Current Date

Search
Close this search box.
Search
Close this search box.

യുഎന്‍ പ്രഖ്യാപനവും തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമും

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള യു.എന്‍ പ്രഖ്യാപനത്തിലെ ചര്‍ച്ചകള്‍ ഞാന്‍ വിശദമായി പരിശോധിച്ചു. സ്ത്രീകളുടെ പദവി സംബദ്ധിച്ച യു.എന്‍ കമ്മീഷന്റെ 57-ാമത് സെഷനിലാണ് പ്രസ്തുത പ്രഖ്യാപനം. യു.എന്നിലെ 193 രാജ്യങ്ങളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുസ്‌ലിംകളും പാശ്ചാത്യരാജ്യങ്ങളും പ്രസ്തുത പ്രഖ്യാപനത്തെ അംഗീകരിച്ചത്. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്‍ ഈജിപ്ത് സൗദി ഖത്തര്‍, ലിബിയ നൈജീരിയ സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഹോണ്ടുറാസും വത്തിക്കനും പ്രഖ്യാപനത്തെ നിരസിച്ചില്ലെങ്കിലും ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു.

മനുഷ്യര്‍ക്കിടയില്‍ (ആണും പെണ്ണും) സമത്വം സ്ഥാപിക്കുന്ന മനുഷ്യനിര്‍മിതമായ എല്ലാ നിയമങ്ങളും ഇസ്‌ലാം അംഗീകരിക്കുന്നു. ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നു. മത സാമൂഹ്യ-സംസ്‌കാര നിയമപരമായ രംഗങ്ങളില്‍ അവള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം നല്‍കുന്നു. ഉദാഹരണമായി ഭര്‍ത്താക്കന്മാരോട് അവരുടെ ഭാര്യമാരോട് നല്ലനിലയില്‍ പെരുമാറാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ആകയാല്‍ ഒരു സ്ത്രീ അവള്‍ ശിശുവാണെങ്കിലും കുട്ടിയാണെങ്കിലും സഹോദരിയാണെങ്കിലും ഭാര്യയാണെങ്കിലും അമ്മയാണെങ്കിലും ഇസ്‌ലാമികമായി അവള്‍ ബഹുമാനിക്കപ്പെടേണ്ടതാണ്.

യു.എന്‍ പ്രഖ്യാപനവും തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമും
പ്രധാനമായും അറബ് ലോകത്തെ ചില ഇസ്‌ലാമിക സ്ഥാപനങ്ങള്‍ മതപരമായ ചില പ്രത്യക വിശ്വസങ്ങളെയും ആചാരങ്ങളെയും പരിഗണിക്കുന്നതില്‍ യു.എന്‍ ആധാരങ്ങള്‍ പരാജയപ്പെട്ടതിനെ വിമര്‍ശിക്കാറുണ്ട്. എല്ലാ യു.എന്‍. സ്റ്റേസ്റ്റുകളിലും കൂടുതല്‍ സ്വാതന്ത്യം നല്‍കുന്നതിനായി ചില ഉദാരസ്വഭാവമുള്ള സ്ഥാപനങ്ങള്‍ ആവശ്യപ്പെടാറുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില ആളുകള്‍ ഇസ്‌ലാമിനെയും അതിന്റെ കുലീന മൂല്യങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. മുസ്‌ലിം സ്ത്രീകളെ ബഹുമാനിക്കാനും, അടിമത്വം തുടിച്ചുനീക്കാനും സത്വ മൂല്യങ്ങളെ പ്രചരിപ്പിക്കാനും നീതിയും സ്വാതന്ത്ര്യവും മാനവിക സാഹോദര്യവും ഊട്ടിയുറപ്പിക്കാനും ഇസ്‌ലാം പഠിപ്പിക്കുന്നു. ഇസ്‌ലാമിലെ പ്രാപഞ്ചിക നിയമങ്ങള്‍ എല്ലാ ജനങ്ങളുടെയും വിശ്വസം, ജീവിതം, അഭിമാനം, സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതാണ്. സത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെയും വിശ്വസങ്ങളെയും ഇസ്‌ലാമിക നിയമങ്ങളും മൂല്യങ്ങളും ശക്തിയായി വിലക്കുന്നു.

