Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് എനിക്കൊരു തിരിച്ചറിവായിരുന്നു

1964 ഏപ്രില്‍ മാസത്തില്‍ താന്‍ നടത്തിയ ഹജ്ജ് യാത്രക്കിടയില്‍ മാല്‍ക്കം എക്‌സ് എഴുതിയ കത്തില്‍ നിന്നും എടുത്ത ഭാഗമാണിത്:
‘ഇവിടെ ഈ പുരാതന മണ്ണില്‍, ഇബ്രാഹിം(അ), മുഹമ്മദ് (സ) തുടങ്ങി ഒട്ടനേകം പ്രവാചകന്‍മാരുടെ ദേശത്ത്  ഞാനിതുവരെ കാണാത്ത ഐക്യവും ആത്മാര്‍ഥമായ ആഥിത്യവും നിസ്തുലമായ സാഹോദര്യ ബോധവും എനിക്കനുഭവിക്കാന്‍ സാധിക്കുന്നു. എല്ലാ നിറത്തിലും വര്‍ഗത്തിലും പെട്ട മനുഷ്യരും ഒന്നാണെന്ന തിരിച്ചറിവ് നല്‍കിയ ഒരേയൊരു സന്ദര്‍ഭം. കഴിഞ്ഞ ഒരാഴ്ചയായിട്ട് എനിക്കു ചുറ്റും കാണുന്ന എല്ലാ നിറത്തിലും പെട്ട മനുഷ്യരുടെ നിഷ്‌കളങ്ക പെരുമാറ്റം എന്നെ നിശ്ശബ്ദനാക്കിക്കളഞ്ഞു. അങ്ങനെ മക്കയെന്ന വിശുദ്ധ നഗരം സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മുഹമ്മദ് എന്നു പേരുള്ള ഒരു സഹോദരന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഞാന്‍ കഅ്ബയെ ഏഴു പ്രാവശ്യം വലയം ചെയ്തു. സംസം കിണറില്‍ നിന്നും വെള്ളം കുടിച്ചു. സഫക്കും മര്‍വ്വക്കുമിടയില്‍ ഏഴു തവണ ഞാന്‍ ഓടി. മിനയില്‍ നിന്ന് ഞാന്‍ കുറെ പ്രാര്‍ഥിച്ചു. അറഫയിലെ പ്രാര്‍ഥനയില്‍ ഞാന്‍ എന്നെ കഴുകിയെടുത്തു.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആയിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ ഒത്തു ചേരുന്നു. നീലക്കണ്ണുകളുള്ള വെളുത്ത മനുഷ്യര്‍ മുതല്‍ കറുത്ത ചര്‍മ്മത്തോടു കൂടിയ ആഫ്രിക്കക്കാര്‍ വരെ എല്ലാ നിറത്തില്‍ പെട്ടവരും അവരിലുണ്ട്. അമേരിക്കയിലെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച വലിയ പാഠമായിരുന്നു വെളുത്തവനും കറുത്തവനും ഒന്നിച്ചു ജീവിക്കാന്‍ സാധ്യമല്ല എന്നത്. എന്നാല്‍ ഇവിടെ എനിക്കു കാണാന്‍ കഴിഞ്ഞത് നേരെ മറിച്ചാണ്. ഞങ്ങളെല്ലാം ഒരേ ആരാധനകള്‍ നടത്തുന്നു. ഒരേ വസ്ത്രം ധരിക്കുന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയില്ലാത്ത പ്രദര്‍ശനമായിരുന്നു അത്.
അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്. കാരണം അവരുടെ സാമൂഹികാവസ്ഥയില്‍ നിന്നും വംശീയമായ വേര്‍തിരിവുകള്‍ പിഴുതെറിയാന്‍ സാധിക്കുന്ന ഒരു ദര്‍ശനമാണിത്. മുസ്‌ലിം രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രക്കിടയില്‍ അമേരിക്ക വെളുത്തവര്‍ എന്നു കരുതുന്ന എന്നാല്‍ ഇസ്‌ലാമിനാല്‍ വെള്ളക്കാരന്റെ മനസ്സില്‍ നിന്നും മോചിതരായ ഒട്ടേറെ പേരുമായി ഞാന്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും എന്തിനേറെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക വരെ ചെയ്തിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളില്‍ പെട്ട മനുഷ്യര്‍ക്കിടയില്‍ ഇത്രമാത്രം സത്യസന്ധമായ സാഹോദര്യവും ആത്മാര്‍ഥതയും ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടേയില്ല. ഞാനിതു പറയുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ ഞെട്ടിയേക്കാം. എന്നാല്‍ ഈ യാത്രയും ഇവിടെ എനിക്ക് കാണാനും അനുഭവിക്കാനും സാധിച്ച കാര്യങ്ങള്‍ നേരത്തെ തന്നെ എന്റെ മനസ്സിലുണ്ടായിരുന്ന കണക്കുകൂട്ടലുകളും ചിന്തകളും മാറ്റിവക്കാനും ഞാന്‍ എത്തിച്ചേര്‍ന്നിരുന്ന ചില തീരുമാനങ്ങളെ പുനരലോചിക്കാനും എന്നെ നിര്‍ബന്ധിച്ചു. തീര്‍ച്ചയായും ഇത് എനിക്കൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ തെറ്റുകളെ മാറ്റി നിര്‍ത്തിയാല്‍ സത്യത്തെ തേടുന്ന മനസ്സുമായി നടക്കുന്ന, പുതിയ അറിവുകളിലൂടെ യാഥാര്‍ഥ്യങ്ങളെ കണ്ടെത്താനും സ്വീകരിക്കാനും കൊതിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. സത്യത്തിലേക്കുള്ള ബുദ്ധപരമായ അന്വേഷണത്തില്‍ വളരെ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തുറന്ന മനസ്സ്. തീര്‍ച്ചയായും അതെനിക്കുണ്ടായിരുന്നു.
ഇവിടെ ഈ മുസ്‌ലിം ലോകത്ത് കഴിഞ്ഞ പതിനൊന്ന് ദിവസമായി ഞാന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും കുടിക്കുന്നതും പ്രാര്‍ഥിക്കുന്നതുമൊക്കെ എന്റെ മുസ്‌ലിം സഹോദരന്‍മാര്‍ക്കൊപ്പമാണ്. അവരുടെ കണ്ണുകള്‍ നീല നിറത്തിലുള്ളതാണ്. അവരുടെ മുടികള്‍ സ്വര്‍ണ്ണ നിറത്തിലും ചര്‍മ്മം തൂവെള്ള നിറമുള്ളതുമാണ്. പെരുമാറ്റത്തിലും സംസാരത്തിലും ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാനയിലെയും സുഡാനിലെയും നൈജീരിയയിലെയും സഹോദരങ്ങള്‍ പ്രകടിപ്പിക്കുന്ന അതേ ആത്മാര്‍ഥത തന്നെ വെള്ളക്കാരായ സഹോദരങ്ങളും പ്രകടിപ്പിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഞങ്ങളെല്ലാം ഒറ്റ സഹോദരങ്ങളെപ്പോലെയായിത്തീര്‍ന്നു. കാരണം ഞങ്ങളെല്ലാം വിശ്വസിക്കുന്ന ആ ഒരൊറ്റ ദൈവം അവരുടെ മനസ്സില്‍ നിന്നും സ്വഭാവത്തില്‍ നിന്നും കാഴ്ചപ്പാടില്‍ നിന്നും വെളുത്തവന്‍ എന്ന ചിന്ത എടുത്തു കളഞ്ഞു. ദൈവത്തിന്റെ ഏകതയില്‍ വിശ്വസിക്കുന്ന വെള്ളക്കാരനായ അമേരിക്കക്കാരന്‍ തീര്‍ച്ചയായും മനുഷ്യന്റെ ഏക ഭാവത്തെ തിരിച്ചറിയുകയും വര്‍ണ്ണത്തിന്റെ പേരില്‍ അവനെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും പിന്‍മാറുമെന്നും ഇതില്‍ നിന്നും തീര്‍ച്ചയായും ഞാന്‍ വിചാരിക്കുന്നു.
