Current Date

Search
Close this search box.
Search
Close this search box.

മോദി സർക്കാർ: വൻ പരാജയങ്ങളുടെ എട്ട് വർഷങ്ങൾ

നരേന്ദ്ര മോദി സർക്കാരിന്റെ എട്ട് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് അടുത്തിടെ രാജ്യത്ത മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്‌ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്ത് 10,000 വർഗീയ കലാപങ്ങൾ നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. പണപ്പെരുപ്പം, കർഷകർ, തൊഴിൽ, മാന്ദ്യം, ചെറുകിട വ്യവസായങ്ങൾ, പ്രാദേശിക സമഗ്രത, സാമൂഹിക സൗഹാർദ്ദം, സമ്പദ്‌വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങൾ എട്ടുവർഷത്തെ ബി.ജെ.പി സർക്കാറിന്റെ നഗ്നമായ വഞ്ചനയുടെ പ്രതീകമാണെന്ന് പാർട്ടി പറയുകയുണ്ടായി.

‘8 സാൽ, 8 ഛൽ; ഭജ്‌പ(ബിജെപി) സർക്കാർ വിഫൽ ( 8 Saal 8 Chhal Bhajpa(BJP) Sarkar Vifal) എന്ന പേരിൽ മോഡി സർക്കാർ അധികാരത്തിൽ വന്ന് എട്ട് വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ ബിജെപി ആരംഭിക്കുന്നതിന് മുമ്പ് തന്നെ എട്ട് പ്രധാന വിഷയങ്ങളിലെ മോദി സർക്കാരിന്റെ നുണകൾ റിപ്പോർട്ട് തുറന്നുകാട്ടുന്നുണ്ട്.

‘കഴിഞ്ഞ എട്ട് വർഷത്തിനിടെ പതിനായിരത്തിലധികം മത, വർഗീയകലാപങ്ങളാണ് രാജ്യം കണ്ടത്. എന്നാൽ ഇവയെക്കുറിച്ചൊന്നും പ്രധാനമന്ത്രി മിണ്ടിയിട്ടേ ഇല്ല’ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

“വികാസ്” (വികസനം) വാഗ്ദാനം ചെയ്താണ് മോഡി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ അത്തരം വാഗ്ദാനങ്ങൾ വൻ പരാജയങ്ങളായി മാറിയപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ‘നഫ്രത്ത്’ (വെറുപ്പ്) പ്രചരിപ്പിക്കുകയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

“മതത്തിന്റെ പേരിൽ അക്രമങ്ങളും കലാപങ്ങളും നടന്നിടത്തെല്ലാം ബിജെപിയുടെ പ്രത്യക്ഷമായോ അല്ലാതെയോ ഇടപെട്ടിട്ടുണ്ടെന്നത് എല്ലാവർക്കുമറിയാവുന്നതാണ്. ഇത്തരം വർഗീയകലാപങ്ങൾ തന്നെയാണ് ബിജെപിയുടെ മുഖ്യ അജണ്ടയും”മാക്കൻ പറഞ്ഞു.

രാമനവമി ഘോഷയാത്രയിലെ അക്രമങ്ങൾ, ഗ്യാൻവാപി മസ്ജിദ് കേസ്‌ പോലുള്ള സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്,വർഗീയ, വിഭാഗീയ സംഘട്ടനങ്ങളെ കുറിച്ച് റിപ്പോർട്ട് വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
2022 മാർച്ച് 30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെന്റിൽ പറഞ്ഞത് പ്രകാരം 2016 നും 2022 നും ഇടയിൽ 3,400 വർഗീയ കലാപങ്ങളാണ് നടന്നത്. 53 പേർ കൊല്ലപ്പെട്ട ഡൽഹിയിലെ ഏറ്റവും മാരകമായ വർഗീയ കലാപത്തിൽ ഇരകളാക്കപ്പെട്ടവർ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നുവെന്ന് റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തികം, ദേശീയ സുരക്ഷ, വിദേശനയം, പണപ്പെരുപ്പം, സാമുദായിക സമാധാനം തുടങ്ങി നിരവധി മേഖലകളിലെ മോദി സർക്കാരിന്റെ പ്രകടനത്തെ പഠനം കൃത്യമായി തന്നെ വിലയിരുത്തുന്നുണ്ട്.

