Current Date

Search
Close this search box.
Search
Close this search box.

പരീക്ഷിക്കപ്പെടുന്നതെപ്പോഴും ഞാൻ മാത്രമോ ?

എന്തുകൊണ്ടാണ് നാഥൻ എനിക്ക് ഈ പരീക്ഷണം നൽകിയത് ? ഞാൻ മാത്രം ജീവിതത്തിൽ ഏറ്റവും കാഠിന്യമേറിയ പരീക്ഷണങ്ങൾക്കിരയാവുന്നതെന്തുകൊണ്ടാണ് ? എന്നെ നാഥൻ ശിക്ഷിക്കുന്നതാണോ ? എന്തുകൊണ്ട് എപ്പോഴും എന്നെ മാത്രം ? എന്തുകൊണ്ട് ഞാൻ ?

ഈ ചോദ്യങ്ങൾ നിങ്ങളിൽ ചിലർക്ക് പരിചിതമായിരിക്കാം, അല്ലെങ്കിൽ നിങ്ങൾ നിങ്ങളോട് തന്നെ രഹസ്യമായി ചോദിക്കുന്നവയുമാവാം.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്ന രോഗത്തിലേക്ക് നയിക്കാവുന്ന ആഘാതകരമായ ഒരു സംഭവം നിങ്ങൾക്കുണ്ടായാൽ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, “എന്തുകൊണ്ടാണ് എന്നെ ഇതിലൂടെ വലിച്ചിഴക്കുന്നത്, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തുവോ?” വിഷാദവും ഉത്‌ക്കണ്‌ഠയും തീവ്രമായി വർദ്ധിക്കുമ്പോൾ “എന്തുകൊണ്ടാണ് നാഥൻ എനിക്ക് ഈ പരീക്ഷണം നൽകിയത് ? ” എന്ന് നിങ്ങൾ ചോദിച്ചേക്കാം.

ജീവിത-പരീക്ഷണങ്ങളിൽ ഇത്തരം കാഴ്ചപ്പാട് സ്വീകരിച്ചാൽ നാം സ്വയം തരംതാഴുകയാണ്‌ ചെയ്യുന്നത്. മാത്രമല്ല, ഒരു വിശദീകരണം കണ്ടെത്തുന്നതിനുള്ള കുറ്റപ്പെടുത്തൽ മാത്രമാണിത്.

പ്രയാസങ്ങൾ നേരിടുമ്പോഴും, പരിഹാരങ്ങൾ പരീക്ഷിക്കപ്പെടുമ്പോഴും, ദൃഢനിശ്ചയത്തോടെ ചെറുത്തുനിൽക്കാനുള്ള കഴിവ് നഷ്ടമാവുകയാണെങ്കിൽ പോലും നമ്മുടെ ആത്മീയമായ കാഴ്ചപ്പാട് നന്മനിറഞ്ഞതാണെങ്കിൽ നാം അറിയാതെ തന്നെ നമ്മുടെ ശക്തി വർദ്ധിക്കും.

സമ്മർദ്ദമോ പ്രയാസങ്ങളോ അല്ല നമ്മുടെ ജീവിതനിലവാരവും സന്തോഷവും നിർണ്ണയിക്കുന്നത്, മറിച്ച് അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണത് നിർണ്ണയിക്കപ്പെടുന്നത്.

എന്തുകൊണ്ടാണ് എന്നെ പരീക്ഷിക്കുന്നത്?
സാധ്യമായ ഒന്നിലധികം ഉത്തരങ്ങളുള്ള ഒരു വലിയ ചോദ്യമാണിത്. പക്ഷേ ലളിതമായ ഒരു ഉത്തരം എപ്പോഴും നൽകാൻ കഴിയും, ഇത് നിങ്ങളുടെ പോരാട്ടമാണ്. അതിന് തീർച്ചയായും ഒരു ലക്ഷ്യവുമുണ്ട്.

Also read: എന്റെ കഥ : ഡോ. സെബ്രിന ലീ

ഇസ്ലാമിൽ ഒരു പോരാട്ടത്തെ ‘ ജിഹാദ് ‘ എന്നാണ് പറയുന്നത്. അതിനർത്ഥം സ്വന്തം വ്യക്തിത്വത്തോടുള്ള നമ്മുടെ പോരട്ടമോ അല്ലെങ്കിൽ പെരുമാറ്റത്തിൽ മികവ് പുലർത്താൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന വ്യക്തിത്വ വൈകല്യത്തെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകുന്നുവെന്നുമാണ്. ജീവിതത്തിലെ ഏതുകാര്യവും പോരട്ടമാകാം, അവ ഒരിക്കലും മോശമായ ഒന്നല്ല. ഇവിടെയാണ് നിങ്ങളുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കേണ്ടത്.

ജീവിത പോരാട്ടങ്ങളും പ്രയാസങ്ങളും ഇരുമ്പുരുക്കുന്നത് പോലെയാണ്. അതിതീവ്രമായ ചൂട് അപകടകരവും വേദനിപ്പിക്കുന്നതുമാണെങ്കിലും, അവ ചൂടാക്കി അടിച്ചെടുക്കുമ്പോൾ എന്താണ് സംഭവിക്കുക ? കൂടുതൽ ശക്തവും, മൂല്യമുള്ളതും, മുമ്പത്തേക്കാൾ മികച്ചതുമായി രൂപപ്പെടുത്തിയെടുക്കുന്നു.

നമ്മുടെ പോരാട്ടങ്ങൾ നമ്മെ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിനുമുള്ളവയാണ്. നാം അത് അനുവദിക്കുകയാണെങ്കിൽ, മുമ്പത്തേക്കാൾ ശക്തമായി നമ്മെ വളർത്തിയെടുക്കാൻ അവയ്ക്ക് കഴിയും. നമ്മുടെ പോരാട്ടം ആഴത്തിലുള്ള ആത്മീയതയിലേക്കുള്ള കവാടമാണ്.

പോരാട്ടങ്ങൾ നമുക്കായി എഴുതപ്പെട്ടവയാണ്. അവ എത്ര തന്നെ ബുദ്ധിമുട്ടുള്ളവയാണെങ്കിലും, ക്ഷമയോടെ നിരന്തരം പോരാടിക്കൊണ്ടേയിരിക്കണം. ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾകൊണ്ട് നാഥൻ ഒരിക്കലും നമ്മെ അടിച്ചമർത്തുകയില്ലെന്ന യാഥാർത്ഥ്യം നാം എപ്പോഴും ഓർമിക്കണം.

കാഴ്ചപ്പാട് മാറ്റുക
പ്രയാസഘട്ടങ്ങളിൽ നമ്മുടെ ചിന്തകളിലും വിശ്വാസങ്ങളിലും മാറ്റം വരുത്തിയാൽ നമ്മുടെ വികാരങ്ങൾ മാറും, ഇത് നമ്മുടെ പെരുമാറ്റരീതിയെ മികച്ചതാക്കാൻ സഹായിക്കും. പെരുമാറ്റങ്ങൾ വികാരങ്ങളെയും ചിന്തകളെയും ബാധിക്കുന്നതിനാൽ ഈ പരിവൃത്തി തുടർന്നുകൊണ്ടേയിരിക്കും.

നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് ആത്മാനുകംബയിൽ മുഴുകുന്നതിന് പകരം, ഈ ലോകത്തല്ലെങ്കിൽ മറ്റൊരു ലോകത്ത് നിങ്ങളെ സഹായിക്കുന്ന വെല്ലുവിളികളായി പ്രയാസങ്ങളെ കാണുക. വിശ്വാസത്തിൽ ശക്തരാവാനുള്ള വളർച്ചക്കും ആത്മപ്രതിഫലനത്തിനുമുള്ള അവസരങ്ങളായി ബുദ്ധിമുട്ടുകളെ കണക്കാക്കണം. ഇതോടൊപ്പം, പരീക്ഷണങ്ങൾക്ക് ആത്മാർത്ഥമായി നന്ദി പറയുകയും നാഥനെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള കാഴ്ചപ്പാട് എല്ലായ്പോഴും “എന്തുകൊണ്ട് എന്നെ ?” എന്ന ചോദ്യത്തിൽ കേന്ദ്രീകരിക്കുന്നതിനേക്കാളും മികച്ച ഫലം നൽകും.

Also read: വംശീയത ഒരു വൈറസാണ്

വിധിയെ പഴിച്ച് നിഷേധാത്മകതയോടെ സ്വയം തരംതാഴുന്നതിന് പകരം പ്രാർത്ഥനയോടെ വിശ്വാസത്തെ പ്രതിഫലിപ്പിച്ച് സാന്ത്വനം കണ്ടെത്തണം. പരീക്ഷണസമയത്താവശ്യമായ പ്രകാശത്തിന്റെയും ശക്തിയുടെയും ഉറവിടമാണ് ആത്മീയത. ഈ പോരാട്ടങ്ങൾ നമ്മുടെ ആത്മീയതയ്ക്കുള്ള ഒരു സമ്മാനമാണ്, അവ പലപ്പോഴും ആഴത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ചുരുക്കത്തിൽ, പോരാട്ടങ്ങൾ വേഷംമാറിവന്ന അനുഗ്രഹങ്ങളാണ്, നമ്മുടെ ദൃഢനിശ്ചയം കഠിനമാക്കാനും വിശ്വാസം ശക്തിപ്പെടുത്തി ഉന്നതിയിലെത്താനും അവ നമ്മെ പ്രാപ്തരാക്കുന്നു. വിശ്വാസം കൈവിടാതെ ഫലപ്രദമായൊരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കാൻ നമുക്ക് സാധിച്ചാൽ അതായിരിക്കും നമ്മുടെ ജീവിതവിജയം. മാത്രമല്ല, “എന്തുകൊണ്ട് എന്നെ ?” എന്ന ചോദ്യത്തിന് പകരം “ഈ അവസരത്തിന് നാഥന് നന്ദി” എന്ന് പറയുന്നവരായി നമുക്ക് മാറാൻ സാധിക്കും.

വിവ- തഫ്സീല സി.കെ

Related Articles