മുസ്‌ലിം സമൂഹങ്ങളിലെയും കുടുംബങ്ങളിലെയും അവരുടെതായ മതപരവും സാമൂഹികപരവുമായ തത്വങ്ങളെ യു.എന്‍ പ്രഖ്യാപനം പരിഗണിക്കുന്നില്ല. ഉദാഹരണമായി, അനന്തരാവകാശ നിയമം, വിവാഹം വിവാഹമോചനം എന്നിവ മതപരമായ മൂല്യങ്ങളില്‍ അധിഷ്ഠിതമായതും ലോക സമൂഹം അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതുമാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ നീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

ചില വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം യു.എന്‍ പ്രഖ്യാപനം താഴെ പറയുന്നവയെ പ്രോത്സാഹിപ്പിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യം, സ്വവര്‍ഗ ലൈംഗികത എന്നിവ അനുവദിക്കുന്നു.
ഗര്‍ഭനിരോനോപാധികള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നല്‍കുന്നു.
ലൈംഗികതയുടെയും പ്രത്യുത്പാദന അവകാശത്തിന്റെയും പേരില്‍ ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമപരമായ പരിരക്ഷ നല്‍കുന്നു.
വ്യഭിചാരത്തിലൂടെയുണ്ടായ കുട്ടികള്‍ക്ക് തുല്യാവകാശം നല്‍കുന്നു.
വ്യഭിചാരിണികള്‍ക്കും സ്വവര്‍ഗരതിക്കാര്‍ക്കും തുല്യനീതി.
ആണ്‍ – പെണ്‍ തുല്യ പിന്തുടര്‍ച്ചവകാശം

ചുരുക്കിപ്പറഞ്ഞാല്‍ മേല്‍ നിര്‍ദ്ദേശങ്ങളൊക്കെ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കെതിരാണ്. മുസ്‌ലിം സമൂഹങ്ങള്‍ക്ക് അവരുടെ ഭദ്രമായ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനാവശ്യമായ മത നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണം അവരെ അധിക്ഷേപിക്കുന്നത് നീതീകരിക്കാവുന്നതല്ല.

യു.എന്‍ പ്രമേയത്തിലെ 57-ാം സെക്ഷനിലെ 35-ാം ഖണ്ഡികയിലൂടെ (അവ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടില്ല) കണ്ണോടിച്ചാല്‍ അവയിലെ ഒദ്യോഗികമായി അംഗീകരിച്ച ഉപസംഗഗ്രഹപ്രകാരം എല്ലാ ജനങ്ങളുടെയും മതപരവും സാമൂഹിവുമായ മൂല്യങ്ങളെ പരിഗണിക്കുന്നതായി കാണാം.

ഇസ്‌ലാമിക ശരീഅത്ത് മനുഷ്യരായ ആണിനും പെണ്ണിനുമിടയില്‍ വിവേചനം കാണിക്കുന്നില്ല.  പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഒരു ഹദീസില്‍ പ്രവാചകന്‍ (സ) ഇങ്ങനെ വ്യക്തമാക്കിയതായി കാണാം. സ്ത്രീകള്‍ പുരുഷന്മാരുടെ സഹകാരികളാണ്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം  അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. ”അല്ലയോ ജനങ്ങളെ നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കി മാറ്റിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി മാത്രമാണ്. അല്ലാഹുവിന്റടുത്ത് നിങ്ങളില്‍ ഏററവും ആദരണീയന്‍ നിങ്ങളില്‍ സൂക്ഷ്മത കൈകൊള്ളുന്നവനാണ്. (ഹുജറാത്ത് : 13)

മുസ്‌ലിം രാജ്യങ്ങളില്‍ സ്ത്രീ പുരുഷ വിവേചനത്തെ ശക്തമായി ഭരണഘടനാപരമായിത്തന്നെ വിലക്കുന്നു. വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ സ്ത്രീപുരുഷ വിവേചനം ശിക്ഷിക്കപ്പെടുന്ന കുറ്റമായി കാണുന്നു. പുതുതായി രൂപം കൊണ്ട ഈജിപ്ഷ്യന്‍ ഭരണഘടന പൗരന്മാര്‍ക്കിടയില്‍ തുല്യനീതി ഉറപ്പുനല്‍കുന്നു.

ഇസ്‌ലാമില്‍ സ്ത്രീയുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പുരുഷന്മാരുടെതിനു തുല്യമാണ്. എങ്കിലും അവള്‍ക്ക് അതില്‍ ഇളവുകളുണ്ട്. ഇസ്‌ലാം സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ സമത്വം അനുവദിക്കുന്നുണ്ടെങ്കിലും അവരിലെ ശാരീരിവും മാനസികവുമായ വ്യത്യസ്തത പരിഗണിച്ച് അവര്‍ക്ക് നീതിയും തുല്യതയും ഉറപ്പാക്കുന്നു. ഉദാഹരണമായി ഇസ്‌ലാം സ്ത്രീക്ക് അവരുടെ മാസമുറ സമയത്ത് ദിവസേനയുള്ള നിര്‍ബന്ധ പ്രാര്‍ഥനക്ക് ഇളവ് നല്‍കുന്നു. പുരുഷന്മാരെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം ഏല്‍പിക്കുകയും സ്ത്രീകളെ സംരക്ഷകരായി പരിഗണിക്കുകയും ചെയ്യുന്നു.

