Current Date

Search
Close this search box.
Search
Close this search box.

നരേന്ദ്ര മോദി, ഗുജറാത്ത്, രാഹുല്‍ ഗാന്ധി: പ്രഭാഷണങ്ങളിലെ അശ്ലീലത

‘ലളിത് മോദി മുതല്‍ നീരവ് മോദി വരെയുള്ള കള്ളന്മാര്‍ക്ക് എന്തുകൊണ്ടാണ് മോദി എന്ന് പേരെന്ന്’ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്ററി പദവിയില്‍നിന്നും അയോഗ്യനാക്കിയത് വിരസവും സാധാരണവുമായ രാഷ്ട്രീയ പ്രസ്താവന എന്നല്ലാതെ മറ്റൊന്നും ഗുജറാത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് തോന്നാനിടയില്ല.

കാരണം, നമ്മളില്‍ പലരും നരേന്ദ്ര മോദിയെ നിരന്തരം കേള്‍ക്കുന്നവരും പിന്തുടരുന്നവരുമാണ്. വ്യക്തിപരമായി പറയുകയാണെങ്കില്‍, ഗുജറാത്തിലെ സോമനാഥ് മുതല്‍ അയോധ്യ വരെയുള്ള രഥയാത്ര റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടറായി ചുമതല ലഭിച്ച അന്നുതൊട്ട് ഞാന്‍ മോദിയെ കാണുന്നുണ്ട്. 1995 ല്‍ ഗുജറാത്തില്‍ ബിജെപിക്ക് സ്വന്തമായി ഗവണ്‍മെന്റ് രൂപീകരിക്കാനായത് മോദിയുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. തട്ടകം വിട്ടതിനു ശേഷം പിന്നീട് 2001 ലെ ഗുജറാത്ത് ഭൂകമ്പിത്തിന്റെ സമയത്താണ് അദ്ദേഹത്തിന്റെ ‘ദൈവിക’ ഭാവം പെട്ടെന്ന് വെളിവായത്.

1990 കള്‍ മുതല്‍ 2001 വരെ പൊതു മാനസികാവസ്ഥ എന്താണെന്ന് യഥാവിധം വിലയിരുത്താന്‍ സാധ്യമാകുന്നൊരാള്‍ എന്നതായിരുന്നു മോദിയുടെ ഏറ്റവും വലിയ ശക്തി. ബസുകളിലിരിക്കുന്ന നൂറില്‍പരം ആര്‍എസ്എസ് പ്രവര്‍ത്തകരെ അദ്ദേഹം സ്വന്തമായി നിയന്ത്രിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ അഴിമതി, സ്വജനപക്ഷപാതം, കോണ്‍ഗ്രസിന് കീഴില്‍ ദരിദ്രരെ പാര്‍ശ്വവല്‍ക്കരിക്കുന്നത്, സവര്‍ണ സമുദായങ്ങള്‍ക്ക് കോണ്‍ഗ്രസില്‍നിന്ന് ഏല്‍ക്കേണ്ടി വരുന്ന ദ്രോഹം എന്നിവയെക്കുറിച്ചെല്ലാം മേദിയുടെ നിര്‍ദേശപ്രകരാം അവര്‍ നിരന്തരം സംസാരിച്ചുകൊണ്ടേയിരുന്നു. അതിന് ഫലവുമുണ്ടായി. അപ്പോഴൊന്നും സംസ്‌കാരരഹിതവും അസഭ്യവുമായ പ്രസ്താവനകള്‍ക്കോ സംസാരങ്ങള്‍ക്കോ മോദി തുനിഞ്ഞിരുന്നില്ല.

കന്‍കാരിയക്കടുത്ത് താമസിക്കുന്ന ഇരുപത് വര്‍ഷത്തോളം മോദിയുടെ താടി വെട്ടിയൊതുക്കിക്കൊടുത്തിരുന്ന മുസ്‌ലിം ബാര്‍ബറെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. മോദിയെക്കുറിച്ച് നല്ലത് മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ. അന്നൊന്നും മോദിയൊരു ഉപാസനാമൂര്‍ത്തിയായി വളര്‍ന്നിട്ടുണ്ടായിരുന്നില്ല. അതെല്ലാം സംഭവിക്കുന്നത് 2002 ന് ശേഷമാണ്.

