Current Date

Search
Close this search box.
Search
Close this search box.

യുവത്വം – ജ്വലനവും ചലനവും

യുവത്വം കൗമാരത്തിന്റെ എരിഞ്ഞടങ്ങലല്ല. മറിച്ച് ആളിക്കത്തലാണ്. ജീവിതത്തില്‍ ബാല്യവും കൗമാരവും പിന്നിട്ട് യുവത്വത്തിലേക്ക് കടക്കുന്നവരെ സമൂഹം ആശങ്കയോടെ കാണുന്നതും അതുകൊണ്ടാവണം. കുടുംബത്തിലും സമൂഹത്തിലും ഉത്തരവാദിത്വങ്ങള്‍ ഏറെ നല്‍കപ്പെടുന്ന ജീവിത കാലഘട്ടമാണത്. നീതിബോധവും, ദിശാബോധവും യുവത്വത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. യുവാക്കളുടെ കൂട്ടായ്മകൾ ഏറ്റെടുക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളും പൊതുവെ സാമൂഹ്യ നന്മ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കും. ജീവിതത്തെ കുറിച്ച പാതിവെന്ത ധാരണകളും അപക്വമായ ചിന്തകളും വൈകാരിക ‘ശിശുത്വ’വും ഒക്കെയാണ് യുവാക്കളെ പലപ്പോഴും താനംഗീകരിക്കുന്ന സംഗതിക്ക് വേണ്ടി അതി തീവ്ര-വൈകാരിക നിലവാരത്തിലേക്ക് എത്തിക്കുന്നത്.  അലസത വെടിഞ്ഞ് സമൂഹ നന്മയ്ക്കായി നിലകൊള്ളുന്ന ബിംബങ്ങളും നിപുണീ നിർമ്മിതിയുടെ മാതൃകകളുമായി മാറ്റണം നമ്മുടെ യുവത്വത്തെ.

ചില രക്ഷാകർത്താക്കൾ പ്രായപൂർത്തിയെത്തിയ സ്വന്തം മക്കളെ റോക്കറ്റ് പോലെ വളര്‍ത്തിവിടാറുണ്ട്. അവരുടെ പോക്കിന്റെ ദിശ നോക്കാറില്ല. വഴിതെറ്റി സഞ്ചരിച്ചാല്‍ നമ്മുടെ മുമ്പില്‍ ഒരു പിടിചാരക്കൂമ്പാരമയി വീഴുന്ന സ്വപ്നക്കൊട്ടാരങ്ങളാകും പല യുവത്വങ്ങളും എന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വരുമ്പോഴേ അറിയാറുള്ളൂ. എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക എന്നതാണ് യുവത്വത്തിന്റെ ശക്തിയും സാധ്യത / Potential ഉം .അതിനെ സമൂഹ നിർമിതക്കനുഗുണമായി പരിവർത്തിപ്പിക്കാനാവണം മുതിർന്ന തലമുറയുടെ ശ്രദ്ധയും കരുതലും.ശിശുക്കളുടെ നൈര്‍മ്മല്ല്യവും,യുവാക്കളുടെ ശക്തിയും, അനുഭവസമ്പന്നരായ മധ്യവയസ്കരുടേയും പ്രായമായവരുടേയും അഭിപ്രായ സുബദ്ധതയും കൂടിച്ചേരുമ്പോള്‍ മാറ്റത്തിന്റെ മാറ്റൊലി ഏത് സമൂഹത്തിലും ശ്രവിക്കാനാവും.

Also read: റജബ് തയ്യിബ് എർദോഗാൻ്റെ ഖത്തർ സന്ദർശനം

നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ മുതിർന്നവരേക്കാൾ ഏകദേശം മൂന്നിരട്ടി തൊഴിലില്ലാത്തവരാണ്, കൂടാതെ താഴ്ന്ന നിലവാരമുള്ള ജോലികൾ നിർബന്ധിത സാഹചര്യത്തിൽ ചെയ്യേണ്ടിവരുന്നവർ . ഇത് വായിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ നിസ്സാര ശമ്പളത്തിന് ജോലി ചെയ്യുന്നത് ഇന്നലെ വരെ കണ്ടത് മനസ്സിൽ തെളിഞ്ഞുവരുന്നുവെങ്കിൽ അതിനുത്തരവാദികൾ നാമോരോരുത്തരുമാണ്.
യു.എൻ സ്വപ്നം കാണുന്ന 2030 ലെ സുസ്ഥിര വികസനത്തിനായുള്ള അജണ്ടയിൽ യുവാക്കൾക്കുള്ള നൈപുണ്യവും ജോലിയും പ്രധാനമാണ്.കൂടാതെ എസ്ഡിജി ടാർജറ്റ് 4.4 ലേക്ക് അവരെ ബോധപൂർവ്വം അല്പാല്പമായി എത്തിക്കേണ്ടതും നാമാണ്. അതിന് വേണ്ടിയാണത്രെ 2014 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം അംഗീകരിച്ചത്.തൊഴിലില്ലായ്മയുടെയും തൊഴിൽ സംബന്ധിയായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള മാർഗമായി ഇന്നത്തെ യുവാക്കൾക്ക് മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ കൈവരിക്കുവാനുള്ള നൈപുണീ നിർമ്മാണമാണ് യു എൻ ലക്ഷ്യം വെക്കുന്നത്.

ലോകത്ത് വന്നിട്ടുള്ള പ്രവാചകന്മാർ / നവോത്ഥാന നായകർ എന്നിവരെല്ലാം വ്യത്യസ്ത നൈപുണികൾ ഒത്തിണങ്ങിയ യുവാക്കളായിരുന്നു. ഇബ്രാഹീം (അ) ന്റെ ജനത അക്കാര്യം പ്രത്യേകം പറഞ്ഞത് വേദ ഗ്രന്ഥം ഉണർത്തുന്നുണ്ട്. എന്തിനും പറ്റുന്ന യുവത്വത്തെ ദൈവാരാധനയിലാക്കൽ അന്ത്യനാളിലെ തണലിന് ഹേതുവാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. വ്യദ്ധന്മാർ എതിർത്തപ്പോൾ തന്റെ കൂടെ നിന്നത് യുവാക്കളായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. അവരുടെ ക്രിയാത്മകത അദ്ദേഹം ഉപയോഗപ്പെടുത്തിയതിന് ഒരുപാടുദാഹരണങ്ങളുണ്ട്. ബദർ – ഉഹദ്-മുഅ്ത്താ സൈനിക നിയോഗങ്ങൾ, എത്യോപ്യൻ കായിക താരങ്ങളുടെ ആയുധാഭ്യാസ്വാദനം, ഖുർആൻ എഴുതി സൂക്ഷിക്കൽ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളിൽ അദ്ദേഹം യുവാക്കളുടെ സാധ്യത പരിഗണിച്ചതിന്റെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാം. അദ്ദേഹത്തിന്റെ ഉത്തരാധികാരികളുടെ ജീവിതത്തിലും ഈ നൈപുണീ തെരെഞ്ഞെടുപ്പിന് എത്രയോ മാതൃകകൾ ലഭ്യമാണ്. അബൂബക്ർ (റ) ന്റെ മിഷൻ ആരംഭിക്കുന്നത് തന്നെ വളരെ പ്രമാദമായ ഉസാമ(റ)യുടെ സൈനികനിയമനത്തോടെയാണെന്നത് തന്നെ അതിനുള്ള വലിയ ഉദാഹരണം. യുവത്വം എന്ന പദത്തിന് പൊതുവെ അറബി ഭാഷയിലുപയോഗിക്കുന്ന പദം ശബാബ് എന്നാണ് എന്ന് നേരെത്തെ നാം സൂചിപ്പിച്ചിട്ടുള്ളതാണ്. (الشباب معناه التوقد والحركة) അഥവാ യുവത്വത്തിന്റെ നാനാർഥങ്ങൾ ജ്വലനവും ചലനവുമാണ്. ഏത് നിപുണതയ്ക്കും ഇന്ധനമാവേണ്ട രണ്ടു ഘടകങ്ങൾ. അവ രണ്ടുമുൾചേരാത്ത യുവത്വം വാർധക്യമാണ്. അതിന് പ്രായം എത്ര കുറവാണെങ്കിലും !!

( ജൂലായ് 15 : യുവ നൈപുണീ ദിനം)

Related Articles