Current Date

Search
Close this search box.
Search
Close this search box.

വിവാഹ ധൂര്‍ത്ത് ; ഉത്തരവാദപ്പെട്ടവര്‍ മാതൃകയാവണം

സത്രീധനം, വിവാഹവുമായി ബന്ധപ്പെട്ട അനാചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തില്‍ തന്നെ മാതൃകയാക്കാവുന്ന മഹല്ലാണ് കുറ്റിയാടിക്കടുത്ത വേളം ശാന്തിനഗര്‍ മഹല്ല്. വിവാഹ ധൂര്‍ത്ത് കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്ന ഈ വേളയില്‍ കഴിഞ്ഞ 13 വര്‍ഷമായി മഹല്ല് പ്രസിഡന്റായി തുടരുന്ന എം. ഇബ്‌റാഹീം മാഷ് ഇസ്‌ലാംഓണ്‍ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖം.

-വിവാഹ ധൂര്‍ത്തും സ്ത്രീധനം പോലുള്ള അനാചാരങ്ങളില്‍ നിന്ന് ഒരു പരിധിവരെ മുക്തമായ മഹല്ലാണ് വേളം ശാന്തിനഗര്‍ മഹല്ല് എന്നറിയുന്നു. എന്താണ് ഈ മാറ്റത്തിന് കാരണം?
സ്ത്രീധനം വ്യാപകമായി ഉണ്ടായിരുന്ന നാടായിരുന്നു നമ്മുടേത്. ബോധവല്‍കരണവും ഗള്‍ഫ് സ്വാധീനത്തിന്റെയും ഫലമായി അത് ഇല്ലാതാവുകയായിരുന്നു. ഗള്‍ഫില്‍ പോയി വന്ന കുട്ടികള്‍ തങ്ങള്‍ക്ക് സ്ത്രീധനം വേണ്ടെന്നു വെക്കുകയായിരുന്നു. മുജാഹിദുകളും ജമാഅത്തുകാരും സുന്നികളുമെല്ലാം ഇതിലുള്‍പ്പെടും. പിന്നീട് സ്ത്രീധനം വാങ്ങാതിരിക്കുന്നത് ഒരു ഫാഷനായി മാറി. സ്ത്രീധനം പറഞ്ഞ് ശരിയാക്കലായിരുന്നു പണ്ട് നാട്ടുകാരണവന്മാരുടെ പ്രധാന പണി. പിന്നെ അവര്‍ക്ക് ആ റോളില്ലാതായി. അതോടെ നാട്ടുകാരണപ്പാടും ഇല്ലാതായി. നമ്മുടെ മഹല്ലില്‍ ഇപ്പോള്‍ സ്ത്രീധന സമ്പ്രദായം പൂര്‍ണ്ണമായി ഇല്ലാതായിക്കഴിഞ്ഞിരിക്കുകയാണ്. നിശ്ചിത പവന്‍ സ്വര്‍ണ്ണം ആവശ്യപ്പെടുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും പൂര്‍ണ്ണമായി ഇല്ലാതായിരിക്കുകയാണ്.

മഹല്ലിന്റെയും സംഘടനകളുടെയും ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമായി വര്‍ത്തിച്ചു. എങ്കിലും ഗള്‍ഫ് സ്വാധീനമാണ് ഇതിനെല്ലാം മുഖ്യ പങ്ക് വഹിച്ചത്. ഗള്‍ഫില്‍ പോകുന്ന ആളുകള്‍ അവിടെ ചെന്നിട്ട്  പല തരത്തിലുള്ള ആളുകളുമായിട്ടാണല്ലോ ബന്ധപ്പെടുന്നത്? യാത്ര ബുദ്ധി വര്‍ദ്ധിപ്പിക്കും എന്ന ഒരു ആപ്തവാക്യമുണ്ടല്ലോ? അതില്‍ നിന്നാണിതുണ്ടാകുന്നത്. അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയായിരുന്നു അവര്‍. മാത്രമല്ല, ആളുകള്‍ പലരും ഇന്ന് സ്വയം പര്യാപ്തരുമാണ്. ഒന്നും വാങ്ങേണ്ട ആവശ്യവുമവര്‍ക്കില്ല. പണ്ട് ഇതൊക്കെ വാങ്ങേണ്ടി വന്നത് ജീവിക്കാനുള്ള പ്രയാസം നിമിത്തമാണ്. സ്ത്രീധനം വാങ്ങുന്നതിലൂടെ അവരതിന് പരിഹാരം കണ്ടെത്തിയിരുന്നു.

-എന്നാല്‍ സ്വയം പര്യാപ്തരായവര്‍ പോലും സ്ത്രീധനം വാങ്ങുന്നത് കാണാം. എന്താണിതിന് കാരണം?.
സ്ത്രീധനം ഒരു സമ്പ്രദായമായി മാറിയത് കാരണത്താലാണ് അത് സംഭവിക്കുന്നത്. ആ സമ്പ്രദായം മാറ്റിയെടുക്കേണ്ടതുണ്ട്.

-എന്താണ് അതിനുള്ള മാര്‍ഗം?
നിരന്തര ബോധവല്‍കരണം അതിന് ആവശ്യമാണ്. കുറച്ചാളുകള്‍ അതിന് മുന്നിട്ടിറങ്ങിയിട്ട് മാതൃക കാണിക്കുകയും വേണം.

-ഈ മഹല്ലില്‍ അങ്ങനെ വല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടുണ്ടോ?
തീര്‍ച്ചയായും, ഇവിടെ അക്കാര്യത്തില്‍ ഏറ്റവും പ്രകീര്‍ത്തിക്കേണ്ടത് മുജാഹിദ് പ്രവര്‍ത്തകരേയാണ്. അവരാണ് ആദ്യമായിട്ട് ഈ നാട്ടില്‍ സ്ത്രീധനം വാങ്ങാതെ കെട്ടിത്തുടങ്ങിയത്. പിന്നെ ജമാഅത്തുകാര്‍ വന്നു. പിന്നെ എല്ലാവരും വന്നു.

-എന്തൊക്കെ ബോധവല്‍കരണ പരിപാടികളാണ് നടന്നിരുന്നത?
ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നേരത്തെയുണ്ട്. പക്ഷേ, ആദ്യഘട്ടത്തിലൊന്നും അത് വേണ്ടത്ര ഫലം കണ്ടിരുന്നില്ല. ബോധവല്‍കരണത്തിന്റെ ആളുകള്‍ പോലും സ്ത്രീധനം വാങ്ങിയിരുന്നുവെന്നതാണ് അതിന്റെ മുഖ്യ കാരണം. പിന്നെ കുറെയാളുകള്‍ സ്ത്രീധനം വാങ്ങാതിരിക്കാന്‍ ധൈര്യം കാണിച്ചു. എന്തിനും മാതൃകകള്‍ ആവശ്യമാണല്ലോ? സ്ത്രീധന വിഷയത്തിലും അത് ബാധകമാണ്.

-വിവാഹ ബഹിഷ്‌കരണം, മഹല്ലുകമ്മിറ്റിയുടെ നേത്യത്വത്തിലുള്ള നിസ്സഹകരണം പോലുള്ള വല്ല നടപടികളും സ്വീകരിച്ചിട്ടുണ്ടോ?
അങ്ങനെയൊരു നടപടി സ്വീകരിക്കേണ്ട ആവശ്യം നമുക്കുണ്ടായിരുന്നില്ല. മാത്രമല്ല, അത് വേണ്ടത്ര ഫലിക്കുകയും ചെയ്യില്ല. ഇക്കാലത്ത് പ്രത്രേകിച്ചും. കാരണം, ഇപ്പോള്‍ വേറിട്ടു നില്‍ക്കാന്‍ ആളുകള്‍ക്ക് യാതൊരു പ്രയാസവുമില്ല. അപ്പോള്‍ നമ്മള്‍ ബഹിഷ്‌കരിച്ചാലും അവര്‍ വിവാഹം അവരുദ്ദേശിച്ച വിധത്തില്‍ നടത്തും. ബോധവല്‍ക്കരണമാണ് പരിഹാരം. പറയുന്നവര്‍ അത് ചെയ്ത് കാണിച്ചു കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഫലം ചെയ്യും. പ്രത്രേകിച്ച് മേലേക്കിടയിലുള്ളവരും വിദ്യാഭ്യാസമുള്ളവരുമൊക്കെ ചെയ്തു കാണിക്കുമ്പോള്‍ വേഗത്തില്‍ അത് അനുകരിക്കപ്പെടും.

-നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനം നമ്മുടെ നാട്ടിലെ വിവാഹങ്ങളിലെ അനാചരങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചിട്ടുണ്ട്. മറ്റു മഹല്ലുകളുടെ അവസ്ഥയെന്താണ്?
നമ്മുടെ പരിസരത്തുള്ള അധിക മഹല്ലുകളിലും സ്ത്രീധനം വാങ്ങുന്നില്ല. ഗള്‍ഫ് സ്വാധീനമാണ് പ്രധാന കാരണം. പിന്നെ, നവോത്ഥാന സംഘടനകളുടെ സ്വാധീനം ഒറ്റൊയൊറ്റയായിട്ടാണെങ്കിലും എല്ലായിടത്തുമുണ്ട്. ഗള്‍ഫില്‍ ചെന്നിട്ട് ഇത്തരം സംഘടനകളുമായി ആളുകള്‍ ബന്ധം പുലര്‍ത്തുന്നതു മൂലമാണിത്. അത് കൊണ്ടും കൂടിയാണ് സ്ത്രീധനം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, അതൊരു താഴ്ന്ന ഏര്‍പ്പാടാണെന്ന ബോധം ചെറുപ്പക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുമുണ്ട്.

-സ്ത്രീകള്‍ നിശ്ചിത മഹര്‍ ചോദിച്ചു വാങ്ങുന്ന സമ്പ്രദായം ആംരംഭിച്ചിട്ടുണ്ടോ?
ഇപ്പോള്‍ തുടങ്ങിയിട്ടില്ല. തുടങ്ങാന്‍ സാധ്യതയുണ്ട്. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

-വിവാഹ ധൂര്‍ത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവയുടെ സാധ്യത എത്രത്തോളമാണ്?.
വിജയിക്കും. തീര്‍ച്ചയായിട്ടും വിജയിക്കും. നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ചില വിവാഹങ്ങള്‍ അതിന് ഉദാഹരണമാണ്. ധാരാളം ആളുകളെ സംഘടിപ്പിച്ചു കൊണ്ടും എന്നാല്‍ തീര്‍ത്തും ലളിതമായും തീരെ ആര്‍ഭാടമില്ലാതെയും നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ക്ക് സാമ്പത്തിക ചെലവും വളരെ കുറവാണ്. ആളുകള്‍ക്കിടയില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉയര്‍ന്നു വരുന്നത്. വിവാഹങ്ങള്‍ ആ രീതിയല്‍ നടത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നത്. വീട്ടില്‍ വെച്ച് നടത്തുന്നതിനുപകരം ധാരാളം ആളുകള്‍ക്ക് ഇടം നല്‍കിക്കൊണ്ട് പൊതു സ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരം വിവാഹങ്ങള്‍ നടത്തേണ്ടത്. നമ്മളതിന് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഓരോ മഹല്ലിലും ഇത്തരം പൊതുസ്ഥലം ഏര്‍പ്പാട് ചെയ്ത് വിവാഹം അവിടെ വെച്ച് കഴിക്കുക. ഇതിന് എത്രയോ ചെലവ് കുറയും, ടെന്‍ഷനും കുറയും.

-പ്രസ്താവനകള്‍ ഇറക്കുന്നതിലുപരി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ എങ്ങനെ സാധ്യമാകും?
സ്‌ക്വാഡ് നടത്തണം. എന്നാല്‍ നമ്മുടെ നാട്ടിലെ വിവാഹങ്ങളില്‍ വലിയൊരാര്‍ഭാടം അല്ലെങ്കില്‍ തന്നെയില്ല. എന്നാല്‍ ഓരോ മഹല്ലിലും അവിടെ ഏറ്റവും ശക്തിയുള്ള സംഘടനകളേക്കൊണ്ട് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യിക്കണം. ഏതായാലും ഇത്തരം സംഗതികള്‍ ഗുണപ്രദമാണ്. എല്ലാം മാറിക്കിട്ടണമെങ്കില്‍ ആരെങ്കിലും ഒന്ന് പറയണ്ടേ? ഉദ്‌ബോധനമാണല്ലോ എല്ലാറ്റിന്റെയും അടിസ്ഥാനം. ചിലയാളുകളില്‍ അത് വേഗം സ്വാധീനം ചെലുത്തും. ചിലയാളുകളില്‍ അതിന് സമയമെടുക്കും. ഏത് നവോത്ഥാനത്തിന്റെയും ഗതി അതാണല്ലോ.. അതുപോലെ തന്നെയാണ് ഇതും. ചിലയാളുകള്‍ക്ക് അവരുടെ അസ്ഥിത്വത്തിന്റെ പ്രശ്‌നം ഇതിലുണ്ട് ഞങ്ങളുടെ വിവാഹവും വീടും ഒക്കെ ഒന്ന് ഗംഭീരമാക്കിയാലെ ഞങ്ങള്‍ ഒരാളാകൂ എന്ന ഒരു തോന്നല്‍ ഉണ്ട്. അതും മാറണം. ചിലര്‍ക്ക് അതിന്റെ ആവശ്യമില്ല. ലളിതമായിത്തന്നെ നടത്തിയാലും അവര്‍ സ്വതവേ ഉയര്‍ന്ന് നില്‍ക്കുന്ന ആളുകളായിരിക്കും. ഇത് കൊണ്ട് അവര്‍ക്ക് ഉയര്‍ച്ച ഉണ്ടാക്കേണ്ട ആവശ്യമില്ല.  പലരും ഈ വേഷം കെട്ടാനുണ്ടായ ഒരു കാരണം അവരുടെ ഒരു ഈഗോ മാത്രമാണ്.  

-മഹല്ല് മുന്‍കയ്യെടുത്തു കൊണ്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?.
നമ്മുടെ ചുറ്റുപാടുള്ള മഹല്ലുകളില്ലാം വിവാഹ നിശ്ചയം അവരുടെ പള്ളികളിലാണ് നടക്കാറുള്ളത്. പള്ളികളില്‍ ചെല്ലുക. വിവാഹ തിയ്യതി നിശ്ചയിക്കുക. ചെറിയ ഒരു ചായ കൊടുക്കുക. പിരിയുക. മിക്കവാറും ഒരു മണിക്കുറിനുള്ളില്‍ തന്നെ എല്ലാം അവസാനിക്കാറുണ്ട്.

-എന്താണിതുകൊണ്ടുള്ള ഗുണം?
വീട്ടിലാകുമ്പോള്‍ ഇതിന് വലിയ സദ്യ ഒരുക്കണം. സമയം ഒരുപാടെടുക്കും. വീട്ടുകാര്‍ക്ക് അത് വലിയ ടെന്‍ഷനാണ്. വലിയ സാമ്പത്തികച്ചെലവാണ്. പള്ളിയിലാകുമ്പോള്‍ ഏകദേശം 40 മിനിറ്റ് കൊണ്ടു തന്നെ എല്ലാം അവസാനിക്കും.

-ഇതിനായി മഹല്ലില്‍ പ്രത്യേക കാമ്പയിന്‍ വല്ലതും നടന്നിരുന്നോ?
തീര്‍ച്ചയായും, നടന്നിരുന്നു. അതിന്റെ ഗുണമാണ് ഇപ്പോള്‍ കാണുന്നത്. ഇപ്പോള്‍ നമ്മള്‍ ഖുതുബകളിലും ഉത്‌ബോധനങ്ങളിലും ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് നടന്ന എന്റെ മകന്റെ വിവാഹം വളരെ ലളിതമായി നടത്തി മഹല്ല് പ്രസിഡണ്ട് എന്ന നിലക്ക് ഞാനതിന് മാതൃക കാണിച്ചിട്ടുമുണ്ട്.

-മറ്റു മഹല്ലുകള്‍ക്ക് കൊടുക്കാനുള്ള വല്ല നിര്‍ദേശവുമുണ്ടോ?
കഴിവുള്ളവര്‍ ലളിതമായി ഇത്തരം സംഗതികള്‍ നടത്തി കാണിച്ചു കൊടുക്കണം. കഴിവുള്ളവര്‍ ആര്‍ഭാടം കാണിക്കുന്നതു കൊണ്ടാണ് കഴിവില്ലാത്തവരും ഇതിലേക്ക് വരേണ്ടി വരുന്നത്. ചില ആളുകള്‍ അതില്‍ ധൈര്യം കാണിക്കും. ആരെങ്ങനെ കഴിച്ചാലും ഞാനിങ്ങനെയെ കഴിക്കൂ. എന്നവര്‍ തീരുമാനിക്കും. പക്ഷെ, അതിന് കുറച്ചാളുകളെ മാത്രമേ കിട്ടുകയുള്ളൂ. സമ്പന്നരും ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരും ലളിതമായി ചെയ്ത് കാണിച്ചു കൊടുക്കുക. മറ്റുള്ളവര്‍ തനിയെ വന്നുകൊള്ളും.

Related Articles