Current Date

Search
Close this search box.
Search
Close this search box.

വായന: അറിവും ശക്തിയും

വാറന്‍ ബഫെറ്റിനെ കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. ലോക ശതകോടീശ്വരന്മാരില്‍ ഒരാള്‍. ധന സമ്പാദ്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും വലിയ വിജയിയായ നിക്ഷേപകന്‍. വാറന്‍ ബഫെറ്റിനെ ഈ നിലയില്‍ എത്തിച്ചതിന്‍റെ പിന്നിലെ ശക്തി എന്താണെന്ന് അറിയുമൊ? പരന്ന വായന തന്നെ. ദിനേന അദ്ദേഹം വായിച്ചിരുന്നത് 500 പേജുകള്‍. ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെ കുത്തൊഴുക്കില്‍പ്പെട്ട് വായന മരിക്കുമൊ എന്ന് സംശയിച്ച്കൊണ്ടിരിക്കുന്ന കാലത്ത് വായനയുടെ കരുത്തും ശക്തിയും മനസ്സിലാക്കാന്‍ വാറന്‍ ബഫെറ്റ് ധനാഡ്യനായതിന്‍റെ പിന്നിലെ പ്രചോദനം എന്താണെന്ന് മനസ്സിലാക്കിയാല്‍ മതി.

അതിരുകളില്ലാത്ത വികാസക്ഷമതയുള്ള നമ്മുടെ മനസ്സിന്‍റെ ഭാവനയും ശക്തിയും വര്‍ധിക്കാന്‍ വായനയെ പോലെ ഫലപ്രദമയ ഒരു മാര്‍ഗ്ഗവുമില്ല. ശരീരിക ആരോഗ്യത്തിന് പോഷകാഹാരം പോലെ, ബൗദ്ധിക വളര്‍ച്ചക്ക് വായന അനിവാര്യമാണ്. വായിക്കാന്‍ ക്ഷമ അനിവാര്യം. അതാകട്ടെ നമ്മില്‍ പലര്‍ക്കും നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്നു. ഏകാഗ്രതയോടെ ഒരു പത്ത് മിനുറ്റ് പോലും വായിക്കാന്‍ ക്ഷമയില്ലാത്ത കാലമാണിത്. അതിനാല്‍ പുതു തലമുറക്ക് വായന നല്‍കുന്ന സായുജ്യം അനുഭവിച്ച് അറിയാന്‍ കഴിയുന്നില്ല.

ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ഉത്തേജകമാണ് വായന. നവീന ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്ക് അത് വഴിമരുന്നിടുന്നു. അതാണ് വാറന്‍ ബഫെറ്റിനെ വിശ്വോത്തര കോടീശ്വരനാക്കിയത്. കഥ വായിക്കുന്നവര്‍ക്ക് പുതിയ കഥാനുഭവങ്ങള്‍ മനസ്സില്‍ തരളിതമാവുന്നു. ശാസ്ത്ര ഗവേഷണ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് അങ്ങനെ. കവിത വായിക്കുന്നവര്‍ക്ക് മറ്റൊരു തരം അനുഭൂതി. പുസ്തകം അടഞ്ഞ് കിടക്കുന്ന ഒരു നിര്‍ജീവിയാണ്. അതിനുള്ളില്‍ തുടിക്കുന്ന എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട്. കഥാപാത്രങ്ങളെ ഉള്‍കൊണ്ട് വായിച്ചാല്‍ അത് മനസ്സിന്‍റെ അമരത്ത് സജീവമായി നിലകൊള്ളും.

