Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് മുഫ്തിയുടെ സന്ദര്‍ശനത്തിനെതിരെ ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം

ജോഹന്നാസ്ബര്‍ഗ്: ഈജിപ്ഷ്യന്‍ മുഫ്തി ശൗഖി അലാം ഒക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തോട് അവിടത്തെ ഇസ്‌ലാമിക കൂട്ടായ്മകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2013 ജൂലൈ 3ന് ഈജിപ്തിലുണ്ടായ സൈനിക അട്ടിമറിയെ എതിര്‍ത്തവര്‍ക്കെതിരെയുള്ള കൂട്ടവധശിക്ഷാ വിധി ശരിവെച്ച മുഫ്തിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കമുള്ള മുസ്‌ലിം സ്ഥാപനമായി കണക്കാക്കുന്ന ഇസ്‌ലാമിക് ജുഡീഷ്യല്‍ കൗണ്‍സില്‍ മുഫ്തിയുടെ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു. മുഫ്തിക്ക് സ്വീകരണം നല്‍കണമെന്ന ഈജിപ്ഷ്യന്‍ എംബസി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയിലാണ് കൗണ്‍സില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മുഫ്തിയെ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കൗണ്‍സില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുഫ്തിയുടെ സന്ദര്‍ശനത്തിനെതിരെ ദക്ഷിണാഫ്രിക്കയിലെ ദശീയ വിമോചന പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന പ്രകടനങ്ങള്‍ ദോഷഫലങ്ങളുണ്ടാക്കുന്ന തരത്തിലേക്ക് വഴിമാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി. ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുര്‍സി അടക്കമുള്ള അട്ടിമറിയെ എതിര്‍ത്തവര്‍ക്കെതിരെയുള്ള വധശിക്ഷാ വിധി ശരിവെച്ചതിന്റെ പേരിലാണ് മുഫ്തിക്കെതിരെ പ്രതിഷേധം.
അട്ടിമറി വിരുദ്ധര്‍ക്കെതിരെയുള്ള വധശിക്ഷാ വിധികള്‍ ശരിവെച്ച മുഫ്തിക്ക് സ്വീകരണം നല്‍കുന്നതിനെ അപലപിച്ച ഇസ്‌ലാമിക് ജൂഡീഷ്യല്‍ കൗണ്‍സില്‍ മുഫ്തി ത്വാഹാ കറാന്‍ സന്ദര്‍ശനത്തോടുള്ള തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ ജംഇയ്യത്തുല്‍ ഉലമാഉല്‍ മുസ്‌ലിമൂന്‍ എന്ന കൂട്ടായ്മയും സന്ദര്‍ശനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക നവോത്ഥാനത്തോട് യുദ്ധം ചെയ്യുന്ന സ്വച്ഛാധിപത്യ ഭരണകൂടത്തെ അടിമുടി പിന്തുണക്കുന്നയാളാണ് ഈജിപ്ഷ്യന്‍ മുഫ്തി. ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ സീസിക്കൊപ്പമാണ് അയാള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുഫ്തിയുടെ സന്ദര്‍ശനത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടിരിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ മുന്‍പന്തിയിലുള്ളത് ദക്ഷിണാഫ്രിക്കന്‍ അഭിഭാഷക കൂട്ടായ്മയാണ്. നിരപരാധികള്‍ക്കെതിരെയുള്ള വധശിക്ഷ ശരിവെച്ച മുഫ്തിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ കോടതിയെ സമീപിച്ചിരിക്കുകയാണ്. മുമ്പ് സീസിയുടെ അറസ്റ്റിന് നടത്തിയ ശ്രമം പോലെ മുഫ്തിയെ അറസ്റ്റ് ചെയ്യിക്കാനാണ് ശ്രമിക്കുന്നതെന്ന് അഭിഭാഷക യൂണിയന്‍ പ്രസിഡന്റ് ദാകിര്‍ മായാത് പറഞ്ഞു. 2015 ജൂണില്‍ ആഫ്രിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്ന സീസി അതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. മുഫ്തിയുടെ സന്ദര്‍ശനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. മുസ്‌ലിം വേദികളും അദ്ദേഹത്തിന്റെ വരവിനെ എതിര്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ ജനതയെയും അവരുടെ സ്വതന്ത്ര വിധിയെയും ഭയന്ന് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രതീകങ്ങള്‍ നെല്‍സണ്‍ മണ്ടേലയുടെ നാട് സന്ദര്‍ശിക്കാനൊരുങ്ങിയാല്‍ അവര്‍ക്കെതിരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. എന്നും അദ്ദേഹം വിവരിച്ചു.

Related Articles