Current Date

Search
Close this search box.
Search
Close this search box.

ചരിത്രമില്ലാതെ മനുഷ്യനില്ല

‘എന്തൊരു പതിതാവസ്ഥ. യാത്രാസംഘത്തിന് പാഥേയം നഷ്ടപ്പെട്ടു;
അവരുടെ സ്വത്വത്തിൽനിന്ന് നഷ്ടബോധവും നഷ്ടപ്പെട്ടു’ -അല്ലാമാ ഇഖ്ബാൽ

അനിവാര്യമായും ഉണ്ടാവേണ്ട ബോധമാണ് ചരിത്രബോധം. ഭൂതകാലത്ത് നടന്ന സംഭവങ്ങളും അവയെക്കുറിച്ചുള്ള സ്മരണകളുമാണ് ചരിത്രം. കഴിഞ്ഞകാല യാഥാർഥ്യങ്ങൾ വ്യത്യസ്തമായ രൂപങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദൃശ്യരേഖകളും ശ്രാവ്യരേഖകളും ചരിത്രം സൂക്ഷിക്കപ്പെടുന്ന രണ്ട് രൂപങ്ങളാണ്. വാമൊഴിയായി ലഭിച്ചുപോരുന്ന ചരിത്രരേഖകളുമുണ്ട്.

ചരിത്രമില്ലെങ്കിൽ, മനുഷ്യനില്ല. ചരിത്രത്തിന്റെ അഭാവത്തിൽ മനുഷ്യൻ കേവലം ജന്തുക്കളായി പരിണമിക്കും. നിലനിൽക്കുന്ന നിമിഷത്തിന്റെ സൂക്ഷമമായ ബിന്ദുവിലേക്ക് മനുഷ്യനും അവന്റെ ലോകവും ചുരുങ്ങും. വർത്തമാനത്തിലുള്ളത് എന്താണോ, അത് മാത്രമുണ്ടാവും. അതിനപ്പുറവും ഇപ്പുറവും ഉണ്ടാവില്ല. പ്രസ്തുത അവസ്ഥ ഭാവനയിൽപോലും കാണാനാവില്ല. കാരണം, ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ആലോചിച്ചുകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. ഭുതകാലത്തെ പഠിക്കുന്ന വ്യക്തിക്ക് ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ ഗ്രഹിക്കാനാവുമെന്ന് കങ്ഫ്യൂചിസ് നിരീക്ഷിച്ചിട്ടുണ്ട്.

ചരിത്രത്തിന്റെ വലിയൊരു നിധിയുമാണ് ഓരോ മനുഷ്യന്റെയും പ്രയാണം. സൗഹൃദത്തിന്റെ ചരിത്രം മനുഷ്യനുണ്ട്; വിജ്ഞാനത്തിന്റെയും ചെറുപ്പക്കാലത്തിന്റെയും ചരിത്രം അവനുണ്ട്; കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രമുണ്ട്. ഹ്രസ്വകാല ചരിത്രം, ദീർഘകാല ചരിത്രം എന്നിങ്ങനെ രണ്ട് അടരുകളിലെ ചരിത്രവും മനുഷ്യനിൽ അന്തർലീനമാണ്. ഓരോ വ്യക്തിയുടെയും ജനനംമുതൽ ഇപ്പോൾവരെയുള്ള സംഭവങ്ങളെക്കുറിച്ചുള്ള ഓർമകളാണ് ഹ്രസ്വകാല ചരിത്രം. ജനനത്തിനുംമുമ്പേ നടന്ന യാഥാർഥ്യങ്ങളാണ് ദീർഘകാല ചരിത്രം. ദീർഘകാല ചരിത്രം പിന്നോട്ട് പോകുന്നതിനനുസരിച്ച്, പുരാതനവും അതിപുരാതനവുമായ ചരിത്രങ്ങളായി അത് വികസിക്കും.

ചരിത്രം ആത്മബോധവും പ്രജ്ഞാബോധവുമാണ്. ചരിത്രത്തിൽനിന്ന് അടർത്തിമാറ്റപ്പെട്ട പ്രയാണം അസത്തും നാസ്തിത്വവുമാണ്. ഒരു സമൂഹത്തെയും അതിന്റെ സംസ്‌കാരത്തെയും ഉന്മൂലനം ചെയ്യാനുള്ള എളുപ്പവഴി, പ്രസ്തുത സമൂഹത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കലാണ്. വംശീയത വെച്ചുപുലർത്തുന്ന സംഘങ്ങൾ ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന കൊടുംക്രൂരത, അവരുടെ ചരിത്രത്തെ തുടച്ചുനീക്കുന്നുവെന്നതാണ്. ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലറും ഇറ്റലിയിൽ ബെനീത്തോ മുസോളിനിയും ജൂത സംസ്‌കാരത്തോട് അതാണ് ചെയ്തത്. ഇന്ത്യയിൽ സംഘ്ഫാഷിസം മുസ്‌ലിംകളോടും ദലിതരോടും അനുവർത്തിക്കുന്നതും അതുതന്നെ.

ചരിത്രത്തെക്കുറിച്ച് സൂക്ഷമമായ അവബോധം നൽകുന്നുണ്ട് ഇസ്‌ലാം. വ്യത്യസ്തമായ പദപ്രയോഗങ്ങൾ അതിന് കാണാനാവും. പൊതുവായി ചരിത്രത്തിന് താരീഖെന്നാണ് പറയുക. തിയതിയെന്ന മറ്റൊരർഥം കൂടിയും താരീഖിനുണ്ട്. കൃത്യതയെക്കുറിക്കുന്ന ദൈവിക പ്രതിഭാസമാണല്ലോ തിയതിയും കാലവും മറ്റുമൊക്കെ. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ചരിത്രത്തിനും ചരിത്ര വീക്ഷണത്തിനും സമാനമായ കൃത്യതയുണ്ട്. അതിനാലാവാം തിയതിക്ക് ഉപയോഗിക്കുന്ന താരീഖ് ചരിത്രത്തിനും പ്രയോഗിക്കപ്പെട്ടത്. ഒരോയിനം ചരിത്രശാഖക്കും വെവ്വേറെ പ്രയോഗങ്ങൾ അറബി ഭാഷയിലുണ്ട്. ജീവചരിത്രത്തിന് സീറയെന്നും സംഭവ ചരിത്രത്തിന് അഖ്ബാറെന്നും യുദ്ധചരിത്രത്തിന് മഗാസിയെന്നും വിജയങ്ങളുടെ ചരിത്രത്തിന് ഫുത്തൂഹെന്നും പറയുന്നു.

ഭൂമിയിൽ സഞ്ചരിക്കാനും സമൂഹങ്ങളുടെ അന്ത്യം എങ്ങനെയാണെന്ന് നിരീക്ഷിക്കാനും ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതത്തെ ധാർമികമായ ഉയിർപ്പിലേക്ക് വഴിനടത്താനാണ് വിശുദ്ധവേദവും തിരുചര്യയും ആഹ്വാനം ചെയ്യുന്നത്. ധാർമിക പുരോഗതി ലക്ഷ്യമായതിനാൽ, തിയതി, മാസം, വർഷംപോലുള്ള കാല സൂചികകൾ ചരിത്ര വിവരണത്തിൽ ഇസ്‌ലാം പരിഗണിക്കുന്നില്ല. നല്ല ആശയങ്ങളുടെ സ്വീകാര്യതയും ചീത്ത ആശയങ്ങളുടെ തിരസ്‌കാരവുമാണ് ചരിത്ര പ്രദിപാദനത്തിന്റെ ഇസ്‌ലാമിക പ്രചോദനം. ഉദാഹരണം പറയാം: കാലത്തെ മുൻനിർത്തി വിശുദ്ധവേദം സത്യം ചെയ്യുന്നുണ്ടല്ലോ. മനുഷ്യരെല്ലാം മഹാനഷ്ടത്തിലാണുപോലും. എന്നാൽ, നഷ്ടത്തിൽനിന്ന് രക്ഷയേകുന്ന മൂന്ന് തത്വങ്ങൾ ചരിത്ര പാഠങ്ങളിൽനിന്ന് സ്വാംശീകരിക്കണമെന്നാണ് വേദം പറയുന്നത്. വിശ്വാസം, നല്ല കർമങ്ങൾ, സത്യംകൊണ്ടും സംയമനംകൊണ്ടുമുള്ള ഉപദേശം എന്നിവയാണ് ആ തത്വങ്ങൾ.

Related Articles