പരിചിതമായ ലോകത്ത് നിന്നും പുതുമയുള്ള ലോകത്തേക്ക് നമ്മെ എത്തിക്കുവാന്‍ വായനക്ക് സാധിക്കുന്നു. ആത്മ വിശ്വാസവും ഭാവനയും വികസിക്കുവാന്‍ വായന അനിവാര്യമാണ്. പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ആശ്വാസം പകര്‍ന്നു തരാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കും. ഉത്തമമായ പുസ്തകം നല്ലൊരു സുഹൃത്തിനെ പോലെയാണ് എന്ന് പറയുന്നത് എത്ര വാസ്തവം. മറ്റുള്ളവരുടെ വികാരങ്ങള്‍ ഒപ്പി എടുക്കാന്‍ പുസ്തക വായന സഹായിക്കും. നമ്മുടെ ഷൂ മാറ്റിവെച്ച് മറ്റുള്ളവരുടെ ഷു ധരിക്കുന്ന അനുഭവം. വായിക്കുന്നതോടൊപ്പം മനസ്സിലാക്കുക. മനസ്സിലാക്കുന്നതോടൊപ്പം അത് പ്രാവര്‍ത്തികമാക്കുക.

ചിന്തകളാണ് വികാരങ്ങളെ നിയന്ത്രിക്കുന്നത്. അപ്പോള്‍ ചിന്തകളെ സ്വാധീനിക്കുന്നത് എന്താണ്? വായനയും ഉജ്ജ്വല പ്രഭാഷണങ്ങളും.പുസ്തകങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്നത് തന്നെ ആവേശമാണ്. ലോകത്തെ നോക്കികാണാന്‍ അത് നമ്മെ പഠിപ്പിക്കുന്നു. വായന മനുഷ്യന്‍റെ ആയുസ് വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ദിനേന അര മണിക്കര്‍ വായിക്കുക. കുട്ടികളില്‍ വായന ശീലം ഉണ്ടാക്കാന്‍ അവര്‍ക്ക് അനുയോജ്യമായ പുസ്തകം ലഭ്യമാക്കണം.

മഹത്തായ സോദ്ദ്യേശ പ്രക്രിയായിരിക്കണം വായന. പലതരം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വായനയിലൂടെ സാധിക്കും. അജഞത നീങ്ങാന്‍ അന്ധകാരം ഇല്ലാതാവാന്‍, അറിവിന്‍റെ പുതിയ ലോകത്തേക്ക് എത്തിച്ചേരാന്‍, ആനന്ദവും ഉല്ലാസവും ലഭിക്കാന്‍ വായന അനിവാര്യമാണ്. എങ്ങനെയായിരിക്കണം പുസ്തകം വായിക്കേണ്ട് എന്ന് ചോദിച്ചാല്‍, അത് ഒരു ജഡ്ജിയുടെ മനോഭാവത്തോടെ വായിക്കണം എന്നാണ് ഉത്തരം. തള്ളേണ്ടത് തള്ളുക. കൊള്ളേണ്ടത് കൊള്ളുക. പശു പുല്ല് തിന്നതിന് ശേഷം പാല്‍ ചുരത്തുന്നത് പോലെ, വായിച്ച പുസ്തകത്തില്‍ നിന്നും പ്രയോജനം ലഭിക്കേണ്ടതുണ്ട്.

എല്ലാ നന്മകള്‍ക്കും പ്രചോദനം നല്‍കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ആ വേദഗ്രന്ഥത്തിന്‍റെ മനുഷ്യരാശിയോടുള്ള ആദ്യ കല്‍പനയും പ്രചോദനവും വായിക്കാന്‍ ആവശ്യപ്പെട്ട്കൊണ്ടാണെന്നുള്ളത് ഒരിക്കലും യാദൃശ്ചികമായ പ്രസ്താവമല്ല. ഡിജിറ്റല്‍ വായന പാടില്ലെന്നും പുസ്തകങ്ങളിലൂടെ മാത്രമേ വായിക്കാവൂ എന്ന് പുതുതലമുറയോട് നിഷ്കര്‍ഷിക്കേണ്ടതില്ലങ്കിലും, വായനയുടെ ഉള്ളടക്കം നിര്‍ണ്ണയിച്ച്കൊടുക്കുന്നതില്‍ ഒരു ദിശാബോധം നല്‍കേണ്ടത് അനിവാര്യമാണ്. ഭക്ഷണകാര്യത്തിലെന്നപോലെ. അല്ലാത്തപക്ഷം വിഷഹാരിയായ ചിന്താധാരകള്‍ അകത്തേക്ക് കടക്കുകയും നമ്മെ നശിപ്പിക്കുകയും ചെയ്തേക്കാം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles