Current Date

Search
Close this search box.
Search
Close this search box.

അംബേദ്കറെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്ന് മോചിപ്പിച്ചത് മുസ്‌ലിം ലീഗ്!

അംബേദ്കര്‍ ആദ്യമായി ഭരണഘടനാ അസംബ്ലിയില്‍ എത്തിയത് പൊതുവെ വിശ്വസിക്കപ്പെടുന്നതുപോലെ കോണ്‍ഗ്രസിലൂടെയല്ലെന്നും മുസ്‌ലിം ലീഗ് നിമിത്തമാണെന്നും അമിത് ഷാക്കും മോഹന്‍ ഭാഗവതിനും അറിയാമോ?

അവിഭക്ത ബംഗാളിലെ ദലിത് മുസ്‌ലിം ഐക്യത്തിന്റെ സൂത്രധാരനായ ജോഗേന്ദ്ര നാഥ് മണ്ഡല്‍ (1904-1968) ആയിരുന്നു അംബേദ്കറെ മുസ്‌ലിം ലീഗിന്റെ സഹായത്തോടെ ബംഗാളില്‍ നിന്നും ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അയച്ചത്. വിഭജനത്തിന് ശേഷം മണ്ഡല്‍ പാകിസ്ഥാനിലെ നിയമമന്ത്രിയും അവിടുത്തെ ഭരണഘടനാ അസംബ്ലിയുടെ ചെയര്‍മാനാവുകയും ചെയ്തു.

വിഭജനത്തിന് മുമ്പ് അംബേദ്കറുടെ കൂട്ട്‌കെട്ട് ആരോടൊക്കെയായിരുന്നു എന്ന കാര്യം ബിജെപി നേതാക്കളെ സംഘ് ബുദ്ധിജീവികള്‍ തെര്യപ്പെടുത്തയില്ലെന്നു വേണം കരുതാന്‍. ബിഹാറിലെ ദലിത് വോട്ടുകളില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായും രാജ്‌നാഥ് സിങും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അംബേദ്കറുടെ 125-ാം ജന്മദിനമായ ഏപ്രില്‍ 14  തെരഞ്ഞെടുത്തതില്‍ അത്ഭുതമൊന്നുമില്ല.

പ്രധാന കാര്യം, തെരഞ്ഞെടുപ്പ് ലാഭങ്ങളില്‍ കണ്ണ് നട്ട് അംബേദ്കറെ സ്വന്തമാക്കാനുള്ള ബിജെപിയുടെ പരിപാടി ബിഹാറില്‍ മാത്രമൊതുങ്ങുന്നതല്ലെന്നതാണ്. ദലിതുകളെ അടുപ്പിക്കാനുള്ള ദേശവ്യാപക കാമ്പയിനാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരു ഭാഗത്ത് അംബേദ്കറെ കുടിയിരുത്തിയിരിക്കുന്ന ബിജെപി നേതാക്കള്‍ മറുഭാഗത്ത് അതേ പ്രാധാന്യത്തോടെ സവര്‍ക്കറെയും ഗോള്‍വാകറെയും പോലുള്ള ഹിന്ദുത്വ താരങ്ങളെയും സ്ഥാപിച്ചിരിക്കുന്നു.

പക്ഷെ അവര്‍ക്കറിയാമോ നാമിന്നറിയുന്ന അംബേദ്കറെ സൃഷ്ടിച്ചത് മണ്ഡലും മുസ്‌ലിം ലീഗുമാണെന്ന്? ദലിതുകള്‍ ഹിന്ദുക്കളല്ലെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറംതള്ളിയ അംബേദ്കറെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്നും മണ്ഡല്‍ ഉയര്‍ത്തി കൊണ്ടുവരികയായിരുന്നു. 1946 മാര്‍ച്ചില്‍ നടന്ന ബോബെ പ്രവിന്‍ഷ്യല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹത്തിനായില്ല. അത്ര മേല്‍ ശത്രുതയായിരുന്നു അംബേദ്കറോടും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷനോടും പുലര്‍ത്തപ്പെട്ടിരുന്നത്.

തുടര്‍ന്ന് പ്രവിന്‍ഷ്യല്‍ മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കുന്ന 296 അംഗ ഭരണഘടന അസംബ്ലിയില്‍ അംബേദ്കര്‍ ഉണ്ടാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അപ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. പരാജയത്തിന്റെ പടുകുഴിയിലായിരുന്ന അംബേദ്കറെ മുസ്‌ലിം ലീഗ് അധികാരത്തിലിരിക്കുന്ന ബംഗാളിലേക്ക് ക്ഷണിച്ചുവരുത്തി അവിടെ നിന്നും തെരഞ്ഞെടുത്ത് കണ്ണുചിമ്മുന്ന വേഗത്തില്‍ ഭരണഘടനാ അസംബ്ലിയിലേക്ക് അയച്ചു.

ബംഗാളിലെ എസ്.സി.എഫ് നേതാവായ മണ്ഡല്‍ നിയമ, തൊഴില്‍, നിര്‍മാണ വകുപ്പ് മന്ത്രിയായിരുന്നു എന്നു മാത്രമല്ല, മുസ്‌ലിം ലീഗ് നേതാവായിരുന്ന ഹുസൈന്‍ ശഹീദ് സുഹ്‌റവര്‍ധിയുടെ അടുത്തയാളുമായിരുന്നു.

മണ്ഡലും മുസ്‌ലിം ലീഗും നല്‍കിയ അവസരം അംബേദ്കര്‍ പരമാവധി മുതലാക്കി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വിഭജനത്തിന് ശേഷം ബോംബെയില്‍ നിന്നുള്ള ജയകാറിന്റെ ഒഴിവില്‍ വന്ന സീറ്റില്‍ അംബേദ്കറെ പരിഗണിച്ചു. ശേഷം സംഭവിച്ചതെല്ലാം ചരിത്രം.

എന്നാല്‍ അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ മണ്ഡലും മുസ്‌ലിം ലീഗും നല്‍കിയ പങ്ക് വേണ്ടത്ര അറിയപ്പെട്ടിട്ടില്ല. ക്രിസ്‌റ്റോഫ് ജഫ്രലട്ടിന്റെ അംബേദ്കറും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തില്‍ ഒരു പരാമര്‍ശം മാത്രം ഇങ്ങനെ കാണാം: 1946ല്‍ ഈ സംവിധാനത്തില്‍ (ഭരണഘടനാ അസംബ്ലിയില്‍) അംഗമാവാന്‍ ഇലക്ഷനില്‍ മത്സരിച്ചത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബോംബെയില്‍ നിന്നായിരുന്നില്ല, ബംഗാളില്‍ നിന്നായിരുന്നു. അവിടെ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ അദ്ദേഹം തെരഞ്ഞടുക്കപ്പടുകയായിരുന്നു.

അതുപോലെ, അംബേദ്കറുടെ ജീവചരിത്രത്തിന്റെ ചിത്രരൂപമായ ഭീമയാനയുടെ സഹകര്‍ത്താവ് എ. ആനന്ദ് എഴുതുന്നു: ‘പ്രവിന്‍ഷ്യല്‍ അസംബ്ലികളില്‍ നിന്നും ഭരണഘടനാ അസംബ്ലിയിലേക്ക് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടിരിക്കെ, ബോംബെ പ്രവിശ്യയില്‍ നിന്നും അംബേദ്കറിന് തന്റെ എസ്.സി.എഫ്. അംഗബലത്തില്‍ വിജയസാധ്യത തീരെ കുറവായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ നിര്‍ദ്ദേശാനുസരണം 296 അംഗ ബോഡിയിലേക്ക് അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെടുകയില്ലെന്ന് ബോംബെയിലെ പ്രമുഖനായിരുന്ന ബി.ജി. ഖേര്‍ ഉറപ്പുവരുത്തി.’

