Current Date

Search
Close this search box.
Search
Close this search box.

നേരത്തെയുള്ള വിവാഹം: മ്ലേച്ഛതകളില്‍ നിന്നുള്ള മോചനം

ring.jpg

അല്ലാഹു അവന്റെ അടിമകള്‍ക്ക് അനുവദിച്ച വലിയൊരു അനുഗ്രഹമാണ് വിവാഹം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അത് അഭികാമ്യമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനായി അവരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഖുര്‍ആനും സുന്നത്തും. അല്ലാഹു പറയുന്നത് കാണുക : ‘അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റു സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്.’ (4:3) ഇത് പ്രവാചകന്റെ സുന്നത്തില്‍ ഉള്‍പെട്ട കാര്യമാണെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ‘വിവാഹം എന്റെ ചര്യയില്‍പെട്ടതാണ്. ആര്‍ എന്റെ ചര്യ അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലയോ അവന്‍ നമ്മില്‍പെട്ടവനല്ല. നിങ്ങള്‍ വിവാഹം കഴിക്കുക. എന്റെ സമൂഹമാവണം ഏറ്റവും കൂടുതലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ! ആര്‍ക്കെങ്കിലും ഇതിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അത് അവനൊരു പരിചയായിരിക്കും.’ ഇത് മുമ്പുള്ള പ്രവാചകന്മാരുടെയും ചര്യയാണ്. ‘നിനക്കുമുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്.’ (13:38) ഇത് ഇണകള്‍ക്ക് വിശുദ്ധിയും പ്രതിരോധവുമാണ്. അധര്‍മങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷയുമാണ്.

വിവാഹം അപ്രാപ്യമാകുന്നതിന്റെ പ്രശ്‌നങ്ങള്‍
ഒരിക്കള്‍ പ്രവാചകന്റെ കൂടെ അനുയായികള്‍ യാത്രചെയ്യുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ സൂറത്തുതൗബയിലെ ചില ആയത്തുകള്‍ ഇറക്കപ്പെട്ടു. ‘സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: ‘ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക.’ (9 : 34,35) അപ്പോള്‍ ചില ആളുകള്‍ പ്രവാചകനോട് ചോദിച്ചു. സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചു വെക്കരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നല്ല ധനം എന്താണെന്ന് അറിഞ്ഞാള്‍ ഞങ്ങള്‍ക്ക് അത് സമ്പാദിക്കാമായിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘ഏറ്റവും ശ്രേഷ്ടമായ ധനം ദൈവസ്മരണയുള്ള നാവും നന്ദിയുള്ള ഹൃദയവും തന്റെ വിശ്വാസത്തിലും മറ്റു നന്മകളിലും തന്നെ സഹായിക്കുന്ന ഭാര്യയുമാകുന്നു. (അഹ്മദ്, തിര്‍മിദി)
ഇസ്‌ലാമിക നിയമങ്ങളും ശരീഅത്തും യുവാക്കളെ വിവാഹം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന് പറമേ യുവാക്കള്‍ക്ക് വിവാഹം ചെയ്യാനുള്ള സൗകര്യങ്ങള്‍ പരമാവധി ഒരുക്കിക്കൊടുക്കാനും അവര്‍ക്ക് അത് എഴുപ്പമാക്കിക്കൊടുക്കാനും ഇസ്‌ലാം രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നുമുണ്ട്. അല്ലാഹു പറയുന്നു: ‘നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.’ (24:32)
എന്നാല്‍ ഇന്ന് വിവാഹമെന്നത് വളരെ വലിയ പ്രയാസമേറിയ കാര്യമാണ്. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുകയെന്നത് പുരുഷന്മാര്‍ക്ക് സാധിക്കാത്ത രൂപത്തിലാണ് കാര്യങ്ങളിപ്പോഴുള്ളത്. കുടുംബത്തിന്റെ ചെലവും ഭാര്യക്ക് മഹ്‌റും വലീമത്ത് നല്‍കാനുള്ള ചെലവും എല്ലാം ഒരു യുവാവ് കണ്ടെത്തിയാല്‍ മാത്രമേ ഇന്ന് സമൂഹം അവന്‍ വിവാഹിതനാകാനായിട്ടുണ്ടെന്ന് അംഗീകരിക്കുകയുള്ളൂ.
എന്നാല്‍ ലൈഗികത എന്തെന്ന് അറിയാനുള്ള ജിജ്ഞാസ സജീവമായി നില്‍ക്കുന്ന കാലമായ യുവത്വത്തിന്റെ തുടക്കത്തില്‍ അവരുടെ ലൈംഗികതയെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ധാര്‍മികാധപതനത്തിലേക്കാണ് സമൂഹത്തെ നയിക്കുക. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താ വിനിമയ മാര്‍ഗങ്ങളും മറ്റ് സൗകര്യങ്ങളും കൂടുതലുള്ള ഇക്കാലത്ത് പ്രത്യേകിച്ചും. അപ്രകാരം സമൂഹത്തിന് യുവത്വം തലക്ക് മുകളില്‍ തൂങ്ങുന്ന ഒരു വാളായിട്ടാണ് അനുഭവപ്പെടുക. കുടുംബത്തിന് ഉറക്കും അന്തസ്സും നഷ്ടമാകാനുള്ള കാരണങ്ങളുമാകും ഇവര്‍.

ക്രിയാത്മകമല്ലാത്ത ആചാരങ്ങളും തടസ്സങ്ങളും
പല സമൂഹങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട് വലിയ ദുരാചാരങ്ങളും ചട്ടങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരം ആചാരങ്ങളും നിബന്ധനകളും എല്ലാം പൂര്‍ത്തിയാക്കിയാലേ ഇവര്‍ക്ക് വിവാഹം കഴിക്കാനുള്ള അനുവാദം നല്‍കപ്പെടാറുള്ളൂ. ശാരീരികവും ലൈഗികവുമായി പൂര്‍ണ വളര്‍ച്ചയിലെത്തിയ യുവതീ യുവാക്കള്‍ അവിവാഹിതരായി കഴിയാന്‍ ഇത്തരം ആചാരങ്ങള്‍ കാരണമാകാറുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുളള സ്ത്രീധന സമ്പ്രദായം ഇതിന് വലിയൊരുദാഹരണമാണ്. പല യുവതികളുടെയും വിവാഹ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത് ഇതാണ്. ഇനി ചില അറബ് രാഷ്ട്രങ്ങളില്‍ കാര്യം നേര്‍ വിപരീതമാണ്. സ്ത്രീക്ക് എന്തു അവിടെ മഹ്‌റായി ആവശ്യപ്പെടാം. സാധാരണ ഗതിയില്‍ ഒരു യുവാവിന് നല്‍കാന്‍ സാധിക്കാത്ത മഹ്‌റാണ് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുക. അതുകൊണ്ട് ഇത്തരം യുവാക്കള്‍ക്കും വിവാഹം അപ്രാപ്യമാകുന്നു.
യഥാര്‍ഥത്തില്‍ പുരുഷത്വത്തിന്റെ പൂര്‍ണതയും സ്ത്രീത്വത്തിന്റെ ഉന്നതിയും അനുഭവിക്കണമെങ്കില്‍ ഇത്തരം വികാരങ്ങള്‍ ശക്തമായി അനുഭവപ്പെടുന്ന കാലത്തായിരിക്കണം വിവാഹം നടക്കേണ്ടത്. സമൂഹം അന്യായമായി പടച്ചുണ്ടാക്കുന്ന ഇത്തരം നിബന്ധനകളും തടസ്സങ്ങളും കാരണം യുവതി-യുവാക്കളുടെ അവകാശങ്ങള്‍ തടയപ്പെടുന്നത് വലിയ ദുരന്തത്തിലേക്കാണ് നയിക്കുക. സമൂഹത്തിന്റെ ഘടനതന്നെ നശിക്കാന്‍ ഇത് കാരണമാകും. പുരുഷന്മാരെ സ്ത്രീകള്‍ക്ക് വേണ്ടിയും സ്ത്രീകളെ പുരുഷന്മാര്‍ക്ക് വേണ്ടിയുമാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അത് കണക്കിലെടുക്കാതെ സമൂഹം അവരുടെ ഇടയില്‍ അന്യായമായ നിബന്ധനകളും ആചാരങ്ങളും നിര്‍മ്മിക്കാന്‍ പാടില്ല.

പഠനം വിവാഹത്തിന് തടസ്സമാവേണ്ടതില്ല
ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് പഠനത്തിന്റെയും ജോലിയുടെയും പേരില്‍ വിവാഹം നീട്ടിവെക്കുകയെന്നത്. ദുരന്തത്തിലേക്കാണ് ഇത്തരം നടപടികള്‍ നമ്മെ നയിക്കുകയെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിക്കുകയാണ്. എല്ലാം കൊണ്ടും യോജിക്കുന്ന യുവാക്കളുടെ വിവാഹാഭ്യര്‍ഥനകള്‍ പോലും പെണ്‍കുട്ടിയുടെ പഠനം പറഞ്ഞ് രക്ഷിതാക്കള്‍ മുടക്കാറുണ്ട്. അതുപോലെ തന്നെ കുടുംബം കൊണ്ടും ദീനുകൊണ്ടും എല്ലാം യോജിക്കുന്ന വിവാഹാലോചനകള്‍ യുവാവ് ഇപ്പോഴും പഠിക്കുകയാണ് അവന് ജോലിയില്ലെന്ന കാരണത്താല്‍ ഒഴിവാക്കപ്പെടാറുണ്ട്. രക്ഷിതാക്കള്‍ ഇതിലെല്ലാം ചില നല്ലകാര്യങ്ങള്‍ കാണുന്നുണ്ടാകാം. പക്ഷെ വാര്‍ത്താവിനിമയ മാര്‍ഗങ്ങളും സ്ത്രീ-പുരുഷ ബന്ധവും ഇത്രയും ജനകീയവല്‍കരിക്കപ്പെട്ട കാലത്ത് ഇത് അപകടമാണ് കൂടുതല്‍ ഉണ്ടാക്കുക. അതുകൊണ്ടാണ് പ്രവാചകന്‍ യോജിച്ച വിവാഹാലോചനകള്‍ വന്നാല്‍ വിവാഹം നടത്തിക്കൊടുക്കണമെന്ന് പഠിപ്പിച്ചത്. പ്രവാചകന്‍ പറഞ്ഞു: ‘ദീനും സ്വാഭാവവും കൊണ്ട് നിങ്ങള്‍ക്ക് തൃപ്തിയായവന്‍ നിങ്ങളോട് വിവാഹാന്വേഷണം നടത്തിയാല്‍ അത് നിങ്ങള്‍ സ്വീകരിക്കുക. നിങ്ങള്‍ മറ്റെന്തെങ്കിലും ന്യായങ്ങള്‍ പറഞ്ഞ് ഇത്തരം അനുയോജ്യമായ ബന്ധങ്ങളില്‍ നിന്ന പിന്മാറുകയാണെങ്കില്‍ അത് ഭൂമിയില്‍ അധാര്‍മികതയും കുഴപ്പങ്ങളും സൃഷ്ടിക്കും.’
പുതുതലമുറക്ക് വിദ്യാഭ്യാസവും ജോലിയും അനിവാര്യമാണ്. അതിന്റെ ആവശ്യകത ഇവിടെ നിഷേധിക്കുന്നില്ല. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ കൗമാരത്തില്‍ തന്നെ ലൈംഗികത പരീക്ഷിച്ചറിയാനുള്ള പ്രേരണകള്‍ നല്‍കപ്പെടുന്ന ചുറ്റുപാടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ചെറുപ്രായത്തില്‍ വിവാഹിതരായ ശേഷം ആണിനും പെണ്ണിനും പഠിക്കാവുന്നതും ജോലി നേടാവുന്നതുമാണ്. അവര്‍ അവിവാഹിതരായി കഴിഞ്ഞ് അധാര്‍മികതകളിലെത്തി നശിച്ചുപോകുന്നതിനെക്കാളും സമൂഹ പുരോഗതിക്ക് ഉത്തമം നേരത്തെ വിവാഹിതരായി പഠിച്ച് കുടുംബം പോറ്റി സമൂഹത്തിന് സേഹനം ചെയ്യുന്നതാണ്.

മഹ്‌റിന്റെ തോത്
മഹ്‌റ് വര്‍ദ്ധിച്ച് വിവാഹിതനാവാന്‍ സാധിക്കാതിരിക്കുക എന്ന് പറയുമ്പോള്‍ അറബ് രാഷ്ട്രങ്ങളെ മാത്രമാണ് കാര്യമായി നമുക്ക് ഓര്‍മയിലേക്ക് വരിക. എന്നാല്‍ കാര്യങ്ങള്‍ അവിടെയ മാത്രമല്ല ഉള്ളത്. കുടുംബത്തിന്റെ അന്തസ്സും അഹങ്കാരവും കാണിക്കാനുള്ള ഒരു അടയാളമായി ഇന്ന് നമ്മുടെ നാട്ടിലും മാറിയിട്ടുണ്ട്. ചില സ്ത്രീകളുടെ പിതാക്കള്‍ ആവശ്യപ്പെടുന്നത് ഇത്ര പവന്‍ എന്റെ മകള്‍ക്ക് മഹ്‌റായി ലഭിക്കണം. ഞാന്‍ സ്ത്രീധനമായി എത്രയും തരാന്‍ തയ്യാറാണ്. കാരണം അയാള്‍ക്ക് അയാളുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുമ്പില്‍ അഹങ്കരിക്കാനുള്ള കാര്യമാണ് തന്റെ മകള്‍ക്ക് കിട്ടിയ മഹ്‌റിന്റെ കണക്ക്.
അതുപോലെ നമ്മിലെ യുവാക്കളുടെ കുടുംബവും മഹ്‌റിന്റെ കാര്യത്തില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. വരനാകുന്ന യുവാവിന്റെ ജോലിയും ശമ്പളവും വെച്ച് നല്‍കാന്‍ സാധിക്കുന്നതിലും എത്രയോ ഇരട്ടി മഹ്‌റ് നല്‍കണമെന്ന് യുവാവിന്റെ കുടുംബം തന്നെ വാശി പിടിക്കാറുണ്ട്. കാരണം അവരുടെ മറ്റ് മക്കളോ അല്ലൊങ്കില്‍ കുടുംബത്തിലെ മറ്റ് യുവാക്കളോ വിവാഹിതരാകുമ്പോള്‍ കൊടുത്ത മഹ്‌റ് വലിയ സംഖ്യയായിരിക്കും. അതില്‍ നിന്നും മഹ്‌റിന്റെ സംഖ്യ കുറയുന്നത് അവര്‍ക്ക് ഒരിക്കലും ഉള്‍കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ യുവാവിന് അത്രയും വലിയ സംഖ്യ സമ്പാദിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും അതിന്റെ മാത്രം പേരില്‍ വിവാഹം താമസിക്കുന്നു. ഇതും യുവാക്കളുടെ ജീവിതത്തെയും സദാചാരത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ഇത്തരം കാര്യങ്ങള്‍ മുമ്പില്‍ കണ്ടാണ് മഹാനായ ഉമര്‍ (റ) പറഞ്ഞത്: ‘സ്ത്രീകളുടെ മഹ്‌റിന്റെ കാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. അത് ഒരു പരിഗണനയും സൂക്ഷമതയുമാണ്. നിങ്ങള്‍ക്കതിന് വലിയ മാതൃക പ്രവാചകന്‍ തന്നെയാണ്.’

സ്വഭാവത്തിനും വിശ്വാസത്തിനും മുന്‍ഗണന നല്‍കുക
ഇന്ന് ചില രക്ഷിതാക്കള്‍ തറവാടിന്റെയും സമ്പത്തിന്റെയും നാടിന്റെയും പേരില്‍ നല്ല ദീനീ നിഷ്ഠയുള്ള യുവാക്കളുടെ വിവാഹാലോചനകള്‍ സ്വീകരിക്കാതിരിക്കാറുണ്ട്. അപ്രകാരം യുവതീ-യുവാക്കളുടെ വിവാഹം വൈകാന്‍ അതും തടസ്സമാകാറുണ്ട്. പ്രവാചകന്‍ തന്റെ അനുയായികള്‍ക്കിടയില്‍ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ച ഒരു കാര്യമായിരുന്നു വിവാഹത്തിന് കുടുംബവും തറവാടും സമ്പത്തും അടിസ്ഥാനമാക്കുകയെന്നത്. ദീനിനും സ്വഭാവത്തിനും വിശ്വാസത്തിനുമായിരിക്കണം യഥാര്‍ഥത്തില്‍ പ്രഥമവും പ്രധാനവുമായ പരിഗണന നല്‍കേണ്ടത്. അല്ലാഹുവിന്റെ മുമ്പില്‍ തറവാടിനോ സമ്പത്തിനോ ഒരു പരിഗണനയും ഉണ്ടായിരിക്കുകയില്ല. അല്ലാഹു പറയുന്ന: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’
പ്രവാചകന്‍ അദ്ദേഹത്തിന്റെ ഈ നിലപാട് തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ദീനും വിശ്വസ്തതയും സ്വഭാവവുമാണ് അദ്ദേഹം വിവാഹത്തില്‍ പരിഗണിച്ചിരുന്നത്. അടിമയായിരുന്ന സൈദുബ്‌നു ഹാരിസയെ പ്രവാചക കുടുംബത്തില്‍ നിന്നുള്ള സൈനബ് ബിന്‍ത് ജഹ്ശുമായി വിവാഹം ചെയ്യിപ്പിച്ചതും യുദ്ധത്തടവുകാരിയായി പിടിച്ച സ്വഫിയ ബിന്‍ത് ഹുയയ്യിനെ പ്രവാചകന്‍ വിവാഹം കഴിച്ചതും പ്രവാചക കുടുംബത്തില്‍ നടന്ന സംഭവങ്ങളാണ്. സ്വഹാബികളിലും ഇത്തരം ധാരാളം ഉദാഹരണങ്ങളുണ്ട്. അവയിലൊന്നാണ് അബൂഹുദൈഫത്തുല്‍ യമാനിയുടെ സഹോദരപുത്രിയായ ഹിന്ദിനെ വിവാഹം കഴിപ്പിച്ചുകൊടുത്തത് അദ്ദേഹം മോചിപ്പിച്ച അടിമക്കായിരുന്നു. ഇതുപോലുള്ള ധാരാളം സംഭവങ്ങള്‍ നമുക്ക് ഗുണപാഠമായി ചരിത്രത്തിലുണ്ട്.

നേരത്തെയുള്ള വിവാഹത്തിന്റെ നേട്ടങ്ങള്‍
വധൂവരന്മാര്‍ക്ക് വളരെ സുന്ദരവും സുദീര്‍ഘവുമായ ഭാവി മുന്നില്‍ തുറക്കപ്പെടുന്നു എന്നതാണ് നേരത്തെ വിവാഹിതരാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഇത് സമൂഹത്തിനും കുടുംബത്തിനും വലിയ ഉപകാരമായിരിക്കും. പരസ്പരം സഹകരിച്ച് സഹായിച്ച് ചുറ്റുപാടുകളില്‍ നിന്നും വികാരങ്ങളില്‍ നിന്നുമുള്ള വെല്ലുവിളികളെ നേരിട്ട് വിജയകരമായി ജീവിതം മുന്നോട്ടു നയിക്കാന്‍ വിവാഹം കൗമാരക്കാരെ സഹായിക്കുന്നു.
യുവത്വത്തിന്റെ തുടക്കമെന്നത് വൈകാരികമായി വളരെ അപകടകരമായ സമയമാണ്. തങ്ങളുടെ ലൈംഗിക വികാരങ്ങളും ജിജ്ഞാസകളും പരീക്ഷിക്കാനും അനുഭവിക്കാനും മനസ്സ് തുള്ളിക്കൊണ്ടിരിക്കും. സ്ത്രീക്കും പുരുഷനും ഒരു പോലെ എന്താണ് ലൈഗികത എന്ന് അറിയാനുള്ള ത്വര സജീവമായിരിക്കും. അതുകൊണ്ടു തന്നെ ഈ സമയത്ത് വിവാഹം കഴിക്കുന്നത് ഈ വൈകാരികത ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം പങ്കുവെക്കാന്‍ സഹായിക്കുന്നു. അതുപോലെ ആണും പെണ്ണും കുടുംബത്തിനും വിവാഹത്തിനും പുറത്ത് ലൈംഗികത പരീക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു.
വാര്‍ത്താവിനിമയ മാധ്യമങ്ങളും മീഡിയകളും ഇത്രയും വികസിച്ച കാലത്ത് യുവത്വത്തിന്റെ ചോരത്തിളപ്പിനെ ചൂഷണം ചെയ്യാനും ഉപയോഗപ്പെടുത്താനും ധാരാളം മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൗമാരക്കാരെ ലൈംഗികമായും സാമ്പത്തികമായും അവര്‍ ഉപയോഗിക്കുന്നുണ്ട്. യുവതീ-യുവാക്കളെ ഇത്തരം മാഫിയകളുടെ പിടിയില്‍ നിന്ന് രക്ഷിക്കാനും ഈ പ്രായത്തിലുള്ള വിവാഹം സഹായിക്കും. അല്ലാഹു പഠിപ്പിച്ചത് പോലെ സ്‌നേഹവും കാമവും പ്രണയവുമെല്ലാം അനുഭവിക്കാനുള്ള നിയമപരമായ മാര്‍ഗമാണ് വിവാഹം. പ്രായത്തിന്റെയും വികാരത്തിന്റെയും അപക്വതയില്‍ നിന്ന് രക്ഷ നേടാവുന്ന സമാധാനത്തിന്റെ കേന്ദ്രവുമാണിത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (30:21) ഇണയില്‍ സമാധാനം കണ്ടെത്തുക എന്നതിന്റെ അര്‍ഥം മാനസികവും ശാരീരികവുമായ സമാധാനം ഉള്‍കൊള്ളുന്നതാണ്. സ്‌നേഹവും കാരുണ്യവുമെന്നത് അല്ലാഹു മനുഷ്യരില്‍ ഉണ്ടാക്കിയിരിക്കുന്ന അതിസുന്ദരമായ ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ അവ പൂര്‍ണതയോടെ അനുഭവിക്കണമെങ്കില്‍ നേരത്തെയുള്ള വിവാഹം നല്ലതാണ്.
