Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായിക് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍

സാകിര്‍ നായിക് ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. മലേഷ്യയില്‍ സ്ഥിരതാമസ വിസയുള്ള അദ്ദേഹത്തിന്റെ കാര്യത്തില്‍ മന്ത്രിസഭയിലും മറ്റും ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാതീര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളും നടത്തിയെന്ന കുറ്റത്തിനാണ് സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.

അദ്ദേഹം ഒരു പ്രശ്നവും ഉണ്ടാക്കാത്തിടത്തോളം കാലം അദ്ദേഹത്തെ തിരിച്ചയക്കില്ല, കാരണം അയാള്‍ക്ക് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്’, മലേഷ്യന്‍ പ്രധാനമന്ത്രി ക്വാലാലംപൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മലേഷ്യയില്‍ നിന്നും പുറത്തു പോകേണ്ടി വന്നാല്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങുകയില്ല എന്നദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതെസമയം മലേഷ്യയിലെ ചൈനീസ് ന്യൂനപക്ഷത്തെയും ഹിന്ദുക്കളെയും അപമാനിക്കുന്ന രീതിയില്‍ സാകിര്‍ നായിക് പ്രസ്താവന നടത്തി എന്നും അതിന്റെ പേരില്‍ സാകിര്‍ നായിക്കിനെ മലേഷ്യന്‍ സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ പോകുന്നു എന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാകിര്‍ നായിക്കിനെ മലേഷ്യയില്‍ നിന്നും പുറത്താക്കണം എന്ന പ്രതികരണത്തിന് നേരെ ‘അങ്ങിനെയെങ്കില്‍ ചൈനീസ് ന്യൂനപക്ഷവും നാടുവിട്ടു പോകണം അവരും നാട്ടിലെ അതിഥികളാണ്’ എന്ന് സാകിര്‍ നായിക് പറഞ്ഞു എന്നാണു വാര്‍ത്ത. അതെ പോലെ മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ആ നാട്ടിലെ പ്രധാനമന്ത്രിയെക്കാള്‍ സ്‌നേഹം നരേന്ദ്ര മോദിയോടാണ് എന്നും സാകിര്‍ നായിക് പറഞ്ഞെന്നാണ് പുതിയ ആരോപണം. ഈ വിഷയത്തില്‍ മന്ത്രിസഭയില്‍ തന്നെ ശക്തമായ സംവാദം നടക്കുന്നു എന്നും വിദേശ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട് ചെയ്യുന്നു.

അതെ സമയം തന്റെ പ്രസ്താവനയെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു എന്നാണ് സാകിര്‍ നായിക് പറയുന്നത്. മൂന്നു ദിവസത്തെ ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതില്‍ നിന്നും പോലീസ് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. ധാക്ക സ്ഫോടന കേസ് പ്രതികളുടെ മൊഴിയെ തുടര്‍ന്നാണ് നായിക്കിനെതിരെ ഇന്ത്യന്‍ പോലീസ് കേസെടുത്തത് . ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് സാകിര്‍ നായികിന്റെ പ്രാഭാഷണങ്ങളാണെന്നായിരുന്നു അവരുടെ മൊഴി. തുടര്‍ന്ന് ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനായി പൗരത്വം നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം വിട്ടുനല്‍കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യ ആവശ്യം നിരസിക്കുകയായിരുന്നു.

സാക്കിറിനെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് ഹാജരാക്കാന്‍ പലവട്ടം ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാമെന്നും അറിയിച്ചതാണെന്നും എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും മലേഷ്യന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നായിക്കിനെ നിരീക്ഷിച്ചു വരുന്നു എന്നാണു മലേഷ്യന്‍ പോലീസ് പറയുന്നത്. അദ്ദേഹത്തോട് എപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത് എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല എന്ന് അല്‍ജസീറ റിപ്പോര്‍ട് ചെയ്യുന്നു. ഇവ്വിഷയകവുമായി ആളുകള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം എന്ന് കൂടി മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നായിക്കിനെതിരായ അപകീര്‍ത്തി പ്രചാരണ കാമ്പയിന്റെ ഭാഗമാണ് പുതിയ ആരോപണം എന്നാണു സാകിര്‍ നായികിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതെ സമയം മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടിയുടെ നിലപാട് നായിക്കിന് അനുകൂലമാണ്. നായിക് കൃത്യമായി തെറ്റ് ചെയ്തു എന്ന് ഉറപ്പായാല്‍ മാത്രമേ അദ്ദേഹത്തെ പുറത്താക്കുന്നത് പോലുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കാന് പാടുള്ളൂ എന്ന ഉറച്ച നിലപാടിലാണവര്‍.

മലേഷ്യന്‍ രാഷ്ട്രീയത്തില്‍ സാകിര്‍ നായിക് ഒരു വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. അതെ സമയം അദ്ദേഹത്തെ ഇന്ത്യക്കു കൈമാറുന്നത് ശരിയല്ല എന്ന നിലപാടുമായി മനുഷ്യാവകാശ ഗ്രൂപ്പായ ലിബര്‍ട്ടി (LFL)യുടെ അഭിഭാഷകര്‍ രംഗത്തു വന്നിട്ടുണ്ട്. പകരം ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈ കമ്മീഷന്‍ (യു എന്‍ എച്ച് സി ആര്‍) ന് അപേക്ഷിക്കണം എന്ന നിലപാടിലാണ് അവരുള്ളത്. ഇന്ത്യയില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ല എന്ന് നായിക് മനസ്സിലാക്കിയാല്‍ അതാണ് നല്ല വഴി എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. പുതിയ സാഹചര്യത്തില്‍ നായിക്കിനെ വിട്ടു കിട്ടാന്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്നാണു ലോകം ഉറ്റു നോക്കുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം തെളിഞ്ഞാല്‍ മലേഷ്യ അദ്ദേഹത്തെ ഇന്ത്യയല്ലാത്ത മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കുമോ എന്നതും മറ്റൊരു നിരീക്ഷണമാണ്.

Related Articles