‘ഈ ഘട്ടത്തില്‍ ബംഗാളിലെ ദലിതുകള്‍ക്കിടയില്‍ മാത്രം ഇപ്പോഴും അനുസ്മരിക്കപ്പെടുന്ന ജോഗേന്ദ്ര നാഥ് മണ്ഡല്‍, അംബേദ്കറുടെ രക്ഷക്കെത്തി. എസ് സി. എഫിന്റെ ബംഗാളിലെ നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗുമായി സഖ്യത്തിലായിരുന്നു. ഭരണഘടനാ അസംബ്ലിയിലേക്ക് അംബേദ്കറെ തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ വോട്ടുകള്‍ മുസ്‌ലിം ലീഗില്‍ നിന്ന് അദ്ദേഹം സമാഹരിച്ചുനല്‍കി.’

ദ ഇന്ത്യന്‍ എകണോമിക് ആന്റ് സോഷ്യല്‍ ഹിസ്റ്ററി റിവ്യൂവില്‍ ദൈ്വയപയാന് സെന് ഇന്ത്യയിലെ മണ്ഡല്‍ മോഡല്‍ മുസ്‌ലിം ദലിത് ഐക്യത്തിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ദലിതുകളും മുസ്‌ലിംകളും  ഒരു പോലെ അനുഭവിക്കുന്ന സാമൂഹികസാമ്പത്തിക സാഹചര്യങ്ങളാണ് മുസ്‌ലിം ലീഗുമായി മുന്നണി രൂപീകരിക്കാന്‍ മണ്ഡലിനെ പ്രേരിപ്പിക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമീണ ബംഗാളിലെ കൊടിയ ദാരിദ്യം രണ്ട് സമുദായങ്ങളും ഒരു പോലെയാണ് അനുഭവിച്ചത്.

‘ഇനി പറയുന്ന ധാരണ പ്രബലമായിരുന്നു: ബ്രിട്ടീഷുകാരും സവര്‍ണ ജാതി ഹിന്ദുക്കളും മൂലധനവും ദലിതുകളും മുസ്‌ലിംകളും തൊഴിലാളികളുമായിരുന്നു. ദലിതുകളിലെ മഹാഭൂരിപക്ഷം ദരിദ്രരും, കൃഷീവലന്മാരും, കുടിയാന്മാരും, തൊഴിലാളികളും, വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരുന്നവരുമായിരുന്നു; അവിടത്തെ ഭൂരിപക്ഷം മുസ്‌ലിംകളും അതുപോലെയായിരുന്നു. ബംഗാളിലെ മഹാഭൂരിപക്ഷത്തിന് അനുഗുണമാവുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിച്ച് അവര്‍ ഒരുപോലെ നേരിടുന്ന അനുഭവങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയമുന്നണി രൂപീകരണം സംഭവിക്കുകയായിരുന്നു.’

ദലിത് വിരുദ്ധ സാമുദായിക കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴിലുള്ള ഇന്ത്യയിലേതിനേക്കാള്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം സെകുലര്‍ പാകിസ്ഥാനായിരിക്കും എന്ന നിഗമനത്തിലാണ് മണ്ഡല്‍ മുസ്‌ലിം ലീഗിനെ പിന്തുണച്ചത്. ജിന്നയുടെ സെകുലര്‍ നിലപാടുകളോട് അങ്ങേയറ്റത്തെ ആദരവ് അദ്ദേഹം പുലര്‍ത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷകനെന്ന നില ഗാന്ധിയേക്കാളും നെഹ്രുവിനേക്കാളും അദ്ദേഹം ജിന്നക്ക് നല്‍കി. അങ്ങനെ, മണ്ഡല്‍ ഇന്ത്യ വിട്ടുപോവുകയും പാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയും രാഷ്ട്രസ്ഥാപകരില്‍ ഒരാളായി മാറുകയും ചെയ്തു.

