Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍; നെതന്യാഹു വീഴുമോ അതോ വാഴുമോ ?

തെല്‍അവീവ്: രണ്ട് വര്‍ഷത്തിനിടെ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ നടത്തി വേറിട്ടുനില്‍ക്കുകയാണ് ഇസ്രായേല്‍. പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അതിനാല്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും മുഖ്യ എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും സംയുക്തമായി സര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികകാലം നീണ്ടുനിന്നില്ല. ഒരു വര്‍ഷമാകുമ്പോഴേക്കും മുന്നണിയില്‍ വിള്ളല്‍ വീണു. ഇരു വിഭാഗവും സഹകരണം അവസാനിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ഇതേ വിഭാഗം തന്നെയാണ് ഈ വര്‍ഷവും തെരഞ്ഞെടുപ്പില്‍ രംഗത്തുള്ളത്.

ഇസ്രായേലിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ 120 അംഗ പാര്‍ലമെന്റിലേക്ക് ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്ഡ 6.5 മില്യണ്‍ വോട്ടര്‍മാരാണ് വോട്ടിങ് പ്രക്രിയയില്‍ പങ്കാളിയാവുക. ഇസ്രായേലിനു പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും പോളിങ് സ്‌റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കല്ല, പാര്‍ട്ടിക്ക് വേണ്ടിയാണ് ഇസ്രായേലികളുടെ വോട്ടെടുപ്പ്.

നിരവധി സുരക്ഷാ, നയതന്ത്ര വെല്ലുവിളികളിലൂടെയാണ് നെതന്യാഹു സര്‍ക്കാര്‍ കടന്നുപോയത്. ഇതിനെയെല്ലാം മറികടന്നു വേണം നെതന്യാഹുവിന് വീണ്ടും അധികാരത്തിലെത്താന്‍. അദ്ദേഹത്തിനെതിരെ കഴിഞ്ഞ മാസങ്ങളില്‍ വ്യാപകമായ ജനകീയ പ്രക്ഷോഭവും രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇസ്രായേലിന്റെ കൊറോണ വൈറസ് വാക്‌സിനേഷന്‍ കാമ്പയിന്‍, കോവിഡ് പ്രതിരോധം, കഴിഞ്ഞ വര്‍ഷം നാല് അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര കരാറുകളില്‍ ഏര്‍പ്പെട്ടതും ഉയര്‍ത്തിക്കാട്ടിയാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കഴിഞ്ഞ ഒരു വര്‍ഷവും കൊറോണ വൈറസിനെ നേരിടുന്നതില്‍ പരാജയപ്പെട്ടു, അഴിമതി, തൊഴിലില്ലായ്മ, സുരക്ഷ ഭീഷണി എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019ല്‍ 71.65 ശതമാനം പേരാണ് വോട്ടിങ് രേഖപ്പെടുത്തിയത്. ഇത്തവണ അത് കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. 13 പ്രധാന പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ഗോഥയിലുള്ളത്. ഫലസ്തീന്‍-അറബ് പാര്‍ട്ടികളുടെ സംയുക്ത മുന്നണിയായ അറബ് ജോയിന്റ് ലിസ്റ്റും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനമായി രംഗത്തുണ്ട്. 61 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം. പ്രസിഡന്റിന് ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികളെ ക്ഷണിക്കുക.

 

Related Articles