Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ്: മതേതര ഇന്ത്യക്ക് നല്‍കുന്ന ശുഭ സൂചനകള്‍

ഹരിയാനയില്‍ കാവി രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ പാകം ഉത്തരവാദിത്തമുള്ള ആരെയും കാണുന്നില്ല എന്നാണു അന്നാട്ടുകാരനായ ഉദ്ദം സിംഗ് പറയുന്നത്. നിലവിലുള്ള ഘട്ടര്‍ ഭരണകൂടം മാറണമെന്ന് ജനം ആഗ്രഹിക്കുന്നു എന്നത് സത്യമാണ്. കൃഷിക്കാരുടെ സര്‍ക്കാരല്ല പകരം കൃഷിക്കാരെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കച്ചവടക്കാരുടെ സര്‍ക്കാര്‍ എന്നാണ് സാധാരണ കൃഷിക്കാര്‍ പറയുന്നത്. ഘട്ടര്‍ സര്‍ക്കാര്‍ ഒരു വന്‍ പരാജയമാണെന്ന് ജനം പറയുമ്പോഴും അത് ഏറ്റെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വന്നില്ല എന്നതാണ് ഹരിയാനയുടെ ചരിത്രം. കൃത്യമായ ഒരു തിരഞ്ഞെടുപ്പ് പ്രചരണം പോലുമില്ലാതെയാണ് അവിടെ കോണ്‍ഗ്രസ് ബി.ജെ.പിയെ വെല്ലുവിളിച്ചത്. 90 സീറ്റില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും സമാസമമാണ്. ആര്‍ക്കു ഭരിക്കാനും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൊത്തം സീറ്റും ബി ജെ പി മുന്നണി തൂത്തുവാരിയിരുന്നു.

ഹരിയാന രാഷ്ട്രീയത്തിലെ പുതിയ രാഷ്ട്രീയ ഉദയമാണ് Jannayak Janata Party (JJP). എല്ലാവരെയും ഞെട്ടിച്ചു പത്തു സീറ്റുകള്‍ അവര്‍ നേടിയിട്ടുണ്ട്. ആര്‍ക്കു സര്‍ക്കാര്‍ ഉണ്ടാക്കാനും ഇനി അവരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും അവര്‍ക്ക് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നല്‍കുന്ന സൂചനയുടെ സമാനമാണ്. കോണ്‍ഗ്രസ് മുന്നണിക്ക് നൂറില്‍ കൂടുതല്‍ സീറ്റ് നേടാന്‍ കഴിയുമായിരുന്നു എന്നുറപ്പാണ്. ഫലത്തില്‍ കോണ്‍ഗ്രസ് അവിടെ നാലാം സ്ഥാനത്താണ്. തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ സി പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട വലിയ വെല്ലുവിളി തങ്ങളുടെ പക്ഷത്തു നിന്നും പലരും കൊഴിഞ്ഞു പോയി ബി ജെ പിയില്‍ ചേര്‍ന്നു എന്നതാണ്. പക്ഷെ തിരഞ്ഞടുപ്പ് അവര്‍ക്ക് നല്‍കുന്ന പാഠം അത്ര നല്ലതല്ല. കളം മാറി പോയവരില്‍ അധികം പേരെയും ജനം തോല്‍പ്പിച്ചു എന്നുവേണം മനസ്സിലാക്കാന്‍. അവിടെയും കോണ്‍ഗ്രസ് മുന്നണി കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെയില്ലായിരുന്നു. അവസാനമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നതാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലവും. കാര്യമായ പ്രതിപക്ഷമില്ല എന്നതാണ് ജനം നേരിടുന്ന വലിയ പ്രതിസന്ധി.

ദേശീയ രാഷ്ട്രീയത്തില്‍ മതേതര കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഫലമാണ് ഈ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകള്‍. കാവി സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നടപടികള്‍ ജനത്തിന് മടുത്തു എന്നതിന്റെ കൂടി തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് രണ്ടക്കം തികക്കില്ല എന്നാണു തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതു പോലെ മഹാരാഷ്ട്രയിലും മോശം പ്രകടനമാണ് അവര്‍ കോണ്‍ഗ്രസ്സിനു നല്‍കിയത്. അതെ സമയം ഒരു ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വന്നിരുന്നെങ്കില്‍ രണ്ടിടത്തും തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നു.

ഇത് കൂടാതെ രാജ്യത്ത് അമ്പതോളം അസംബ്ലി മണ്ഡലങ്ങളിലും രണ്ടു ലോക്‌സഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബി ജെ പി മുന്നണിക്കും മതേതര മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ആറു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്. ഭരണപക്ഷത്തിനു സമാനമായ ഒരു പ്രതിപക്ഷവും നാട്ടിലുണ്ടെങ്കില്‍ അടുത്ത് തന്നെ ഫാസിസത്തെ പിടിച്ചു കെട്ടാന്‍ കഴിയും എന്ന സന്ദേശമാണ് മൊത്തം തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.

കേരളത്തിലെ അഞ്ചു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫാസിസം അതിദൂരം പിറകോട്ടു പോയി എന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഭരണപക്ഷവും പ്രതിപക്ഷവും പുതിയ ഇടങ്ങളിലേക്ക് കയറി ചെന്നു എന്നതാണ് ഫലം നല്‍കുന്ന സൂചന. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തു വരികയും മഞ്ചേശ്വരത്തു വിജയത്തിന് അടുത്ത് വരികയും ചെയ്ത ബി ജെ പി മുന്നണി ഒരിടത്ത് മൂന്നാം സ്ഥാനത്തേക്കും മറ്റൊരിടത്ത് വലിയ മാര്‍ജിനിലാണ് തോല്‍വി സമ്മതിച്ചത്.

കേരളത്തില്‍ സാമുദായിക പാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പ് നല്ല പാഠമാണ്. ഹിന്ദു വോട്ടുകള്‍ തങ്ങളുടെ കീഴിലാണ് എന്ന മനക്കോട്ടയിലാണ് പ്രഗല്‍ഭരായ രണ്ടു പാര്‍ട്ടികള്‍. എന്‍ എസ് എസിന് സ്വാധീനമുണ്ട് എന്നവര്‍ പറയുന്ന വട്ടിയൂര്‍ക്കാവില്‍ വലിയ ഭൂരിപക്ഷത്തിന് ഇടതും എസ് എന്‍ ഡി പിക്ക് സ്വാധീനമുള്ള അരൂരില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് യു ഡി എഫും വിജയിച്ചു എന്നത് ജാതി സംഘടനകളുടെ ആഹ്വാനം ജനം മുഖവിലക്കെടുക്കുന്നില്ല എന്നതിന്റെ തെളിവായി കണക്കാക്കാം. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികവും അരമനയിലും പള്ളിയിലും സാമുദായിക സംഘടനകളുടെ തിണ്ണയിലുമാകും. പൊതു ജനത്തിന്റെ വിഷയം രാഷ്ട്രീയമാണ് എന്നതാണ് ഈ ജയ-പരാജയങ്ങള്‍ ചൂണ്ടി കാണിക്കുന്നത്. കുറെ കാലമായി കേരള രാഷ്ട്രീയത്തെ ഒരു ബാധപോലെ പിന്തുടരുന്ന ശബരിമല വിഷയം കേരളം തള്ളിക്കളഞ്ഞു എന്നതും എടുത്തു പറയണം.

ചുരുക്കത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ മതേതര ഇന്ത്യക്ക് നല്‍കുന്നത് നല്ല സൂചനയാണ്. പ്രതിപക്ഷം ഒത്തുപിടിച്ചാല്‍ ഫാസിസം ഇന്ത്യക്കൊരു ഭീഷണിയാകില്ല. അതെസമയം അവര്‍ ഒത്തു പിടിക്കുന്നില്ല എന്നതാണ് ഫാസിസത്തിന്റെ ധൈര്യം.

Related Articles