Current Date

Search
Close this search box.
Search
Close this search box.

സമയം സാക്ഷി

‘നമുക്ക് ലഭിച്ച ഏറ്റവും മൂല്യവത്തായ വിഭവമാണ് സമയം’ -സ്റ്റീവ് ജോബ്‌സ്

ദൈവികമായ പ്രതിഭാസമാണ് സമയം. മനുഷ്യന്റെ ജീവിതം, അനുഭവങ്ങള്‍, സ്മരണകള്‍ തുടങ്ങിയവ രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും സമയത്തെ ആസ്പദിച്ചാണ്. അങ്ങനയല്ലെങ്കില്‍, കാലബോധമില്ലാത്ത തികച്ചും യാന്ത്രികമായ അവസ്ഥയാണ് മനുഷ്യന് സംജ്ഞാതമാവുക. പ്രവാഹമാണ് സമയത്തിന്റെ സവിശേഷത. മനുഷ്യന്‍ സ്ഥലത്തെ അതിജയിച്ച് മുന്നേറുമ്പോള്‍, സമയം മനുഷ്യനെയും മറ്റു വസ്തുക്കളെയും അതിജയിച്ച് മുന്നേറുന്നു. അനശ്വരതയിലേക്കുള്ള ഒഴുക്കാണത്; അനന്തതയിലേക്കുള്ള സഞ്ചാരമാണത്. ഒരു പുഴപോലെ, ഒരു ഇളംതെന്നല്‍പോലെ എല്ലാറ്റിനെയും തഴുകിത്തലോടി തിരിച്ചുവരാത്തവിധം സമയം കടന്നുപോവുന്നു.

സ്ഥലവും സമയവുമില്ലാതെ ജീവിതം അസാധ്യമാണ്. സ്ഥലമില്ലെങ്കില്‍, ശൂന്യതയാണ് അനുഭവപ്പെടുക. സമയമില്ലെങ്കില്‍, നിശ്ചലതയും. അവയുടെ സാന്നിധ്യംകൊണ്ടാണ് ജീവിതത്തിന് അര്‍ഥമുണ്ടാവുന്നത്. മനുഷ്യനെ ഭാവനാസമ്പന്നനാക്കുന്നതില്‍ സ്ഥലത്തിനും സമയത്തിനും അവയുടേതായ പങ്കുണ്ട്. ദൈവം എല്ലാറ്റിനും സമയം നിശ്ചയിച്ചിരിക്കുന്നു. പ്രകൃതി ഒരുക്കിയ സ്ഥല, സമയ വൃത്തങ്ങള്‍ക്കുള്ളിലാണ് എല്ലാറ്റിന്റെയും പ്രയാണം. പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവുമുണ്ട്; അവ രണ്ടിനുമിടയില്‍ വിവിധങ്ങളായ സന്ദര്‍ഭങ്ങളുമുണ്ട്. പക്ഷിമൃഗാദികള്‍ക്ക് ഉണരാനും തീറ്റതേടാനും ഇണചേരാനും വിശ്രമിക്കാനും സമയങ്ങളുണ്ട്. അതുപോലെ, മനുഷ്യന് ജനനവും മരണവുമുണ്ട്; അവക്കിടയില്‍ ശൈശവകാലം, ചെറുപ്പകാലം, യുവത്വകാലം, മധ്യകാലം, വാര്‍ധക്യകാലം എന്നിങ്ങനെ വിവിധ കാലങ്ങളുമുണ്ട്; കൂടാതെ, അവയല്ലാത്ത മറ്റനേകം കാലങ്ങളും. കാലവും സമയബോധവുമാണ് മനുഷ്യനെ കര്‍മനിരതമാക്കുന്നത്.

വിശുദ്ധവേദത്തിലും തിരുചര്യയിലും കടന്നുവരുന്ന പ്രമേയമാണ് സമയം. കാലത്തിന്റെ ചില ഏകകങ്ങളെ സത്യംചെയ്തുകൊണ്ടാണ് വിശുദ്ധവേദത്തിലെ ചില അധ്യായങ്ങളുടെ ആരംഭം. ദൈവം പ്രഭാതംകൊണ്ടും പകലുകൊണ്ടും രാവുകൊണ്ടും സത്യംചെയ്യുന്നു. ചില അധ്യായങ്ങളുടെ നാമംതന്നെ കാലമെന്നാണ്. അദ്ദഹ്ര്‍, അല്‍അസ്വ്ര്‍ അധ്യായങ്ങളാണവ. കാലത്തെ മുന്‍നിര്‍ത്തി വിശ്വാസം, സല്‍കര്‍മം, സത്യം, സംയമനം പോലുള്ള പ്രബുദ്ധമായ ആശയങ്ങള്‍ മനുഷ്യന്‍ സ്വായത്തമാക്കണമെന്നാണ് ആ അധ്യായങ്ങള്‍ പഠിപ്പിക്കുന്നത്. അവ നേടുന്നില്ലെങ്കില്‍, മഹാനഷ്ടമായിരിക്കും ഫലം. ”നിങ്ങള്‍ കാലത്തെ കുറ്റപ്പെടുത്തരുത്, ഞാനാണ് കാല”മെന്ന് ദൈവം പറയുന്ന ഒരു തിരുവചനം കാണാം. ദൈവവും കാലവും തമ്മിലുള്ള അടുപ്പത്തെയാണ് അത് കുറിക്കുന്നത്. ജീവിതകാലത്തെക്കുറിച്ച് കൃത്യമായ വിവരണം നല്‍കാതെ പാരത്രിക വിചാരണവേളയില്‍ ആര്‍ക്കും ഒരടി മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്ന് പ്രവാചകന്‍ മൊഴിഞ്ഞിട്ടുണ്ട്. സൂര്യനെയും ചന്ദ്രനെയും അവയുടെ വൃദ്ധിശ്ചിയങ്ങളെയും രാപ്പകലുകളുടെ മാറ്റത്തെയും ദൈവം നിശ്ചയിച്ചത് സമയക്രമീകരണത്തിനാണ്.

സമയത്തിന്റെ ചില പൊരുളുകളാണ് ഇതുവരെ കുറിച്ചത്. സമയം ജീവിതമാണ്; ആയുസ്സാണ്; അമൂല്യവുമാണ്. സമയമല്ലാതെ മറ്റൊന്നുമല്ല മനുഷ്യന്‍. സമയം നഷ്ടപ്പെട്ടാല്‍, പിന്നെ തിരിച്ചുലഭിക്കുകയേയില്ല. സമയത്തെ ഫലപ്രദമായി വിനിയോഗിക്കല്‍ വിവേകിയുടെ ലക്ഷണമാണ്. കര്‍മമണ്ഡലമാണ് ഹ്രസ്വമായ ഈ ജീവിതം. പാരത്രികജീവിതത്തിലേക്ക് ആവശ്യമായ നന്മയുടെ വിത്തുകള്‍ വിതക്കാനും ഫലങ്ങള്‍ കൊയ്യാനുമുള്ള കൃഷിയിടമാണ് ഇവിടുത്തെ ജീവിതം. അനന്തമായ ആകാശത്തിലൂടെ പരമാത്മാവിലേക്ക് ചിറകടിക്കാനുള്ള വേദിയായാണ് സമയത്തെ ഖലീല്‍ ജിബ്രാന്‍ പരിചയപ്പെടുത്തുന്നത്.

സമയക്രമീകരണം ഒരു കലയാണ്. വ്യക്തി, കുടുംബം, സമൂഹം എന്നീ രംഗങ്ങളില്‍ ചെയ്തുതീര്‍ക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്. അവയുടെ നിര്‍വഹണത്തിന് സമയക്രമം ഉണ്ടാവണം. ദീര്‍ഘദൃഷ്ടിയോടെയും ആസൂത്രണത്തോടെയും മുന്‍ഗണനാക്രമത്തോടെയും അവ പൂര്‍ത്തിയാക്കണം. ദൈവവും പ്രകൃതിയും കര്‍മനിരതമാവുന്നതുപോലെ, നാമും കര്‍മനിരതമാവുക. ഇന്ന് ചെയ്യേണ്ടവ ഇന്നുതന്നെ ചെയ്തുതീര്‍ക്കുക. നാളത്തേക്ക് മാറ്റിവെക്കരുത്. നാളെയെന്നത് അലസന്മാരുടെ പല്ലവിയാണ്. സമയം ഒട്ടും പാഴാക്കാന്‍ പാടില്ല. സമയം പാഴാക്കുന്നവര്‍ ജീവിതാന്ത്യത്തില്‍ ഖേദിക്കേണ്ടി വരും. മരണം തൊണ്ടക്കുഴിലെത്തുമ്പോഴാണ് സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിവുണ്ടാവുക. എന്നാല്‍, മരണം സമാഗധമായാല്‍, ജീവിതത്തിലേക്ക് ഒരുവട്ടം കൂടിയുള്ള തിരിച്ചുപോക്ക് അസാധ്യമാണ്. പ്രപഞ്ചത്തിനും അതിലുള്ള എല്ലാ സൃഷ്ടികള്‍ക്കും ഓരോ കാര്യത്തിനും സമയമുള്ളതുപോലെ, ഒടുക്കത്തിനും സമയമുണ്ടെന്നത് ദൈവത്തിന്റെ തീരുമാനമാണ്.

Related Articles