‘പ്രവാചകന്‍’, ‘ഗുരു’ എന്നീ ഭാവങ്ങളുള്ള ക്രൂരനായ ഈ ആധുനിക രാഷ്ട്രീയക്കാരന് 1.3 ബില്യണിലധികം ജനങ്ങളുള്ള വിശാലവും അസാധാരണവുമായ വൈവിധ്യമുള്ള ഒരു രാജ്യത്ത് തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ അനായാസം വന്‍ഭൂരിപക്ഷത്തോടെ വിജയിക്കാനായി. യഥാര്‍ഥത്തില്‍ ആരാണ് മോദി?

പ്രധാനമായും മൂന്ന് ചോദ്യങ്ങളിലാണ് അതിനുള്ള ഉത്തരമുള്ളത്. താന്‍ നേതൃത്വം നല്‍കുന്ന രാജ്യമായി അദ്ദേഹം കാണുന്നത് ഇന്ത്യയെയാണോ അതോ ഹിന്ദു ഇന്ത്യയെയാണോ? മോദി ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുകയാണോ അതോ തകര്‍ക്കുകയാണോ? അദ്ദേഹം വിഭാഗീയ നേട്ടങ്ങള്‍ക്കായി പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുകയും സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്ന സാമ്പത്തിക പരിഷ്‌കര്‍ത്താവാണോ അതോ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണമായി ആധുനികവല്‍കരണത്തെ ഉപയോഗിക്കുന്ന മതഭ്രാന്തനായ ദേശീയവാദിയാണോ?
ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വര്‍ധിക്കുമെന്നല്ലാതെ ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരമോ പരിഹാരമോ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, ഒരിക്കലും മാറാനിടയില്ലാത്തൊരു അനിശ്ചിതത്വത്തിന്റെ പേരാണ് മോദി. കൗമാരപ്രായത്തിന്റെ തീക്ഷ്ണതയിലുള്ളൊരു ഹിന്ദു പോരാളി, ഇപ്പോളവന്‍ പാശ്ചാത്യ രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ ജീവിക്കുന്നു, ഈ സത്യത്തെ പാതി അംഗീകരിക്കുകയും പ്രത്യക്ഷത്തില്‍ പാതി നിരസിക്കുകയും ചെയ്യുന്നു.

വിള്ളലുകളെ വീണ്ടും കീറിമുറിക്കുന്നു

ഹിന്ദുക്കളിലെ ഒരു പ്രത്യേക വിഭാഗത്തില്‍ മുസ്‌ലിം വിരുദ്ധത കുത്തിവെക്കുന്നത് എത്രമാത്രം എളുപ്പമാണെന്ന മോദിക്ക് അറിയാം. അത് അദ്ദേഹം നന്നായി മുതലെടുക്കുന്നുമുണ്ട്.
2019 ലെ ഒരു രാഷ്ട്രീയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്നും അയോഗ്യനാക്കിയിരിക്കുകയാണ്. ‘ലളിത് മോദി, നീരവ് മോദി പോലെയുള്ള കള്ളന്മാര്‍ക്ക് എന്തുകൊണ്ടാണ് മോദി എന്ന് പേരു വന്നത്’ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാഹുലിന്റെ പ്രഭാഷണം ഇംഗ്ലീഷിലായിരുന്നു. അതിന് പരിഭാഷയുമുണ്ടായിരുന്നു. അശ്ലീലവും അസഭ്യവുമായ ഒരു പ്രയോഗവും രാഹുല്‍ നടത്തിയിട്ടില്ലെന്ന കാര്യത്തില്‍ എനിക്ക് അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കാനാകും.
2019 ല്‍ കൊല്ലാറില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അശ്ലീലമായതൊന്നുംതന്നെ രാഹുല്‍ ഗാന്ധിയില്‍നിന്നും എനിക്ക് കേള്‍ക്കാനായിട്ടില്ല. ഞാന്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലായിരുന്നു. രാഹുലിന്റെ പ്രസ്താവനകള്‍ തീവ്രവമായിരുന്നെന്നും രൂക്ഷവും ഒഴിഞ്ഞുമാറാനാകാത്തതുമായ രാഷ്ട്രീയ ആക്രമണവുമായിരുന്നെന്ന് അതെന്ന് എനിക്ക് വ്യക്തായ ബോധ്യമുണ്ട്.

ഗുജറാത്തിലേക്ക് മടങ്ങുമ്പോള്‍

ഞാന്‍ ഗുജറാത്തില്‍നിന്നാണ് വരുന്നത്. പൊതു വ്യവഹാരങ്ങളിലെ മര്യാദയുടെ അഭാവം 2001 മുതല്‍ തന്നെ ഞാന്‍ കേള്‍ക്കുകയും കാണുകയും നേരില്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനുമുമ്പ് ബിജെപി അധികാരിത്തിലുണ്ടായിരുന്നെങ്കിലും ധാര്‍മിക, സാമൂഹിക മേഖലകളില്‍ ഇത്രമാത്രം ജീര്‍ണത അനുഭവിച്ചിരുന്നില്ല. 1998 ല്‍ ഗുജറാത്ത് ബിജെപി നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയിയോട് ബിജെപിയെക്കുറിച്ചുള്ള തന്റെ സ്വപ്‌നത്തെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്.

‘ബിജെപി ഇന്ത്യ ഭരിക്കണം എന്നാണ് എന്റെ ആഗ്രഹം. അതിന്റെ തുടക്കം മഹാത്മാ ഗാന്ധിയുടെ ഭൂമിയില്‍നിന്ന് തന്നെയാകണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് വളരെ പ്രധാനപ്പെട്ടതാണ്. മഹാത്മാ ഗാന്ധി സംവിധാനിച്ച ബിംബങ്ങളെത്തന്നെ ഞങ്ങള്‍ പിന്തുടരും’ എന്നായിരുന്നു അദ്ദേഹം അന്നെന്നോട് പറഞ്ഞത്. വൈകാതെ വാജ്‌പേയി തന്റെ കുഴിമാടത്തിലേക്ക് മടങ്ങി.

ഗുജറാത്തിയിലും ഹിന്ദിയിലും സംസാരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പാഠവത്തിന് ഫുള്‍ മാര്‍കുതന്നെ നല്‍കാം. ഗുജറാത്തി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് ജനക്കൂട്ടത്തിനുമേല്‍ ജാലവിദ്യ പ്രയോഗിക്കാനാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദിയും മെച്ചപ്പെട്ടതാണ്. പക്ഷേ, ടെലിപ്രോംപ്റ്ററുകളുണ്ടായിട്ടും ഇംഗ്ലീഷ് പ്രസംഗത്തിലെ ഭാഷ ശുദ്ധിയും ഉച്ചാരണവും ആ പ്രസംഗത്തെ ഒരു തമാശയാക്കി മാറ്റുന്നു. പൊതു ഇടങ്ങളിലെ മര്യാദയെയും ഔചിത്യബോധത്തെയും നശിപ്പിച്ചു കളഞ്ഞതിന് മോദിയല്ലാതെ മറ്റാരാണ് കിരീടമണിയിക്കപ്പെടേണ്ടത്?

മോദിയുടെ പഴയ പ്രസംഗങ്ങളിലെ നിഗൂഢതകള്‍

2002 ലെ ഗൗരവ് യാത്രയില്‍ മോദി നടത്തിയ പ്രസംഗങ്ങളില്‍ ഒന്നുപോലും ഇപ്പോള്‍ യൂടൂബില്‍ ലഭ്യമല്ലാ എന്നത് തീര്‍ത്തും ആശ്ചര്യമുളവാക്കുന്നതും എന്നാല്‍ പ്രതീക്ഷിക്കപ്പെട്ടതുമാണ്. എന്നാല്‍, വളരെയേറെ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം എനിക്ക് ലഭിച്ച ഒരു പ്രസംഗത്തിന്റെ ലിങ്കിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അദ്ദേഹം സ്പഷ്ടമായി പറയുന്ന മറ്റൊരു കാര്യംകൂടിയുണ്ട്: ‘ഈ രാജ്യം എങ്ങനെ വികസിക്കാനാണ്? നിങ്ങളാകെ ഉള്ളത് അഞ്ചു പേരാണ്. പക്ഷേ, നിങ്ങള്‍ക്കുള്ളത് അമ്പത് പേരാണ്’. നാല് ഭാര്യമാരെ വിവാഹം കഴിക്കാന്‍ നിയമപ്രകാം അംഗീകാരമുള്ള മുസ്‌ലിംകളെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. അതിലൂടെ, മുസ്‌ലിംകള്‍ക്ക് ഒന്നിലധികം കുട്ടികളുണ്ടെന്നും അത് ആശങ്ക പരത്തുന്നതാണെന്നും മതഭ്രാന്തന്മാര്‍ക്കിടയില്‍ പറഞ്ഞുപരത്താന്‍ അദ്ദേഹത്തിനായി.

