Current Date

Search
Close this search box.
Search
Close this search box.

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ

അച്ഛനും മോളും ഷോപ്പിങ്ങിന്‌ പോയതാണ്‌. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കടയിൽപ്പോകണം. കേറിച്ചെന്നപ്പോളാണ്‌ കാണുന്നത്‌, അവിടെ പണികൾ നടക്കുന്നേയുള്ളൂ. ശ്രദ്ധിച്ചില്ലെങ്കിൽ താഴേക്ക്‌ വീഴും. അറ്റത്തുചെന്ന് നിന്നാൽ താഴേക്ക്‌ നന്നായി കാണാം. പക്ഷേ അപകടമാണ്‌. അതൊന്നും മോൾക്ക്‌ ചിന്തിക്കാൻ കഴിയുന്നില്ല. അവൾ ഏന്തിവലിഞ്ഞ്‌ അറ്റത്തേക്ക്‌ പോവാനുള്ള പുറപ്പാടാണ്‌. അച്ഛൻ വിടുമോ, മുറുകെപ്പിടിച്ചു. വേണ്ടാന്ന് പിന്നെയും പിന്നെയും പറഞ്ഞു. ദേഷ്യപ്പെടേണ്ടിയും വന്നു. കൗതുകം മാറാതെ പിന്നെയും അവളതിന്‌ തുനിഞ്ഞപ്പോൾ അച്ഛൻ നന്നായൊന്ന് പിടിച്ചുവലിച്ചു. അവളുടെ കുപ്പിവളകൾ ഒന്നൊന്നായ്‌ പൊട്ടിമുറിഞ്ഞ്‌ താഴേക്ക്‌ ചിതറി. കയ്യിൽ ചോരയും പൊടിഞ്ഞു. ‘അച്ഛൻ ചീത്തയാ. ന്നോട്‌ തീരെ സ്നേഹല്ലാ’ന്ന് പറഞ്ഞ്‌ കരഞ്ഞു.

അച്ഛനും സങ്കടായി. എന്നാലും ഒന്നു പുഞ്ചിരിച്ചു.‘കുപ്പിവളകൾ പൊട്ടിച്ച അച്ഛന്റെ ദുഷ്ടത്തരം മാത്രേ ഇപ്പോൾ മോൾക്ക്‌ കാണാൻ കഴിയൂ. സാരല്ല, താഴേക്ക്‌ വീഴാതെ കാത്തുവെച്ച ഈയച്ഛനെ ഒരുനാൾ എന്റെ മോള്‌ ഓർക്കും. അഭിമാനിക്കും. അപ്പോഴേ അച്ഛനെ മനസ്സിലാകൂ.’ ഉള്ളിലിങ്ങനേ സമാധാനിച്ചു.

‘വായിക്കാതെ പോയ പേജുകളും, എത്ര വായിച്ചിട്ടും മനസ്സിലാകാതെ പോയ വരികളും നിറഞ്ഞ പുസ്തകമാണ്‌ നീയെനിക്ക്‌’ എന്ന് എത്ര മനുഷ്യരോട്‌ പറയേണ്ടവരാണ്‌ നമ്മളും അല്ലേ. ഇത്തിരിമാത്രമല്ലേ മനുഷ്യരെ അറിയുന്നുള്ളൂ. അറിയാൻ ശ്രമിക്കുന്നുള്ളൂ. നമ്മുടെ വിലാസത്തിൽ കൃത്യമായി വന്നിട്ടും, ഒന്നു തുറന്നുനോക്കാതെയോ തുറന്നിട്ടും ശരിക്കൊന്ന് വായിക്കാതെയോ പോകുന്ന കത്തുകൾ പോലെ അരികത്തുള്ള മനുഷ്യർ.

ചേച്ചിയുണ്ടാക്കുന്ന താറാവുകറിക്ക്‌ ഭയങ്കര രുചിയാണ്‌. വിശേഷദിവസങ്ങളിൽ മാത്രമല്ല ദിവസങ്ങൾക്ക്‌ വെറുതേ ഓരോ വിശേഷങ്ങൾ നൽകിയും ചേച്ചി താറാവുകറിയുണ്ടാക്കി തരും. ഈയടുത്ത്‌ എല്ലാരും കൂടി പുറത്തൊരു ഭക്ഷണത്തിനുപോയി. നല്ല ഹോട്ടലാണ്‌. രുചിയുള്ള താറാവുകറി കിട്ടും. എല്ലാർക്കും അപ്പവും താറാവുകറിയും മതി. ആസ്വദിച്ച്‌ കഴിക്കാനൊരുങ്ങുമ്പോൾ ചേച്ചി മാത്രം ആ കറി തൊട്ടില്ല. ഇത്തിരി സാലഡ്‌ ചേർത്ത്‌ അപ്പം മാത്രം കഴിക്കുന്നത്‌ കണ്ട്‌ ആങ്ങളമാർ ചോദിക്കുന്നുണ്ട്‌: എന്തുപറ്റി! താറാവുകറി വേണ്ടേ?’

‘വേണ്ടെടാ. ഞാനത്‌ കഴിക്കാറില്ലല്ലോ.’
‘കഴിക്കാറില്ലാന്നോ! അസ്സലായിട്ട്‌ താറാവ്‌ കറിയുണ്ടാക്കുന്നയാളല്ലേ. പിന്നെ ആർക്ക്‌ കഴിക്കാനാ അത്രേം നന്നായിട്ട്‌ ഉണ്ടാക്കുന്നത്‌? ചേച്ചി സത്യാണോ പറയുന്നത്‌. ചെറുപ്പത്തിൽപ്പോലും കഴിക്കാറില്ലേ?’
‘ഇല്ല. ചെറുപ്പത്തിൽപ്പോലും.’

വലിയൊരു മനുഷ്യൻ സങ്കടത്തോടെ എഴുതിയതാണ്‌. ഇതു വായിച്ചുതീർന്നപ്പോൾ എത്രമുഖങ്ങളാണ്‌ ‌ മനസ്സിലേക്ക്‌ ഓടിക്കേറിവന്നത്‌. നമ്മുടെ ഇഷ്ടങ്ങളൊക്കെ അവർക്ക്‌ നല്ലതുപോലെ അറിയാം. ചൂടെത്ര വേണം, ചോറെത്ര വേവണം, എരിവെത്രയാണിഷ്ടം. എന്നിട്ടും..
ജീവിതം കുറേക്കൂടി ആഴം ആവശ്യപ്പെടുന്നുണ്ടല്ലേ. സ്നേഹിക്കുമ്പോൾ ശരിക്കും സ്നേഹിച്ച്‌. പ്രാർത്ഥിക്കുമ്പോൾ ശരിക്കും പ്രാർത്ഥിച്ച്‌. ശ്വസിക്കുമ്പോൾ നല്ലോണം ശ്വസിച്ച്‌…

Related Articles