 

സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ സമത്വത്തെക്കുറിച്ചുള്ള ധാരാളം തെളിവുകള്‍ ശരീഅത്തിലുണ്ട്. അവയില്‍ ചിലത് താഴെയിതാ:-

സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ തുല്യത അനുവദിക്കുന്ന മതപരമായ കല്‍പനകള്‍. ഉദാഹരണം, പ്രാര്‍ഥന, ഉപവാസം, ഹജ്ജ്, സകാത്ത് തുടങ്ങിയവ. സ്ത്രീക്കും പുരുഷനും വിദ്യഭ്യാസം നല്‍കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകന്‍ (സ) പറയുന്നു : ‘വിദ്യാഭ്യാസം തേടല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്.’
സ്ത്രീക്കും പുരുഷനും പൊതുജീവിതത്തില്‍ തുല്യഅവകാശം നല്‍കുന്നു. മുസ്‌ലിം സത്രീകള്‍ വിവിധ നൂറ്റാണ്ടുകളില്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ചരിത്രം സാക്ഷിയാണ്.
മനുഷ്യനെതിരെയുള്ള  ഏതൊരു അക്രമത്തെയും ഇസ്‌ലാം നീതീകരിക്കുന്നില്ല. ശാരീരികവും മാനസികവും വികാരപരവുമായ എല്ലാ അക്രമങ്ങളെയും ഇസ്‌ലാം നിരാകരിക്കുന്നു. ആകയാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും എതിരെയുള്ള അതിക്രമം ഇസ്‌ലാമിക നിയമപ്രകാരം അസ്വീകാര്യമാണ്. മാത്രവുമല്ല  അതൊരു പാപ പ്രവര്‍ത്തിയായും കുറ്റമായും ഇസ്‌ലാം കാണുന്നു. ശാരീരികമായും ആത്മീയമായും മാനസികമായും വികാരപരമായും ആക്രമിക്കുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങളില്‍ ഉത്തമന്‍ നിങ്ങളുടെ ഭാര്യയോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്.”
ഒരു മനുഷ്യന്‍ മറ്റൊരുവനെ അന്യായമായി ആക്രമിക്കുന്ന പക്ഷം സ്വയം നിയമപരമായി കുറ്റക്കാരനാവുകയും ദൈവത്തിന്റെ കോപത്തിനിരയാവുകയും തന്മൂലം അവന്‍ പരലോക ശിക്ഷക്ക് പാത്രമാവുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആന്‍ പറയുന്നു. ”വിശ്വസിച്ചവരെ, സ്ത്രീകളെ ബലാല്‍ക്കാരം അനന്തരമെടുക്കുന്നത് നിങ്ങള്‍ക്ക് യോജിച്ചതല്ല. നിങ്ങള്‍ നല്‍കിയ വിവാഹമൂല്യത്തില്‍ നിന്നൊരു ഭാഗം തട്ടിയെടുക്കാന്‍ വേണ്ടി നിങ്ങളവരെ ഞെരുക്കുന്നതും ചേര്‍ന്നതല്ല.” (അന്നിസാഅ് : 19)
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഇസ്‌ലാമിനും അതിന്റെ മൂല്യങ്ങള്‍ക്കും അന്യമാണ്.  ചില ആളുകള്‍ ഇസ്‌ലാമിലെ ചില ആചാരങ്ങളില്‍ ആശയക്കുഴപ്പം കാണാറുണ്ട്. ഒരു മതത്തെയോ ഒരു സമൂഹത്തെയോ അതിലെ ചില ആളുകളുടെ തെറ്റായ പ്രവര്‍ത്തികള്‍ കാരണം തെറ്റായി വിലയിരുത്തരുത്. ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ അതിന്റെ മൂല്യസ്‌ത്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും പഠിക്കുകയാണ് കരണീയമായിട്ടുള്ളത്.
മേല്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍ യു.എന്‍ പ്രഖ്യാപനം ഇസ്‌ലാമിന്റെ ഉന്നത മൂല്യങ്ങളുടെയും അധ്യാപനങ്ങളുടെയും നിലയിലേക്ക് ആവേണ്ടതുണ്ട്. സത്രീയുടെ അവകാശ സംരക്ഷണവും മനുഷ്യനീതിയുടെ താല്‍പര്യവും കണക്കിലെടുത്തുകൊണ്ടുള്ള ഇസ്‌ലാമിക നിയമങ്ങളുടെയും വെളിച്ചത്തില്‍ അതിനെ കാണണം. ഇസ്‌ലാമിക മൂല്യങ്ങളും നിയമങ്ങളും തത്വങ്ങളും കുറ്റമറ്റ രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. കുറ്റമറ്റ രീതിയില്‍ സംവിധാനിച്ചിട്ടുളള ഇസ്‌ലാമിക മൂല്യങ്ങളെ സന്മാര്‍ഗ ശൂന്യമായ ആദര്‍ശങ്ങള്‍ കൊണ്ട് വികൃതമാക്കാനും തകരാറിലാക്കാനും സാധ്യമല്ല.

വിവ: ഫൗസിയ ഷംസ്

Related Articles