മുസ്‌ലിം ഭൂരിപക്ഷ പാകിസ്ഥാന്‍ ഗവണ്‍മെന്റിലെ ഉയര്‍ന്ന റാങ്കുള്ള ഹിന്ദു അംഗവും മതേതരത്വത്തിന്റെ  പ്രയോക്താവുമായിരുന്നു അദ്ദേഹം. എന്നാല്‍ ജിന്നയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ ശിഥിലമായി. പാകിസ്ഥാനിനെ ഒരു ഇസ്‌ലാമിക രാജ്യമാക്കാന്‍ ലിയാഖത്ത് അലി ഖാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം പ്രതിഷേധിച്ചു. മത വംശീയ ന്യൂനപക്ഷങ്ങളെ തള്ളി ഇസ്‌ലാമിനെ രാഷ്ട്ര മതമാക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്ത്തു.

ജിന്നക്ക് ശേഷമുള്ള പാകിസ്ഥാനില്‍ അദ്ദേഹം കൂടുതല്‍ നിരാശനായി. ഇന്ത്യയിലേക്ക് കൂട്ടപലായനത്തിന് വഴിവെച്ച 1950-ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവത്തോടെ അദ്ദേഹം ഇന്ത്യയില്‍ അഭയം നേടാന്‍ തീരുമാനിച്ചു. കറാച്ചി വിട്ട അദ്ദേഹം കല്‍ക്കത്തയിലെത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് രാജിക്കത്തയച്ചു.

പാകിസ്ഥാനി എന്നാണ് മണ്ഡല്‍ ഇന്ത്യയില്‍ അനുസ്മരിക്കപ്പെട്ടിരുന്നത്. അദ്ദേഹം പക്ഷെ, കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗാളിലേക്ക് പലായനം ചെയ്തുകൊണ്ടിരുന്ന ഹിന്ദു അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിലാണ് തന്റെ സമയും ഊര്‍ജ്ജവും പിന്നീട് ചെലവഴിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലും രാഷ്ട്രീയപ്രവര്‍ത്തകരോടും നിരാലംബരയാവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് അദ്ദേഹം ഒരു ക്യാമ്പില്‍ നിന്നും മറ്റൊന്നിലേക്ക് ഓടിയെത്തി. പക്ഷെ മണ്ഡലിനെ നികൃഷ്ടനായാണ് മറ്റുള്ളവര്‍ നോക്കിക്കണ്ടത്. പാകിസ്ഥാനി ഏജന്റെന്ന് വിളിച്ച് അദ്ദേഹത്തെ രാഷ്ട്രീയകക്ഷികള്‍ അകറ്റി നിര്‍ത്തി.

മണ്ഡല്‍ നല്‍കിയ വിശദീകരണങ്ങള്‍ ആരും ചെവിക്കൊണ്ടില്ല. പത്രങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു: മണ്ഡല്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളോട് അവര്‍ മുഖംകറുപ്പിച്ചു. കമ്മ്യൂണിസ്റ്റുകള്‍ പോലും അദ്ദേഹത്തെ വിളിച്ചത് ‘ജോഗേന്ദ്ര അലി മൊല്ല’ എന്നായിരുന്നു! 1967-ല്‍ ബറാസത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം ഒരു തിരിച്ചുവരവിന് ഒരുങ്ങി. പക്ഷെ ദയനീയമായി പരാജയപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം ദലിതുകളുടെ ആ ഒറ്റയാന്‍ കൊല്ലപ്പെട്ടു.

ഇതെല്ലാം ആധുനിക ഇന്ത്യയുടെ നിഷേധിക്കാനാവാത്ത ചരിത്ര സത്യങ്ങളാണ്. ഈ ചരിത്രസത്യങ്ങളോട് പൊരുത്തപ്പെടാന്‍ ബിജെപിക്കാവുമോ? അംബേദ്കറുടെ ഉദയത്തിന് കാരണമായത് വഴിനല്‍കിയത് മുസ്‌ലിം ലീഗാണെന്നും, അദ്ദേഹത്തിന്റെ മുഖ്യശില്‍പിയായ മണ്ഡല്‍ ഒരിക്കല്‍ ഇന്ത്യ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പോയ ആളാണെന്നും അറിഞ്ഞുകൊണ്ട് അംബേദ്കറെ ബിജെപി ആശ്ലേഷിക്കുമോ?

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles