Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്രത്തിന്റെ പരിമിതിയും സാധ്യതയും

‘ശാസ്ത്രത്തെ ഗൗരവത്തില്‍ പിന്തുടരുന്ന ഏതൊരാള്‍ക്കും പ്രപഞ്ച നിയമങ്ങളില്‍ അന്തര്‍ലീനമായ മഹദ് ചൈതന്യത്തെ ബോധ്യപ്പെടും’ -ഐന്‍സ്റ്റീന്‍

നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ വിജ്ഞാനം നല്‍കുന്ന ജ്ഞാനസ്രോതസാണ് ശാസ്ത്രം. പദാര്‍ഥവുമായാണ് അതിന്റെ ബന്ധം. വസ്തുനിഷ്ഠമായി കാര്യങ്ങളെ കൃത്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് ശാസ്ത്രം. പഞ്ചേന്ദ്രിയങ്ങള്‍ക്ക് ദൃശ്യമാവുന്ന ഭൗതികലോകമാണ് ശാസ്ത്ര അന്വേഷണങ്ങളുടെ അതിര്. അധ്യാത്മികലോകം ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നില്ല. ഉദാഹരണത്തിന് ആത്മാവുണ്ടോ, ഇല്ലെന്നോ തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധിക്കുകയില്ല. അതിനെക്കുറിച്ച വിജ്ഞാനം ലഭിക്കുന്നത് പ്രവാചകന്മാര്‍ക്കുണ്ടാവുന്ന വെളിപാടിലൂടെയാണ്.

വെളിപാട് വിജ്ഞാനങ്ങള്‍ പൂര്‍ണമായും ശരിയായിരിക്കും. തെറ്റാന്‍ ഒരുനിലക്കും സാധ്യതയേയില്ല. വെളിപാടിന്റെ ജ്ഞാനങ്ങളാണ് വിശുദ്ധവേദവും തിരുചര്യയും. ദൈവമാണ് അവയുടെ കേന്ദ്രം. മനുഷ്യനാണ് പ്രമേയം. ആരാണ് മനുഷ്യന്‍?, അവന്റെ യാഥാര്‍ഥ്യമെന്താണ്?, ധര്‍മവും അധര്‍മവും എന്താണ്?, ആത്മീയത എന്താണ്? തുടങ്ങിയ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായ യാഥാര്‍ഥ്യങ്ങളാണ് വെളിപാട് പ്രതിപാദിക്കുന്നത്. വെളിപാടില്‍ തെറ്റോ, വൈരുധ്യമോ അനുഭവപ്പെടുന്നുവെങ്കില്‍, അത് വെളിപാടിന്റെ പ്രശ്‌നമല്ല. മറിച്ച്, വെളിപാട് ഗ്രഹിക്കുന്നതില്‍ പ്രജ്ഞക്ക് സംഭവിക്കുന്ന പിഴവ് മാത്രമാണ്. വസ്തുതകള്‍ ഗ്രഹിക്കുന്നതില്‍ പ്രജ്ഞക്ക് ശരിയും തെറ്റും സംഭവിക്കാമല്ലോ. മുന്നോട്ടുള്ള അന്വേഷണത്തില്‍ വെളിപാടില്‍ അനുഭവപ്പെട്ട ആശയക്കുഴപ്പം നീങ്ങുന്നതായിരിക്കും.

ശാസ്ത്രം കണ്ടെത്തിയ ഖണ്ഡിതമായ വീക്ഷണങ്ങളും നിഗമനങ്ങളുമുണ്ട്. അവ ഒട്ടേറെയുണ്ട്. ഭൂമി ഉരുണ്ടതാണെന്നത് ശാസ്ത്രത്തിന്റെ ഖണ്ഡിതമായ ഒരു കണ്ടെത്തലാണ്. നിഗമനങ്ങള്‍ ശരിയാവാനും തെറ്റാവാനും സാധ്യതയുണ്ട്. വെളിപാടിന്റെ സാധുതയും കൃത്യതയും അവക്കില്ല. തന്നെയുമല്ല, ശാസ്ത്രം കണ്ടെത്തിയ പല നിഗമനങ്ങളും പിന്നീട് തിരുത്തപ്പെട്ട ചരിത്രവുമുണ്ട്. ഒരു ഉദാഹരണം പറയാം: പദാര്‍ഥത്തിന്റെ സൂക്ഷമരൂപം അണുവാണെന്നായിരുന്നു ശാസ്ത്രത്തിന്റെ നിഗമനം. ഇന്നത് തിരുത്തപ്പെട്ടു. അണുവിനെ ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിങ്ങനെ പിന്നെയും വിഭജിക്കാനാവും. പ്രപഞ്ചത്തെക്കുറിച്ച് ശാസ്ത്രം പലതും പറഞ്ഞിട്ടുണ്ടെങ്കിലും, ‘പ്രപഞ്ചത്തിന്റെ ഉല്‍ഭവം, അവസാനം എന്നിവയെക്കുറിച്ച് നമുക്കൊന്നും അറിഞ്ഞുകൂടാ’യെന്ന് ശാസ്ത്രജ്ഞനായ ഡോ. എറ്റിക്കല്‍ വിചാരപ്പെടുന്നത് ശാസ്ത്രത്തിന്റെ തീര്‍പ്പില്ലാത്ത നിഗമനങ്ങളെ മുന്‍നിര്‍ത്തിയാണ്.

ശാസ്ത്രത്തോട് മധ്യമ നിലപാടാണ് ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്. വിജ്ഞാനത്തിന്റെ പ്രഥമ സ്രോതസായി അതിനെ കാണുന്നില്ല. വിജ്ഞാനത്തിന്റെ ഭദ്രതയുള്ള ഏക സ്രോതസ് വെളിപാട് മാത്രമാണ്. വിശിഷ്യ, അധ്യാത്മിക കാര്യങ്ങളുടെ അവസാന വാക്ക് അതാണ്. എന്നാല്‍, ഭൗതികമായ അറിവുകളുടെ മാര്‍ഗമായി ശാസ്ത്രത്തെ കാണുകയും അതിലൂടെ വേണ്ടുവോളം അറിവ് ആര്‍ജിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുകയും ചെയ്യുന്നു. ”നിങ്ങളാണ് നിങ്ങളുടെ ലോകത്തിന്റെ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നതെ”(മുസ്‌ലിം)ന്ന പ്രവാചക വചനം ഭൗതിക വിജ്ഞാനങ്ങളുടെ ഉല്‍പാദനത്തിലേക്കുള്ള സൂചികയാണ്. ഒട്ടകത്തിന്റെ സൃഷ്ടിപ്പ്, ആകാശത്തിന്റെ ഉയര്‍ന്ന വിതാനം, പര്‍വത്തിന്റെ നിര്‍മിതി, ഭൂമിയുടെ പരന്ന പ്രതലം തുടങ്ങിയവയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നില്ലേയെന്ന വിശുദ്ധവേദത്തിന്റെ ചോദ്യം, ആ വിഷയങ്ങളില്‍ അറിവ് നേടാനുള്ള പ്രചോദനമല്ലാതെ മറ്റൊന്നുമല്ല. മനുഷ്യക്ഷേമം, ദൈവസ്മരണ പോലുള്ളവയാണ് ശാസ്ത്ര ജ്ഞാനങ്ങളുടെ ലക്ഷ്യങ്ങളായി ഇസ്‌ലാം എണ്ണുന്നത്: ”നിങ്ങള്‍ കത്തിക്കുന്ന തീയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതല്ല നാമാണോ അതിനുള്ള വൃക്ഷമുണ്ടാക്കിയത്? നാമതിനെ ഉല്‍ബോധനവും യാത്രക്കാര്‍ക്കുള്ള വിഭവവുമാക്കിയിരിക്കുന്നു. അതിനാല്‍, മഹോന്നതനായ നിന്റെ നാഥന്റെ നാമം നീ വാഴ്ത്തുക”(അല്‍വാഖിഅ: 71-74).

ശാസ്ത്രം ഖണ്ഡിതമായി തെളിയിച്ച ചില കണ്ടെത്തലുകളുടെ സൂചനകള്‍ വിശുദ്ധവേദത്തില്‍ ഒളിഞ്ഞിരിക്കുന്നത് കാണാനാവും. ഉദാഹരണത്തിന് ഭൂഗര്‍ഭശാസ്ത്രമനുസരിച്ച് ആകാശത്തിന് ഏഴ് പാളികളുണ്ട്. ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മീസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍, എക്‌സോസ്ഫിയര്‍, അയോണോസ്ഫിയര്‍, മാഗ്നെറ്റോസ്ഫിയര്‍ എന്നിവയാണവ. ഓരോ പാളിക്കും അവയുടേതായ ധര്‍മവുമുണ്ട്. അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന സൂക്തങ്ങളിതാ: ”ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍”(അല്‍മുല്‍ക്: 3), ”ഓരോ ആകാശത്തിനും ദൈവം നിയമങ്ങളും നിശ്ചയിച്ചു”(ഫുസ്സിലത്ത്: 12).

Related Articles