ധാരാളം സന്താനങ്ങളുണ്ടാവുമെന്നതാണ് നേരത്തെ വിവാഹിതരാകുന്നതിന്റെ മറ്റൊരു ഗുണം. മാത്രമല്ല മാതാപിതാക്കള്‍ക്ക് പ്രായം കൂടുന്നതിന് മുമ്പ് തന്നെ മക്കള്‍ സമ്പാദിക്കാനും മാതാപിതാക്കളെ സേവിക്കാനും കഴിവുള്ളവരാകുമെന്നതും നേരത്തെ വിവാഹം കഴിക്കുന്നതിന്റെയും കുട്ടികളുണ്ടാവുന്നതിന്റെയും ക്രിയാത്മക ഗുണമാണ്. ഇന്ന് സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് കുട്ടികള്‍ക്ക് പ്രായമായി മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിവുള്ളവരാകുന്നതിന് മുമ്പുതന്നെ മാതാപിതാക്കള്‍ രോഗികളും വരുമാനമില്ലാത്തവരും ആകുന്നത്. ചെറുപ്രായത്തില്‍ തന്നെ യുവാക്കള്‍ പഠനം ഉപേക്ഷിക്കാനും മറ്റും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധിതരാകാറുണ്ട്.
തലമുറയെ ചെറുപ്പത്തില്‍ തന്നെ ഉത്തരവാദിത്വ ബോധമുള്ളവരും കാര്യങ്ങള്‍ ഏറ്റൊടുക്കാന്‍ കെല്‍പ്പുള്ളവരുമാക്കാന്‍ സാധിക്കുമെന്നതാണ് ചെറുപ്പത്തില്‍ തന്നെ വിവാഹിതരാകുന്നതിന്റെ മറ്റൊരു നേട്ടം. തനിക്ക് ഒരു കുടുംബവും ഭാര്യയും മക്കളുമുണ്ടെന്ന യാഥാര്‍ഥ്യ ബോധം യുവാക്കളെ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. തന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും കൂടുതല്‍ ഉയരങ്ങളിലുള്ള ജോലികള്‍ നേടാനും അത് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഇനി വിവാഹിതനാകുന്ന യുവാവ് പഠിക്കുന്നവനാണെങ്കില്‍ തനിക്കും കുടുംബത്തിനും നല്ലരീതിയില്‍ ജീവിക്കാനാവശ്യമായ ജോലിയും കൂലിയും നേടാന്‍ വേണ്ടി പഠനത്തില്‍ അവന്‍ കഠിനാധ്വാനം നടത്തും. അതിലൂടെ പരമാവധി വൈജ്ഞാനിക നേട്ടങ്ങള്‍ ഉണ്ടാക്കാനും ഇത് യുവതീ-യുവാക്കളെ സഹായിക്കുന്നു.
ചുരുക്കത്തില്‍ നേരത്തെ വിവാഹിതരാവുകയും കുടുംബത്തിന്റെ ഘടനയില്‍ വരികയും ചെയ്യുന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ മ്ലേച്ഛതകളില്‍ നിന്നുള്ള മോചനവും നേര്‍വഴിയിലേക്കുള്ള മാര്‍ഗവുമാണ്. സദാചാരവും ധാര്‍മികതയും തകരാത്ത ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ഇത് സഹായകരമായിരിക്കും. മാത്രമല്ല, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇത്രയും പുരോഗമിച്ച കാലത്ത് കൗമാരക്കാരുടെ ജിജ്ഞാസയും കൗതുകവും മറ്റുള്ളവര്‍ ഉപയോഗപ്പെടുത്തുന്നതിനും മുമ്പ് അവരെ വിവാഹത്തിന്റെ ഉത്തരവാദിത്വബോധത്തിലേക്കും സുരക്ഷിതത്വത്തിലേക്കും എത്തിക്കുന്നതാണ് എന്തുകൊണ്ടും സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് നല്ലത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles