Current Date

Search
Close this search box.
Search
Close this search box.

ചിന്തയുടെ ലോകം

‘ചിന്തയെയും സ്‌നേഹത്തെയും വേർപ്പെടുത്താതെ
ഒന്നിച്ചുകൊണ്ടായിരിക്കണം കർമം’ -ജലാലുദ്ദീൻ റൂമി

ഏറെ ഉൽകൃഷ്ടമായ ആത്മീയ സാധനയാണ് ചിന്ത. പുതുവിജ്ഞാനങ്ങൾക്ക് നിമിത്തമാവുന്നത് ചിന്തയാണ്. സംസ്‌കാരവും നാഗരികതയും ഉന്മിഷമാവുന്നത് നവീനമായ ചിന്തകളിലൂടെയാണ്. ചിന്ത അനുഭൂതിയാണ്. സ്വത്വത്തിന് ഉല്ലാസവും ആത്മാവിന് ആനന്ദവും പ്രജ്ഞക്ക് തീക്ഷണതയും പകരുന്നു. കുഞ്ഞിനെ ലഭിക്കുമ്പോൾ മാതാപിതാക്കളിൽ വ്യാപരിക്കുന്ന നിർവൃതിയുണ്ട്. അതേ നിർവൃതിയാണ് ചിന്തിക്കുമ്പോഴും ചിന്തയുടെ ഫലമായി സർഗാത്മക സൃഷ്ടികൾ പിറക്കുമ്പോഴും ഒരാളിൽ ഉണ്ടാവുന്നത്.

നല്ല ചിന്തകളുമുണ്ട്; ചീത്ത ചിന്തകളുമുണ്ട്. തെറ്റുകളെക്കുറിച്ചും പാപങ്ങളെക്കുറിച്ചുമുള്ള ആലോചനകളാണ് ചീത്ത ചിന്തകൾ. സ്വത്വത്തെ വിഷാദത്തിലേക്ക് തള്ളിവിടുന്ന വിചാരങ്ങളും ചീത്ത ചിന്തകളുടെ ഗണത്തിലാണ് വരുന്നത്. ചീത്ത ചിന്തകൾ മുഴുവൻ പൈശാചികമാണ്. മനുഷ്യവഴിയിലെ തടസമാണ് പൈശാചിക ചിന്തകൾ. അവ സ്വത്വത്തെ മരവിപ്പിക്കുമെന്ന് ലാവോത്സു നിരീക്ഷിക്കുന്നുണ്ട്. നല്ല ചിന്തകൾ മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ്. ജീവിതത്തിന് പ്രത്യാശയും സർഗാത്മകതയും നൽകുന്നതിൽ നല്ല ചിന്തകൾക്ക് വലിയ പങ്കുണ്ട്. വ്യക്തിയും സമൂഹവും നന്മയാൽ ത്രസിക്കുന്നത് നല്ല ചിന്തകളിലൂടെയാണ്.

നല്ല ചിന്തയും വിശുദ്ധിയുള്ള സ്വത്വവും പരസ്പരം സ്വാധീനിക്കുന്നു. നല്ല ചിന്ത തളിരിടുമ്പോൾ, വിശുദ്ധിയുള്ള സ്വത്വം നാമ്പിടുന്നു. വിശുദ്ധിയുള്ള സ്വത്വം നാമ്പിടുമ്പോൾ, നല്ല ചിന്തയും തളിരിടുന്നു. വിശുദ്ധിയുള്ള സ്വത്വത്തെയും നല്ല ചിന്തയെയും സൃഷ്ടിക്കുന്ന ആത്മീയ കാര്യങ്ങളാണ് ആരാധനകൾ. നമസ്‌കാരവും നിർബന്ധദാനവും നോമ്പും മക്കയിലേക്കുള്ള തീർഥാടനവും വേദപാരായണവും തിരുചര്യയുടെ മനനവും പ്രാർഥനയും മന്ത്രധ്വനികളും ഉള്ളകത്തെ ശുദ്ധീകരിക്കാനും നല്ല ചിന്തകൾ ഉൽപാദിപ്പിക്കാനും സഹായകമാവുന്ന ആത്മീയ വിത്തുകളാണ്.

നന്മകൾ കൂടാതെ, വേറെയും ഒത്തിരി വിഷയങ്ങളുണ്ട് ചിന്താവിഷയങ്ങളായിട്ട്. ദൈവം ഒരുക്കിവെച്ചവയാണ് അവ. അവയിൽ ചെറിയ വിഷയങ്ങളുമുണ്ട്; വലിയ വിഷയങ്ങളുമുണ്ട്. നേർത്ത ഒരു കണംമുതൽ ഭീമാകാരമായ ഗോളങ്ങളെക്കുറിച്ചുവരെ ഒരാൾക്ക് ചിന്തിക്കാവുന്നതാണ്. നിസാരമായി നാം തള്ളിക്കളയുന്ന എത്രയെത്ര വിഷയങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. പുൽതകിടിൽ തൂവിനിൽക്കുന്ന മഞ്ഞുകണങ്ങൾ എത്ര സുന്ദരമാണ്. പൂന്തോപ്പിലെ പുഷ്പങ്ങൾ എത്ര മനോഹരമാണ്. പൂവിരിയലിന്റെ സൗന്ദര്യവും പൂവ് പരത്തുന്ന സൗരഭ്യവും പൂവിനെ സൃഷ്ടിച്ച ദൈവത്തിലേക്കല്ലാതെ മറ്റാരിലേക്കാണ് നമ്മെ നയിക്കുക.

ചിന്ത ആത്മീയ സാധനയാണെന്ന് പറഞ്ഞുവല്ലോ. വേദങ്ങളിൽ ചിന്തയെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നിട്ടുണ്ട്. ചിന്ത ദൈവികമാണ്. ദൈവത്തിന്റെ സ്വഭാവമാണത്. ദൈവത്തിന്റെ ചിന്തകൾ അത്യന്തം അഗാധമാണെന്ന് സങ്കീർത്തനത്തിൽ വായിക്കാം. ദിവസം മുഴുവൻ തിന്നുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുകയും മറ്റൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ കാര്യം എത്ര കഷ്ടമാണെന്ന് കങ്ഫ്യൂചിസ് ചോദിക്കുന്നു. അനന്തമായ വിഹായസ്സിലെ ഒരു പക്ഷിയാണ് ചിന്തയെന്ന് ഖലീൽ ജിബ്രാൻ എഴുതുന്നുണ്ട്. എന്റെ ചിന്തകളുടെ മുഖത്തുനിന്ന് തിരശീല ഉയർത്തുമ്പോൾ, എന്റെ ഗാനാലാപനത്തിന്റെ ഇടിനാദം പടിഞ്ഞാറിന് താങ്ങാനാവില്ലെന്ന അല്ലാമാ ഇഖ്ബാലിന്റെ മൊഴിമുത്ത്, ചിന്ത സാമൂഹിക വിപ്ലവം കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്നു.

വിശുദ്ധവേദവും തിരുചര്യയും ചിന്തയിലേർപ്പെടാനും നവചിന്തകൾ ഉൽപാദിപ്പിക്കാനും പ്രോൽസാഹിപ്പിക്കുന്നുണ്ട്. നിങ്ങൾ ചിന്തിക്കുന്നില്ലേ, നിങ്ങൾ ആലോചിക്കുന്നില്ലേ, നിങ്ങൾ പ്രബുദ്ധരാവുന്നില്ലേ എന്നൊക്കെ വിശുദ്ധവേദം നിരന്തരം ചോദിക്കുന്നുണ്ട്. ചിന്തയെയും ധിഷണയെയും കുറിക്കുന്ന നിരവധി പദങ്ങളാണ് വിശുദ്ധവേദം പ്രയോഗിക്കുന്നത്. ലുബ്ബ്, ഹിജ്‌റ്, ഫിക്‌റ്, അഖ്‌ല് എന്നിവ അവയിൽ ചിലതു മാത്രമാണ്. വിശുദ്ധവേദത്തിലെ അൽവാഖിഅ അധ്യായത്തിൽ ഒരു ഭാഗത്ത് മൂന്ന് ചിന്താവിഷയങ്ങൾ തുറന്നുവെക്കുന്നുണ്ട്. കൃഷി, ജലം, അഗ്നി എന്നിവയാണവ. അവ തീർക്കുന്ന വിസ്മയങ്ങൾ ചിന്തനീയമാണ്. പുനരുത്ഥാന ജീവിതത്തിന് തെളിവായിട്ടാണ് അവയെ വിശുദ്ധവേദം പരാമർശിക്കുന്നത്. വിശുദ്ധവദത്തിലെയും തിരുചര്യയിലെയും ഏതൊരു ചിന്താവിഷയവും ദൈവത്തിലേക്കും ദൂതനിലേക്കും പാരത്രികബോധത്തിലേക്കുമാണ് മനുഷ്യനെ വഴിനടത്തുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles