Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുടെ യാത്രാ വിലക്ക് ലജ്ജാകരം: ഇറാന്‍ വിദേശകാര്യ മന്ത്രി

തെഹ്‌റാന്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്ത വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി ശരിക്കും ലജ്ജാകരമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ്. ഇറാന്‍കാരായ മുത്തച്ഛന്‍മാര്‍ക്ക് അവരുടെ കൊച്ചുമക്കളെ കാണുന്നതിന് അമേരിക്കയിപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്, മുഴുവന്‍ ഇറാന്‍ ജനതയോടും അന്ധമായ ശത്രുതവെച്ചു പുലര്‍ത്തുന്ന ഇത് ശരിക്കും ലജ്ജാകരമായ കാര്യമാണെന്ന് ട്വിറ്ററില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടു പറഞ്ഞു.
ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തങ്ങളുടെ ഉറ്റബന്ധുക്കള്‍ അമേരിക്കയില്‍ ഇല്ലെങ്കില്‍ വിസ വിലക്കുന്നതാണ് പുതിയ നിയന്ത്രണം. മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്‍, എന്നിവരെയാണ് അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുത്തശ്ശന്‍, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്‍, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച നിര്‍ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ദശലക്ഷത്തിലേറെ ഇറാന്‍ വംശജര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ജീവിക്കുന്നുണ്ട്. പ്രസ്തുത കുടുംബങ്ങളെ പ്രസിഡന്റ് ട്രംപിന്റെ ഈ നടപടി ആശങ്കയിലാക്കിയിരിക്കുകയാണ്. ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് 90 സന്ദര്‍ശന വിലക്കും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തുന്നത് ഭീകരര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്.
ഈ തീരുമാനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തി #GrandparentsNotTerrorists എന്ന ഹാഷ് ടാഗുമായി നിരവിധി അമേരിക്കക്കാരും ഇറാനികളും രംഗത്ത് വന്നിട്ടുണ്ടെന്നും എന്‍.ഡി.ടി.വി റിപോര്‍ട്ട്‌സൂചിപ്പിച്ചു.

Related Articles