Current Date

Search
Close this search box.
Search
Close this search box.

തുഗ്ലക്ക് അത്ര മോശക്കാരനായിരുന്നില്ല

Modi-fy.jpg

”കട്ടവനെ കിട്ടിയില്ലെങ്കില്‍ പിന്നെ കിട്ടിയവനെ പിടിയെടാ…”
”ഓടുന്ന നായക്ക് ഒരു മുഴം മുമ്പില്‍ എറിയണം”
മേല്‍പറഞ്ഞ രണ്ട് നയങ്ങളാണ് ഇവിടെ പലപ്പോഴും പുലരുന്നത്. കള്ളപ്പണം(?) പിടികൂടാനെന്ന വ്യാജേന ഇവിടെ അരങ്ങേറിയ ഭ്രാന്തിനെ ‘തുഗ്ലക്ക് രീതി’ എന്ന് പലരും വിശേഷിപ്പിക്കുന്നതിലുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ഈ കുറിപ്പ് തുടങ്ങട്ടെ. തുഗ്ലക്ക് അത്ര മോശക്കാരനായിരുന്നില്ല. അതിന്റെ കാര്യമറിയാനാഗ്രഹിക്കുന്നവര്‍ പ്രശസ്ത ചരിത്ര പണ്ഡിതനായ സി.കെ. കരീമിന്റെ ‘മുഹമ്മദ് തുഗ്ലക്ക്: ഒരു പഠനം’, ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകള്‍’ എന്നീ രണ്ട് പുസ്തകങ്ങളെങ്കിലും വായിച്ചാല്‍ മതി. നരേന്ദ്ര മോഡിയെ തുഗ്ലക്കിനോടുപമിക്കുന്നവര്‍ തുഗ്ലക്കിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. മോഡി അധികാരത്തിലേറിയ ശേഷം ഇംഗ്ലീഷിലെ modify, modification തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ പോലും മടിയും പേടിയുമനുഭവിക്കുന്നതായി ഇംഗ്ലീഷ് പഠിക്കുന്ന കുട്ടികള്‍ പറയുന്നു. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആയതിന് ശേഷവും നടപ്പിലാക്കിയ/ കാട്ടിക്കൂട്ടിയ വിക്രിയകള്‍ക്ക് ചരിത്രത്തില്‍ സമാനതകള്‍ ഇല്ലെന്ന് തന്നെ പറയാം. ആകയാല്‍ ഇത്തരം പരിഷ്‌കാരങ്ങളെ കുറിക്കാന്‍ ഇനിയങ്ങോട്ട് modify, modification എന്നിങ്ങനെ ഭാവിയില്‍ പ്രയോഗിച്ചേക്കാനിടയുണ്ട്.

ജനസംഖ്യയുടെ പകുതിയോളം നിരക്ഷരരായ ഒരു നാട്ടില്‍, ചിഹ്നം നോക്കി വോട്ടു ചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കിടയില്‍ കറന്‍സിയില്ലാത്ത സാമ്പത്തിക വിനിമയം സ്വപ്‌നം കാണുന്ന മോഡിയുടെ ഭാവന അപാരം തന്നെ! സ്വകാര്യ പ്രോമിസറി നോട്ട് (Promissory note) അങ്ങോട്ടുമിങ്ങോട്ടും കൈമാറി സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തേണ്ടി വരുമെന്ന് തോന്നുന്നു. കോഴിക്കോട്ടെ കൊപ്രപാണ്ടികശാലയില്‍ കൊപ്ര കൊണ്ടു കൊടുത്തു വിറ്റാല്‍ അവര്‍ ഒരു കുറിപ്പ് അതിന്റെ വിലയെന്ന നിലക്ക് പണ്ട് നല്‍കാറുണ്ട്. ആയത് വലിയങ്ങാടിയിലും മറ്റും നല്‍കി അരിയും ചായപ്പൊടിയുമൊക്കെ വാങ്ങി തിരികെ പോകാറുള്ള ഒരു കാലത്തെ പുനരുജ്ജീവിപ്പിക്കേണ്ടി വരും. വാഗ്ദത്ത ലംഘനത്തിന്റെ പ്രതീകമാക്കി ഇന്ത്യന്‍ കറന്‍സിയെ മാറ്റിയ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ ഒരളവോളം അപ്രസക്തമാക്കിയ, പൗരന്‍മാരില്‍ അരക്ഷിതബോധവും അവിശ്വാസവും വളര്‍ത്തിയ പൊടുന്നനെയുള്ള നിശാപ്രഖ്യാപനം കൊണ്ട് ബഹു. മോഡി ചരിത്രത്തിലിടം നേടിയിരിക്കയാണ്.

കള്ളപ്പണം(?) ആരെങ്കിലും അധികമായി/ അധികകാലം പെട്ടിയില്‍ സൂക്ഷിക്കുമോ? അതിനേക്കാള്‍ ബുദ്ധി പൂര്‍വകം ഐസ് വാങ്ങിവെക്കലായിരിക്കുമെന്ന് അനുഭവ പാഠമുള്ള, ‘സാമ്പത്തിക ശാസ്ത്രം’ പഠിക്കേണ്ട ഗതികേട് ബാധിച്ചിട്ടില്ലാത്ത നാടന്‍മാര്‍ പറയുന്നുണ്ട്.

കറന്‍സി വ്യവസ്ഥക്ക് കൃത്യമായും നിത്യമായും നിദാനമായിരിക്കേണ്ട നിയമ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് കറന്‍സിയടിക്കലും ഒരര്‍ഥത്തില്‍ ഒരുതരം കള്ളനോട്ടടിക്കലാണ്. പണപ്പെരുപ്പം (inflation) സംഭവിച്ചതിന്റെ ഒന്നാമത്തെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. പൗരന്‍മാര്‍ വിശ്വാസ വഞ്ചനയും വാഗ്ദത്ത ലംഘനവും നടത്തിയാല്‍ പിടികൂടി മര്യാദ പഠിപ്പിക്കേണ്ട സര്‍ക്കാര്‍ തന്നെ വിശ്വാസ വഞ്ചനയും ക്രൂരമായ വാഗ്ദത്ത ലംഘനവും നടത്തുന്നുവെന്നത് അങ്ങേയറ്റം സങ്കടകരമാണ്.

Related Articles