Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ ആകാശം

‘ശരിയായ സംവാദത്തിൽ ഇരുകൂട്ടരും മാറ്റം അഭിലഷിക്കുന്നു’
-ടിക് നാട്ട് ഹാൻ

ഒത്തിരിയൊത്തിരി ആശയങ്ങൾ നിലനിൽക്കുന്ന ലോകത്താണ് നമ്മുടെ ജീവിതം. മതങ്ങളും ചിന്താധാരകളും ദർശനങ്ങളും ആശയങ്ങളുടെ മഴവിൽ സൗന്ദര്യം പ്രദർശിപ്പിക്കുന്നു. ആശയങ്ങൾ തമ്മിൽ സംഘർഷങ്ങളല്ല, ക്രിയാത്മകമായ സംവാദങ്ങളാണ് നടക്കേണ്ടത്. സംസ്‌കാരവും നാഗരികതയും ജീവിതവും കൂടുതൽ സർഗാത്മകമാവുന്നത് സംവാദങ്ങളിലൂടെയാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആശയങ്ങൾ തമ്മിൽ പലപ്പോഴും നടന്നുക്കൊണ്ടിരിക്കുന്നത് സംഘർഷങ്ങളാണ്.

ഒത്തുചേർന്നുള്ള സംസാരമാണ് സംവാദം. സംവാദത്തിലെ സം, വാദം എന്നീ പദങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. സംസ്‌കൃതത്തിൽ സം എന്നതിനർഥം തുല്യമായി, കൂടെ, ഒരുമിച്ച് എന്നൊക്കെയാണ്. ആംഗലേയ ഭാഷയിൽ ഡയലോഗെന്നാണ് സംവാദത്തിന് പറയുന്നത്. പ്രസ്തുത പദം ആദ്യമായി പ്രയോഗിച്ചത്, തന്റെ തർക്കശാസ്ത്ര കൃതിയിൽ ഗ്രീക്ക് തത്വജ്ഞാനിയായ പ്ലാറ്റോയാണ്. സംവാദത്തിന് അറബിയിൽ ജിദാൽ എന്ന് പറയുന്നു. നല്ല സംവാദത്തിനും ചീത്ത സംവാദത്തിനും ജിദാൽ പ്രയോഗിക്കാറുണ്ട്. ചീത്ത സംവാദം ഒഴിവാക്കി ക്രിയാത്മകമായ സംവാദത്തിലേർപ്പെടാനാണ് വിശുദ്ധവേദത്തിന്റെ നിർദേശം: ”യുക്തികൊണ്ടും സദുപദേശംകൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ പാതയിലേക്ക് ക്ഷണിക്കുക. ഏറ്റവും നല്ല രൂപത്തിൽ അവരുമായി സംവാദം നടത്തുക”(അന്നഹ്ൽ: 125).

വ്യക്തികൾ തമ്മിൽ സംവാദമാവാം. വിഭാഗങ്ങൾ തമ്മിലും സംവാദമാവാം. എങ്ങനെയായാലും, സംവാദത്തിലേർപ്പെടുന്നവർക്ക് തുല്ല്യ പരിഗണന ഉറപ്പാക്കേണ്ടതുണ്ട്. മർമ്മ പ്രധാനമായ വാദങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ അവതരിപ്പിക്കാൻ സംവാദത്തിലേർപ്പെടുന്നവർ ശ്രദ്ധിക്കണം. സംസാരം, ഭാഷ, പ്രയോഗങ്ങൾ എന്നിവ സൂക്ഷമവും കൃത്യവുമായിരിക്കണം. പ്രതിപക്ഷത്തെ നിസാരമാക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നല്ല സംവാദത്തിന് ഒട്ടും യോജിച്ചതല്ല. ജയിക്കാനും തോൽപ്പിക്കാനുമായിരിക്കരുത് സംവാദം. അങ്ങനെയുള്ള സംവാദം യഥാർഥ സംവാദമല്ല. തർക്കവും വക്കാണവുമാണത്. സംസാരത്തിൽ മാത്രം സംവാദം ഒതുങ്ങിപ്പോവരുത്. കേൾവിയും സംവാദത്തിൽ പ്രധാനമാണ്. പറയുന്നതോടൊപ്പം, പ്രതിപക്ഷം അവതരിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും പ്രയോജന പ്രദമായത് സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സംവാദത്തിൽ ആരുടെ പക്ഷത്താണ് ശരി, ആരുടെ പക്ഷത്താണ് തെറ്റ് തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. അത്തരം കാര്യങ്ങളൊക്കെ ശ്രോതാക്കളുടെ സ്വാതന്ത്ര്യത്തിന് വിടുന്നതാണ് ഉത്തമം.

സംവാദങ്ങളുടെ മികച്ച മാതൃകകൾ കാണാനാവുന്നത് വേദഗ്രന്ഥങ്ങളിലാണ്. ഒരുപക്ഷേ, ദൈവം മനുഷ്യരെ സൃഷ്ടിക്കാൻ ഉദേശിച്ചപ്പോൾ, ദൈവവും മാലാഖമാരും തമ്മിൽ നടന്ന സംവാദമായിരിക്കും ആദ്യത്തെ സംവാദം. പ്രസ്തുത സംവാദം വിശുദ്ധവേദം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരെ സൃഷ്ടിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഒട്ടും സങ്കോചമില്ലാതെ മാലാഖമാർ ദൈവത്തോട് സംസാരിക്കുന്നു. ദൈവം മറുവാദം ഉന്നയിക്കുകയും ചെയ്യുന്നു. സ്വത്വത്തോടും ആത്മാവിനോടും പ്രജ്ഞയോടും സംവദിക്കുന്നതാണ് പ്രസ്തുത സംവാദം. സംവാദങ്ങളുടെ തോഴന്മാരായിരുന്നു പ്രവാചകന്മാർ. നോഹും അബ്രഹാമും മോസസും ജീസസുമൊക്കെ തങ്ങളുടെ ജനതയുമായി ബുദ്ധിപൂർവം സംവാദങ്ങളിലേർപ്പെട്ടതിന്റെ ഒട്ടേറെ ചിത്രങ്ങൾ ഖുർആനിലും ബൈബിളിലും കാണാവുന്നതാണ്.

സംവാദങ്ങളുടെ പുസ്തകങ്ങളാണ് ഉപനിഷത്തുകൾ. ഛാന്ദോഗ്യോപനിഷത്തിൽ ശ്വേതകേതുവും പിതാവ് ആരുണിയും തമ്മിൽ നടന്ന സംവാദം രസകരമാണ്. ഗുരുമുഖത്തുനിന്ന് വിജ്ഞാനമെല്ലാം സ്വായത്തമാക്കിയെന്ന് കരുതിയ മകനോട്, പിതാവ് സംവാദരൂപേണ ചില ചോദ്യങ്ങൾ ചോദിക്കുന്നു. പിതാവിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമില്ലാതെ മകൻ പതറിപ്പോവുന്നു. സംവാദത്തിന്റെ അവസാനത്തിൽ പ്രപഞ്ചത്തിന്റെ പൊരുളായ ദൈവത്തെ ശ്വേതകേതു തിരിച്ചറിയുന്നു. ശ്വേതകേതുവും പിതാവ് ആരുണിയും തമ്മിൽ നടന്ന സംവാദത്തിന്റെ ഫലമായുണ്ടായ പ്രസിദ്ധ ചിന്താവാചകമാണ് തത്വമസി: ‘അതാണ് സത്യം. അതാണ് ആത്മാവ്. അത് നീയാണ്’. ദൈവവും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണത്. പിൽക്കാലത്ത്, അദ്വൈതമെന്ന തെറ്റായ വിശ്വാസ സങ്കൽപ്പത്തിന് തത്വമസി വിധേയമായിയെന്നത് മറ്റൊരു കാര്യം.

Related Articles