Current Date

Search
Close this search box.
Search
Close this search box.

യു.എ.പി.എ: എന്‍.ഐ.എ നിയമ ഭേദഗതി ബില്‍ ജനകീയ പ്രതിരോധം സാധ്യമാകണം-സോളിഡാരിറ്റി

uapa.jpg

കോഴിക്കോട്: വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് പ്രത്യേക അധികാരം നല്‍കി യു.എ.പി.എ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്ന കേന്ദ്ര ഭരണകൂട നടപടി പൗരത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള അഭിപ്രായപ്പെട്ടു. ഭീകരവാദം അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അമിതാധികാരം നല്‍കുന്നതിലൂടെ പൗരന്റെ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുകയാണ്.

ഭരണകൂടം നോട്ടമിടുന്ന ഏത് വ്യക്തികളെയും ഭീകരവാദിയാക്കാനും അവരെ അകാരണമായും അനന്തമായും ജയിലിലടക്കാനും ഈ നിയമ ഭേദഗതി ബില്ലിലൂടെ സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ പ്രതിപക്ഷ വിമര്‍ശനങ്ങളെയൊന്നും പരിഗണിക്കാതെ ഏട്ടു നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ച കേന്ദ്ര ഭരണകൂടം അതിന്റെ ഫാഷിസ്റ്റ് പ്രയോഗമാണ് മറയില്ലാതെ നടപ്പാക്കുന്നത്.

വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും പരിഗണിക്കില്ലെന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് രീതിയാണ് യു.എ.പി.എ നിയമ ഭേദഗതി ബില്‍ അവതരണത്തിലൂടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള എല്ലാ ഭീകര നിയമങ്ങളും അതിന്റെ നിര്‍മാണ ഘടനയില്‍ തന്നെ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. നിയമത്തിന്റെ എല്ലാ നൈതികതക്കും എതിരുകൂടിയാണ് യു.എ.പി.എ.

1967ല്‍ പ്രാബല്യത്തില്‍ വന്ന യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്യപ്പെട്ടാണ് കൂടുതല്‍ വന്യപ്രകൃതത്തോടു കൂടി നിലനില്‍ക്കുന്നത്. അതാകട്ടെ ഇന്ത്യക്കകത്തുള്ള ഇസ്ലാമോഫോബിയക്കും മുസ്‌ലിംവിരുദ്ധതക്കും കൂടുതല്‍ കരുത്തു പകരുകയാണ് ചെയ്യുക. വിവേചനരഹിതമായി നടപ്പാക്കുക എന്നതിനപ്പുറം യു.എ.പി.എ എടുത്തു നീക്കുക എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിക്കേണ്ടത്. ഈ പ്രമേയത്തിലൂന്നിക്കൊണ്ടുള്ള ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ പ്രതിരോധങ്ങളും ഉയര്‍ന്നു വരണമെന്നും നഹാസ് മാള പറഞ്ഞു.

Related Articles