Current Date

Search
Close this search box.
Search
Close this search box.

സ്നേഹസ്വരൂപനായ ഈശ്വരനെ മനുഷ്യൻ എന്തിനിത്ര ക്രൂരനാക്കി?!

നീയാം കടലിനെ / ഉള്ളിലൊളിപ്പിച്ച / വെറും / ഒരു തുള്ളിയാണ് ഞാൻ! /എന്ന ജലാലുദ്ദീൻ റൂമിയുടെ വിശ്രുത വരികൾ ദൈവസ്നേഹത്തിൻ്റെ ആന്തരിക ഭാവങ്ങൾ അനുഭവവേദ്യമാക്കുന്നുണ്ട്.

ഹൈന്ദവ, ക്രൈസ്തവ, ഇസ് ലാം ദർശനങ്ങളെല്ലാം സ്നേഹക്കടലായ ഒരു സ്രഷ്ടാവിനെയാണ് പരിചയപ്പെടുത്തുന്നത്. ഖേദകരമെന്നു പറയട്ടെ, നാം മനസ്സിലാക്കിയ ദൈവം പക്ഷെ ക്രൂരനായിരുന്നു! അതിനൊരു പുരാവൃത്തമുണ്ട്:

മനുഷ്യന് ഉപകാരപ്രദമായ അഗ്നി മോഷ്ടിച്ചു നൽകുക വഴി “തെറ്റുകാരനായി”ത്തീർന്ന പ്രൊമിത്യൂസിനെ നിരന്തര ശിക്ഷക്ക് വിധേയമാക്കുന്ന ഗ്രീക്ക് ഐതിഹ്യത്തിലെ ദയാരഹിതനായ ദൈവമാണ് ഇന്നും നമ്മിൽ ഭൂരിപക്ഷത്തെയും സ്വാധീനിക്കുന്നത്! അതിനാൽ ദൈവം നിൽക്കുന്നത് മനുഷ്യ പക്ഷത്തിൻ്റെ എതിർ പക്ഷത്താണ്! സാമൂഹിക നീതിയുടെ മറുകരയിലാണ്!

ദൈവത്തെ ഭീകരനും ക്രൂരനും ആക്കിയതിൽ പൗരോഹിത്യത്തിനാണ് മറ്റൊരു റോൾ! ആൾ ദൈവങ്ങളും വ്യാജ സിദ്ധന്മാരും കടന്നു വന്ന വഴി വിഷപ്പല്ലു വെച്ച പൗരോഹിത്യമാണ്. “വെള്ളപൂശിയ ശവക്കല്ലറകൾ” എന്നാണ് യേശു മിശിഹാ പൗരോഹിത്യത്തെ വിശേഷിപ്പിച്ചത്. “ജനങ്ങളുടെ മുതൽ അന്യായമായി തിന്നുകയും ദൈവികമാർഗത്തിൽ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവർ” എന്നത്രെ ഖുർആൻ പൗരോഹിത്യത്തെ ആക്ഷേപിച്ചു പറഞ്ഞത്!

യഥാർത്ഥത്തിൽ ഐശ്വര്യത്തോടെ ഉള്ളിൽ വസിക്കുന്നവനാണ് ഈശ്വരൻ. ഐശ്വര്യം ഉറവ യെടുക്കുന്നത് വറ്റാത്ത സ്നേഹത്തിൽ നിന്നാണ്. അളവറ്റ ദയയിൽ നിന്നും അപാരമായ കാരുണ്യത്തിൽ നിന്നുമാണ്! ക്രൗഞ്ചപ്പക്ഷികളെ വേട്ടയാടുന്ന മനുഷ്യത്വ വിരുദ്ധ ചെയ്തിയോട് “മാ നിഷാദ!” പറയാൻ ആദികവിയെ പ്രേരിപ്പിച്ചത് അകമേവ പേറുന്ന ആർദ്രമായ ഈ ഈശ്വര ചിന്തയിൽ നിന്നാണ്! സച്ചിദാനന്ദനായ (സദ്, ചിത്, ആനന്ദം) പരമാത്മാവ് വെറുപ്പും പകയുമല്ല, കരുണയും നീതിയുമാണ് മാനുഷ്യകത്തിനു പകർന്നു നൽകിയത്.

ഖുർആൻ ദിവ്യ സ്നേഹത്തെ കുറിക്കാൻ ഉപയോഗിച്ച പദം “ഹുബ്ബ് ” എന്നാണ് (രണ്ടാം അധ്യായം: വാക്യം: 165) “ഹബ്ബി” ൽ നിന്നാണ് ഹുബ്ബിൻ്റെ നിഷ്പത്തി. ഹബ്ബ് എന്നാൽ വിത്ത്. ഒരു വിത്തിൽ നിന്ന് മുളച്ചു പൊന്തി പൂവായി വിരിഞ്ഞ് അകതാരിൽ പരിമളം വീശുന്ന പൂമരമായിത്തീർന്ന് തണുപ്പും കുളിരും പകരുന്ന അനുഭവം!

“റഹ്മത്ത് ” എന്നാണ് മറ്റൊരു പ്രയോഗം. സ്നേഹം, കാരുണ്യം, അനുഗ്രഹം, ദയ എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് റഹ്മത്ത്. ഖുർആനിൽ ” റഹ്മാൻ ” എന്ന ദൈവിക വിശേഷണം 56 തവണയും “റഹീം” എന്ന് 113 തവണയും ഉപയോഗിച്ചിട്ടുണ്ട്. ഖുർആനിലെ ഒന്നൊഴികെ എല്ലാ അധ്യായങ്ങളും ആരംഭിക്കുന്നത് “റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ തിരുനാമ”ത്തിലാണ്.

ചുരുക്കത്തിൽ അനന്തമായ സ്നേഹക്കടലാകുന്നു ദൈവം! ആ കരുണാമയൻ നമ്മോട് പറഞ്ഞത് പരസ്പരം സ്നേഹിക്കാനാണ്, വെറുക്കാനല്ല. ജാതി / മത / മതേതര / മതനിഷേധ ഭേദമന്യേ ഏകനായ സർവ്വേശ്വരൻ്റെ വിശാലമായ സൃഷ്ടി പ്രപഞ്ചത്തിലെ അംഗങ്ങൾ എന്ന നിലയിൽ നാം പരസ്പരം സ്നേഹിക്കുക. സ്നേഹ വിപ്ലവത്തിൻ്റെ പുതിയൊരു ലോകം പടുത്തുയർത്തുക!

Related Articles