“തുടരെയുള്ള ബിജെപിയുടെ തെറ്റായ നയങ്ങളാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിനാശകരമായ തകർച്ചയ്ക്ക് കാരണമായത്. ഒരുകാലത്ത് അതിവേഗം വളർന്നിരുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥ ബി.ജെ.പിയുടെ എട്ട് വർഷത്തെ ദുർഭരണം കാരണം ഇപ്പോൾ അതിഭയാനകമാം വിധം തകർന്നിരിക്കുകയാണ്”കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ രൺദീപ് സുർജേവാല പറയുകയുണ്ടായി.

മുതിർന്ന കോൺഗ്രസ്‌ നേതാക്കളുടെ അഭിപ്രായത്തിൽ, സ്വന്തം ജനങ്ങളെ വഞ്ചിക്കുന്നതിൽ എല്ലാ റെക്കോർഡുകളും തകർക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നാണ്.
മോദി സർക്കാരിന്റെ കാലത്തെ വൻതോതിലുള്ള വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ലഡാക്ക് മേഖലയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിച്ച് “ഇതാണോ നിങ്ങൾ ഇത്രയും കാലം കാത്തിരുന്ന ‘അച്ഛാ ദിന്’ എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് സംഭവിച്ച വലിയ വീഴ്ചയും റിപ്പോർട്ട് പരാമർശിക്കുന്നു. മോദി സർക്കാരിന്റെ ഏറ്റവും ഗുരുതരമായ പരാജയം എന്താണെന്ന് ചോദിച്ചപ്പോൾ, ഈ പരാജയങ്ങൾ ഓരോന്നും മറ്റൊന്നിനേക്കാൾ വലുതാണെന്ന് മാക്കൻ പരിഹാസത്തോടെ പറയുകയുണ്ടായി.

“ഞങ്ങൾ മുഴുവൻ പരാജയങ്ങളെയും 8 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്, നിങ്ങൾ അവ ഓരോന്നും നോക്കുകയാണെങ്കിൽ, ഈ പരാജയങ്ങൾ ഓരോന്നും മറ്റൊന്നിനേക്കാൾ വലുതാണെന്ന് ബോധ്യമാവും. പണപ്പെരുപ്പം തൊഴിലില്ലായ്മയേക്കാൾ വലിയ പരാജയമാണെന്ന് പറഞ്ഞാൽ, അത് തെറ്റായിരിക്കും. കർഷകമേഖലയിലെ പരാജയം പണപ്പെരുപ്പത്തേക്കാളും തൊഴിലില്ലായ്മയേക്കാളും വലുതാണെന്ന് നമ്മൾ പറഞ്ഞാൽ, അതും കൃത്യമാവില്ല,കാരണം ഞങ്ങൾ പരാമർശിച്ച ഈ 8 കാര്യങ്ങളും രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്നവയാണ്. നമ്മുടെ അതിരുകൾ സംരക്ഷിക്കുന്നതിലെ പരാജയമാകട്ടെ, പണപ്പെരുപ്പം ഉയരുന്നതാകട്ടെ, എല്ലാം ഒന്നിനൊന്ന് വലുതാണ്. അതിനാൽ, ഞങ്ങൾക്ക് ഒരു പരാജയം മറ്റൊന്നിനേക്കാൾ വലുതായി തിരഞ്ഞെടുക്കാൻ കഴിയില്ല, ”മാക്കൻ പറഞ്ഞു.

മെയ് 30 ന് മോദി സർക്കാർ എട്ട് വർഷം പൂർത്തിയാക്കുകയാണ്.മെയ് 30 മുതൽ ജൂൺ 14 വരെ പാർട്ടി രാജ്യത്തുടനീളം വമ്പിച്ച ആഘോഷങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
വാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് കാവി പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കോൺഗ്രസ് തെരഞ്ഞെടുത്ത ബി.ജെ.പി സർക്കാരിന്റെ എട്ട് പരാജയങ്ങൾ ഇവയാണ്:

1- ഒന്നാമതായി രാജ്യത്തെ പണപ്പെരുപ്പത്തെ ചർച്ച ചെയ്യുന്നുണ്ട്.സർക്കാർ പുറത്തുവിട്ട ഡാറ്റയുടെ അടിസ്ഥാനത്തിൽ മോദി സർക്കാരിന്റെ അനാസ്ഥ കാരണം ഇന്ത്യയുടെ റീറ്റയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്.

2- കോൺഗ്രസിന്റെ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം തൊഴിലില്ലായ്‌മയിൽ 45 വർഷത്തെ റെക്കോർഡ് തകർത്തപ്പോൾ പണപ്പെരുപ്പം റെക്കോർഡ് ഉയർച്ചയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാവുമ്പോൾ തന്നെ വിദേശ കരുതൽ ശേഖരം കുറയുകയും ചെയ്യുന്നു. ഇതെല്ലാം കാരണമായി രാജ്യം സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്.

3- ജിഡിപിയുടെ ഇടിവ് – യുപിഎ ഭരണകാലത്തെ ജിഡിപിയെ താരതമ്യം ചെയ്യുമ്പോൾ അന്ന് 8.3 ശതമാനം ഉണ്ടായിരുന്നത് ഇന്ന് 4.7 ആയി കുറഞ്ഞിരിക്കുകയാണ്.

4- 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി സർക്കാരിന്റെ പാഴ് വാഗ്ദാനത്തെ കുറിച്ചും 2014ൽ മോദി സർക്കാർ 150 രൂപ ബോണസ് നൽകുന്നത് നിർത്തിയതായും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എൻഎസ് ഒ ഡാറ്റ പ്രകാരം കർഷകരുടെ കടം 17 ലക്ഷം കോടി രൂപയായി ഉയർന്നതായി കോൺഗ്രസ് പറയുന്നു.

5- പട്ടാളത്തിന് നേരെയുള്ള ആക്രമണം – ‘one rank one pension’ നടപ്പാക്കാത്ത മോദി സർക്കാരിനെതിരെയും സേനയിൽ 122555 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും കോൺഗ്രസ് ആക്ഷേപിക്കുന്നു.

6- വർഗീയതയയുണ്ട്, വികസനമില്ലെന്നാണ് അടുത്ത വിമർശനം. 8 വർഷത്തെ മോദി സർക്കാരിന്റെ കാലത്ത് വികസനങ്ങൾക്ക് പകരം വർഗീയ കലാപങ്ങളാണ് നടന്നത്. ഡൽഹി കലാപത്തെ പരാമർശിച്ച് ബിജെപി നേതാക്കൾ ശക്തമായ വർഗീയ സംഘർഷം വളർത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു.

7- എസ്‌സി/എസ്ടി അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളാണ് മറ്റൊരു പ്രധാന വിമർശനം.ഒബിസി അവകാശങ്ങൾ വെട്ടിക്കുറച്ചതിനെ കുറിച്ചും ബിജെപി ഭരിക്കുന്ന 18 സംസ്ഥാനങ്ങളിൽ ദളിത് മുഖ്യമന്ത്രിമാരില്ലന്നും കോൺഗ്രസ് വ്യക്തമാക്കുന്നുണ്ട്.

8- ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതിനെ കുറിച്ചും ലഡാക്കിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തിനെ കുറിച്ചുമാണ് ഏട്ടാമതായി കോൺഗ്രസ്‌ വിമർശിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗുജറാത്തിൽ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായും കോൺഗ്രസ് പരാമർശിക്കുന്നുണ്ട്.

മൊഴിമാറ്റം:മുജ്തബ മുഹമ്മദ്‌

Related Articles