Current Date

Search
Close this search box.
Search
Close this search box.

നാളെയുടെ വാഗ്ദാനങ്ങള്‍

നമ്മുടെ മക്കള്‍ ഇഹത്തിലും പരത്തിലും നമുക്ക് കണ്ണിന് കുളിര്‍മയാണ്. അവര്‍ കാരുണ്യവാന്റെ ദാസന്മാരും, കാരുണ്യവാന്റെ ഭവനത്തിന്റെ പരിചാരകന്മാരുമാണ്. അവര്‍ പ്രബോധകരായും, പണ്ഡിതരായും, അധ്യാപകരായും, ചിന്തകരായും, വാസ്തുവിദ്യാവിശാരദരായും, ഭിഷഗ്വരരായും, നേതാക്കന്മാരായും, മന്ത്രിമാരായും, തൊഴിലാളികളായും, കര്‍ഷകരായുമൊക്കെ ഭാവിയുടെ വാഗ്ദാനങ്ങളാണ്; സമൂഹത്തിന്റെ നെടുംതൂണുകളാണ്. അവര്‍ രാജാതിര്‍ത്തികള്‍ കടന്ന് ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നവരും, ധര്‍മത്തിലും നീതിയിലും അധിഷ്ഠിതമായി രാജ്യത്തെ പുനര്‍നിര്‍മിക്കുന്നവരാണ്. അവര്‍ മനുഷ്യകുലത്തിനുള്ള ദൈവത്തിന്റെ സമ്മാനമാണ്! ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിതരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു.’ (അന്നഹല്‍: 72). അവര്‍ നമ്മുടെ കരളിന്റെ കഷ്ണവും ജീവിതത്തിന്റെ ശേഷിപ്പുമാണ്. അഹ്‌നഫ് ബിന്‍ ഖൈസ് പറയുന്നു: അവര്‍ നമ്മുടെ ഹൃദയത്തിലെ ഫലങ്ങളാണ്; നെടുംതൂണുകളാണ്. നാമവര്‍ക്ക് ആകാശവും ഭൂമിയും സമ്മാനിക്കുന്നു. അങ്ങനെ അവര്‍ മുഖേന നാം എല്ലാ ഉന്നതികളിലുമെത്തുന്നു.

അവര്‍ സമൂഹത്തിന്റെയും, ഭാവി തലമുറയുടെയും പ്രതീക്ഷയാണ്. അവര്‍ എന്ന് പറയുന്നത്, തര്‍ജുമാനുല്‍ ഖുര്‍ആനിന്റെ രചയിതാവും, ഇമാമുത്തഫ്‌സീറും, ഫഖീഹുമായ അബ്ദുല്ലാഹിബിന്‍ അബ്ബാസ്(റ)വാണ്. ചെറുപ്രായത്തില്‍ ഇസ്‌ലാം സ്വീകരിച്ച പ്രവാചകനെ അത്യന്തം അനുകരിച്ച അലിയുബിന്‍ അബീത്വാലിബ്(റ)വാണ്. പ്രവാചകന്‍(സ)യുടെ സ്‌നേഹ ഭാജനമായ അന്‍സാറുകളും മുഹാജിറുകളുമടങ്ങുന്ന മുസ്‌ലിം സൈന്യത്തെ സിറിയലേക്ക് നയിച്ച ഇരുപതില്‍ കുറഞ്ഞ പ്രായമുള്ള ഉസാമത്ത് ബിന്‍ സൈദ്(റ)വാണ്. ഇസ്‌ലാമിക പ്രബോധനത്തിനത്തിന് ഉത്തരം നല്‍കി ഇസ്‌ലാം ആശ്ലേഷിച്ച പതിനേഴുകാരനായ സഅദ്ബിന്‍ അബീവഖാസ്(റ)വാണ്. രാഷ്ട്ര രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രവാചകന്‍ ഏല്‍പ്പിച്ചിരുന്ന ജൂത ഭാഷപഠിച്ച പതിനൊന്നുകാരനായ സൈദ് ബിന്‍ സാബിത്ത്(റ)വാണ്. ഖലീഫ അബൂബക്കര്‍(റ) സൈദ് ബിന്‍ സാബിത്തിനെ കുറിച്ച് പറയുന്നു: തീര്‍ച്ചയായും, ഞങ്ങളൊരു ആരോപണവും നടത്തിയിട്ടില്ലാത്ത ബുദ്ധിമാനായ യുവാവാണ് താങ്കള്‍. അല്ലാഹുവിന്റെ പ്രവാചകന് താങ്കള്‍ ദിവ്യവെളിപാട് എഴുതികൊടുക്കുകയും, വിശുദ്ധ ഖുര്‍ആന്‍ പരിശോധിച്ച് ഏകീകരിക്കുകയും ചെയ്തു. അത്, പ്രവാചക സുന്നത്തിനെ സംരക്ഷിച്ച ബുദ്ധി കൂര്‍മതയും മന:പാഠശേഷിയുമുള്ള അബൂഹുറൈറ(റ)വാണ്; അദ്ദേഹത്തെ തുടര്‍ന്നുവന്ന ബുഖാരിയും, മുസ്‌ലിമും, നാല് മദ്ഹബിന്റെ ഇമാമുമാരും, മറ്റു കര്‍മശാസ്ത്ര പണ്ഡിതരും ഹദീസ് നിരൂപകരുമുടങ്ങുന്നവരാണ്.

Also read: അവരുടെ രാഷ്ട്രീയം കൂടി മാറ്റി നിർത്തുക എന്നതാണ്

അവര്‍ അവരുടെ ജീവതത്തെ ഇസ്‌ലാമിക ജീവതത്തിനായി ഉഴിഞ്ഞുവെക്കുകയും, ദീന്‍ പഠിപ്പിക്കുകയും, സംരക്ഷിക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്തവരാണ്. അത്, പ്രയാസഘട്ടത്തിലും (ഉമ്മയെയും ഉപ്പയെയും തന്റെ കണ്‍മുമ്പില്‍വെച്ച് കൊലപ്പെടുത്തിയപ്പോഴും ഒരടിപോലും ഇസ്‌ലാമില്‍നിന്ന് പിന്മാറിയിട്ടില്ലാത്ത) ഇസ്‌ലാം മറുകെ പിടിച്ച അമ്മാര്‍ ബിന്‍ യാസിര്‍(റ)വാണ്. അവര്‍ എന്ന് പറയുന്നത്, സിന്ധ് (ഇന്നത്തെ പാക്കിസ്ഥാന്‍) കീഴടക്കിയ മുഹമ്മദ് ബിന്‍ ഖാസിമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക വിജയങ്ങള്‍ സാക്ഷത്കരിച്ച മുഹമ്മദ് ബിന്‍ ഖാസമിന്റെ പ്രായം പതിനേഴ് വയസ്സായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ബൈഅത്ത് ചെയ്യപ്പെട്ടു. പ്രവാചകന്‍(സ) മുഹമ്മദുല്‍ ഫാത്തിഹിനെ കുറിച്ച് പറയുന്നു: കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയിച്ചടക്കുകതന്നെ ചെയ്യും. ആ വിജയം വരിക്കുന്ന നേതാവ് എത്ര മഹാനായ നേതാവ്! ആ സൈന്യം എത്ര മഹത്തരമായ സൈന്യം!

വരുംകാല പോരാളികള്‍
നിങ്ങളുടെ മക്കള്‍ എല്ലാ അര്‍ഥത്തിലും ഒരു വ്യക്തിത്വമായിത്തീരവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു വിശ്വാസികളില്‍പ്പെട്ട ചില ആളുകളെ വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നു: ‘ചില ആളുകള്‍, അല്ലാഹുവെ നമസ്‌കരിക്കുന്നതില്‍ നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു.’ (അന്നൂര്‍: 37). യഥാര്‍ഥത്തില്‍ പുരുഷന്മാര്‍ അവരാകുന്നു. അവര്‍ക്ക് മുന്നില്‍ ഈ കാണുന്ന ദുനിയാവ് എല്ലാ ഭംഗിയോടെയും മാധുര്യത്തോടെയും വെളിപ്പെടുകയാണെങ്കിലും, അവരെ അത് യഥാര്‍ഥ വഴിയില്‍നിന്ന് തെറ്റിക്കുകയില്ല; സൃഷ്ടിക്കപ്പെട്ടതിന്റെയും പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തങ്ങളുടെ കാര്യം അവര്‍ വിസ്മരിച്ചുപോകുന്നില്ല. സഅദി പറയുന്നു: അവര്‍ അല്ലാഹുവിനോടുള്ള അനുസരണയും ഇബാദത്തും അവരുടെ ലക്ഷ്യമായി കണ്ടിരിക്കുന്നു. അവരുടെ അവസ്ഥയും നിഷേധിച്ചവരുടെ അവസ്ഥയും എത്ര അന്തരാണ്! ഇമാം ഇബ്‌നു കസീര്‍ പറയുന്നു: തങ്ങളുടെ ഇഷ്ടത്തെക്കാളും ആഗ്രഹത്തെക്കാളും അല്ലാഹുവിനോടുള്ള ഇഷ്ടത്തിനും, അവന്റെ ആഗ്രഹത്തിനും, അവനെ നുസരിക്കുന്നതിനും അവര്‍ പ്രാധാന്യം നല്‍കുന്നു.

Also read: ‘ഭാഷാമിത്രം’ മൊബൈല്‍ ആപ്പ്

നാളെയുടെ മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയെന്നത്, അല്ലാഹുവിലുള്ള വിശ്വാസവും അവനോടുള്ള സ്‌നേഹവും അവരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. വിശ്വാസമെന്നത് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദര്‍ശിക്കാന്‍ കഴിയേണ്ടതുണ്ട്. ആ വിശ്വാസം പരലോകത്തെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നതും, ദുനിയാവില ജീവിതത്തെ അല്ലാഹുവിന്റെ തൃപ്തിക്കായി ചെലവഴിക്കാന്‍ കഴിയുന്നതുമായിരിക്കണം. അവര്‍ ഏറ്റവം പ്രിയകരമായിട്ടുള്ളത് അല്ലാഹുവും അവന്റെ ദൂതനുമായിരിക്കണം. ഇച്ഛകളുടെ പിന്നാലെപോയി തെറ്റില്‍ ഉറച്ചുനിന്ന് നൈമിഷികമായ ഒന്നിനുമുന്നില്‍ അവര്‍ ദുര്‍ബലുരായി തീരുകയില്ല. അതുപോലെ, മുസ്‌ലിമിന് യോജിക്കാന്‍ കഴിയാത്ത ഒന്നിനോടും അവര്‍ക്ക് വിട്ടുവീഴ്ചയുില്ല. അല്ലാഹുവിനെ ധിക്കരിച്ച് സമയം കൊല്ലുന്ന അനാവശ്യ കാര്യങ്ങളില്‍ സമയം കളയുന്നതില്‍നിന്ന് അവര്‍ മാറിനില്‍ക്കുന്നു.
വിശ്വാസം ഒരോ കുട്ടിക്കും വളരെ ഗുണാത്മകമായ ഊര്‍ജമാണ് നല്‍കേണ്ടത്. നന്മ പ്രവര്‍ത്തിക്കാനും, മനസ്സിനെ സംസ്‌കരിക്കാനും, ഭൂമി പരിപാലിക്കുന്നതിനും, സമൂഹത്തിന് ഉപകാരം ചെയ്യുന്നതിനുമാണ് പ്രോത്സാഹനമാകേണ്ടത്. കഠിന ഹൃദയങ്ങളില്‍ നിന്നും, മേച്ഛകരമായ സ്വഭാവത്തില്‍ നിന്നും, മറ്റുള്ളവരോട് അക്രമം കാണിക്കുന്നതില്‍ നിന്നും അകറ്റുന്നതായിരിക്കണം വിശ്വാസം. കൂടാതെ, അല്ലാഹുവിനോടുള്ള കരാര്‍ പാലിക്കുന്നതില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതായിരിക്കണം. അവര്‍ക്ക് ചുറ്റുമുള്ള പ്രയാസവും ദുരിതവും അവരെ ഒരടി അല്ലാഹുവിനോടുള്ള കരാറില്‍ നിന്ന മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാവരുത്. ‘സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവിനോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു മാറ്റവും വരുത്തിയിട്ടില്ല.’ (അല്‍അഹ്‌സാബ്: 23). സഅദി പറയുന്നു: അവര്‍ കരാറില്‍തന്നെ ഉറച്ചുനിന്ന് മുന്നോട്ടുപോകുന്നവരാണ്. അതില്‍ നിന്ന് മാറിപോവുകയോ തെറ്റിപോവുയോ ചെയ്യുന്നില്ല. അവരാണ് യഥാര്‍ഥ പുരുഷന്മാര്‍. അവരല്ലാത്തവര്‍ രൂപത്തില്‍ മാത്രമാണ് പുരുഷന്മാരാകുന്നത്.’

വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുക
ഭാവിയിലേക്കുള്ള വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിന് ചെറുപ്പം മുതല്‍ തന്നെ മാതാപിതാക്കള്‍ അവരെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അത് ഇബാറാഹീം നബിയുടെ മാതൃകയിലും, സന്തോഷകരവും പ്രയാസകരവുമായ അവസ്ഥയിലെ അയ്യൂബ് നബിയുടെ ക്ഷമയിലും, യൂസുഫ് നബിയുടെ ജീവിത വിശുദ്ധിയിലും, മൂസാ നബിയുടെ കരുത്തിലും വിശ്വസ്തതയിലും, ഇസ്മാഈല്‍ നബിയുടെ നന്മ പ്രസരിപ്പിക്കുന്ന അനുസരണപൂര്‍ണമായ മാതൃകയിലും, സുലൈമാന്‍ നബിയുടെ യുക്തിയിലും വിനയത്തിലും, ഈസാ നബിയുടെ കാരുണ്യത്തിലും സൗമ്യതയിലും, വിശുദ്ധ ഖുര്‍ആനായ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ജീവചരിത്രത്തിലുമാണ് രക്ഷിതാക്കള്‍ മക്കള്‍ക്ക് ശിക്ഷണം നല്‍കേണ്ടത്. ഈ പ്രവാചകരിലെല്ലാം നിങ്ങള്‍ക്ക് മാതൃക കണ്ടെത്താന്‍ കഴിയുന്നു.

Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

നിങ്ങളുടെ കുട്ടികളോടുള്ള സത്യസന്ധമായ സ്‌നേഹമെന്നത്, രുചികരമായ വിഭവങ്ങള്‍ വാങ്ങികൊടുത്ത് വയര്‍ നിറക്കുകയോ അല്ലെങ്കില്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ വാങ്ങികൊടുക്കുകയോ ചെയ്യുന്നതല്ല. യഥാര്‍ഥ സ്‌നേഹമെന്നത് നമ്മെയും അവരെയും ആദരണീയമായ ശാശ്വത ഗേഹത്തിലേക്ക് എത്തിക്കുന്നതും കടുത്ത ശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. മക്കളോടുള്ള സ്‌നേഹവും അനുകമ്പയും ശിക്ഷക്ക് കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും, മക്കളോട് സ്‌നേഹത്താല്‍ അവര്‍ ചെയ്യുന്ന തിന്മകള്‍ നിങ്ങള്‍ തടയാത്തതിന്റെ പേരില്‍ നിങ്ങളെ അല്ലാഹു പിടികൂടാതിരിക്കട്ടെ. അത് യഥാര്‍ഥത്തില്‍ സ്‌നേഹമല്ല. ‘സത്യവിശ്വാസികളെ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തിരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പുരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവര്‍ അവനോട് അനുസരണക്കേട് കാണിക്കുകയില്ല.’ (അത്തഹരീം: 6). അത്ഭുതകരമെന്ന് പറയട്ടെ, മക്കളോട് സ്‌നേഹമുണ്ടെന്ന പറഞ്ഞുനടക്കുന്ന രക്ഷിതാക്കള്‍ വിശപ്പില്‍ നിന്നും, ഇഹലോകത്തിലെ തീയില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നും അവരെ രക്ഷിക്കാറുണ്ട്. എന്നാല്‍, ശാശ്വതമായ പരലോകത്തിലെ തീയില്‍ നിന്ന് രക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍ുകന്നുമില്ല!

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles