Current Date

Search
Close this search box.
Search
Close this search box.

നീതിയുടെ സാരം

‘നാം നീതി നിലനിർത്തുന്നില്ലെങ്കിൽ, നീതി നമ്മെയും നിലനിർത്തുകയില്ല’
-ഫ്രാൻസിസ് ബേക്കൺ

സാർവലൗകിക യാഥാർഥ്യമാണ് നീതി. നീതിസംബന്ധമായ സംസാരങ്ങൾ എക്കാലത്തും എവിടെയുമുണ്ടായിരുന്നു. നീതിയെ മുൻനിർത്തി പ്രാചീന പ്രമാണമായ ഹമ്മുറാബിയിൽ വന്ന വരികൾ നോക്കൂ: ‘രാജ്യത്തൊട്ടാകെ നീതിന്യായം പാലിക്കുക. ദുഷ്ടന്മാരെയും ദുഷ്പ്രവർത്തികളെയും ഇല്ലായ്മ ചെയ്യുക. ബലവാൻ ബലഹീനനെ മർദിക്കുന്നത് തടയുക’. പ്ലേറ്റോയും അരിസ്റ്റോട്ടിലും നീതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്ലേറ്റോയുടെ നീതിയെപ്പറ്റിയുള്ള ആലോചനകൾ അദേഹത്തിന്റെ ‘റിപബ്ലിക്കി’ൽ കാണാം. അരിസ്റ്റോട്ടിലിന്റെ നീതി, നന്മ, ധർമം എന്നിവ സംബന്ധിയായ ആശയങ്ങളുടെ രേഖകൾ, അദേഹത്തിന്റെ മകൻ നികോമാക്കസ് ക്രോഡീകരിക്കുകയുണ്ടായി. നികോമാക്കിയൻ എത്തിക്‌സെന്നാണ് പ്രസ്തുത ക്രോഡീകരണം അറിയപ്പെടുന്നത്. നീതിമാന്മാരുടെ പാത പുലരിവെളിച്ചം പോലെയാണെന്നും അത് നട്ടുച്ചവരെ ഏറെയേറെ പ്രകാശിച്ചുകൊണ്ടിരിക്കുന്നുവെന്നും സുഭാഷിതത്തിൽ വന്നിട്ടുണ്ട്.

നീതി ആവശ്യപ്പെടുന്ന സന്ദർഭത്തിൽ, അതിനൊപ്പം അതിനുവേണ്ടിയാവണം ജീവിതം. സൂക്ഷമതലംമുതൽ സ്ഥൂലതലംവരെ നീതിപാലിക്കൽ അനിവാര്യമാണ്. സംസാരം, കർമം, പ്രതിഭ തുടങ്ങി എല്ലാം നീതിക്കുവേണ്ടി സാക്ഷിയാവണം. നീതിയുടെ പ്രശ്‌നം ഉയർന്നുവരുമ്പോൾ, മൗനത്തിന്റെയും കപടതയുടെയും പക്ഷംചേരലിന്റെയും മുഖമൂടികൾ ഉണ്ടാകാവതല്ല. ചെറുതും വലുതമായ രണ്ട് പാത്രങ്ങൾക്കൊപ്പമാവരുത് പ്രയാണം. മറിച്ച്, സത്യത്തിനും മൂല്യത്തിനും നീതിക്കുമൊപ്പമാവണം പ്രയാണം. വൈകാരികമായ മനോഭാവങ്ങൾ നീതിയിൽനിന്ന് വ്യതിചലിക്കാൻ ഇടവരുത്തരുത്.

നീതിക്കൊപ്പം നിലകൊള്ളുകയെന്നതിന്റെ അർഥം, അനീതിക്കെതിരെ നിലകൊള്ളുകയെന്നാണ്. ഈ പ്രസ്താവനെ നേരേ തിരിച്ചുംപറയാം. അതായത്, അനീതിക്കെതിരെ നിലകൊള്ളുകയെന്നതിന്റെ അർഥം, നീതിക്കൊപ്പം നിലകൊള്ളുക എന്നുകൂടിയാണ്. ഉദാഹരണത്തിലൂടെ അക്കാര്യം വ്യക്തമാക്കാം. ഒരാൾ അന്യായമായി ഉപദ്രവിക്കപ്പെട്ടുവെന്ന് കരുതുക. ഈ സന്ദർഭത്തിൽ ഉപദ്രവിക്കപ്പെട്ട വ്യക്തിക്കൊപ്പം നിലകൊള്ളൽ നീതിക്കൊപ്പം നിലകൊള്ളലാണ്. ഉപദ്രവിച്ച വ്യക്തിക്കെതിരെ നിലകൊള്ളൽ അനീതിക്കെതിരെ നിലകൊള്ളലുമാണ്. ഇവിടെ ഒരേസമയം നീതിയെയും അനീതിയെയും സംബന്ധിച്ച പ്രശ്‌നം കയറിവരുന്നു. അഥവാ, നീതിക്കൊപ്പം നിലകൊള്ളലും അനീതിക്കെതിരെ നിലകൊള്ളലും തുല്ല്യമാണ്. നീതി നന്മയാണ്. അനീതിയാവട്ടെ തിന്മയും.

ബാധ്യതകളും അവകാശങ്ങളും സമതുലിതഭാവത്തോടെ പോകുന്നിടത്ത് നീതി തുല്യമായ അളവിൽ വീതംവെക്കപ്പെടുന്നു. അഥവാ, നീതിബോധം ഉണ്ടാവുമ്പോൾ, ബാധ്യതകൾ നിർവഹിക്കപ്പെടുന്നു; അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഫലമെന്നോണം, സമൂഹത്തിൽ ശാന്തിയും സമാധാനവും കളിയാടുകയും ചെയ്യുന്നു. എന്നാൽ, ഈയൊരു താളത്തിന് ഭംഗമുണ്ടാവുമ്പോൾ, അനീതിയുടെ സാഹചര്യം സംജ്ഞാതമാവുന്നു; ഭൂമി അക്രമത്തിന്റെയും രക്തചൊരിച്ചിലിന്റെയും കുരുതിക്കളമാവുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ദൈവം നൽകിയിട്ടുണ്ട്. അതൊരിക്കലും നിഷേധിക്കപ്പെടാവതല്ല. നിഷേധിക്കപ്പെട്ടാൽ, അതിനർഥം വകവെച്ചുകൊടുക്കേണ്ട ബാധ്യത മറന്ന് അവകാശം കവർന്നുവെന്നാണ്. ബാധ്യതയുടെ മറവിയും അവകാശത്തിന്റെ കവരലും അനീതിയാണ്. അനീതിയാവട്ടെ കൊടുംപാതകവും. അനാഥയുടെ സ്വത്ത് സ്വന്തം സ്വത്തിലേക്ക് ചേർത്ത് ഭുജിക്കുന്ന അനീതിയെ കൊടുംപാതകമെന്നാണ് വിശുദ്ധവേദം വിശേഷിപ്പിക്കുന്നത്.

ജീവിതത്തിന്റെ ഓരോ ഇടവഴിയിലും നീതിക്കൊപ്പം നിലകൊള്ളണമെന്നാണ് ഇസ്‌ലാമിന്റെ ആഹ്വാനം. നിങ്ങൾ നീതി പാലിക്കണമെന്നും നീതിമാന്മാരെ ദൈവം ഇഷ്ടപ്പെടുന്നുവെന്നും വിശുദ്ധവേദം. അടുത്ത ബന്ധുക്കൾക്കെതിരാണെങ്കിൽപ്പോലും, നീതിയിൽനിന്ന് വ്യതിചലിക്കരുതെന്ന് വിശുദ്ധവേദം മറ്റൊരിടത്ത് താക്കീത് നൽകുന്നു. സന്താനങ്ങൾക്കിടയിൽ നീതിപൂർവം പെരുമാറാത്ത ഒരു പിതാവിനോട്, അനീതിക്ക് താൻ കൂട്ടുനിൽക്കുകയില്ലെന്നും ദൈവത്തെ സൂക്ഷിക്കണമെന്നും നിർദേശിക്കുന്ന പ്രവാചകനെ തിരുചര്യയിൽ കാണാം. തൂക്കുമ്പോൾ, അളക്കുമ്പോൾ, വിധിക്കുമ്പോൾ, വീതിക്കുമ്പോൾ, പരിഗണിക്കുമ്പോൾ……. തുടങ്ങി എല്ലായിടത്തും നീതിയുടെ ത്രാസ് കൂടെയുണ്ടാവണം. നീതിയുടെ കാര്യത്തിൽ മതമോ, വംശമോ, ദേശമോ, ഭാഷയോ, ലിംഗമോ ഒന്നും പരിഗണനീയമേയല്ല.

Related Articles