Current Date

Search
Close this search box.
Search
Close this search box.

“ഇന്ന മഅൽ ഉസ്‌രി യുസ്‌റാ”

ഏറെ മനസ്സമാധാനം തരുന്ന ഒരു മന്ത്രമാണ് “ഇന്ന മഅൽ ഉസ്‌രി യുസ്‌റാ” എന്നത്.  നിശ്ചയമായും ക്ലേശത്തോടൊപ്പം തന്നെയാണ് ആശ്വാസമുള്ളത് എന്നർത്ഥം. ‘ഉസ്ർ എന്നാൽ ക്ലേശം, യുസ്ർ എന്നാൽ ആശ്വാസം.

എന്നാൽ വൈയക്തികമായ ക്ലേശങ്ങളെ നേരിടുമ്പോൾ നിഷ്ക്രിയമായ ഒരു വിധിവിശ്വാസത്തിൽ ആശ്വാസം കണ്ടെത്താനുള്ള ഒരാഹ്വാനമാണോ അത്? അങ്ങനെയല്ലെന്നാണ് തോന്നുന്നത്. ഖുർആനിൽ യാന്ത്രികമായ വിധിവിശ്വാസം ഇല്ല. ദൈവികമായ വിധിയിലുള്ള വിശ്വാസത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക പദം തന്നെയും ഖദ്ർ എന്നതാണല്ലോ. ഖദ്ർ എന്ന പദത്തിന് വിധി എന്ന് മാത്രമല്ല, മനുഷ്യന്റെ ഇച്ഛാശക്തി എന്നും അർത്ഥമുണ്ട്. അതിലുപരിയായി തിരിച്ചറിവ് എന്ന അർത്ഥം കൂടിയുള്ള പദമാണത്.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

പരിവർത്തനകാരികളും പരിഷ്കർത്താക്കളും വിപ്ലവകാരികളുമൊക്കെ ‘ഉസ്റ് (ക്ലേശം) ഉണ്ടാകുമ്പോൾ ഓ അതിന്റെ കൂടെ യുസ്റും (ആശ്വാസം) ഉണ്ടാകും എന്ന് കരുതി വിശ്വാസപ്പുറത്ത് അടയിരുന്നവരല്ല. ‘ഉസ്റിന്റെ കൂടെ യുസ്റും ഉണ്ടാകും എന്നല്ല, മറിച്ച് ‘ഉസ്റിന്റെ കൂടെ മാത്രമേ യുസ്ർ ഉണ്ടാകൂ എന്ന് കരുതിയവരായിരുന്നെന്ന് തോന്നുന്നു അവർ.
തീർച്ചയായും അവർ ഏതൊരു ‘ഉസ്റിന്റെ കൂടെയും യുസ്ർ അനുഭവിക്കുന്നു. എന്നിട്ട് ഉടനെ അടുത്ത ‘ഉസ്ർ തേടിപ്പോകുന്നു. എന്തെന്നാൽ എങ്കിൽ മാത്രമേ അവർക്ക് യുസ്റിന്റെ, ആശ്വാസത്തിന്റെ ആനന്ദം അനുഭവിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ ഒട്ടും വൈയക്തികമല്ല അവരുടെ ‘ഉസ്റും യുസ്റും. മറ്റുള്ളവരുടെ ക്ലേശങ്ങളിലാണ് അവർ പ്രയോസപ്പെടുന്നത്. സമൂഹത്തിന്റെ ക്ലേശങ്ങൾ പരിഹരിക്കുമ്പോഴാണ്, അല്ലെങ്കിൽ അതിന് വേണ്ടി സ്വയം ക്ലേശിക്കുമ്പോഴാണ് അവർക്ക് ആശ്വാസം ലഭിക്കുന്നതും.  ഞാൻ എന്നുവെച്ചാൽ, സത്യത്തിൽ ഞാനല്ല. മറിച്ച് അത് നിങ്ങളാണ്.

Related Articles