Current Date

Search
Close this search box.
Search
Close this search box.

കൈറോയിലെ ചര്‍ച്ചില്‍ സ്‌ഫോടനം: പത്തു പേര്‍ കൊല്ലപ്പെട്ടു

കൈറോ: ഈജിപ്തിലെ കൈറോയിലെ കോപ്റ്റിക് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര്‍ കോപ്റ്റിക് ക്രിസ്ത്യാനികളാണ്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ആക്രമിയെ വധിച്ചു. രണ്ടാമത്തെ ആക്രമിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഈജിപ്ഷ്യന്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇതേ ജില്ലയില്‍ ക്രിസ്ത്യന്‍ വിശ്വാസിയുടെ ഉടമസ്ഥതയിലുള്ള കടക്കു നേരെയും വെടിവെപ്പുണ്ടായി. ഇവിടെ രണ്ടു പേരും മരിച്ചതായി ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈജിപ്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്കു നേരെ രണ്ടായിരത്തിലധികം ആക്രമണമാണുണ്ടായത്. അതേസമയം, ഈജിപ്ത് ആഭ്യന്തര മന്ത്രാലയം ആക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ചര്‍ച്ച് ആക്രമണത്തിനു പിന്നാലെ സിനായി പ്രവിശ്യയില്‍ സൈനിക വാഹനത്തിനു നേരെയും ഭീകരരുടെ ആക്രമണമുണ്ടായി. ഇതില്‍ ആറു സൈനികരും മൂന്നു ആക്രമികളും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. മേഖലയില്‍ ഏറെക്കാലമായി ഐ.എസ് സാന്നിധ്യം ശക്തമാണ്.  

 

Related Articles