Current Date

Search
Close this search box.
Search
Close this search box.

വിശാലമാണ് കലയുടെ പ്രപഞ്ചം

‘കലാകാരൻ പ്രത്യേക തരത്തിലുള്ള മനുഷ്യനല്ല. എന്നാൽ, ഓരോ മനുഷ്യനും പ്രത്യേക തരത്തിലുള്ള കലാകാരനാണ്’-ആനന്ദ കുമാരസ്വാമി

ഉദാത്തമായ ഒത്തിരി കലകളുടെ മധ്യത്തിലാണ് മനുഷ്യജീവിതം. ശിൽപ്പകല, ചിത്രകല, സാഹിത്യകല, സംഗീതകല എന്നിങ്ങനെ കലയുടെ പ്രപഞ്ചം വിശാലമാണ്. ഓരോ നാടിനും സവിശേഷ കലകളുണ്ട്. ഭാരതീയ ആചാര്യന്മാരുടെ അഭിപ്രായത്തിൽ അറുപത്തിനാല് ഇനം കലകളുണ്ടെണാണ്. സാഹിത്യകല, എഴുത്തുകല, സ്ഥലകല, ശബ്ദകല, ചിത്രകല എന്നിങ്ങനെ ഇസ്ലാമിക കലകളുടെ വിഭജനം റജി ഫാറൂഖി നടത്തുന്നുണ്ട്. ജീവിതത്തെ കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നതിൽ കലകൾ വലിയ പങ്കാണ് വഹിക്കുന്നത്.

കലക്ക് അറബിഭാഷയിൽ ഫന്നെന്നാണ് പറയുക. സൗന്ദര്യം, മിശ്രിതം എന്നൊക്കെയാണ് ഫന്നിന്റെ അർഥങ്ങൾ. ആർട്ടെന്നാണ് ആംഗലഭാഷയിൽ കലക്ക് പറയുന്നത്. ആർസെന്ന ലാറ്റിൻ പദത്തിൽനിന്നാണ് അതിന്റെ ഉൽഭവം. കഴിവെന്നാണ് ആർസിന്റെ അർഥം. കല ആത്മീയ സൗന്ദര്യമാണ്; അനേകം ഘടകങ്ങളുടെ മിശ്രിതമാണ്; മനുഷ്യന്റെ പ്രതിഭയാണ്. വസ്തുവിന്റെ നേർക്കുനേരെയുള്ള പകർപ്പിനുപകരം, സർഗാത്മകവും പ്രതീതിപരവുമായ ആവിഷ്‌കാരത്തെ കലയെന്ന് പറയാം. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെന്നും കലയെ പറയാം. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത തുടങ്ങിയവ കലയുടെ ഉൾസാരങ്ങളായി വർത്തിക്കുന്നു. നിലവിലുള്ളതിനേക്കാൾ തികവൊത്ത മറ്റൊന്നിന് വേണ്ടിയുള്ള അന്വേഷണമാണ് ഓരോ കലയും നിർവഹിക്കുന്നത്.

മൂല്യങ്ങളുമായി ഇഴയടുപ്പം ഉണ്ടാവുമ്പോഴാണ് കല ഉത്തമമാവുന്നത്. സത്യം, നീതി, നന്മ, ദൈവബോധം, വിമോചനം തുടങ്ങി ഒട്ടനവധി മൂല്യങ്ങളുണ്ട്. ഇത്തരം മൂല്യങ്ങളുടെ പ്രകാശനമാവുമ്പോഴാണ് ഉത്തമമായ കല പിറക്കുന്നത്. മൂല്യങ്ങൾ നഷ്ടമാവുമ്പോൾ, കല ചീത്തയാവുന്നു. ചീത്ത കലകൾ ഭൗതിക കാമനകളുടെ പ്രതിനിധാനം മാത്രമായിരിക്കും. അതുപോലെ ലക്ഷ്യരഹിതവുമായിരിക്കും. മൂല്യങ്ങളുടെ ഉപാസകർക്ക് ലക്ഷ്യരഹിതമായ കലയെ സ്വാംശീകരിക്കാനാവില്ല. അതായത്, കല കലക്കുള്ളതാണെന്ന വാദം അബദ്ധമാണ്. കല നന്മകളുടെ പ്രസരണത്തിനും മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. കരുണാദി വികാരങ്ങൾ ഉദ്ദീപിപ്പിച്ച് ചിത്തങ്ങളെ ചീത്ത വികാരങ്ങളിൽനിന്ന് കരകയറ്റുകയാണ് കലയുടെ ധർമമെന്ന് അരിസ്റ്റോട്ടിൽ നിരീക്ഷിക്കുന്നു. ഉദാത്തമായ ചിന്തകളെ ഇളക്കിവിടലാണ് കലയുടെ മർമമെന്ന് റോമൻ തത്വജ്ഞാനി ലോഞ്ചനിയസ് അഭിപ്രായപ്പെടുന്നു. ദൈവചിന്ത, ഏകദൈവത്വത്തിന്റെ പ്രകാശനം, മനുഷ്യന്റെ പൂർണത എന്നിവയാണ് കലയുടെ ലക്ഷ്യങ്ങളായി റാജി ഫാറൂഖി എണ്ണുന്നത്.

കലക്ക് ഇസ്ലാം പ്രാധാന്യം നൽകുന്നുണ്ട്. വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും അധ്യാപനങ്ങൾ അതിന് തെളിവാണ്. പ്രവാചക പത്‌നി ആയിശയുടെ ബന്ധുക്കളിലൊരാൾ വിവാഹിതരായപ്പോൾ, ”ആയിശാ, നിങ്ങളുടെ അടുക്കൽ വിനോദങ്ങളൊന്നുമില്ലേ, അൻസാറുകൾ വിനോദ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരായിരുന്നു” വെന്ന് പ്രവാചകൻ പറയുന്നത് കാണാം. നൃത്തംചെയ്ത എത്യോപ്യക്കാരുടെ കളിവിനോദങ്ങൾ കാണാൻ പ്രവാചകൻ ആയിശയെ വിളിച്ചുവരുത്തിയ സംഭവം വിശ്രുതമാണല്ലോ. ലക്ഷ്യാധിഷ്ഠിതവും മൂല്യവത്തുമായ വിനോദങ്ങൾ, വിനോദ ഉപകരണങ്ങൾ, അവയുടെ പ്രയോഗം, ആസ്വാദനം എന്നിവ ജീവിതത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യമാണ് പ്രവാചകന്റെ സമീപനങ്ങളിൽനിന്ന് ഗ്രഹിക്കാനാവുന്നത്.

ഇസ്‌ലാമിന്റെ തണലിൽ കലകൾ എല്ലാ കാലത്തും പുഷ്‌കലമായിട്ടുണ്ട്. പ്രവാചക കാലം, ഉമവിയ്യാ കാലം, അബ്ബാസിയാ കാലം, ഫാത്വിമീ കാലം, ഉസ്മാനീ കാലം എന്നീ കാലങ്ങളിലെല്ലാം ഇസ്‌ലാമിന്റെ തനദ് കലകൾ ദർശിക്കാം. ഗദ്യം, പദ്യം, ഭാഷ, ഉപമ എന്നിവ ഉൾകൊള്ളുന്ന സാഹിത്യകല, കാലിഗ്രഫി, ലിപി, രചന എന്നിവ ഉൾകൊള്ളുന്ന എഴുത്തുകല, ഉദ്യാനം, നഗരസംവിധാനം എന്നിവ ഉൾകൊള്ളുന്ന സ്ഥലകല, വേദപാരായണം, സംഗീതം, സ്വരവിന്യാസം എന്നിവ ഉൾകൊള്ളുന്ന ശബ്ദകല, അലങ്കാരം, കൊത്തുപ്പണി എന്നിവ ഉൾകൊള്ളുന്ന ചിത്രകല തുടങ്ങിയവ ഇസ്ലാമിക നാഗരികതയിൽ വികാസം പ്രാപിച്ച കലകളാണ്. ഏകദൈവത്വവും അധ്യാത്മിക സങ്കൽപ്പവുമാണ് ഇസ്ലാമിക കലകളുടെ പ്രഥമവും പ്രധാനവുമായ സവിശേഷതകൾ. ദൈവത്തിന്റെ പ്രതീകവൽക്കരണത്തെ മാറ്റി, അവന്റെ അനാദിയെയും അനന്തതയെയും ദ്യോതിപ്പിക്കുന്നു അവ. ആന്തരികമായ സൗന്ദര്യമാണ് ഓരോ ഇസ്‌ലാമിക കലയും ആസ്വാദകനിൽ പ്രക്ഷേപിക്കുന്നത്.

Related Articles