Current Date

Search
Close this search box.
Search
Close this search box.

ആര്‍ഭാടരഹിതമായതു കൊണ്ടാണോ മാലി വിവാഹങ്ങള്‍ ഹലാലാകുന്നത്?

വിവാഹാഘോഷ ആര്‍ഭാട വിരുദ്ധ പ്രഭാഷണ പ്രഘോഷണങ്ങളുടെ ആരവങ്ങള്‍ കെട്ടടങ്ങിയിരിക്കുന്നു. ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളൊന്നുമില്ലാതെ വിവാഹ ദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ഇറക്കിക്കൊണ്ടുവരുന്നതുമാണ് ലാളിത്യം, മതം, അന്തസ്സ്, മാന്യത തുടങ്ങിയവയെന്ന് അങ്ങോളമിങ്ങോളം വിശദീകരിക്കപ്പെട്ടു. അങ്ങനെ ഒച്ചപ്പാടും കൊട്ടിഘോഷങ്ങളും ഇല്ലാത്ത വിവാഹ വീടുകള്‍ക്ക് മഹല്ലുകള്‍ ക്ലീന്‍ചിറ്റ് നല്‍കി തുടങ്ങി.

അതിനിടെയാണ് മാലി ദ്വീപില്‍ നിന്നും മലയാളിയായ റൂബീന മടങ്ങിയെത്തിയത്. 2008-ലാണ് റൂബീന മാലി ദ്വീപിലേക്ക് പോയത്. മാലി ദ്വീപില്‍ നിന്നും പാവപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ തേടിയെത്തിയവരില്‍ ഒരാളാണ് റൂബീനയെ വിവാഹം ചെയ്തു കൊണ്ടു പോയത്. മത്സ്യബന്ധന തൊഴിലാളിയായ ബുര്‍ഹാനുദ്ദീന് ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ പോലും വീട്ടാന്‍ കഴിയാത്ത കടത്തിന് മുന്നില്‍ കാതങ്ങള്‍ അകലെയുള്ള മാലി ദ്വീപിലേക്കുള്ള ദൂരം റൂബീന കാര്യമാക്കിയില്ല. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആ പെണ്‍കുട്ടി തന്റെ ജീവിതം തന്നെ ബലിയര്‍പ്പിക്കാന്‍ തയ്യാറായി. പിന്നീട് മാലിദ്വീപ് വിവാഹത്തിന്റെ ഇര എന്ന നിലയില്‍ പത്രമാധ്യമങ്ങളിലൂടെ റൂബീനയെ കുറിച്ച് നാം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരിതങ്ങളുടെ ഏഴു കടലുകള്‍ നീന്തി തളര്‍ന്ന് ജയിലഴികള്‍ക്കുള്ളില്‍ ഒരു കൊലക്കേസ് പ്രതിയായി നരകിച്ച് കഴിയുകയായിരുന്നു അവള്‍.

അങ്ങനെ റുബീന തിരിച്ചെത്തിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍ക്കാറേതര സംവിധാനങ്ങളും വ്യക്തികളും റൂബീനയുടെ മോചനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച റുബീന തന്റെ ഗതി ഇനി ഒരു പെണ്‍കുട്ടിക്കും വന്നുഭവിക്കാതിരിക്കാന്‍ മാലി കല്ല്യാണങ്ങള്‍ എന്ന പേരില്‍ അരങ്ങേറുന്ന ഏര്‍പ്പാടുകള്‍ നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മാലി കല്ല്യാണം, മൈസൂര്‍ കല്ല്യാണം എന്നൊക്കെ പറയുന്ന ഏര്‍പ്പാടുകള്‍ പാവപ്പെട്ടവന്റെ കുടുംബത്തിലെ നിറഞ്ഞു നില്‍ക്കുന്നതിനെ കാലിയാക്കാനും ആ കുടുംബത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന ഉപാധിയുമെന്ന നിലയിലാണ് നമ്മുടെ മഹല്ല് സംവിധാനങ്ങള്‍ കാണുന്നത് എങ്കില്‍ ഇതില്‍ പരം ദുരന്തം വേറെന്താണ് ഉള്ളത്. വിവാഹം എന്ന ഉടമ്പടിയുടെ ഉദ്ദേശം തന്നെയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. അതിന് കൂട്ടുനില്‍ക്കുന്നത് പരിശുദ്ധമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വസിച്ചേല്‍പ്പിച്ചവര്‍ തന്നെയാകുമ്പോഴാണ് ‘ചങ്ങലക്ക് ഭ്രാന്തു പിടിച്ചാല്‍ എന്തു ചെയ്യും?’ എന്ന ചോദ്യത്തെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ആര്‍ഭാടവും കൊട്ടിഘോഷങ്ങളുമില്ലാത്ത വിവാഹങ്ങള്‍ പണക്കാരെ സംബന്ധിച്ചിടത്തോളം അലങ്കാരമായിരിക്കും. വലിയ വീടിന് മുന്നിലെ ചെറിയ പന്തല്‍ നോക്കി ആളുകള്‍ ലാളിത്യത്തിന്റെ മദ്ഹു പാടും. അതേസമയം ഒച്ചയും അനക്കവുമുണ്ടാക്കാതെ വീടിറങ്ങി പോകുന്ന റൂബീനമാര്‍ തിരിച്ച് നമ്മുടെ കാഴ്ച്ചവട്ടത്തേക്കെത്തുന്നത് പത്രങ്ങളിലെ പെട്ടിക്കോളങ്ങളിലൂടെ ആയിരിക്കുമെന്ന് മാത്രം.

Related Articles