വര്‍ണ്ണ വിവേചനം അമേരിക്കയില്‍ പടര്‍ന്നു പിടിച്ച ഒരു അര്‍ബുദമാണ്. ഈ നശീകരണ രോഗത്തിനെതിരെ പരിഹാരമാകുന്ന ഈ ദര്‍ശനത്തിനോട് തീര്‍ച്ചയായും വെള്ളക്കാരനായ ക്രിസ്ത്യന്‍ അമേരിക്കക്കാരന്‍ ആദരവ് പുലര്‍ത്തേണ്ടതുണ്ട്. ചിലപ്പോള്‍ ഈ കാഴ്ചപ്പാട്  അമേരിക്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയേക്കും. ഇതിനു മുമ്പ് ജര്‍മനിയില്‍ ആത്യന്തികമായി ജര്‍മന്‍ ജനതയെ തന്നെ തകര്‍ത്തു കളയുന്ന രീതിയില്‍ വളര്‍ന്നു വന്ന വിവേചനത്തെക്കുറിച്ച് ഒന്ന് ഓര്‍ത്തു നോക്കൂ.
ഈ വിശുദ്ധമണ്ണില്‍ നില്‍ക്കുന്ന ഓരോ നിമിഷവും അമേരിക്കയില്‍ കറുത്തവനും വെളുത്തവനും തമ്മിലുള്ള വര്‍ണ്ണ വിവേചനത്തെക്കുറിച്ച് ആത്മീയമായ ഉള്‍ക്കാഴ്ച നേടിയെടുക്കുകയായിരുന്നു ഞാന്‍. വംശീയമായ അതിക്രമങ്ങളുടെ പേരില്‍ അമേരിക്കന്‍ നീഗ്രോയെ ഒരിക്കലും കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല. നാനൂറ് വര്‍ഷമായി തങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കാരന്റെ വിവേചനത്തോട് പ്രതികരിക്കുകയാണ് അയാള്‍. എന്നാല്‍ ഈ വിവേചനം അമേരിക്കയെ നയിക്കുന്നത് ആത്മഹുതിയുടെ പാതയിലേക്കാണ്. ഞാന്‍ അവരോടൊപ്പം ഉണ്ടായിരുന്നപ്പോഴുള്ള അനുഭവത്തില്‍ നിന്നും തീര്‍ച്ചയായും ഞാന്‍ വിശ്വസിക്കുന്നു ഈ ദുരന്തത്തില്‍ നിന്നും ആ രാജ്യത്തെ രക്ഷിക്കണമെങ്കില്‍ വെള്ളക്കാരില്‍ പെട്ട യുവസമൂഹം കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാന്‍ ശ്രമിക്കുകയും ആത്മീയതയുടെ വഴിയില്‍ സഞ്ചരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഇതുപോലെ ആദരിക്കപ്പെട്ട ഒരവസരം ഇതിനുമുമ്പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇത്രമാത്രം വിനയാന്വിതനായിത്തീര്‍ന്ന അവസരവും എന്റെ ജീവിതത്തിലില്ല. ഒരു അമേരിക്കന്‍ നീഗ്രോയുടെ മേല്‍ വര്‍ഷിക്കപ്പെടുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. കുറച്ച് രാത്രികള്‍ക്ക് മുമ്പ് അമേരിക്കക്കാരനായ ഒരു വെള്ളക്കാരന്‍, ഒരു യു. എന്‍ പ്രതിനിധി, അംബാസഡര്‍, രാജാവിന്റെ സഹയാത്രികന്‍ ഇങ്ങനെയൊക്കെ അദ്ദേഹത്തെ വിശദീകരിക്കാം, അദ്ദേഹം തന്റെ ഹോട്ടല്‍ സ്യൂട്ടും ബെഡും എന്നെ ഏല്‍പിച്ചു. ഇത്തരം ഒരു ആദരത്തിനര്‍ഹനാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല.
എല്ലാ സ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രം’.
ആത്മാര്‍ഥതയോടെ, അല്‍ ഹാജ് മാലിക്അല്‍ശഹ്ബാസ് (മാല്‍കം എക്‌സ്)
വിവ: അത്തീഖുറഹ്മാന്‍

Related Articles