Current Date

Search
Close this search box.
Search
Close this search box.

പ്രതിഭയുടെ മിന്നായം

‘അൽപം ഉന്മാദത്തിന്റെ സ്പർശമില്ലാതെ ഒരു പ്രതിഭയുമില്ല’ -സെനക്ക

സാധ്യതകളുടെ കലവറയാണ് ഓരോ മനുഷ്യനും. ഒരു കുഞ്ഞും ഭൂമിയിൽ വെറുതെ ജനിക്കുന്നില്ല. ദൈവം അവനിൽ നിരവധി ആവിഷ്‌കാരങ്ങൾ കരുതിവെച്ചിരിക്കും. പ്രതിഭയുടെ കനലുകൾ ഉള്ളകത്തിൽ ഒളിച്ചിരിപ്പുണ്ടെന്നർഥം. പ്രതിഭയെ തിരിച്ചറിഞ്ഞാൽ മനുഷ്യൻ വിസ്മയിച്ചുപ്പോവും. സാധ്യതകൾ കണ്ടെത്തി സ്വത്വത്തിനും സമൂഹത്തിനും നന്മയുടെ വഴിയിൽ പ്രകാശിപ്പിക്കുകയെന്നതാണ് മനുഷ്യധർമം. കഴിവുകൾ വികസിക്കുമ്പോഴാണ് വ്യക്തി പൂർണതയിലേക്ക് വിളവെടുക്കുന്നത്.

എത്രയെത്ര പ്രതിഭാധനമായ കഴിവുകളാണ് മനുഷ്യനിൽ അന്തർലീനമായിട്ടുള്ളത്. നേതൃത്വം ഒരു കഴിവാണ്. അപൂർവമായി മാത്രം വിടരുന്ന നീലക്കുറിഞ്ഞിപോലെയാണ് ഒരു നല്ല നേതാവിന്റെ പിറവി. ജോൺ സി മാക്‌സ്‌വെൽ പറഞ്ഞതുപ്രകാരം, വഴിയറിയറിയുന്നവനും നിയതമായ വഴിയിൽ സഞ്ചരിക്കുന്നവനും വഴി കാണിക്കുന്നവനുമാണ് നേതാവ്. വിപ്ലവചിന്തകൾ വിതറി കാലത്തിന്റെ യവനികയിലേക്ക് നേതാവ് മറയും. അധ്യാപനം മറ്റൊരു രംഗമാണ്. തലമുറകളെ നന്മയുടെ വഴിത്താരയിൽ ചുട്ടെടുക്കുന്ന പ്രക്രിയയാണ് അധ്യാപനം. നല്ല അധ്യാപകന് പ്രത്യാശ നിറക്കാനും ഭാവന ത്രീവമാക്കാനും സാധിക്കുമെന്ന് ബ്രാഡ് ഹെന്റി നിരീക്ഷിച്ചിട്ടുണ്ട്. കച്ചവടവും കൃഷിയും മറ്റ് സാധ്യതകളാണ്. ജനങ്ങളുമായി സംവദിക്കാനും അവരെ സേവിക്കാനും അവയിലൂടെ സാധിക്കും. വിശ്വസ്തരായ കച്ചവടക്കാരും കൃഷിക്കാരനും സ്വർഗത്തിൽ ഉയർന്ന പദവിയുണ്ടായിരിക്കും.

പ്രതിഭ ഇല്ലാത്തതല്ല പ്രശ്‌നം. അതിനെ തിരിച്ചറിയുന്നില്ലെന്നതാണ് പ്രശ്‌നം. തിരിച്ചറിഞ്ഞാൽതന്നെ പൂർണതയിലേക്ക് വഴിനടത്തുന്നുമില്ല. അതിന്റെ കാരണം അലസതയാണ്. ലോകത്തെ ജ്വലിപ്പിച്ചവർ പ്രതിഭയെ തിരിച്ചറിഞ്ഞവരായിരുന്നു. മിന്നായംപോലെ സാധ്യതകളുടെ പ്രപഞ്ചത്തെ ആശ്ലേഷിക്കുകയായിരുന്നു അവർ. അവരിൽ ബഹുമുഖ പ്രതിഭകളുണ്ട്; ഏകമുഖ പ്രതിഭകളുണ്ട്; ബഹുമുഖ പ്രതിഭകളായിരിക്കെ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ചവരുമുണ്ട്. രബീന്ദ്രനാഥ ടാഗോർ ബഹുമുഖ പ്രതിഭയായിരുന്നു. ഗാന രചയിതാവും കവിയും കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും അധ്യാപകനുമൊക്കെയായി തന്റെ ദൗത്യം നിർവഹിച്ചു ടൊഗോർ. ദേശീയഗാനം അദ്ദേഹത്തിന്റെ ആവിഷ്‌കാരമാണല്ലോ. ആൽബർട്ട് ഐൻസ്റ്റീൻ മറ്റൊരു ബഹുമുഖപ്രതിഭയായിരുന്നു. കവിതയെയും സംഗീതത്തെയും ശാസ്ത്രത്തെയും അഗാധമായി സ്‌നേഹിച്ചു അദ്ദേഹം. ഞാനൊരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നില്ലെങ്കിൽ, മിക്കവാറും ഒരു സംഗീതജ്ഞനായേനേയെന്ന് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.

പ്രതിഭ മികച്ചതാവുന്നത് നാല് കാര്യങ്ങളിൽ ഉണർവുണ്ടാവുമ്പോഴാണ്. കഴിവുകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അതിലൊന്ന്. സാധ്യതകൾ തിരിച്ചറിഞ്ഞാൽ, അവയെ മിനുസപ്പെടുത്തുന്നതിൽ ആത്മാർഥമായ പ്രതിബദ്ധതയുണ്ടാവണം. കഠിനാധ്വാനമാണ് രണ്ടാമത്തേത്. പ്രതിഭ ഒരു ശതമാനവും കഠിനാധ്വാനം തൊണ്ണൂറ്റൊമ്പത് ശതമാനവുമാണെന്ന് ഐൻസ്റ്റീൻ എഴുതിയിട്ടുണ്ട്. പ്രചോദനമാണ് പ്രതിഭക്ക് ആവശ്യമായ മൂന്നാമത്തെ കാര്യം. ആത്മ പ്രചോദനമുണ്ടാവണം; മറ്റുള്ളവരാൽ പ്രചോദിപ്പിക്കപ്പെടുകയും വേണം പ്രതിഭ. വികാസമാണ് നാലാമത്തെ കാര്യം. പ്രതിഭ എന്നും ഒരുപോലെ നിന്നാൽ പോര. അതിന് നവീകരണവും പുരോഗതിയും ഉറപ്പുവരുത്തണം. നിത്യം മഴുവിന്റെ മൂർച്ച നിലനിർത്തുന്ന വിറകുവെട്ടുകാരന് മാത്രമേ ആ രംഗത്ത് തിളങ്ങാൻ സാധിക്കുകയുള്ളൂ.

സാധ്യതകൾ തിരിച്ചറിയുകയും അവ സമൂഹത്തിന് ഉപയുക്തമാക്കണമെന്നുമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ധനംകൊണ്ടും സ്വത്വംകൊണ്ടും ദൈവമാർഗത്തിൽ സമരംചെയ്യാൻ ദൈവം ആവശ്യപ്പെടുന്നുണ്ട്. സ്വത്വമെന്നാൽ സ്വയംസത്തയെന്ന് അർഥം. മനുഷ്യന്റെ അഭിരുചികളുടെയും പ്രതിഭകളുടയും കേന്ദ്രമാണ് സ്വത്വം. സ്വത്വംകൊണ്ടുള്ള സമരത്തിന്റെ താൽപര്യം, അതിന്റെ വിവിധ കഴിവുകൾ വികസിപ്പിച്ച് ദൈവമാർഗത്തിൽ വിനിയോഗിക്കലാണ്. ദൈവം മനുഷ്യനെ സൃഷ്ടിക്കുക മാത്രമല്ല, മാർഗദർശനം കാണിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. മാർഗദർശനമെന്നാൽ, ഒന്നാമതായി സത്യമാർഗമാണ്. രണ്ടാമതായി, മുന്നോട്ടുപോക്കിന് സഹായകമാവുന്ന വ്യത്യസ്ത വഴികളും സാധ്യതകളുമാണ്. സാധ്യതകൾ ദൈവത്തിന്റെ വരദാനങ്ങളാണ്. വരദാനങ്ങളെക്കുറിച്ച് ദൈവം തീർച്ചയായും വിചാരണനാളിൽ ചോദിക്കുന്നതായിരിക്കും.

Related Articles