ഈ പ്രസ്താവനയില്‍ അത്രമാത്രം വെറുപ്പ് തോന്നുന്നില്ലായെങ്കില്‍ ഗുജറാത്തിലെ സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് നോക്കൂ: ‘നമ്മുടെ സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെക്കുറിച്ച് നല്ല ശ്രദ്ധയുള്ളവരാണ്. അവരെപ്പോഴും മെലിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നു.’

സോണിയാ ഗാന്ധിയുടെ നീച് രാജ്‌നീതി പരാമര്‍ശം മോദിയെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ദേശീയ രംഗത്ത് സോണിയയെ രാഷ്ട്രീയ വേട്ടയുടെ ഇരയാക്കാന്‍ ശ്രമിച്ചിട്ടും മോദിയുടെ പരിഹാസങ്ങളെയെല്ലാം നിശബ്ദമായി വിഴുങ്ങിക്കളഞ്ഞതിന് സോണിയാ ഗാന്ധി പ്രശംസ അര്‍ഹിക്കുന്നുണ്ട്. പക്ഷേ, സ്വന്തം അലസന്‍ പാര്‍ട്ടിതന്നെ സോണിയാ ഗാന്ധിക്ക് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നതാണ് സങ്കടകരം. എതിരാളികള്‍ക്കെതിരെയുള്ള തന്റെ അശ്ലീല പ്രഭാഷണങ്ങളും പ്രസ്താവനകളും ഒരിക്കലും കണ്ടെത്താനാവില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ഡിജിറ്റല്‍ സാമ്രാജ്യവും ഇന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉദാഹരണത്തിന്, ഗുജറാത്തില്‍ വെച്ച് ‘സോണിയാബെന്‍ തോ ഏക് ജേര്‍സി ഗായ് ചേ ഔര്‍ രാഹുല്‍ തോ ഏക് ഹൈബ്രിഡ് വചര്‍ഡു ചേ’ (സോണിയാ ഒരു ജേര്‍സിപ്പശുവാണ്, രാഹുല്‍ ഒരു സങ്കരയിന പശുക്കുട്ടിയും) എന്ന് ഇരുവരെയും പരിഹസിച്ച് മോദി പറഞ്ഞിരുന്നു. ‘സോണിയാ ഒരു വിദേശിയാണ്, ഒരു ഊമപ്പശുവാണ്. കാരണം, അവളൊരു ഇന്ത്യക്കാരനെയാണ് വിവാഹം കഴിച്ചത്. രാഹുലൊരു സങ്കരയിന പശുക്കുട്ടിയാണ്’ എന്ന് മേല്‍പറഞ്ഞ പ്രസ്താവനയോട് ചേര്‍ത്ത് മോദി വീണ്ടും ആവര്‍ത്തിച്ചിരുന്നു.

‘സോണിയയെ ഒരു ക്ലര്‍ക്കും രാഹുലിനെ ഒരു പ്യൂണും ആക്കിയാലെന്താ എന്ന് ഇരുപതോളം പേരാട് ഞാന്‍ ചോദിച്ചു’ എന്ന മോദിയുടെ പരിഹാസം ഗുജറാത്ത് ജനതയെ ആവേശം കൊള്ളിച്ചു.

മോദിയെ കള്ളനാക്കിയുള്ള രാഹുലിന്റെ പരാമര്‍ശത്തിന് ഗുജറാത്തില്‍ വലിയ സ്വീകാര്യത ലഭിച്ചില്ല. കാരണം, അശ്ലീലവും അസഭ്യവും പ്രാകൃതവുമായ പ്രസംഗങ്ങള്‍ മാത്രം കേട്ട് ശീലിച്ചവരാണല്ലോ നമ്മള്‍. ‘നൂറ് കോടിയുടെ ഗേള്‍ഫ്രണ്ട്’ എന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തെപോലും മോദിയുടെ ‘നര്‍മബോധം’ എന്ന് നാം കൈയടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നല്ലോ.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles