Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് ഇഷ്‌റത്തിനെ കൊന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു

ishrat-j.jpg

ഇഷ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു പത്രത്തിന്റെ ഇന്നത്തെ എഡിഷന്റെ (ജൂണ്‍ 16, 2016) ആദ്യ പേജിലെ പ്രധാനവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാലം സംസാരിക്കുകയും, അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത നമ്മെ അത് ശരിക്കും ഞെട്ടിച്ച് കളഞ്ഞു.

മുംബ്ര, താനെയില്‍ നിന്നുള്ള ഇഷ്‌റത്ത് ജഹാന്റെ ജുഡീഷ്യല്‍ബാഹ്യ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പഴിചാരല്‍ കളിയില്‍ സത്യം തന്നെയാണ് എല്ലായ്‌പ്പോഴും പുറംലോകം കാണാതെ മൂടിവെക്കപ്പെട്ടത്.

ഇഷ്‌റത്ത് ജഹാന്‍ കേസിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദത്തിലെ പ്രധാനിയായ ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ബി.കെ പ്രസാദിന്റെ ഓഡീയോ ക്ലിപ്പിന്റെ ലിഖിതരൂപമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യ പേജില്‍ അച്ചടിച്ചുവന്നത്. മുന്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടറും, കേസിലെ സാക്ഷിയുമായ അശോക് കുമാറിനോട്, അദ്ദേഹം രേഖകളൊന്നും തന്നെ കണ്ടിട്ടില്ലെന്ന് മൊഴിനല്‍കാന്‍ ബി.കെ പ്രസാദ് നിര്‍ദ്ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍, കലാപങ്ങള്‍, ഹാരെണ്‍ പാണ്ഡ്യ വധക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എട്ട് മാസത്തോളം രഹസ്യമായി നടത്തിയ അന്വേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ച എന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. അന്നത്തെ മോദിയുടെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ അന്വേഷണവിധേയരാക്കിയിരുന്നു. അവരെല്ലാം തന്നെ സംസ്ഥാനത്തിലെ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ സംബന്ധിച്ച അശുഭ സത്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുണ്ടായി.

അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി, മൈഥിലി ത്യാഗിയായി വേഷം മാറി ഞാന്‍ അഭിമുഖം നടത്തിയവരില്‍, ഗുജറാത്തിലെ മുന്‍ എ.ടി.എസ് ചീഫ് രാജന്‍ പ്രിയദര്‍ശിയും, ഇഷ്‌റത്ത് ജഹാനെ വെടിവെച്ച് കൊന്ന ജി.എല്‍ സിംഗാളും ഉണ്ടായിരുന്നു. എനിക്ക് മുന്നില്‍ വെച്ച് നടത്തിയ കുറ്റമേറ്റുപറച്ചിലില്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇഷ്‌റത്ത് ജഹാന്‍ അമിത് ഷായുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന രഹസ്യം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നതായി രാജന്‍ പ്രിയദര്‍ശി എന്നോട് പറഞ്ഞു.

പക്ഷെ, ഗിരീഷ് സിംഗാളുമായി നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കുന്നത്, അതില്‍ അദ്ദേഹം ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലിനെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തെ സംബന്ധിച്ചും സംസാരിക്കുന്നുണ്ട്. 2010-ല്‍ ഗിരീഷ് സിംഗാളുമായി അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹം ഗുജറാത്ത് എ.ടി.എസിന്റെ തലപ്പത്തുണ്ടായിരുന്നു.

ഇഷ്‌റത്ത് ജഹാന്‍ കൊലപാതക കേസിലെ എസ്.ഐ.ടി അന്വേഷണം മൂടിവെക്കാന്‍ സംസ്ഥാന പോലിസ് മേധാവികള്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള ഗുജറാത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ പറയുന്നതിന്റെ ടേപ്പ് 2013-ല്‍ സി.ബി.ഐക്ക് കൈമാറിയ ഓഫീസറാണ് നേരത്തെ പറഞ്ഞ ഗിരീഷ് സിംഗാള്‍.

എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം രാജന്‍ പ്രിയദര്‍ശിയും, ജി.എല്‍ സിംഗാളും അംഗീകരിച്ചതോടെ (അവരുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ ലിഖിതരൂപം അതിലുണ്ട്) അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2010-ല്‍ മൈഥിലി ത്യാഗി എന്ന ഒരു പെണ്‍കൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് അവര്‍ പത്രമാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

ഞാനുമായി നടത്തിയ സംഭാഷണം അവരിലൊരാള്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല, അവയെല്ലാം തന്നെ രഹസ്യമായി ഓഡീയോ-വീഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗിരീഷ് സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:

റാണ: ഒരു ദളിത് എന്ന നിലയില്‍ സംസാരിക്കാന്‍ എന്നോട് താങ്കള്‍ ആവശ്യപ്പെട്ട രാജന്‍ പ്രിയദര്‍ശിയെ ഞാന്‍ പോയി കണ്ടിരുന്നു.

ഗിരീഷ്: അതേയോ, നിങ്ങള്‍ക്ക് അറിയാമോ, ഞാന്‍ വ്യത്യസ്ത മേഖലകളിലും, സംസ്ഥാനത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കുമൊപ്പവും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ ശ്രേണിയിലെ മധ്യത്തിലാണ് ഞാനുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലാവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എറ്റവും നീതിമാനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലിസിംഗിനെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍.

റാണ: സര്‍ക്കാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും പറഞ്ഞു?

ഗിരീഷ്: അതെ, അദ്ദേഹം അതിന് ഒരിക്കലും വഴങ്ങിയില്ല. എനിക്ക് അദ്ദേഹത്തെ അറിയാം.

റാണ: സര്‍ക്കാറിന്റെ തീട്ടൂരങ്ങള്‍ വഴങ്ങാതിരിക്കുകയും, അതേസമയം തന്നെ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സംഗതിയല്ലെ?

ഗിരീഷ്: ഒരിക്കല്‍ നിങ്ങള്‍ വഴങ്ങിയാല്‍ പിന്നീട് എല്ലാത്തിനും നിങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍, ബോധ്യങ്ങള്‍, മനസാക്ഷി, സ്വന്തത്തെ തന്നെ അടിയറവെക്കേണ്ടി വരും.

റാണ: മനസാക്ഷിയുള്ള ഒരു ഓഫീസര്‍ക്ക് ഗുജറാത്തില്‍ ജീവിക്കുക വളരെ പ്രയാസകരമല്ലെ?

ഗിരീഷ്: അതെ, അതെ. നിയമം നീക്കുപോക്കുകള്‍ നടത്തുന്നതായി ഒരു മുതിര്‍ന്ന ഓഫീസര്‍ മനസ്സിലാക്കിയാല്‍, ജീവിതം വളരെ പ്രയാസകരമായി തീരും.

റാണ: അതാണല്ലെ താങ്കള്‍ക്ക് സംഭവിച്ചത്? താങ്കള്‍ക്ക് എത്രത്തോളം പോരാടേണ്ടി വന്നു?

ഗിരീഷ്: ഏതാനും ആളുകള്‍ അതിന് ശ്രമിക്കും, ഒരു പോരാട്ടമുഖം തുറക്കുകയും ചെയ്യും. ജീവന്‍ പോകുന്നത് വരേക്കും പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകുന്നവരുണ്ട്. പ്രിയദര്‍ശി അവരിലൊരാളാണ്.

റാണ: താങ്കളോ?

ഗിരീഷ്: ഞാനും..

റാണ: പക്ഷെ വ്യവസ്ഥിതി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമോ?

ഗിരീഷ്: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ദളിതനാണ് പക്ഷെ ഒരു ബ്രാഹ്മണനെ പോലെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. അവരേക്കാള്‍ കൂടുതല്‍ എന്റെ മതത്തെ കുറിച്ച് എനിക്കറിയാം. പക്ഷെ ആളുകള്‍ ഇത് തിരിച്ചറിയുന്നില്ല. ഞാനൊരു ദളിത് കുടുംബത്തില്‍ ജനിച്ചാല്‍, അത് എന്റെ കുറ്റമാണോ?

റാണ: നിങ്ങളുടെ ജാതി കാരണം സ്ഥാനകയറ്റങ്ങള്‍ നല്‍കാതിരുന്ന സംഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഗിരീഷ്: ഉണ്ട്, ഒരുപാട് തവണ. നോക്കൂ, ഇത് ഒരുപാട് സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരണമാണ്, ഗുജറാത്തിലും ഇത് വ്യാപകമാണ്. ഈ ബ്രാഹ്മണന്‍മാര്‍ക്കും ക്ഷത്രിയന്‍മാര്‍ക്കും അവരുടെ ജൂനിയറായി ഒരു ദളിതനോ അല്ലെങ്കില്‍ ഒരു ഓ.ബി.സി-യോ ഒരിക്കലുമുണ്ടാകില്ല.

റാണ: നിങ്ങളുടെ സീനിയറും ഒരു ദളിതനാണോ?

ഗിരീഷ്: അല്ല, പക്ഷെ ഞാന്‍ സംയമനം പാലിക്കുകയാണ്, അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അനിവാര്യ ഘടകമാണ്. അവര്‍ക്ക് വേണ്ടി ഭീകരവാദ കേസുകള്‍ ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷെ, കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് ചെയ്യാവുന്ന ജോലിക്ക് വരെ അവര്‍ ചില സമയങ്ങളില്‍ എന്നെ പറഞ്ഞയക്കും.

റാണ: താങ്കളും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉഷ (രാധ, അവളരെ കുറിച്ച് അഞ്ചാം അധ്യാത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നുണ്ട്) എന്നോട് പറഞ്ഞിരുന്നു?

ഗിരീഷ്: 2004-ല്‍, നാല് ആളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് പേര്‍ പാകിസ്ഥാനികളും, രണ്ട് പേര്‍ മുംബൈയില്‍ നിന്നുള്ളവരുമായിരുന്നു. അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയായിരുന്നു, ഇഷ്‌റത്ത് എന്നായിരുന്നു അവളുടെ പേര്. അതൊരു പ്രസിദ്ധമായ കേസാണ്. ആ ഏറ്റുമുട്ടല്‍ വ്യാജമാണോ, യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.

റാണ: അപ്പൊ, അത് വ്യാജമാണോ? താങ്കള്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: കാരണം, ആ ഏറ്റുമുട്ടലില്‍ ഞാനും പങ്കെടുത്തിരുന്നു.

റാണ: പക്ഷെ താങ്കള്‍ എന്തുകൊണ്ടാണ് അതില്‍ ഉള്‍പ്പെടുന്നത്?

ഗിരീഷ്: നോക്കൂ, ഈ മനുഷ്യാവകാശ കമ്മീഷനുകളെല്ലാം തന്നെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ചില കേസുകള്‍ വളരെ പ്രയാസമേറിയതാവും, അവയെ നിങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. 9/11-ന് ശേഷം അമേരിക്ക എന്താണെന്ന് ചെയ്തതെന്ന് നോക്കൂ. ഗ്വാണ്ടനാമോ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തിരുന്നത്. എല്ലാവരും മര്‍ദ്ദിക്കപ്പെട്ടിരുന്നില്ല. പത്ത് ശതമാനം പേരാണ് ക്രൂരമായ പീഢനത്തിന് ഇരയായത്, അവര്‍ ഒരു കുറ്റം പോലും ചെയ്തിരുന്നില്ല. അവരില്‍ ഒരു ശതമാനം പേര്‍ ചിലപ്പോള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഇതൊക്കെ ചെയ്യേണ്ടി വരും.

റാണ: അപ്പോള്‍ ആരായിരുന്നു അവര്‍, ലഷ്‌കര്‍ ഭീകരവാദികള്‍ ആയിരുന്നോ അവര്‍?

ഗിരീഷ്: അതെ.

റാണ: ഇഷ്‌റത്ത് എന്ന ആ പെണ്‍കുട്ടിയും?

ഗിരീഷ്: നോക്കൂ, അവള്‍ ആയിരുന്നില്ല പക്ഷെ അതേ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അങ്ങനെ ആയി. അവള്‍ ലഷ്‌കര്‍ ആവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അവളെ ഒരു മറയായി ഉപയോഗപ്പെടുത്തിയതാവാനും സാധ്യതയുണ്ട്.

റാണ: ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, താങ്കള്‍, വന്‍സാര, പാണ്ഡ്യന്‍, അമിന്‍, പാര്‍മര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ താഴ്ന്ന ജാതിയിലുള്ളവരാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂടത്തിന്റെ ആജ്ഞകള്‍ അനുസരിച്ചാണ്. അപ്പോള്‍, ഇത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നതിന് സമാനമാണ് നിങ്ങളോടുള്ള സമീപനം?

ഗിരീഷ്: തീര്‍ച്ചയായും, ഞങ്ങളെല്ലാവരും അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇതൊന്നും ആലോചിക്കുന്നില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളും, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരുമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം കരുതുന്നത്. ഓരോ സര്‍ക്കാര്‍ സേവകനും, അവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ സര്‍ക്കാറിന് വേണ്ടിയാണ്. സമൂഹവും ഗവണ്‍മെന്റും ഞങ്ങളെ അംഗീകരിക്കുന്നില്ല. വന്‍സാര എന്താണ് ചെയ്തത്, പക്ഷെ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.

റാണ: പക്ഷെ സാര്‍, നിങ്ങള്‍ ചെയ്തതെല്ലാം സര്‍ക്കാറിന്റെയും, രാഷ്ട്രീയ ശക്തികളുടെയും ആജ്ഞകള്‍ അനുസരിച്ചായിരുന്നുവല്ലോ, പിന്നെന്തുകൊണ്ടാണ് അവര്‍…?

ഗിരീഷ്: വ്യവസ്ഥിതിയുടെ കൂടെ നില്‍ക്കണമെങ്കില്‍, ആളുകളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കണം.

റാണ: പക്ഷെ പ്രിയദര്‍ശി (ഗിരീഷിന്റെ സീനിയര്‍) ഗവണ്‍മെന്റുമായി അടുപ്പത്തിലായിരുന്നില്ലല്ലോ?

ഗിരീഷ്: അദ്ദേഹവും ഗവണ്‍മെന്റുമായി അടുപ്പത്തില്‍ തന്നെയായിരുന്നു. പക്ഷെ അവര്‍ അദ്ദേഹത്തോട് ഓരോന്ന് ചെയ്യാന്‍ പറഞ്ഞപ്പോഴൊന്നും തന്നെ അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല.

റാണ: ശരിയാണ്, അവര്‍ പാണ്ഡ്യനോടും, അദ്ദേഹത്തോടും ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അദ്ദേഹം വിസമ്മതിച്ചു?

ഗിരീഷ്: പാണ്ഡ്യനും ജയിലഴികള്‍ക്കുള്ളിലാണ്, അയാളുടെ പശ്ചാത്തലത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല.

റാണ: എങ്ങനെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയുമായി അടുപ്പത്തിലായത്?

ഗിരീഷ്: എ.ടി.എസ്സില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.

റാണ: നോക്കൂ, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ആവശ്യത്തിന് വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് താങ്കള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണോ?

ഗിരീഷ്: ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല ഉള്ളത്. വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം ചെയ്തത്.

റാണ: താങ്കള്‍ നിരീക്ഷത്തിന് കീഴിലാണോ അതോ താങ്കളുടെ കേസ് അവസാനിച്ചോ?

ഗിരീഷ്: കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

റാണ: ഭരണകൂടം നിങ്ങളെ സഹായിക്കുന്നുണ്ടോ?

ഗിരീഷ്: നോക്കൂ, കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആരുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരുടെ നേട്ടമാണ് ആദ്യം നോക്കുക. ഞങ്ങളുടെ കാര്യത്തില്‍ അവര്‍ സഹായിക്കുന്നുണ്ട്, പക്ഷെ അതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്ത് കിട്ടും എന്ത് കിട്ടില്ല, അത് തിരിച്ചടിച്ചാല്‍ എന്താണ് അവര്‍ക്ക് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ നോക്കും.

ഞങ്ങളുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ആളുകളെ നോക്കുക, സ്‌പെഷ്യല്‍ സെല്ലിന്റെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്നു കര്‍നൈല്‍ സിംഗ്, അദ്ദേഹത്തെ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ കാലയളവില്‍, 44 ഏറ്റുമുട്ടലുകളാണ് നടന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ എസ്.ഐ.ടി-യുടെ ചെയര്‍മാനാണ്. പിന്നീട് സതീഷ് വര്‍മ എന്ന ഓഫീസര്‍ വന്നു. അദ്ദേഹം വലിയ മനുഷ്യാവകാശ സ്‌നേഹിയാണെന്ന് വീമ്പിളക്കിയിരുന്നു, പക്ഷെ അദ്ദേഹവും പത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്.

റാണ: എന്തായിരിക്കും ഇതിന്റെ അവസാനം?

ഗിരീഷ്: നമുക്ക് നോക്കാം, ഒന്നും തന്നെ സംഭവിക്കില്ല.

റാണ: പക്ഷെ താങ്കളടക്കമുള്ള ഒട്ടനേകം ഓഫീസര്‍മാര്‍ക്ക് സൊഹ്‌റാബുദ്ദീന്‍ കേസില്‍ പങ്കുണ്ടെന്നത് ശരിയല്ലെ?

ഗിരീഷ്: അതെ.

റാണ: ഞാന്‍ ഗീത ജോഹ്‌രിയെ സന്ദര്‍ശിച്ചിരുന്നു.

ഗിരീഷ്: അതേയോ.. വളരെ നല്ലൊരു അന്വേഷണമാണ് അവര്‍ നടത്തിയത്. പിന്നീട് രജനീഷ് റായിയും. അവരുടെ ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. 13 ഓളം പേരെ അവര്‍ സ്വന്തം നിലക്ക് അറസ്റ്റ് ചെയ്തു.

റാണ: പക്ഷെ, അമിത് ഷായുമായി ബന്ധപ്പെട്ട് എന്തോ ഉണ്ടല്ലോ. നിങ്ങളുടെ ഓഫീസര്‍മാരെ കുറിച്ചും ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, പരസ്പരബന്ധമുള്ള ഒരു തരം ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘം, പ്രത്യേകിച്ച് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍. മറ്റനവധി മന്ത്രിമാരുമായി സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിരുന്നു.

ഗിരീഷ്: നോക്കൂ, മുഖ്യമന്ത്രി പോലും. എല്ലാ മന്ത്രിമാരും റബ്ബര്‍ സ്റ്റാമ്പുകളാണ്. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയാണ് എടുക്കുന്നത്. മന്ത്രിമാര്‍ക്ക് എന്ത് തീരുമാനമെടുക്കുന്നതിനും, അദ്ദേഹത്തിന്റെ അനുവാദം വേണം.

റാണ: പിന്നെ എങ്ങനെയാണ് ഒരു വിധത്തിലുള്ള പരിക്കുകളുമേല്‍ക്കാതെ നിലകൊള്ളാന്‍ അയാള്‍ക്ക് സാധിക്കുന്നത്, അതേ കേസില്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് മേല്‍ കുറ്റം ചുമത്തപ്പെടാതിരുന്നത്?

ഗിരീഷ്: കാരണം അദ്ദേഹം നേരിട്ട് ചിത്രത്തിലേക്ക് വന്നിട്ടില്ല. ബ്യൂറോക്രാറ്റുകള്‍ക്ക് ആജ്ഞകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.

റാണ: അതേ അളവുകോല്‍ വെച്ച് തന്നെ, താങ്കളുടെ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെ?

ഗിരീഷ്: അതെ. 2007-ല്‍, സൊബ്‌റാബുദ്ദീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുടനെ, ഇവിടെ എത്തിയ സോണിയ ഗാന്ധി, ഓഫീസര്‍മാരെ ‘മരണത്തിന്റെ കച്ചവടക്കാര്‍’ എന്നാണ് വിളിച്ചത്. അതിന് ശേഷം മോദി, ഓരോ യോഗത്തിലും ”മരണത്തിന്റെ കച്ചവടക്കാര്‍’? ആരായിരുന്നു സൊഹ്‌റാബുദ്ദീന്‍, അവരെ കൊന്നത് നല്ലകാര്യമാണോ അതോ തെറ്റായിപ്പോയോ?’ എന്ന് ആക്രോശിച്ചു. അതിന് ശേഷം മോദിക്ക് ജനപിന്തുണ വര്‍ധിച്ചു. നോക്കൂ, അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അയാള്‍ക്ക് ലഭിച്ചു.

റാണ: കാര്യങ്ങള്‍ നടത്താനായി ഉപയോഗിച്ച ഓഫീസര്‍മാരെ അയാള്‍ ഇപ്പോള്‍ സഹായിക്കുന്നില്ല അല്ലെ?

ഗിരീഷ്: ഇല്ല, അവരെല്ലാം ഇന്ന് ജയിലിനുള്ളിലാണ്.

റാണ: നിങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം എന്നെങ്കിലും ചോദിച്ചിരുന്നോ?

ഗിരീഷ്: ഇല്ല. ഒരിക്കലും ചോദിച്ചിട്ടില്ല. നോക്കൂ, നേടേണ്ടതെല്ലാം അവര്‍ നേടി. കലാപങ്ങള്‍ ഉണ്ടായി, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, നേട്ടങ്ങള്‍ കൊയ്തു. ഇതിലും അവര്‍ ഒരുപാട് നേട്ടമുണ്ടാക്കി.

റാണ: പക്ഷെ നിങ്ങളുടെ ഷാ സാഹിബ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ച് വരില്ലെ?

ഗിരീഷ്: ഇല്ല. അദ്ദേഹത്തിന് അത് സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണ്, കാരണം അദ്ദേഹം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിദ്ധനായി കഴിഞ്ഞു. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അയാള്‍ക്ക് അറിയാം. അതുകൊണ്ട് ആഭ്യന്തരമന്ത്രി എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആഗ്രഹിക്കില്ല.

റാണ: അപ്പോള്‍, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുന്നില്ല?

ഗിരീഷ്: ഇല്ല. ഈ മുഖ്യമന്ത്രിയുണ്ടല്ലോ, മോദി എന്ന് ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ആള്‍, ഒരു അവസരവാദിയാണ് അയാള്‍. എല്ലാവരും അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു.

റാണ: വൃത്തികെട്ട ജോലി.

ഗിരീഷ്: അതെ.

റാണ: ഇത് കൂടാതെ, എത്ര ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്?

ഗിരീഷ്: ഉം.. പത്തോളം..

റാണ: പ്രധാനപ്പെട്ടതെല്ലാം എനിക്ക് അറിയാന്‍ കഴിയുമോ?

ഗിരീഷ്: ഇല്ല. പറ്റില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: DailyO.in

Related Articles