Current Date

Search
Close this search box.
Search
Close this search box.

സമ്പന്നനാകണോ ഈ വഴി പരീക്ഷിക്കൂ

ജീവിതത്തിൽ സ്വീകരിക്കേണ്ട ശരിയായ വഴിയെ കുറിച്ചും അതിൻറെ ചില അർത്ഥ തലങ്ങളെ കുറിച്ചും കഴിഞ്ഞ അധ്യായങ്ങളിൽ പരാമർശിച്ച് കഴിഞ്ഞു. എങ്കിലും ഞാൻ ഇവിടെ അതിനെ കുറിച്ച് അൽപം കൂടി വിശദീകരിക്കാം, അതിലൂടെ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. അതായത്, അല്ലാഹു നിനക്ക് വീതിച്ച് നൽകിയ, നിൻറെ ശരീരത്തിൽ, സമ്പത്തിൽ, സന്താനങ്ങളിൽ, ഭവനത്തിൽ, സർഗ്ഗസിദ്ധിയിൽ എന്ന് വേണ്ട, എല്ലാകാര്യത്തിലും നീ സംതൃപ്തനാവണം. വിശുദ്ധ ഖുർആൻ പറയുന്നു:

‘നിനക്കു നൽകുന്നതെന്തോ അതു സ്വീകരിക്കുകയും നന്ദിയുള്ളവനായിരിക്കുകയും ചെയ്യക.’ 7:144

ഭക്തരായ നമ്മുടെ മുൻഗാമികളിൽപ്പെട്ടവരും മുൻകാല തലമുറകളും സമ്പന്നരായിരുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന മണിമാളികകൾ അവർക്കുണ്ടായിരുന്നില്ല. അകമ്പടി സേവിക്കാൻ പരിവാരങ്ങളൊ വാഹനങ്ങളൊ ഉണ്ടായിരുന്നില്ല. എന്നിട്ടും അവർ ജീവിതവുമായി മല്ലിടുകയും വിജയിക്കുകയും ചെയ്തു. മനുഷ്യ സമൂഹത്തിന് അവർ സമർപ്പിച്ചതും അത് തന്നെ.

ഇത് എന്ത്കൊണ്ട് സാധിച്ചുവെന്നാൽ, അല്ലാഹു അവർക്ക് നൽകിയ നല്ലതിൽ നിന്ന് അവൻറെ ശരിയായ വഴിയിൽ ചിലവഴിച്ചത് കൊണ്ടാണ്. അതിനാൽ തന്നെ അവർ അവരുടെ ജീവിതത്തിലും കാലത്തിലും സർഗ്ഗാത്മകതയിലും അനുഗ്രഹിക്കപ്പെട്ടവരാണ്.

ഈ അനുഗ്രഹിക്കപ്പെട്ടവരുടെ എതിർ വിഭാഗമുണ്ടല്ലോ? അവർക്ക് അല്ലാഹു സമ്പത്തും സന്താനങ്ങളും മറ്റു സൗകര്യങ്ങളുമെല്ലാം നൽകിയിരുന്നു. എന്നാൽ അത് അവരുടെ പരാജയത്തിൻറെയും നഷ്ടത്തിൻരെയും ഉറവിടമായിത്തീരുകയാണുണ്ടായത്. ശരിയായ സഹജവാസനയിൽ നിന്നും ശരിയായ രീതിശാസ്ത്രത്തിൽ നിന്നും അവർ ബഹുദൂരം വ്യതിചലിച്ചു എന്നതത്രെ അതിന് കാരണം. ചിലകാര്യങ്ങളെല്ലാം ചേർന്നാൽ എല്ലാം ആയി എന്ന് കരുതാതിരിക്കാനുള്ള തെളിവ് കൂടിയാണിത്.

അന്തരാഷ്ട്ര ബിരുദങ്ങൾ നേടിയവരെ കുറിച്ച് ആലോചിച്ച് നോക്കൂ. അത് അവർക്ക് ലഭിച്ച അത്തരം നിരവധി സമ്മാനങ്ങളിൽ, സർഗ്ഗാത്മകതയിൽ ഒന്നായിരിക്കാം. അതേയവസരം വേറെ ചിലരെ നിങ്ങൾക്ക് കാണാം. അവർക്ക് അൽപം മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ. പക്ഷെ അത്കൊണ്ട് അവർ വലിയ നേട്ടങ്ങൾ കൊയ്തിട്ടുണ്ടായിരിക്കും.

നിങ്ങൾ വിജയിക്കണമെങ്കിൽ, അല്ലാഹു നിന്നെ രൂപപ്പെടുത്തി എടുത്തതിൽ സന്തോഷവാനായിരിക്കുക. അഥവാ നിൻറെ ശബ്ദത്തിൽ, ബുദ്ധിയിൽ, സമ്പാദ്യത്തിൽ സന്തോഷവാനായിരിക്കുക. ലഭിച്ചതിനെക്കാൾ കുറവുണ്ടെന്ന നിലയിൽ ജീവിക്കുന്നത് കൂടുതൽ സന്തോഷത്തിനിടയാക്കുമെന്ന് ചില ജ്ഞാനികൾ അഭിപ്രായപ്പെടുന്നു. ഒരു അറബി കവി ഇങ്ങനെ പാടിയിരിക്കുന്നു:

നിങ്ങൾക്ക് വലിയ വിജയം കൈവരിക്കണമെങ്കിൽ, നിങ്ങളുടെ ദൃഷ്ടികൾ നിങ്ങൾക്ക് ചുവടെ ജീവിക്കുന്നവരിലേക്ക് പതിയട്ടെ.

ലൗകിക സുഖങ്ങളെ പരിത്യജിച്ച ഏതാനും പണ്ഡിതന്മാരുടെ ലിസ്റ്റ് ഇവിടെ സമർപ്പിക്കാം. തൻറെ കാലഘട്ടത്തിലെ ലോക പ്രശസ്ത പണ്ഡിതനായിരുന്നു അതാഉ ഇബ്ൻ അബീ റബാഹ്. വിമോചിക്കപ്പെട്ട അടിമയായിരുന്നു അദ്ദേഹം. കൂടാതെ നിരവധി രോഗങ്ങളും അദ്ദേഹത്തെ പിടികൂടിയിരുന്നു.

അത്പോലെ, മറ്റൊരു മഹദ് വ്യക്തിയായിരുന്നു അറബ് വംശത്തിൽപ്പെട്ട, അൽ അഹ്നാഫ് ബിൻ ഖൈസ്. മെലിഞ്ഞൊട്ടിയ, മുട്ടുകൾ ചുളിഞ്ഞ, ദുർബല ശരീര പ്രകൃതിയുള്ള വ്യക്തിത്വം. ഹദീസ് വിജ്ഞാനത്തിലെ പ്രശസ്ത പണ്ഡിതൻ. അത് അൽ ആഅ്മാഷ് അല്ലാതെ മറ്റാരുമായിരുന്നില്ല. അടിമകളേയും ദുർഭലരേയും ഭക്ഷിപ്പിക്കുകയും ചെയ്ത മഹാൻ. ഭൗതികമായി വലിയ കഴിവൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പൊതുവെ കീറിയ പഴകിയ വസ്ത്രങ്ങളായിരുന്നു അൽ അഅ്മാഷ് ധരിച്ചിരുന്നത്. അദ്ദേഹത്തിൻറെ താമസ സ്ഥലവും മെച്ചപ്പെട്ടതായിരുന്നില്ല.

പ്രവാചകന്മാർ പോലും ആടിൻപറ്റങ്ങളെ മേയ്ച്ചു. ദാവുദ് നബി സ്വർണ്ണപണിക്കാരനായിരുന്നു. സകരിയ്യ നബി ആശാരിയും ഇദ്രീസ് നബി തയ്യൽകാരനുമായിരുന്നു. അവരൊക്കെയും സമൂഹത്തിലെ ശ്രേഷ്ടന്മാരും ഉത്തമ വ്യക്തിത്വങ്ങളുമായിരുന്നു.

നിങ്ങളുടെ മൂല്യം നിങ്ങളുടെ ദാനങ്ങളും സൽകർമ്മങ്ങളും നിങ്ങൾ മൂലമുള്ള ഉപകാരങ്ങളും നിങ്ങളുടെ ശ്രേഷ്ഠ സ്വഭാവുമാണ്. അതിനാൽ നിങ്ങൾക്ക് ഇല്ലാതെ പോയ സൗന്ദര്യം,സമ്പത്ത്, ആശ്രിതർ എന്നിവയൊക്കെ ഓർത്ത് ദു:ഖിക്കരുത്. അല്ലാഹു വീതിച്ച് നൽകിയതിൽ നാം സന്തോഷവാനായിരിക്കുക. അക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത് ഇങ്ങനെ: “നാമാകുന്നു അവർക്ക് ഐഹികജീവിതത്തിൽ വിഭവങ്ങൾ വീതിച്ചുകൊടുത്തത്.” 43:32

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles