Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങളെ യാചിക്കുന്ന ഒരു പറ്റം സ്ത്രീകള്‍

വടക്കന്‍ വിയറ്റ്‌നാമിലെ ഒരു കൊച്ചു ഗ്രാമമാണ് ലോയ്. വളരെ താണ നിലവാരത്തിലുള്ള കേവലമൊരു അജപാല ഗ്രാമം. പക്ഷെ, ഈ ഗ്രാമത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ്, ഈയിടെ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. സാംസ്‌കാരിക ബോധമുള്ളവരെ ഞെട്ടിക്കുകയും, മാതൃത്വത്തെ പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്ത്രീ  പുരുഷ ബന്ധ കാഴ്ചപ്പാടിനെ തികച്ചും അട്ടിമറിക്കുന്ന ഒരു സവിശേഷത ആ ഗ്രാമത്തിനുണ്ടെന്നതായിരുന്നു കാരണം.
ഒരു പ്രഭാതത്തില്‍, വൈക്കോല്‍ തൊപ്പിയും ധരിച്ചു നെല്‍വയല്‍ താണ്ടി എത്തിയ കര്‍ഷകരെ സ്വാഗതം ചെയ്തത് ഒരത്ഭുത കാഴ്ചയായിരുന്നു. ഒരു അരുവിക്കടുത്ത് കൊച്ചു കുഞ്ഞുങ്ങളെ ലാളിച്ചു കൊണ്ടിരിക്കുന്ന ഒരു പറ്റം സ്ത്രീകള്‍. ഇവരുടെ ഭര്‍ത്താക്കള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നതായിരുന്നു പ്രത്യേകത. അവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരായിരുന്നില്ല. ഈ സ്ത്രീകളാകട്ടെ, അവിഹിത ബന്ധത്തിന്റെ പേരില്‍ ‘പതിത്വം’ സംഭവിച്ചവരോ, ഭര്‍ത്താക്കന്മാരാല്‍ പരിത്യക്തകളായവരോ അല്ല. പ്രത്യുത, മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പല ഭാഗങ്ങളില്‍ നിന്നായി, ഗ്രാമത്തിലെത്തി ചേര്‍ന്നവരായിരുന്നു അവര്‍. അതെ, ഭര്‍ത്താക്കന്മാരുടെ സഹായമില്ലാതെ, മാതാക്കളാകണമെന്ന് ദൃഢ തീരുമാനമെടുത്ത ഒരു പറ്റം സ്ത്രീകള്‍.
അമേരിക്കന്‍ യുദ്ധത്തൊടെയാണിവരുടെ കഥയാരംഭിക്കുന്നത്. ആയിരക്കണക്കില്‍ പുരുഷന്മാരായിരുന്നു യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, യുദ്ധം, കുടുംബത്തിന്നു മുമ്പില്‍ മറ്റൊരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു.  
സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ ഒരു വ്യാഴവട്ടത്തിലധികം കാലം വേണ്ടി വന്നു. ഇതിനിടയില്‍, ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍, പുത്രന്മാര്‍ നഷ്ടപ്പെട്ടവര്‍ ഇങ്ങനെ പൊകുന്നു നഷ്ടങ്ങളുടെ നീണ്ട പട്ടിക. പക്ഷെ, അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു നഷ്ടമുണ്ടായിരുന്നു. വിവാഹ പ്രായമായിരുന്നു അത്. മറ്റൊരു ഭാഷയില്‍, തങ്ങളുടെ വിവാഹപ്രായം, സ്ത്രീകളില്‍ വലിയൊരു വിഭാഗം യുദ്ധത്തിന്നായി സമര്‍പ്പിച്ചിരുന്നു.
ഏകദേശം, പതിനാറാം വയസ്സിലായിരുന്നു വിയറ്റ്‌നാം പെണ്‍കുട്ടികള്‍ വിവാഹിതരായിരുന്നത്. ഇരുപത് കഴിഞ്ഞാല്‍, അവര്‍ ‘കാലം കഴിഞ്ഞവരായി’ തീര്‍ന്നു. Qua Lua  എന്നാണ് വിയറ്റ്‌നാമീസ് ഭാഷയില്‍ ഇതറിയപ്പെടുന്നത്. അതോടെ, ഈ ‘എക്‌സ്പയേഡുക’ളെ ആര്‍ക്കും വേണ്ടാതാകുന്നു. ഇതായിരുന്നു യുദ്ധാനന്തര വിയറ്റ്‌നാമിന്റെ സ്ഥിതി.
യുദ്ധാനന്തരം, ഭവനങ്ങളിലേക്ക് തിരിച്ചു വന്നവരില്‍ വലിയൊരു വിഭാഗം അവിവാഹിതരായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ, അവരൊന്നും വധുക്കളായി, ഈ ‘എക്‌സ്പയേഡുക’ളെ സ്വീകരിക്കാന്‍ സന്നദ്ധരായിരുന്നില്ല. പതിനാറുകാരികളെയായിരുന്നു അവര്‍ക്കാവശ്യം. നിലവിലുള്ള സ്ത്രീ-പുരുഷാനുപാതത്തിന്നു ഉഗ്രത കൂട്ടിക്കൊണ്ടായിരുന്നു യുദ്ധം കഴിഞ്ഞു പോയത്. 2009 ലെ, വിയറ്റ്‌നാം പോപുലേഷന്‍ ആന്റ് ഹൗസിംഗ് സെന്‍സസ് പ്രകാരം, 1979 ലെ പുനരേകീകരണ ശേഷം, ഇരുപതിന്നും നാല്‍പതിന്നുമിടയില്‍ പ്രായമുള്ള, ഓരോ നൂറ് സ്ത്രീക്കള്‍ക്കും ശരാശരി 88 പുരുഷന്മാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് കണക്ക്. മറ്റൊരു ഭാഷയില്‍, പന്ത്രണ്ട് ശതമാനം സ്ത്രീകള്‍ക്കും പുരുഷന്മാരെ ലഭിക്കാനുണ്ടായിരുന്നില്ല. ഈ അനുപാതം, സ്വാഭാവികമായും, പുരുഷന്മാരുടെ നോട്ടം പതിനാറുകാരില്‍ പരിമിതപ്പെടുത്തുകയായിരുന്നു. അതോടെ, ആയിരക്കണക്കില്‍ വരുന്ന ‘എക്‌സ്പയേഡുകള്‍’ പുറത്തായി.
ഇത്തരം ഘട്ടങ്ങളില്‍, തങ്ങളുടെ ‘നിയോഗ’ത്തില്‍ സമാധാനമടഞ്ഞ് ഏകാകികളായി കഴിഞ്ഞ മുന്‍ തലമുറയില്‍ നിന്നും ഭിന്നമായി, രംഗപ്രവേശം നടത്തിയവരായിരുനു, ലോയിലെ ഈ സ്ത്രീകള്‍. യുദ്ധം സഹിച്ചു പുതിയ ശക്തിയാര്‍ജ്ജിച്ച അവര്‍, ആജീവനാന്തം ‘കന്യകകളായി കഴിയാന്‍ തയ്യാറായിരുന്നില്ല. മാതൃത്വം സ്വയം കയ്യിലെടുക്കാനായിരുന്നു അവരുടെ തീരുമാനം.
ഒരു പിടി ഭക്ഷണമോ, നഗ്‌നത മറക്കാന്‍ ഒരു കഷ്ണം തുണിയോ ആയിരുന്നില്ല, ഈ സ്ത്രീകള്‍ പുരുഷന്മാരോട് യാചിച്ചിരുന്നത്. പ്രത്യുത, തങ്ങള്‍ക്കൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള സഹായമായിരുന്നു. ‘കുഞ്ഞിനെ യാചിക്കുക’ എന്നര്‍ത്ഥം വരുന്ന Xin Con എന്നാണ്, ഈ പുതിയ സമ്പ്രദായം, വിയറ്റ്‌നാമീസ് ഭാഷയില്‍ അറിയപ്പെട്ടത്. പാരമ്പര്യം തകര്‍ക്കുക, വിവേചനമവസാനിപ്പിക്കുക, സ്വന്തമായി കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനുമുള്ള ബാധ്യത ഏറ്റെടുക്കുക എന്നിവയായിരുന്നു ഈ സമ്പ്രദായത്തിന്റെ ലക്ഷ്യങ്ങള്‍. ‘അസാധാരണവും എന്നാല്‍, ശ്രദ്ദേയവുമെന്നാ’ണ് ഈ സമ്പ്രദായത്തെ കുറിച്ച്, സീറ്റില്‍ യൂനിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാര്യെറ്റ് ഫിനി പ്രതികരിച്ചത്. തദ്വിഷയകമായി ഒരു പുസ്തക രചനയിലാണിപ്പോള്‍ ഇവര്‍.
‘വിവാഹേതര ബന്ധത്തിലൂടെ, മനപൂര്‍വം കുട്ടിയെ ഗര്‍ഭം ധരിക്കുന്ന സമ്പ്രദായം, വിപ്ലവകാലത്തിന്നു മുമ്പ്ധ കേട്ടുകേള്‍വി ഇല്ലാത്തതാണ്. മാതൃധീരതയുടെ മാത്രമല്ല, സ്വന്തമായി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന, വിയറ്റ്‌നാമിലാകെ വ്യാപിച്ചു കിടക്കുന്ന, വിധവകളടക്കമുള്ള സ്ത്രീകളുടെ അതുല്യാവസ്ഥ അംഗീകരിക്കുന്ന, ഒരു യുദ്ധാനന്തര സമൂഹത്തിന്റെ കൂടി ഉല്പന്നമാണിതെന്നു  അവര്‍ അഭിപ്രായപ്പെടുന്നു.
തങ്ങളുടെ കഥകള്‍ നിങ്ങളുമായി പങ്കു വെക്കാന്‍ ലോയ് ഗ്രാമക്കാരില്‍ ചിലര്‍ തയ്യാറാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുടെ പിതാക്കളുടെ പേര്‍ വിവരങ്ങള്‍ ഗോപ്യമാക്കി വെക്കുന്നതില്‍ അവര്‍ കണിശതയുള്ളവരത്രെ.
കുഞ്ഞിനെ തേടി ആദ്യമായി രംഗത്തിറങ്ങിയ ആള്‍ Nguyen Thi Nhan എന്ന സ്ത്രീ ആയിരുന്നുവത്രെ. ഇവര്‍ക്കിപ്പോള്‍ പ്രായം 58 വയസ്സ്. തന്റെ ഒരു മകളുടെ പിതാവായ ഭര്‍ത്താവ്, യുദ്ധാനന്തരം അവരെ ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയായിരുന്നു ഇവര്‍ ലോയിലെത്തിച്ചേരുന്നത്. അടുത്ത പ്രദേശത്തുണ്ടായ ബോമ്പിംഗില്‍ നിന്ന് പലായനം നടത്തിയ ഒരു കൂട്ടമാളുകള്‍ അവിടെ താമസിക്കുന്നുണ്ടായിരുന്നു. ഒരു ആണ്‍കുഞ്ഞിന്ന് ജന്മമേകാന്‍ കൊതിച്ച  Nhan തദാവശ്യാര്‍ത്ഥം പുരുഷന്മാരുടെ സഹായം തേടുകയായിരുന്നു.
ആദ്യം കുറെ വര്‍ഷങ്ങള്‍ കഠിനാദ്ധ്വാനം തന്നെ നടത്തേണ്ടി വന്നിട്ടുണ്ട്. ആഹാരവും പണവും വളരെ വിരളമായിരുന്നു. അവസാനം, തങ്ങളുടെ മുന്‍ വിധികളെല്ലാം മാറ്റിവെച്ചു ഗ്രാമീണര്‍ ഇവരുടെ ഇംഗിതം അംഗീകരിക്കുകയും, തങ്ങളാല്‍ കഴിയുന്ന ആഹാരം നല്‍കി സഹായിക്കുകയും ചെയ്തു. പിന്നീട്, ഒരു ഡസനിലധികം സ്ത്രീകളാണ്, ഇവരുടെ പാത പിന്തുടര്‍ന്നു ലോയിലെത്തിച്ചേര്‍ന്നത്. 63 കാരിയായ Nguen Thi Luu ഇക്കൂട്ടത്തില്‍ പെടുന്നു. 1972 ല്‍, ഇവരുടെ കാമുകന്‍ കൊല്ലപ്പെട്ടു. ‘യുദ്ധം കഴിയുമ്പോള്‍ എനിക്ക് 26 വയസ്സ് പ്രായമായിരുന്നു.’ ലൂ പറയുന്നു. വിവാഹപ്രായം വളരെ കവിഞ്ഞിരുന്നു. ഒരു പടു വൃദ്ധനെയോ, എന്റെയടുത്തു വന്ന അവിവാഹിതരെയോ വിവാഹം ചെയ്യാന്‍ ഞാന്‍ സന്നദ്ധയായില്ല.’
എന്നാല്‍, വയസ്സു കാലത്ത് ഒരു സഹായി വേണമെന്നാഗ്രഹിച്ച ലൂ, ഒരു മാതാവാകാന്‍ കൊതിക്കുകയായിരുന്നു. സ്വന്തമായി ഒരു മാതാവാകാനുള്ള തന്റെ തീരുമാനമറിയിച്ചപ്പോള്‍, മാതാപിതാക്കളും സഹോദരനും കോപിക്കുകയായിരുന്നു. എങ്കിലും പിന്നീടവര്‍ അംഗീകരിക്കുകയാണുണ്ടായത്. അങ്ങനെയാണ് ലോയിലെത്തിയത്. ഒരേ മാനസികാവസ്ഥയുള്ള ഒരു കൂട്ടം സ്ത്രീകളൊന്നിച്ചു കഴിയുന്നതില്‍ വളരെ സന്തുഷ്ടയാണ് ലൂ.
വിയറ്റ്‌നാമില്‍, ലോയിക്കു പുറത്തും ധാരാളം സ്ത്രീകള്‍ ഈ നിലപാടെടുത്തു കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അവിവാഹിത മാതാക്കളുടെ  എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണത്രെ. അവസാനം, സ്ത്രീ സംരക്ഷണ ചുമതലയുള്ള ഗവര്‍മ്മെന്റ് ഏജന്‍സിയായ വിമന്‍സ് യൂനിയന്‍, ഇവരിലേക്കു ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.  
യുദ്ധത്തിന്നായി, തങ്ങളുടെ എല്ലാം സമര്‍പ്പിച്ച സ്ത്രീകളുടെ ത്യാഗം അംഗീകരിക്കുക സുപ്രധാനമാണെന്നായിരുന്നു ഹാനോയിലെ, സോയ്‌സണ്‍ ജില്ല വിമെന്‍സ് യൂനിയന്‍ മേധാവി Tran Thi Ngoi പറഞ്ഞത്. 1986 ല്‍ പാസ്സാക്കിയ ഗവര്‍മ്മെന്റിന്റെ മേരേജ് ആന്റ് ഫാമിലി ലോ, ആദ്യമായി, അവിവാഹിത മാതാക്കളെയും അവരുടെ സന്തതികളെയും നിയമസാധുതയുള്ളവരായി അംഗീകരിച്ചു. ഭാര്യയാകാനും മാതവാകാനും ഓരോ സ്ത്രീക്കും അവകാശമുണ്ട്. ഭര്‍ത്താവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഒരു കുഞ്ഞുണ്ടാകാന്‍ അവള്‍ക്ക് അവകാശമുണ്ട്.’  Ngoi പറയുന്നു.
യഥാര്‍ത്ഥത്തില്‍, വടക്കന്‍ വിയറ്റ്‌നാമില്‍ പരിമിതമായൊരു പ്രശ്‌നമാണൊ ഇത്? വിയറ്റ്‌നാം അഭിമുഖീകരിച്ച ദീര്‍ഘകാല യുദ്ധം നമ്മുടെ രാജ്യത്തുണ്ടായിട്ടില്ലെന്നത് ശരി തന്നെ.  പക്ഷെ, അത്തരമൊരു പ്രതിസന്ധി നാമും അഭിമുഖീകരിക്കുന്നില്ലേ? വിവാഹപ്രായമെത്തിയിട്ടും, വിവാഹം കഴിക്കാന്‍ കഴിയാത്ത നൂറുക്കണക്കില്‍ സഹോദരിമാര്‍ കണ്ണീരുമായി നമ്മുടെ മുമ്പിലുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍, ആര്‍ക്കും വേണ്ടാത്തവരായി, പരിത്യക്തരായി കഴിയുന്നവര്‍ നമുക്കിടയില്‍ എത്രയുണ്ട്. അതിന്റെ പേരില്‍ തെരുവീഥിയിലിറങ്ങുകയും ‘വാണിഭം’ നടത്തുകയും ചെയ്യുന്നവരെ തല്‍ക്കാലം ഒഴിച്ചു നിറുത്തിയാല്‍ തന്നെ, ബാക്കി വരുന്ന വലിയൊരു വിഭാഗം അവിവാഹിതരുടെ അവസ്ഥ എന്താണ്? നമ്മുടെ നോക്കുവട്ടത്തിലുള്ള യുവതികളായ വിധവകളുടെ സ്ഥിതിയെന്താണ്? ഇവരെ വിവാഹം ചെയ്തു രക്ഷിക്കാന്‍, വിവാഹിതരായ ആരെങ്കിലും മുന്നോട്ടു വന്നാല്‍ തന്നെ, അയാള്‍ നേരിടേണ്ടി വരുന്നതെന്താണ്? ഈ രണ്ടാം കെട്ടുകാരന്‍ സമൂഹത്തില്‍ തന്നെ രണ്ടാം നമ്പറുകാരനാവുകയില്ലേ? സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അയാള്‍ക്ക് നഷ്ടപ്പെടില്ലേ? സ്ത്രീ പീഡനത്തിന്റെ ‘ഉത്തമ മാതൃക’യായി ഇയാള്‍ ഉയര്‍ത്തിക്കാണിക്കപ്പെടില്ലേ?
പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കി ഇവരെ സംരക്ഷിക്കാന്‍ ഗവര്‍മ്മെന്റിന്നു കഴിയുമെന്നത് ശരി തന്നെ. പക്ഷെ, അത് കൊണ്ട് പ്രശ്‌നം അവസാനിക്കുമോ? പട്ടിണിയും പാരതന്ത്ര്യവുമല്ലാല്ലോ വിയറ്റ്‌നാം സ്ത്രീകളെ ലോയ് ഗ്രാമത്തിലേക്ക് നയിച്ചത്. പ്രത്യുത, വയസ്സു കാലത്ത് തങ്ങളുടേതായൊരു സന്തതി വേണമെന്ന കൊതിയായിരുന്നില്ലേ? ഏകാകിയായി മരിക്കാനുള്ള മനസ്സില്ലായ്മയായിരുന്നില്ലേ? സത്യത്തില്‍, ഇതൊരു അതിരുകടന്ന ആഗ്രഹമായി നമുക്ക് വിധിയെഴുതാനാകുമോ? അതിന്നു സ്വീകരിച്ച മാര്‍ഗം ശരിയല്ലെന്ന് വിധിയെഴുതാമെങ്കിലും?
നമ്മുടെ മുമ്പിലുള്ള ചോദ്യമിതാണ്: ലോയ് ഗ്രാമക്കാരുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ നമ്മുടെ വശമുള്ള മാര്‍ഗമെന്താണ്? അത് കണ്ടെത്തിയെങ്കിലല്ലേ അവരെ കല്ലെറിയാന്‍ നമുക്ക് അര്‍ഹതയുണ്ടാവുകയുള്ളൂ?

Related Articles