Current Date

Search
Close this search box.
Search
Close this search box.

ജീവിതചിന്തകൾ

‘ജീവിതത്തെക്കുറിച്ച് എഴുതണമെങ്കിൽ, ആദ്യം നീയതിനെ ജീവിച്ചുകാണിച്ചുകൊടുക്കണം’ -ഏണസ്റ്റ് ഹെമിംഗ്‌വേ

മനുഷ്യനായി പിറന്നുവെന്നത് മഹത്തായ സൗഭാഗ്യമാണ്. ഈ നിമിഷംവരെ ജീവിക്കാൻ സാധിച്ചുവെന്നത് മറ്റൊരു സൗഭാഗ്യവും. ‘ദുർല്ലഭം മനുഷ്യന്റെ ജന്മമെന്നറിയണം, ലഭിക്കില്ലല്ലോ മർത്യാ, നിനക്കീ ദേഹം വീണ്ടു’മെന്ന് ഭക്തകവിയായ കബീർ പാടുന്നുണ്ട്. ദൈവത്തിന്റെ വരദാനമാണ് ജീവിതം. മരണത്തിലൂടെ ഇഷ്ടമുള്ളപ്പോൾ അവനത് തിരിച്ചെടുക്കും. മരണം ജീവിതത്തിലെ അനിവാര്യതയത്രെ. ഓരോ കാൽവെപ്പും മരണത്തിലേക്കുള്ള ദൂരം കുറക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ജീവിതത്തെസംബന്ധിച്ച വിചിന്തനങ്ങൾ അനിവാര്യമാണ്.

വളരെവളരെ ഹ്രസ്വമാണ് ജീവിതം. ‘ഹ്രസ്വമായ ജീവിതത്തെ അശ്രദ്ധ കുറച്ചുകൂടി ഹ്രസ്വമാക്കുന്നു’വെന്ന് വിക്ടർ യൂഗോ നിരീക്ഷിക്കുന്നുണ്ട്. ജീവിതം ഹ്രസ്വമെങ്കിലും, അതിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചെടുക്കാനാവില്ല. ഒരു പുഴയിൽനിന്ന് രണ്ടുപ്രാവശ്യം കുളിക്കാനാവാത്തതുപോലെ, ഒരു നിമിഷം രണ്ടുപ്രാവശ്യം ഒരാളെ പുണരുന്നുമില്ല. കാരണം, പുഴ അനന്തതയിലേക്ക് ഒഴുകുന്നു; നിമിഷം അനശ്വരതയിലേക്കും.

മനുഷ്യന്റെ പൊരുൾ തിരിച്ചറിയുകയെന്നതാണ് ജീവിതത്തെ അന്വർഥമാക്കുന്നതിന്റെ ആദ്യപടി. ഏതൊരു ഉറവിടത്തിൽനിന്നാണ് മനുഷ്യന്റെ പിറവി? ഭൂമിയിൽ അവന്റെ ധർമമെന്താണ്? മരണാനന്തരമുള്ള പുറപ്പാട് എവിടേക്കാണ്? ഈവക ചോദ്യങ്ങൾക്കുള്ള മറുപടികൾ മനുഷ്യന്റെ രഹസ്യം വെളിപ്പെടുന്നതിലേക്ക് നയിക്കും. ഇസ്‌ലാം ചിലത് പറഞ്ഞുവെക്കുന്നുണ്ട്: ദൈവത്തിൽനിന്നാണ് മനുഷ്യന്റെ ഉത്ഭവം; ധർസംസ്ഥാപനമാണ് അവന്റെ ധർമം; ഒടുവിൽ ദൈവത്തിലേക്കുതന്നെയാണ് അവന്റെ മടക്കം.

ധ്യാനവിശുദ്ധിയോടെ കാര്യങ്ങൾ ക്രമീകരിക്കുമ്പോഴാണ് ജീവിതം കൂടുതൽ അഴകുള്ളതാവുന്നത്. പലരും നിരാശരാണ്. നിരാശ ഒരുതരം മുഷിപ്പിലേക്ക് നയിക്കുന്നു. മുഷിപ്പ് അധികകാലം തുടർന്നാൽ, നിത്യവിഷാദമായിരിക്കും ഫലം. അത് ആത്മഹത്യക്കുവരെ ഇടവരുത്തിയേക്കാം. നിഷേധാത്മകമായ മഴുവൻ മനോഭാവങ്ങളും കളഞ്ഞ് ഊഷ്മളതയോടെ ജീവിതത്തെ ആവിഷ്‌കരിക്കാനാണ് ശ്രമിക്കേണ്ടത്. സന്തോഷിക്കാനുമുള്ള ഒത്തിരി വഴികൾ ദൈവം പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുന്നു. വിചാരിച്ചാൽ ജീവിതത്തെ സുന്ദരമാക്കാവുന്നതേയുള്ളൂ. പ്രത്യാശയുടെ നീരുറവകൾ കാലിന് ചുവട്ടിലുണ്ടെന്ന തിരിച്ചറിവാണ് പ്രധാനം.

ജീവിതം പൂർണതയിലേക്ക് ഇതൾവിരിയുന്നതിന് മൂന്ന് ബോധങ്ങൾ നിർബന്ധമാണ്. ദൈവബോധം, ധർമബോധം, കർമബോധം എന്നിവയാണവ. ദൈവത്തിന്റെ കരവിരുതിൽ വിരിഞ്ഞ സുന്ദരശിൽപ്പമാണ് മനുഷ്യൻ. ദൈവത്തിന്റെ വർണവും ഛായയുമാണവന്. ദൈവം മനുഷ്യന്റെ സൃഷ്ടാവും ഉടമസ്ഥനും വിധികർത്താവുമാണ്. മനുഷ്യൻ എവിടെയാണെങ്കിലും അവനൊപ്പം ദൈവമുണ്ട്. ദൈവാനുസാരിയാവൽ മനുഷ്യന്റെ ബാധ്യതയാണ്. ദൈവത്തെക്കുറിച്ചുള്ള ഇത്തരം വിചാരങ്ങൾ ദൈവബോധം രൂഢമൂലമാക്കുന്നു. സത്യം, നീതി, ധർമം പോലുള്ള മൂല്യങ്ങളാൽ ജീവിതം പ്രശോഭിതമാവണം. ആത്മസംസ്‌കരണം നേടാതെ മറ്റെന്ത് സമ്പാദിച്ചിട്ടും കാര്യമില്ല. കുലീന സംസ്‌കാരത്തിന്റെ ഉടമസ്ഥനായിരുന്നു പ്രവാചകൻ. വിശുദ്ധവേദം അതിന് സാക്ഷിപത്രം നൽകിയിട്ടുണ്ട്. അവിടുത്തെ മാതൃകയാണ് ധർമബോധത്തിന്റെ കാര്യത്തിൽ സ്വീകരിക്കേണ്ടത്.

കർമത്താൽ ചടുലമാവണം ജീവിതം. നിഷ്‌ക്രിയത പാടില്ല. ദൈവം എന്തെങ്കിലും കഴിവ് നൽകാത്ത ഒരു മനുഷ്യനുമില്ല. രൂപത്തിലും മറ്റും മനുഷ്യർ ഭിന്നമായതുപോലെ, പ്രതിഭയിലും അവർ വ്യത്യസ്തരാണ്. ചിലർക്ക് ശാരീരികമായ അധ്വാനത്തിലും മറ്റു ചിലർക്ക് ധൈഷണികമായ ആലോചനയിലും ഇനിയും ചിലർക്ക് കലയിലും സാഹിത്യത്തിലുമൊക്കെയായിരിക്കും താൽപര്യം……. അങ്ങനയങ്ങനെ പലതരം കഴിവുകൾ. പ്രസ്തുത കഴിവുകൾ ശരിയായി വിനിയോഗിക്കുമ്പോഴാണ് സാംസ്‌കാരികവും നാഗരികവുമായ ഉന്നമനം സാധ്യമാവുന്നത്.

മഹാന്മാരെ സംബന്ധിച്ച വായന ജീവിതത്തെ ക്രിയാത്മകമാക്കും. വലിയൊരു മനീഷിയായിരുന്നു സോക്രട്ടീസ്. ചിന്തകൊണ്ട് ജീവിതം അന്വർഥമാക്കിയ തത്വജ്ഞാനിയാണ് അദേഹം. ഏഥൻസിലെ ചെറുപ്പക്കാരിൽ സോക്രട്ടീസ് ഉണ്ടാക്കിയ സ്വധീനം ആഴത്തിലുള്ളതായിരുന്നു. അദേഹത്തിന്റെ വിപ്ലവബോധം നിലനിൽക്കുന്ന അധികാരികളെ ശരിക്കും അരിശംകൊള്ളിച്ചു. ഹെംലോക്കെന്ന വിഷപദാർഥം കുടിപ്പിച്ചാണ് ഭരണകൂടം സോക്രട്ടീസിനെ എന്നെന്നേക്കും ഇല്ലാതാക്കിയത്.

Related Articles