അങ്കാറ: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ മാരക ഭൂകമ്പത്തിന് മൂന്നാഴ്ച തികയുമ്പോള്‍ വീണ്ടും പുതിയ ഭൂകമ്പത്തിന് സാക്ഷിയായി തുര്‍ക്കി-സിറിയ അതിര്‍ത്തി.തിങ്കളാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തുര്‍ക്കിയുടെ തെക്കന്‍ പ്രവിശ്യയായ ഹതായിലും വടക്കന്‍ സിറിയയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തി മേഖലയിലുമാണ് വീണ്ടും ഭൂകമ്പമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരു രാഷ്ട്രങ്ങളിലുമായി 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
സിറിയയിലെ അലപ്പോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ആറ് പേര്‍ക്ക് പരിക്കേറ്റതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 6ന് 7.8, 7.6 തീവ്രത രേഖപ്പെടുത്തിയ ഒന്നാം ഭൂചലനം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ തുര്‍ക്കിയിലെ ഹതയ് പ്രവിശ്യയിലെ ഡെഫ്‌നെ നഗരത്തിലാണ് തിങ്കളാഴ്ചത്തെ ഭൂകമ്പവും അനുഭവപ്പെട്ടത്.
ഫെബ്രുവരി 6ലെ ഭൂകമ്പത്തില്‍ ഇരു രാജ്യങ്ങളിലുമായി ഏകദേശം 47,000 പേര്‍ മരിച്ചിരുന്നു. മരണസംഖ്യ കൂടുതലും തുര്‍ക്കിയിലാണ്. 1.5 ദശലക്ഷത്തിലധികം ആളുകള്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്.

















