Current Date

Search
Close this search box.
Search
Close this search box.

സംഗീതത്തിന്റെ മാസ്മരികത

കുഴലും കിന്നരവും ഹൃദ്യമായ സംഗീതം ഉതിര്‍ക്കുന്നു.
എന്നാല്‍, ഹൃദ്യമായ സ്വരമാണ് അവയേക്കാള്‍ ഉത്തമം -ഉത്തര കാനോനിക ഗ്രന്ഥം

മനുഷ്യന് വളരെയേറെ ഇഷ്ടപ്പെട്ട ഒരു കലയാണ് സംഗീതം. സംഗീതം ആസ്വദിക്കാത്തവര്‍ ആരുമുണ്ടാവില്ല. ജീവിതത്തില്‍ ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവര്‍ കുറവായിരിക്കും. ചിലര്‍ ഗാനം രചിക്കുന്നു; മറ്റു ചിലര്‍ അതാലപിക്കുന്നു; ഇനിയും മറ്റു ചിലര്‍ അത് ചിട്ടപ്പെടുത്തുന്നു; അപൂര്‍വം ചിലര്‍ ഇപ്പറഞ്ഞവയിലെല്ലാം ഏര്‍പ്പെടുന്നു. അങ്ങനെ, പല വഴിത്താരകളിലൂടെ സംഗീതം ജീവിതത്തില്‍ മഴപോലെ പെയ്യുന്നു.

വരമൊഴിയിലൂടെ ആശയ പ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് എഴുത്ത്. വാമൊഴിയിലൂടെ ആശയ പ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് സംസാരം. എന്നാല്‍, അടുക്കും ചിട്ടയോടുമുള്ള സ്വരവിന്യാസങ്ങള്‍കൊണ്ട് ആശയ പ്രകാശനം സാധ്യമാവുന്ന മാധ്യമമാണ് സംഗീതം. വികാരവും വിചാരവും വിവേകവും അതിലുണ്ട്. ജീവിതത്തെയും ഭക്തിയെയും വിപ്ലവത്തെയുമൊക്കെ സംഗീതം ആവിഷ്‌കരിക്കുന്നു. സ്വത്വത്തെ നവീകരിക്കാനും അതിന് നവോന്മേഷം നല്‍കാനും സഹായകമാകുന്ന മികച്ച ഉപകരണമാണ് സംഗീതം.

സമ്യക്കായ ഗീതമെന്നാണ് സംഗീതത്തിന്റെ അര്‍ഥം. കവിത്വമുള്ള വരികളില്‍ ശ്രുതിയും താളവും രാഗവും നിശ്ചിതമായ അനുപാതത്തില്‍ ചേരുമ്പോഴാണ് നല്ല സംഗീതം പിറക്കുന്നത്. ശ്രുതി, രാഗ, താള പ്രഭാവമാണ് സംഗീതമെന്നര്‍ഥം. ശ്രുതി സംഗീതത്തിന്റെ മാതാവാണ്. താളം അതിന്റെ പിതാവും. ഗാനത്തിന് അവലംബമാക്കുന്ന ആധാരമാണ് ശ്രുതി. രണ്ട് സ്വരസ്ഥാനങ്ങള്‍ക്കിടയിലുള്ള ഇടവേളയെ ശ്രുതിയെന്ന് പറയാം. എന്നാല്‍, കേള്‍ക്കാന്‍ ഇമ്പമുള്ള മുഴുവന്‍ സ്വരങ്ങളിലും ശ്രുതിയുണ്ടെന്നതാണ് സത്യം. സംഗീതത്തിന്റെ സമയക്രമമാണ് താളം. സ്വരസ്ഥാനങ്ങളില്‍ നിന്നുള്ള ശബ്ദ സഞ്ചാരംകൊണ്ട് ഉണ്ടാവുന്ന ഈണമാണ് രാഗം.

സംഗീതത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. അധ്യാത്മികതയുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്. വേദവചനങ്ങള്‍ ശ്രുതിമധുരമുള്ളതാണ്. കവിത്വം തുളുമ്പുന്ന വരികളാണവ. മതങ്ങള്‍ വേദ വചനങ്ങള്‍ സംഗീതാത്മകമായാണ് പാരായണം ചെയ്യാറുള്ളത്. ചില വേദങ്ങളുടെ നാമങ്ങളും പ്രയോഗങ്ങളും, അവയുടെ സംഗീതവുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. ഭഗവാന്റെ ഗീതങ്ങളാണ് ഭഗവദ്ഗീത. ബൈബിളില്‍ മോശയുടെ ഗീതവും സോളമന്റെയും ദാവീദിന്റെയും സങ്കീര്‍ത്തനങ്ങളും കാണാനാവും. ഇയ്യോബിന്റെ പ്രാര്‍ഥനകള്‍ക്കുപോലും സംഗീതാത്മകതയുണ്ട്. ഏറ്റവും മഹത്തായ സംഗീതം കഷ്ടിച്ചു മാത്രം കേള്‍ക്കാമെന്ന താവോയിസത്തിന്റെ ഉപജ്ഞാതാവായ ലാവോത്സു പറയുന്നു.

വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും പാഠങ്ങളനുസരിച്ച് സംഗീതം നിഷിദ്ധമല്ല. നന്മയുടെ പ്രസരണത്തിന് ഉപയോഗിക്കാന്‍ സഹായിക്കുന്ന അനുവദനീയ കലയാണത്. കൂടാതെ, സംഗീതം വേണ്ടത്ര ആസ്വദിക്കുകയും ചെയ്യാം. ഒരു പെരുന്നാള്‍ സുദിനത്തില്‍ കൊച്ചുകുട്ടികള്‍ പ്രവാചക സന്നിധിയില്‍ ഗാനങ്ങള്‍ പാടിയതിന്റെയും പ്രവാചകനും പത്‌നി ആയിശയും അത് ആസ്വദിച്ചതിന്റെയും വിവരണം തിരുചര്യയില്‍ വന്നിട്ടുണ്ട്. പ്രസ്തുത വിവരണത്തില്‍, ഗാനത്തിന് പ്രയോഗിച്ച പദം ഗിനാഅെന്നാണ്.

വിശുദ്ധവേദത്തിന്റെ പാരായണത്തില്‍ സംഗീതമുണ്ട്. സ്വരവിന്യാസങ്ങളില്‍ പാലിക്കേണ്ട തജ്‌വീദ് നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം അത് പാരായണം ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍, പാരായണത്തിന് തനിമയുള്ള ശ്രുതിതാളരാഗങ്ങള്‍ ലഭിക്കും. മധുരമായി വേദപാരായണം നടത്തുന്നവരെ പ്രവാചകന് ഏറെ പ്രിയമായിരുന്നു. സുന്ദരമായ സ്വരത്തിന്റെ ഉടമസ്ഥനായിരുന്നു പ്രവാചകന്‍ ദാവൂദ്. അദേഹം സബൂര്‍ പാരായണം ചെയ്യുമ്പോള്‍, പക്ഷികളും മൃഗങ്ങളും ജന്തുക്കളും സാകൂതം ശ്രവിക്കാറുണ്ടായിരുന്നുപോലും. ദാവൂദിന്റെ സ്വരമാണ് തനിക്ക് ലഭിച്ചതെന്ന് പ്രവാചകന്‍ മുഹമ്മദ് ഒരിക്കല്‍ പറയുകയുണ്ടായി.

എന്നാല്‍, സംഗീതവും വേദപാരായണവും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. സംഗീതത്തിന് ശാസ്ത്രീയമായ വികാസവും വ്യത്യസ്ത പ്രദേശങ്ങളില്‍ ഭിന്നമായ രൂപങ്ങളുമുണ്ട്. നന്മയുടെ പ്രസരണം എന്നതോടൊപ്പം, കേവലമായ ആസ്വാദനവും അതിന്റെ ലക്ഷ്യങ്ങളാണ്. വേദപാരായണത്തിന്റെ ലക്ഷ്യം കേവല ആസ്വാദനങ്ങള്‍ക്കപ്പുറം ദൈവികമായ ആദര്‍ശത്തിനൊത്ത് ജീവിതത്തെ വഴിനടത്തലാണ്.

Related Articles