Current Date

Search
Close this search box.
Search
Close this search box.

ഭാവനയെ ദീപ്തമാക്കുന്ന പ്രപഞ്ചം

‘പ്രപഞ്ചത്തിലെ എല്ലാറ്റിനും ഒരു താളമുണ്ട്, അവയെല്ലാം നൃത്തംചെയ്യുന്നു’ -മായ ആഞ്ചലോ

മനുഷ്യന്റെ പ്രജ്ഞയെ വിസ്മയിപ്പിക്കുന്ന പ്രതിഭാസമാണ് പ്രപഞ്ചം. എണ്ണമറ്റ അത്ഭുതങ്ങളാണ് പ്രപഞ്ചം ഒരുക്കിവെച്ചിരിക്കുന്നത്. സൂര്യൻ, ചന്ദ്രൻ, ഭൂമി, ആകാശം, സാഗരം, നക്ഷത്രങ്ങൾ, രാപ്പകലുകൾ…….എത്രയെത്ര അത്ഭുതങ്ങൾ. ഓരോ അത്ഭുതവും ഒന്നിനൊന്നു മിച്ചം. അത്ഭുതങ്ങളുടെ മുഴുവൻ ചുരുളുകളും അഴിക്കുക അസാധ്യം. പല ജന്മങ്ങൾ അതിനുവേണ്ടിവരും. ഒരു ചുരുൾ അഴിക്കുമ്പോഴേക്കും മറ്റൊരു ചുരുൾ പ്രത്യക്ഷപ്പെടും. പിന്നെ മറ്റൊരു ചുരുൾ. തുടർന്ന് ചുരുളുകളുടെ നീണ്ട നിര. അപ്പോഴേക്കും മനുഷ്യധിഷണ ക്ഷീണിച്ചുപോകും.

എത്ര സുന്ദരമാണീ പ്രപഞ്ചം. ആരും പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിന് മുമ്പിൽ തലകുനിക്കും. ഭൂമിക്ക് മേലാപ്പായി തുറന്ന ആകാശം; ജീവികൾക്ക് വിരിപ്പായി പരന്ന ഭൂമി; രാവിന് ദീപാലംകൃതമായി നക്ഷത്രങ്ങൾ…….അനന്തം, അജ്ഞാതം, അവർണ്ണനീയം തന്നെ പ്രപഞ്ചം. മനോഹരമായ മലരണിക്കാടുകൾ, സ്വത്വത്തിന് കുളിരുപകരുന്ന പൂന്തോപ്പുകൾ, മഞ്ഞിൽ വിരിയുന്ന പുഷ്പങ്ങൾ, ആത്മാവിനെ തലോടുന്ന മന്ദമാരുതൻ, വർണരാജികൾ വിടർത്തും മാരിവില്ല്……. ഇബ്‌നുസീനയുടെ കാവ്യതല്ലജം അലതല്ലുന്നു: ‘എത്രമേൽ സുന്ദരമെത്ര മഹത്തരം, നക്ഷത്രഖചിതമാമീഗോളം. താഴത്തുകാണുന്ന രൂപത്തോടനുരൂപമാണിതിൻ മീതെയും, നിർഭേദം. ജ്ഞാനത്തിൻ ഗോവണിയേറിയാരോഹണം ചെയ്യുകിൽ രണ്ടുമൊന്നായ്തീരും’.

പ്രപഞ്ചത്തിന്റെ ശിൽപ്പഘടന കുറ്റമറ്റതാണ്. ശ്രുതിയും താളവുമുണ്ടതിന്. സൂക്ഷമമായ ഒരണു മുതൽ വലിയ ഗോളങ്ങൾവരെ ഒട്ടും സംഘർഷമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്നു. സൂര്യന്റെയും ഭൂമിയുടെയും അകലം തുല്ല്യമായ അനുപാതത്തിലാണ് നിലകൊള്ളുന്നത്. സൂര്യൻ ഭൂമിയിൽനിന്ന് ഒന്നകന്നാൽ ഭൂമി തണുത്തുറയും. അതൊന്ന് ഭൂമിയോടടുത്താലോ, ഭൂമി ചുട്ടുചാമ്പലായിപ്പോവും. തുല്ല്യമായ അനുപാതത്തിലാണ് ഓക്‌സിജന്റെയും കാർബൺ ഡയോകസൈഡിന്റെയും അളവ്. വെള്ളവും വെളിച്ചവും ആവശ്യാനുസൃതം ലഭിക്കുന്നു.

ശിൽപ്പത്തിന് പിന്നിൽ ശിൽപ്പിയുള്ളതുപോലെ, കവിതക്ക് പിന്നിൽ കവിഹൃദയമുള്ളതുപോലെ പ്രപഞ്ചത്തിന് പിന്നിലും ഒരു കരസ്പർശമുണ്ട്, ദൈവമാണത്. താവോ എന്നാണ് ലാവോത്സു അതിനെ വിളിക്കുന്നത്. താവോ അതിമഹത്താണ്, ആകാശവും ഭൂമിയും അതിമഹത്താണ്, ലാവോത്സു പറഞ്ഞുവെക്കുന്നു. പ്രപഞ്ചനിർമിതിക്ക് ചില പൊരുളുകളുണ്ട്. വേദഗ്രന്ഥങ്ങൾ അവയെക്കുറിച്ച് വിജ്ഞാനം പകർന്നിട്ടുണ്ട്. ദൈവത്തിലേക്ക് മനുഷ്യഹൃദയങ്ങളെ അടുപ്പിക്കുന്ന ദൃഷ്ടാന്തമാണ് ഒന്നാമതായി പ്രപഞ്ചം. പ്രപഞ്ചത്തെ ശ്രദ്ധാപൂർവം വായിക്കുന്ന മനീഷിയിൽ, തീർച്ചയായും ദൈവബോധം ഉറക്കും. മനുഷ്യനും ഇതരജീവജാലങ്ങൾക്കും ആവശ്യമായ വിഭവങ്ങളുടെ ഇടമാണ് രണ്ടാമതായി പ്രപഞ്ചം. ന്യായമായ ആവശ്യങ്ങൾക്ക് വിഭവങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം വേണ്ടുവോളമുണ്ട്. മനുഷ്യന്റെ സൗന്ദര്യബോധത്തെ ദീപ്തമാക്കുകയും തീക്ഷണമാക്കുകയും ചെയ്യുന്ന മഹാഗ്രന്ഥമാണ് മൂന്നാമതായി പ്രപഞ്ചം.

പ്രപഞ്ചത്തിന്റെ ഉൾസാരങ്ങളെക്കുറിച്ച് വിചിന്തനത്തിലേർപ്പെടാനും ദൈവത്തിന്റെ സവിധത്തിൽ അഭയം പ്രാപിക്കാനും നിർദേശിക്കുന്നുണ്ട് ഇസ്‌ലാം. വിശുദ്ധവേദം പറയുന്നു: ”ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിവരുന്നതിലും ബുദ്ധിയുള്ളവർക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും ദൈവത്തെ സ്മരിക്കുന്നവരാണവർ; ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവരും. അവർ സ്വയം പറയും: ഞങ്ങളുടെ നാഥാ, നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീ എത്ര പരിശുദ്ധൻ! അതിനാൽ, നീ ഞങ്ങളെ നരകശിക്ഷയിൽനിന്ന് കാത്തുരക്ഷിക്കേണമേ”(ആലുഇംറാൻ: 191).

മേൽസൂക്തങ്ങൾ അവതരിച്ചശേഷം, പ്രവാചകൻ പ്രാർഥനക്കൊപ്പം വിചിന്തനവും സവിശേഷം പതിവാക്കി: ”ഇബ്‌നുഅബ്ബാസിൽനിന്ന് നിവേദനം: ഒരിക്കൽ അദേഹം പ്രവാചകനൊപ്പം രാപ്പാർത്തു. അന്ത്യയാമത്തിൽ പ്രവാചകൻ എഴുന്നേറ്റ് പുറത്തുപോയി മാനത്തേക്ക് കണ്ണുംനട്ടിരുന്നു. ശേഷം, മേൽസൂക്തങ്ങൾ പാരായണം ചെയ്തു. അനന്തരം അവിടുന്ന് വീട്ടിലേക്ക് മടങ്ങി. പല്ലുതേക്കുകയും അംഗസ്‌നാനം വരുത്തുകയും ചെയ്തു. പിന്നെ നമസ്‌കരിച്ചു. ശേഷം, ഒരുവശത്തേക്ക് ചെരിഞ്ഞുകിടന്നു. വീണ്ടും എഴുന്നേറ്റ് പുറത്തിറങ്ങി മാനത്തേക്ക് കണ്ണുംനട്ടിരുന്നു. തുടർന്ന് മേൽസൂക്തങ്ങൾ പാരായണംചെയ്തു. പിന്നെ മടങ്ങിവരികയും പല്ലുതേക്കുകയും അംഗസ്‌നാനം വരുത്തുകയും നമസ്‌കരിക്കുകയും ചെയ്തു”(മുസ്‌ലിം).

Related Articles