയരാവുകയില്ലെന്നും? എന്നാല്‍, അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയ സകല ജനങ്ങളെയും നാം പരീക്ഷിച്ചിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്.”

”ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ.” എന്നത് നബി(സ)യുടെ പ്രാര്‍ഥനകളില്‍ പ്രധാന ഇടം പിടിച്ചിരുന്ന ഒന്നായിരുന്നു.

സംശയാസ്പദമായ കാര്യങ്ങളാണ് ജാഗ്രത പാലിക്കേണ്ടുന്ന മറ്റൊന്ന്. ഹറാമേത് ഹലാല്‍ ഏത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവിധം അവ പരസ്പരം കൂടിക്കലര്‍ന്നിരിക്കുന്നു. അത്തരം കാര്യങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ധീരതയുടെ മറ്റൊരു വശം. പ്രവാചകന്‍(സ) പറയുന്നു: ”സംശയാസ്പദമായ കാര്യങ്ങളെ സൂക്ഷിച്ചവന്‍ തന്റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. സംശയാസ്പ്പദമായ കാര്യത്തില്‍ പെട്ടുപോയവന്‍ നിരോധിത മേഖലക്ക് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവനതില്‍ (നിരോധിത മേഖലയില്‍ ) കടന്നു പോകാനിടയുണ്ട്.” നല്ലതല്ലാത്ത കാര്യങ്ങള്‍ നല്ലതായി അവതരിപ്പിക്കപ്പെടുന്ന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ ഇതിന് വലിയ പ്രസക്തിയുണ്ട്.

സത്യത്തില്‍ ഉറച്ചുനില്‍ക്കല്‍ ധീരതയാണ്. എല്ലാ സല്‍കര്‍മങ്ങളും ചെയ്യാനുള്ള സന്നദ്ധതയും എല്ലാ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലും ധീരതയാണ്. അത്തരം ധീരതയുടെ ചരിത്രം പറയുന്നതാണ് അബ്ദുല്ലാഹ് ബിന്‍ ഹുദാഫയുടെ വാക്കുകള്‍. ധിക്കാരിയായ റോമാ ചക്രവര്‍ത്തിയുടെ മുമ്പില്‍ നിന്നുകൊണ്ടദ്ദേഹം പറഞ്ഞു: ”അല്ലയോ ഹിര്‍ഖല്‍, അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ ദീന്‍ ഉപേക്ഷിക്കുന്നതിന് ഈ ഭൂലോകം മുഴുവന്‍ തരാമെന്ന് നീ വാഗ്ദാനം ചെയ്താലും ഞാനത് ചെയ്യില്ല.” എതിരാളിയുടെ ശക്തിയെയോ തന്റെ ഈ വാക്കുകള്‍ ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലത്തെയോ അദ്ദേഹം ഒട്ടും ഭയന്നില്ല.

വികാരങ്ങള്‍ക്ക് നേരെ സ്ഥൈര്യത്തോടെ നിലകൊള്ളുന്ന, വീഴ്ച്ചകള്‍ സംഭവിച്ചാല്‍ ഉടന്‍ പിടഞ്ഞെഴുന്നേല്‍ക്കുന്ന പരീക്ഷണങ്ങളില്‍ കരുത്തരായി നിലകൊള്ളുന്ന ധീരമാരെയാണ് നമുക്കാവശ്യം. ശാശ്വതമായ ലോകത്തിന് വേണ്ടി പരിശ്രമിക്കുന്നവരാണവര്‍. സത്യത്തില്‍ നിന്നവര്‍ വ്യതിചലിക്കുകയില്ല. വികാരങ്ങള്‍ക്ക് അടിമപ്പെടുകയുമില്ല അവര്‍. സ്വന്തത്തില്‍ സ്തുത്യര്‍ഹമായ ഗുണങ്ങള്‍ നട്ടുവളര്‍ത്തുന്ന ഇച്ഛാശക്തിയുടെയും സഹനത്തിന്റെയും ഉടമകളായിരിക്കും അവര്‍. അതോടൊപ്പം ഉള്‍ക്കാഴ്ച്ചയും നിശ്ചയദാര്‍ഢ്യവും വലിയ പ്രതീക്ഷയും അവരിലുണ്ടാവും. ഈ ഗുണങ്ങള്‍ ഒത്തിണങ്ങിയ യൂസുഫുമാരാവാന്‍ നമ്മില്‍ ആരാണ് തയ്യാറുള്ളത്.

വിവ: നസീഫ്

Related Articles