Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയയില്‍ വൈറലായത് കെയ്ത് ലീയുടെ ചിത്രം

വെല്ലിംഗ്ടണ്‍: കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ന്യൂസ്‌ലാന്റ് ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഒരു ചിത്രം. ന്യൂസ്‌ലാന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ലോകം ഈ ചിത്രം ഏറ്റെടുത്തത്. സിംഗപ്പൂര്‍ ചിത്രകാരനായ കെയ്ത് ലീയാണ് ചിത്രം വരച്ചതെന്ന് പലര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ കെയ്ത് ലീയുടെ ചിത്രം വില്യംസണ്‍ തന്റെ വാളിലൂടെ ഷെയര്‍ ചെയ്തതോടെയാണ് ചിത്രം വലിയ രീതിയില്‍ വൈറലായത്. ന്യൂസ്‌ലാന്റിന്റെ ഔദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ (ഒരു തരം ഇല) രൂപത്തില്‍ നിരനിരയായി നമസ്‌കരിക്കുന്നരുടെ ചിത്രമാണ് ലീ വരച്ചത്.

ഭീകരാക്രമണത്തിന്റെ പിറ്റേനാള്‍ മാര്‍ച്ച് 16നാണ് കെയ്ത് ലീ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രം പങ്കുവെച്ചത്. ”മരിച്ചു വീണ നിരപരാധികളുടെ ഓര്‍മക്കായ്… മതഭ്രാന്തിനെ നേരിടാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം” എന്ന കുറിപ്പോടെയാണ് ലീ ചിത്രം പോസ്റ്റ് ചെയ്തത്. കൂടെ ഹലോ ബ്രദര്‍,ന്യൂസ്‌ലാന്റിന് ഐക്യദാര്‍ഢ്യം തുടങ്ങിയ നിരവധി ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് വില്യംസണ്‍ വികാരനിര്‍ഭരമായ കുറിപ്പോടെ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ”ന്യൂസിലന്‍ഡിലെ മറ്റെല്ലാവരേയും പോലെ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. സ്‌നേഹത്തിന് ഇത്രത്തോളം ആവശ്യമുള്ള ഒരു ഘട്ടം രാജ്യത്ത് മുന്‍പ് ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ വേദനയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നു.

വരൂ നമുക്കൊന്നിച്ച് നില്‍ക്കാം.” എന്നിങ്ങനെയായിരുന്നു കുറിപ്പ്. കുറിപ്പിന് താഴെ തന്റെ ചിത്രം പങ്കുവെച്ചതിന് നന്ദി അറിയിച്ച് ലീയും കമന്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം പതിനായിരക്കണക്കിന് കമന്റുകളും ഷെയറുകളുമാണ് കെയ്ന്‍ വില്ല്യംസിന്റെ പോസ്റ്റിന് ലഭിച്ചത്. ഫ്രീലാന്‍സ് ഡിസൈവര്‍ ആയ ലീ കെയ്ത് ലീ ഡിസൈന്‍ എന്ന തന്റെ ഫേസ്ബുക്ക് പേജിലും പിന്നീട് ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

Related Articles